ദൈവത്തോട് കൂടിയുള്ള അല്പം ശ്രേഷ്ഠമാണ്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'ദുഷ്‌ടരെക്കണ്ടു നീ അസ്വസ്‌ഥനാകേണ്ടാ;ദുഷ്‌കര്‍മികളോട്‌അസൂയപ്പെടുകയും വേണ്ടാ.
അവര്‍ പുല്ലുപോലെ പെട്ടെന്ന്‌ ഉണങ്ങിപ്പോകും;സസ്യംപോലെ വാടുകയും ചെയ്യും.'
സങ്കീര്‍ത്തനങ്ങള്‍ 37 : 1-2

അധാർമികരും ദുഷ്ടരുമായ മനുഷ്യർ പ്രശസ്തരും സമ്പന്നരും ആകുന്നത് കാണുമ്പോൾ അസൂയപ്പെടരുതെന്നാണ് സങ്കീർത്തന ക്കാരൻ പറയുന്നത്. അവരുടെ വളർച്ച താൽക്കാലികമാണ്. വയലിലെ പുല്ലുപോലെ അവർ അതിവേഗം വാടിക്കരിഞ്ഞു നശിച്ചുപോകും. നീതിയുള്ള ന്യായാധിപനായ ദൈവത്തിന്റെ ഡിവൈൻ കോടതി നിരന്തരം നീതിനിർവഹണം നടത്തിക്കൊണ്ടിരിക്കുകയാണ്.
  ദൈവീക പ്രമാണങ്ങൾക്ക് വിധേയപ്പെട്ട്, ദൈവഹിതപ്രകാരം ജീവിക്കുന്നവർ ഭൂമിയിൽ സമ്പന്നരും പ്രശസ്തരുമായില്ലെന്നു വരാം. പക്ഷേ അവരുടെ സ്വർഗത്തിലെ നിക്ഷേപം വലുതായിരിക്കും. ദൈവനിഷേധികളുടെയും അധാർമികരുടെയും നേട്ടങ്ങളും സമ്പാദ്യങ്ങളും അല്പകാലം മാത്രം നിലനിൽക്കുന്നതാണ്.  ദൈവം പ്രസാദിക്കുന്ന മനുഷ്യർക്കുള്ള സ്വർഗീയ പ്രതിഫലം അനശ്വരമാണ് . അത് തലമുറ തലമുറകളുടെ അനുഗ്രഹവും അവകാശവും ആയിരിക്കും.

'ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്‍മ ചെയ്യുക;അപ്പോള്‍ ഭൂമിയില്‍ സുരക്‌ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്‌ദിക്കുക;അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.
അവിടുന്നു പ്രകാശംപോലെ നിനക്കു നീതിനടത്തിത്തരും;മധ്യാഹ്‌നംപോലെ നിന്റെ അവകാശവും.'
സങ്കീര്‍ത്തനങ്ങള്‍ 37 : 3-6

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.