ആകാംഷക്കുള്ള ആന്റിഡോട്ട് പ്രാർത്ഥന

            

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളും രോഗങ്ങളും നിസ്സഹായതയും മനസ്സിനെ തളർത്തുമ്പോൾ നമ്മൾ അധൈര്യപ്പെട്ടു പോകാനിടയുണ്ട്.  ഇത്തരം സാഹചര്യങ്ങളിൽ പ്രാർത്ഥനയിലൂടെ മാത്രമേ ദൈവത്തിലുള്ള പ്രത്യാശ നിലനിർത്താൻ സാധിക്കുകയുള്ളൂ. ആകാംഷയ്ക്കും നിരാശിക്കുമുള്ള ആന്റി ഡോട്ട് ആണ് പ്രാർത്ഥന. ജീവിത ദുരന്ത സഹനങ്ങളിൽ ആയിരിക്കുന്ന നമുക്കും മറ്റുള്ളവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം:

ദൈവമേ, സഹനത്തിന്റെ തീച്ചുളയിൽ  കത്തിയെരിയുമ്പോൾ എന്റെ ബലഹീനമായ ജഡം എന്നിലെ ഒരുക്കമുള്ള ആത്മാവിനെ അസ്വസ്ഥമാക്കുകയാണ്. പ്രതിസന്ധികളിൽ അവിടുത്തെ വാഗ്ദത്തങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയുന്നില്ല.

എന്റെ ഇപ്പോഴത്തെ പ്രതികൂല ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും മറ്റുള്ളവരുടെ നന്മക്കും എന്റെ ശുദ്ധീകരണത്തിനും ക്രിസ്തുവിലുള്ള വളർച്ചയ്ക്കും വേണ്ടിയുള്ള ദൈവിക പദ്ധതിയാണെന്ന്  വിശ്വസിക്കുവാൻ സഹായിക്കേണമേ.  ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്ന തിരുവചനത്തിന്റെ പ്രത്യാശയിൽ  എന്റെ മനസ്സിനെ ഉറപ്പിക്കണമേ.

ഇപ്പോഴത്തെ ദുരന്തങ്ങൾ എന്റെ നിയന്ത്രണത്തിന് അതീതമാണെങ്കിലും സർവ്വശക്തനായ കർത്താവിന്റെ പൂർണ നിയന്ത്രണത്തിലാണെന്ന അനുകൂല ചിന്തയിൽ എന്റെ മനസ്സിനെ ബലപ്പെടുത്തേണമേ.  മരണത്തിൽ നിന്ന് ജീവനും പൊടിയിൽ നിന്ന് സൗന്ദര്യവും കണ്ണുനീരിൽ നിന്ന്  സന്തോഷവും ഉണ്ടാക്കുവാൻ എന്റെ കർത്താവിന് കഴിയുമെന്ന് വിശ്വസിക്കുവാൻ എന്നെ പഠിപ്പിക്കണമെ.

കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കിയ  കർത്താവേ,  എന്നിലെ നിഷേധ വികാര തിരമാലകളെ ശാന്തമാക്കേണമേ. സർവശക്തനായ അങ്ങേയ്ക്ക് ഒന്നും അസാധ്യമല്ലെന്ന് വിശ്വസിക്കുവാൻ, എന്റെ ആത്മാവിനെ   അവിശ്വാസത്തിന്റെ ബന്ധനത്തിൽ നിന്ന്  വിമോചിപ്പിക്കേണമേ.

പ്രകൃതിയെയും സകല ചരാചരങ്ങളേയും ശാശ്വതഭുജങ്ങളിൽ  വഹിച്ചിരിക്കുന്ന സർവ്വശക്തനായ ദൈവമേ, ഈ നിമിഷംവരെ അവിടുത്തെ ജീവശ്വാസം എന്നിൽ നിറച്ചു കൊണ്ടിരിക്കുന്നതിനായി സ്തോത്രം.  എനിക്ക് പാപമോചനവും നിത്യ രക്ഷയും നീതികരണവും നൽകാൻ യേശുക്രിസ്തുവിനെ അയച്ചതിനായി സ്തോത്രം. സകല ബുദ്ധിയെയും കവിയുന്ന സ്വർഗീയ സമാധാനം കൊണ്ട് എന്റെ ഹൃദയത്തെ അനുദിനം നിറച്ചുകൊണ്ടിരിക്കുന്നതിനായി സ്തോത്രം.

ദൈവമേ, നിന്നെ സംശയരഹിതമായി വിശ്വസിക്കുവാനും ആശ്രയിക്കുവാനും പരിശുദ്ധാത്മ നല്‍വരങ്ങളാൽ എന്നെ ബലപ്പെടുത്തേണമേ. എല്ലാ ജീവിത സാഹചര്യങ്ങളിലും സംതൃപ്തി നിറഞ്ഞ  മനസ്സും മനോഭാവവും നിലനിർത്താൻ സഹായിക്കേണമേ. ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയായവൻ ആണെന്ന ചിന്തയിൽ എന്റെ മനസ്സിന്റെ അടിസ്ഥാനം ഉറപ്പിക്കേണമേ. അങ്ങയിൽ ആശ്രയിച്ചു കൊണ്ടുള്ള അതിജീവനത്തിന്റെ രഹസ്യം എനിക്ക് വെളിപ്പെടുത്തി തരണമെ.

ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമായ എന്നിലെ ദുരാഗ്രഹങ്ങളിൽ നിന്നും ആസക്തികളിൽ നിന്നും എന്നെ വിമുക്തനാക്കേണമേ. ദേവാലയ ശുദ്ധീകരണം നടത്തിയ ക്രിസ്തുയേശുവിന്‍റെ പ്രബല കരങ്ങളാൽ എന്റെ മനസ്സിലെ ഭൗതിക വിഗ്രഹങ്ങൾ നീക്കം ചെയ്യേണമേ.  ദൈവത്തിന്റെ വാസസ്ഥലമായ ഹൃദയ അൾത്താരയിലെ  മ്ലേച്ഛതകളെ തിരു രക്തത്താൽ കഴുകി ശുദ്ധീകരിക്കേണമേ.

നാഥാ, എന്റെ മനസ്സിനെ നവീകരിക്കേണമേ. ഭൗതിക കാഴ്ചക്കുമപ്പുറം നിത്യതയുടെ മഹത്വം ദർശിക്കുവാൻ എന്റെ വിശ്വാസകണ്ണ് തുറക്കേണമേ.
ദൈവം എനിക്ക്  നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ എന്നെ ശക്‌തനാക്കേണമേ.  ഞാൻ ദൈവത്തില്‍നിന്ന്‌ അനുഭവിക്കുന്ന അതേ ആശ്വാസം ജീവിത പ്രതിസന്ധികളിലായിരിക്കുന്നവർ അനുഭവിക്കേണ്ടതിന് അവിടുത്തെ സ്നേഹവും സമാധാനവും സന്തോഷവും അവരുമായി പങ്കുവയ്ക്കുവാൻ  എനിക്ക് സന്മനസ്സും ആർദ്രതയും ഹൃദയവിശാലതയും നൽകേണമേ. ക്രിസ്തു യേശുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു, കൃപയോടെ കേൾക്കേണമേ, ആമീൻ.