എല്ലാവരോടും എല്ലാം തുറന്നു പറയരുത്

ചില ബൈബിളിൽ കാണപ്പെടുന്ന 'പ്രഭാഷകൻ' എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിലെ ഒരു പദേശം വളരെ ശ്രദ്ധേയമാണ്:
'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

അധ്വാനിച്ച് നേടുന്ന പണം നിക്ഷേപിക്കുന്നതിനുമുമ്പ്, ബാങ്കും പ്രോജക്റ്റും കെട്ടുറപ്പുള്ളതാണോ എന്ന് വിവേകമതികൾ അന്വേഷിച്ച് വിലയിരുത്തും. അല്ലെങ്കിൽ  നിക്ഷേപങ്ങൾ എല്ലാം നഷ്ടപ്പെടും.

നമ്മുടെ രഹസ്യങ്ങളും സ്വകാര്യതയും  മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിനുമുമ്പ് അവർ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ വിശ്വസ്തരും പക്വതയും സമഗ്രതയും ഉള്ളവരാണോ എന്ന് വിലയിരുത്തണം. സ്വഭാവത്തിൽ സെൻസറിംങ്ങും  കൺട്രോളും ഇല്ലാത്തവരുമായി രഹസ്യങ്ങൾ പങ്കുവെച്ചാൽ നിമിഷങ്ങൾക്കകം അത് നാട്ടിലാകെ പാട്ടാകും.

'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

മനസ്സമാധാനത്തിനും  വൈകാരിക പിന്തുണയ്ക്കും വേണ്ടി നമ്മുടെ ജീവിതത്തിലെ നിർഭാഗ്യകരമായ വീഴ്ചകളും അബദ്ധങ്ങളും പരാജയങ്ങളും നഷ്ടങ്ങളും  അവിശ്വസ്തരുമായി പങ്കുവയ്ക്കുന്നത് അപകടമാണ്. ഈ അഭ്യുദയകാംക്ഷികളിൽ പലരും നമ്മുടെ വ്യക്തിത്വത്തിലെ ബലഹീനതകളുടെ വാതിലുകളിലൂടെ അകത്തുകടന്നു  ഭീഷണിപ്പെടുത്താനും രഹസ്യങ്ങൾ ദുരുപയോഗപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യാനുമൊക്കെ ശ്രമിക്കും. കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കരുത്.

മനസ്സിന്റെ അകത്തളത്തിലേക്ക് നമ്മൾ ക്ഷണിക്കുന്നവർ നമ്മുടെ ബലഹീനതകൾ മനസ്സിലാക്കുമ്പോൾ നമ്മളെ  ദുർബലരും വിഡ്ഢികളും പ്രതികരണശേഷിയില്ലാത്തവരുമായി കാണുവാനും നിയന്ത്രിക്കുവാനും തുടങ്ങും. നമ്മുടെ റിമോട്ട് മറ്റാർക്കും കൊടുക്കരുത്, നമ്മുടെ കയ്യിൽ തന്നെ ഇരിക്കുന്നതാണ് സുരക്ഷിതം.

'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

സ്വന്തം ആത്മീയ അനുഭവങ്ങളും നമ്മൾ എത്തിച്ചേർന്ന ദൈവബന്ധത്തിന്റെ തലങ്ങളും മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നിഷ്പ്രയോജനമാണ്. നിങ്ങളുടെ ആത്മീയ അനുഭവങ്ങളുടെ തലങ്ങളിൽ  എത്തിച്ചേരാൻ കഴിയാത്തവർ  ഒരുപക്ഷേ  നിങ്ങളെ പരിഹസിച്ചേക്കാം. 

നിങ്ങളുടെ ദൈവാനുഭവം നിങ്ങളുടെ സ്വകാര്യ പാതയാണ്,  പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത ആത്മജൈവപരമായ  അനുഭവങ്ങളാണ്. മറിയാമിനെപ്പോലെ അതൊക്കെ ഉള്ളിൽ സംഗ്രഹിച്ച് ആത്മ സായൂജ്യവും  ആനന്ദവും ആത്മഹർഷവുമൊക്കെ അനുഭവിക്കാനുള്ള സ്വകാര്യ അനുഭവങ്ങളാണ് .

