മനസ്സിന്റെ നങ്കൂരം

AD 94-ൽ ഡോമിഷ്യൻ ചക്രവർത്തിയുടെ വാഴ്ചയുടെ പതിനാലാം ആണ്ടിൽ എഫെസോസിൽ  സുവിശേഷവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാനെ സ്പോറേഡ്സ്‌  ദ്വീപ സമൂഹങ്ങളുടെ ഭാഗമായ പത്മോസിലേക്ക് നാടുകടത്തി. അവിടെ അദ്ദേഹം ക്വാറന്റൈനിൽ ആയിരുന്നപ്പോഴാണ് കർത്താവ്  ദിവ്യരഹസ്യങ്ങളുടെ മറനീക്കി വിസ്മയ ഭാവമുണർത്തുന്ന സ്വർഗ്ഗ ദർശനം നൽകിയത്:

'കര്‍ത്താവിന്റെ ദിനത്തില്‍ ഞാന്‍ ആത്‌മാവില്‍ ലയിച്ചിരിക്കേ, കാഹളത്തിന്റേതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നുകേട്ടു... എന്നോടു സംസാരിച്ചസ്വരം ശ്രദ്‌ധിക്കാന്‍ തിരിഞ്ഞുനോക്കി. അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്‌.' വെളിപാട്‌ 1 : 10-18

ദൈവജനവുമായുള്ള കൂട്ടായ്മയും ആത്മീയ അനുഭവങ്ങളും തടസ്സപ്പെട്ട്, ഏകനായി, വാർധക്യത്തിന്റെ അരിഷ്ടതകളിൽ  കഴിയുമ്പോൾ കർത്താവ് തന്റെ പ്രിയ ശിഷ്യനായ യോഹന്നാന്റെ അടുക്കലെത്തി. നീ  ഏകനല്ലെന്നും കർത്താവിന്റെ സാന്നിധ്യവും സ്വർഗ്ഗീയ സൈന്യങ്ങളുടെ സംരക്ഷണവും നിനക്കൊപ്പം ഉണ്ടെന്നും സ്വർഗ്ഗം തുറന്നുകാണിച്ച്   യോഹന്നാന് വെളിപ്പെടുത്തി കൊടുത്തു.

കോവിഡ്  ബാധയുടെ ദുരന്തങ്ങളിലും സഹനങ്ങളിലും ക്വാറന്റൈൻ ഏകാന്തതയിലും കഴിയുന്നവർക്കുള്ള സാന്ത്വന സന്ദേശമാണ് വെളിപാട് പുസ്തകത്തിലെ ഈ വെളിപ്പെടുത്തൽ. സാമൂഹ്യ ബന്ധങ്ങളിൽ നിന്നും കൂട്ടായ്മയിൽ നിന്നും ഒറ്റപ്പെട്ട്,  ക്രിട്ടിക്കൽ കെയറിലും രോഗക്കിടക്കയിലും  കഴിയുന്ന  ലോകമെമ്പാടുമുള്ള സഹോദരങ്ങളുടെമേൽ വലത്തുകൈ  വച്ചുകൊണ്ടു കർത്താവ് നൽകുന്ന സാന്ത്വന സന്ദേശമാണ്  പതിനേഴാം വാക്യം : ' ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും.' വെളിപാട്‌ 1 : 17  

ദുസ്സഹമായ ദുരന്തങ്ങളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഭ്രമിക്കേണ്ട.  മരണ കൊടുങ്കാറ്റിൽ കൊഴിഞ്ഞുവീഴുന്ന സഹോദരങ്ങളെ കണ്ട് വ്യാകുലപ്പെടേണ്ട. കർത്താവറിയാതെ നിനക്ക് ഒന്നും സംഭവിക്കില്ല. കർത്താവ് ആദിയും അന്തവും ആണ്. മരണത്തിന്റെയും നരകത്തിന്റെയും കോവിഡ് രോഗത്തിന്റെയും താക്കോൽ  കയ്യിലുള്ള ഇമ്മാനുവേൽ കൂടെയുണ്ട്. ഇപ്പോഴത്തെ തിന്മകളും ദുരന്തങ്ങളും  നന്മയ്ക്കും നല്ലതിനുമായി രൂപാന്തരപ്പെടുത്തുവാൻ കഴിയുന്ന കർത്താവ് വലംകൈ നിന്റെമേൽ വെച്ചു കൊണ്ട് പറയുന്നു: ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും, ജീവിക്കുന്നവനും.  മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്‌. വെളിപാട്‌ 1 : 17-18