പൗലോസ് അപ്പോസ്തോലൻ മൂന്നാം സ്വർഗ്ഗത്തോളം, പറുദീസയോളം എടുക്കപ്പെട്ടെന്നും  മനുഷ്യന് ഉച്ചരിക്കാൻ പാടില്ലാത്തതും പറഞ്ഞു കൂടാത്തതുമായ  വാക്കുകളെ കേട്ടു എന്നും 2 കൊരിന്ത്യർ പന്ത്രണ്ടാം അധ്യായത്തിൽ പരാമർശിക്കുന്നുണ്ട്.  എന്നാൽ അതിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നില്ല. അത് പൗലോസിന്റെ വ്യക്തിപരമായ അനുഭവമാണ്. പങ്കുവെക്കാനും പറഞ്ഞു മനസ്സിലാക്കാനും കഴിയാത്ത മിസ്റ്റ്റിയും മിസ്റ്റിസിസവുമാണ്.

മോശ സിനായ് മലയിൽ ദൈവത്തോടൊപ്പം ചെലവഴിച്ച 40 ദിവസത്തെ ദിവ്യ അനുഭവങ്ങൾ  ഒരു ബൈബിൾ എഴുതാനുള്ള മാറ്റർ ഉണ്ട്. പക്ഷേ മോശ അത് എഴുതിയില്ല. അത് മോശയ്ക്ക് മാത്രം ദൈവം നൽകിയ  പ്രത്യേക പ്രിവിലേജും  വാക്കുകൾക്കതീതമായ വിസ്മയ അനുഭവങ്ങളുമാണ്.

നമ്മുടെ വ്യക്തിപരമായ ദൈവാനുഭവങ്ങളും വെളിപാടുകളും ദർശനങ്ങളും  പബ്ലിസിറ്റിക്കും  ആത്മീയ പ്രകടനങ്ങൾക്കും ഫാൻസിനെ  നേടാനും വേണ്ടി ദുരുപയോഗപ്പെടുത്തരുത്. അതൊക്കെ മറിയാമിനെ പോലെ മനസ്സിൽ സംഗ്രഹിക്കേണ്ട വ്യക്തിപരമായ ദിവ്യാനുഭവങ്ങളാണ്.

'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

പരിഹാസികൾ, ദൈവനിഷേധികൾ, തിരുവചന വിരോധികൾ, സിനിക്കുകൾ, തുടങ്ങിയവരുമായി വചനം പങ്കുവെക്കുമ്പോൾ നമ്മുടെ വിവേചന അധികാരം ഉപയോഗിക്കാൻ കർത്താവ് നമുക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്:

  'വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ  കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു. '-മത്തായി 7:6

മൂന്നു വർഷക്കാലം സ്നേഹത്തിന്റെ സുവിശേഷം പറഞ്ഞിട്ടും ഹൃദയകാഠിന്യത്തോടെ ക്രിസ്തുവിനു മുമ്പിൽ മുഖംതിരിക്കുകയും, ഒടുവിൽ കുരിശിൻ ചുവട്ടിൽ നിന്ന് പരിഹസിക്കുകയും ചെയ്ത, കേൾക്കാൻ ചെവിയില്ലാത്ത ഹൃദയശൂന്യർ  അന്നുണ്ടായിരുന്നു.  മനുഷ്യരിൽ ചിലർ അങ്ങനെയാണ്.  വചനത്തിന്റെ വിത്തു  മുളക്കാത്ത ഊഷരഭൂമിയാണ് അവരുടെ മനസ്സ്. അവരോട് ദൈവം തന്നെ ഇടപെടട്ടെ.

'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

ജീവിതത്തിലെ  വീഴ്ചകൾ പങ്കുവെച്ചാൽ വിശാലമനസ്സോടെ കേൾക്കാനും ഉൾക്കൊള്ളാനും   പല ജീവിത  പങ്കാളികൾക്കും കഴിഞ്ഞെന്നു വരില്ല .  ആജീവനാന്തം സംശയത്തിന്റെയും  അതൃപ്തിയുടെയും അവഗണനയുടെയും മെന്റൽ  സെറ്റ് ഉണ്ടാക്കാനും  ചിലപ്പോൾ ഇത്തരം വെളിപ്പെടുത്തലുകൾ കാരണമായേക്കാം. ദൈവത്തോട് പാപക്ഷമ യാചിച്ച് മോചനം കിട്ടിയ ഫയലുകൾ മരണത്തിന്റെ  ഇരുൾമുറിയിൽ വച്ച്  ഡിലീറ്റ് ചെയ്യപ്പെടുന്നതുവരെ 
മനസ്സിന്റെ ബോധ -ഉപബോധ തലങ്ങളിലെ  'ഇറ്റേണൽ  സ്ട്രോങ്ങ് റൂമിൽ ' സുരക്ഷിതമായിരിക്കട്ടെ. ജീവിതപങ്കാളിയുടെ മനസ്സമാധാനത്തിനു അതാണ് നല്ലത്.