എന്തു സംഭവിക്കും, എങ്ങനെ കാര്യങ്ങൾ മുന്നോട്ട് നീക്കും,   കുടുംബം, കുഞ്ഞുങ്ങളുടെ ഭാവി, ജോലി, ബിസിനസ്, ആരോഗ്യം തുടങ്ങിയവയിലെ പ്രതിസന്ധികൾ എങ്ങനെ പരിഹരിക്കും... എന്നൊക്കെ ഓർത്ത് വ്യാകുലപ്പെടേണ്ട. സംശയിക്കാതെ വിശ്വസിച്ചാൽ മതി.  മനോഭാരങ്ങൾ അവന്റെ കരങ്ങളിൽ ഏൽപ്പിച്ചാൽ മതി.  കർത്താവ് വേണ്ടതെല്ലാം തക്കസമയത്ത് ചെയ്തുകൊള്ളും. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വവും അവനുണ്ടാക്കുന്ന അത്ഭുതകരമായ നീക്കുപോക്കുകളും കാണുവാൻ നമുക്ക് കഴിയും.

പത്മോസിലെ ഏകാന്തതയിൽ ആയിരുന്നപ്പോഴും യോഹന്നാന്റെ മാനസികാവസ്ഥ നിരാശയും വിഷാദവും നിറഞ്ഞതായിരുന്നില്ല. കര്‍ത്താവിന്റെ ദിനത്തില്‍ ഞാന്‍ ആത്‌മാവില്‍ ലയിച്ചിരുന്നു, കത്തൃദിവസത്തിൽ ആത്മ വിവശനായി,  I came under the Spirit's power on the Lord's day - എന്നാണ് യോഹന്നാൻ പറയുന്നത്.

ഈ സാമൂഹ്യ അകലങ്ങളുടെയും ഒറ്റപ്പെടലിന്റയും കാലഘട്ടത്തിൽ ആരാധനയും കൂട്ടായ്മയും നമുക്ക് സാധ്യമല്ലായിരിക്കാം. എന്നാൽ ലോക്ഡൗണിലും ദൈവീക കൂട്ടായ്മയിലൂടെ ആത്മബലത്തിലും ശക്തിയിലും മനസ്സിനെ ഉറപ്പിക്കുന്നതിന് യാതൊരു തടസ്സവുമില്ല. യാന്ത്രിക ഭക്തിയിൽ നിന്ന് സത്യത്തിലും ആത്മാവിലുമുള്ള ആരാധന പരിശീലിക്കാൻ ഈ ഒറ്റപ്പെടൽ നമുക്ക് സഹായകമാകണം.

'സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.'- യോഹന്നാൻ 4:23-24 

ഏകാന്തതയിൽ ഇരുന്ന് ദൈവത്തെ ആത്മാവിൽ ആരാധിച്ചപ്പോൾ യോഹന്നാന്റെ മുൻപിൽ സ്വർഗ്ഗം തുറന്നു.  ആദ്യനും അന്ത്യനും ആയവൻ അവന്റെ അടുത്തു വന്നു. വലങ്കൈ അവന്റെ മേൽ വച്ചുകൊണ്ട്   'ഭയപ്പെടേണ്ട' എന്ന് പറഞ്ഞു. ഇത് യോഹന്നാനു മാത്രമുള്ള വെളിപാടും അനുഗ്രഹവും അല്ല. ദൈവമക്കളായ എനിക്കും നിങ്ങൾക്കും കൂടിയുള്ളതാണ് .

സങ്കീർത്തനക്കാരനെപ്പോലെ ആത്മാവിനെ ദൈവത്തിങ്കലേക്ക് ഉയർത്തി സഹായത്തിനായി വിളിച്ചു പ്രാർത്ഥിക്കണം. നമ്മുടെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൽ നിന്ന് തീർച്ചയായും വരും.  അത് ലോകം തരുന്നതിനേക്കാൾ ശക്തവും സാന്ത്വനപ്രദവും സമ്പൂർണവുമായ സമാധാനം ആയിരിക്കും :
'ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.'- ഫിലിപ്പിയർ 4:6-7

പ്രിയ സുഹൃത്തുക്കളെ ,  ആദ്യനും അന്ത്യനും ആയവൻ നമ്മോടുകൂടെയുണ്ട്. വേദനയിലും രോഗക്കിടക്കയിലും വാർദ്ധക്യത്തിലും മരണനിഴൽ താഴ്‌വരയിലും ലോകാവസാനത്തോളവും ഇമ്മാനുവേൽ കൂടെയുണ്ടാകും. മീഡിയയിലെ ഗോസിപ്പും വ്യാജവാർത്തകളും ഭീതിപ്പെടുത്തുന്ന കണക്കുകളും നേതാക്കന്മാരുടെ പൊള്ളയായ വാഗ്ദാനങ്ങളും കൊണ്ട് മനസ്സുനിറച്ചാൽ സംഘർഷം വർദ്ധിക്കും.  അതൊക്കെ മറന്നേക്കൂ. ജീവനുള്ള തിരുവചനങ്ങളിൽ മനസ്സിനെ ഉറപ്പിക്കേണ്ട പ്രതിസന്ധിഘട്ടമാണിപ്പോൾ. തിരുവചനത്തിന്റെ അർത്ഥങ്ങളിലേക്കും ആഴങ്ങളിലേക്കും നടക്കുമ്പോൾ ശുഭചിന്തകളും ആന്തരീയ ശുദ്ധീകരണവും സമാധാനവും ശാന്തിയും ലഭിക്കും. അതൊക്കെ എങ്ങിനെ സാധ്യമാകുമെന്ന് യുക്തികൊണ്ട് ചിന്തിച്ച് സംശയാലുക്കളാകാതെ ഹൃദയംകൊണ്ട് വിശ്വസിച്ച്  പോസിറ്റീവ് ചിന്തകളെ പ്രോത്സാഹിപ്പിക്കണം. ബാക്കിയൊക്കെ സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ അഥോറിറ്റിയായ സർവ്വശക്തൻ നോക്കിക്കൊള്ളും.

ഗാന്ധിജി പറഞ്ഞു : Always aim at purifying your thoughts and everything will be well. ശുഭചിന്തകൾ മനസ്സിൽ സമാധാനവും സന്തോഷവും സംതൃപ്തിയും നൽകും. പ്രതികൂല ചിന്തകൾ അസമാധാനവും സംഘർഷങ്ങളുമുണ്ടാക്കും. നമ്മുടെ ചിന്തകൾക്ക് മേൽ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെട്ടു പോകാറുണ്ട്. എന്നാൽ മനസ്സിന്റെ ടെക്നീഷ്യനായ ദൈവത്തിന് അനുകൂല ചിന്തകളെ വിന്യസിക്കാനും ആന്തരിക കൊടുങ്കാറ്റുകളെ ശാന്തമാക്കാനും കഴിയും. ശുഭ ചിന്തകൾകൊണ്ട് മനസ്സിനെ റീസെറ്റ് ചെയ്യുവാൻ പ്രാർത്ഥിച്ചാൽ ദൈവത്തിന്റെ മഹത്വം കാണുവാൻ കഴിയും.

'ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോടു ദയ തോന്നണമേ!അങ്ങയുടെ കാരുണ്യത്താൽ എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! എന്നെ സന്തോഷഭരിതനാക്കണമേ!
ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ!അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ!
അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 8-12
-ഫാ. ഡോ. ഏ. പി. ജോർജ്