'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

നമ്മുടെ മനസ്സിന്റെ ഐഡിയും പാസ്സ്‌വേർഡ് ചോദിച്ചു മീഡിയയിലൂടെ അടുക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണം. അകത്തു കടക്കാനും അടിമയാക്കാനും കീഴ്പ്പെടുത്താനുമൊക്കെ  പല തന്ത്രങ്ങളും അവർ പ്രയോഗിക്കും. സാമൂഹ്യവിരുദ്ധരും വ്യക്തിത്വ വൈകല്യങ്ങളുള്ളവരും ഇരതേടുന്ന ഹിംസ്രജന്തുക്കൾ അലയുന്നിടമാണ് സൈബർ മീഡിയ. വെബ്സൈറ്റിലെ കെണിയിൽ പെട്ട് ജീവിതം തകർന്നുപോയ  അനേകം രക്തസാക്ഷികൾ നമുക്ക് ചുറ്റുമുണ്ട്.  യുവ സുഹൃത്തുക്കൾ സൂക്ഷിക്കണം, ക്രിസ്തുവിന്റെ  വാക്കുകൾ ഓർമ്മയിൽ ഉണ്ടായിരിക്കണം:
'മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല..'- യോഹന്നാൻ 10:10

'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

  കഴിഞ്ഞകാല ജീവിത ദുരന്തങ്ങളുടെ ചില ഫയലുകൾ വികാര സമ്മർദ്ദങ്ങൾ സൃഷ്ടിക്കുമ്പോൾ മെഡിക്കൽ ടീമിന്റെ സഹായം ആവശ്യമായി വന്നേക്കും . പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശ ത്തിനുവേണ്ടി  രഹസ്യങ്ങൾ വെളിപ്പെടുത്തേണ്ടിവരുമ്പോൾ  ഡിഗ്രി മാത്രമല്ല പ്രൊഫഷണൽ  എത്തിക്സും  ആത്മവരങ്ങളും ഉള്ളവരെ അന്വേഷിച്ച് കണ്ടെത്തി സഹായം സ്വീകരിക്കാൻ മടിക്കരുത്. 

വിഷലിപ്തമായ മനുഷ്യ ബന്ധങ്ങൾക്കിടയിൽ മനസ്സ് പങ്കുവയ്ക്കാൻ സങ്കീർത്തനക്കാരന്റെ വഴി ശീലിക്കുന്നതാണ് സുരക്ഷിതം.
അതെന്തു വഴിയാണ്?
സങ്കീർത്തന രചയിതാക്കളായ ദാവീദും സുഹൃത്തുക്കൾക്കും ആത്മസംഘർഷങ്ങളും  ആന്തരിക മുറിവുകളും നിശബ്ദതയിൽ ഇരുന്ന് ദൈവത്തോട് പറയുന്ന ശീലമുണ്ടായിരുന്നു.  അത്തരം മനസ്സ് പങ്കിടലിന്റെ  വാങ്മയ ചിത്രമാണ് ബൈബിളിലെ  സങ്കീർത്തനങ്ങൾ!

' യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു. എന്നെ സൗഖ്യമാക്കേണമേ. എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യംനിമിത്തം എന്നെ രക്ഷിക്കേണമേ.
എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.
ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു. -സങ്കീർത്തനങ്ങൾ  6:2- 7 

'ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.' -സങ്കീർത്തനങ്ങൾ 32:5

രഹസ്യങ്ങൾ അറിയുന്ന രഹസ്യത്തിലെ  പിതാവുമായി മനസ്സ് പങ്കിടുമ്പോൾ ദുഃഖങ്ങളുടെയും  പിരിമുറുക്കത്തിന്റെയും സാന്ദ്രത കുറയും. സൗഖ്യവും സന്തുലിതാവസ്ഥയും കൈവരും. മനസ്സിന്റെ  അൾത്താരയിൽ സ്വർഗ്ഗസ്ഥ പിതാവുമായി ഉള്ളം പങ്കുവെക്കുന്ന ശീലം ദിവസവും തുടരുമ്പോൾ സൗഖ്യത്തിന്റെയും  സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും  സ്വർഗീയ അനുഭവങ്ങളിലേക്ക് സൗഖ്യദായകൻ നിങ്ങളെ  കൈപിടിച്ച് നടത്തും. 

'എല്ലാവരോടും എല്ലാം തുറന്നു പറയരുത്. അത് നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം.'

-ഫാ. ഡോ. ഏ. പി. ജോർജ്