'എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്‍െറ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍.' റോമാ 12 : 3
ഓരോരുത്തർക്കും ദൈവം നൽകിയിരിക്കുന്ന സ്പെഷ്യൽ ഗിഫ്റ്റ് എന്താണെന്ന് തിരിച്ചറിയണം, അതിന്റെ പരിപോഷണത്തിൽ ശ്രദ്ധിക്കണം, വൈദഗ്ധ്യം നേടണം. എനിക്കെല്ലാം സാധിക്കും, എല്ലാം സ്പെഷ്യലൈസ് ചെയ്യാനുള്ള അറിവും കഴിവും ഉണ്ടെന്ന അഹങ്കാരം ഉപേക്ഷിക്കണം എന്നാണ് അപ്പോസ്തലന്റെ ഉപദേശം.
പരിശുദ്ധാത്മാവരങ്ങളെപ്പറ്റിയുള്ള ഒരു ലിസ്റ്റ് റോമാലേഖനത്തിൽ അപ്പോസ്തലൻ വിവരിക്കുന്നുണ്ട്: 'നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്‌തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും, ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അധ്യാപനവരം അധ്യാപനത്തിലും, ഉപദേശവരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഒൗദാര്യത്തോടെയും, നേതൃത്വം നല്‍കുന്നവന്‍ തീക്‌ഷ്‌ണതയോടെയും, കരുണ കാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ. റോമാ 12 : 6-8
ചിലർക്കു ഈ ലിസ്റ്റിലെ ഒരു വരവും മറ്റുചിലർക്ക് സംയുക്തവരങ്ങളും ദൈവം നൽകിയിട്ടുണ്ട് . ലഭിച്ചിരിക്കുന്ന താലന്തുകളും വരങ്ങളുമാണ് പരിപോഷിപ്പിക്കേണ്ടത്. ആത്മീയ മാർക്കറ്റിൽ ഹൈറേറ്റിങ്ങ് ഉള്ള ചില വരങ്ങൾ അനുകരിക്കാനും അഭിനയിച്ച് ആളാകാനും ശ്രമിക്കുന്നത് കാപട്യമാണ്. അത് അധികകാലം നിലനിൽക്കില്ല.
റോമാ ലേഖനത്തിലെ വരങ്ങളുടെ പട്ടികയിൽ പറയുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള വരം ' the gift of encouragement' വളരെ ഉദാത്തമാണ്.
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടെങ്കിലും ചിലർക്ക് ഈ വരം സമൃദ്ധമായി ദൈവം നൽകിയിട്ടുണ്ട്. കുറ്റം പറയാതെ, മുറിവേൽപ്പിക്കാതെ, അപമാനപ്പെടുത്താതെ, പ്രസാദാത്മകമായ സംസാരിക്കാനുള്ള സിദ്ധി ദൈവം ചിലർക്ക് ഔദാര്യമായി കൊടുത്തിട്ടുണ്ട്. അവർ മുറിവേറ്റ് തളർന്നിരിക്കുന്ന മനസ്സുകളെ പ്രോത്സാഹനത്തിന്റെ വാക്കുകൾകൊണ്ട് ഉയർത്തെഴുന്നേൽപ്പിക്കും. വീണുപോയവർക്ക് അതിജീവനത്തിനുള്ള പ്രത്യാശയും പ്രോത്സാഹനവും നൽകും. ഇത്തരം സുകൃതജന്മങ്ങൾ നമുക്കിടയിലുണ്ട്. ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്ന ദൈവത്തിന്റെ വിശിഷ്ഠസ്വഭാവം വിളങ്ങുന്ന സാത്വിക വിശുദ്ധരാണിവർ.
അതെ, പ്രോത്സാഹനവരം ദൈവീകഗുണമാണ്. അത് സമൃദ്ധമായി സ്വീകരിച്ചവരും മറ്റുള്ളവർക്ക് പങ്കിടുന്നവരും സുകൃത ജന്മങ്ങളാണ്. കുറ്റവാളിയും തടവുപുള്ളിയുമായിരുന്ന ഒനേസിമോസിനെ പ്രത്യാശയിൽ ഉറപ്പിച്ച്, സ്വഭാവ വിശുദ്ധിയിലേക്ക് കൈപിടിച്ചുനടത്തിയത് പൗലോസ് അപ്പോസ്തോലന്റെ പ്രോത്സാഹനവും ഉപദേശവുമാണ്.
പ്രോത്സാഹനവരം അൽഭുത കൃപാവരമാണ്. മറ്റുള്ളവരെ ഇൻസ്പയർ ചെയ്തു അവർക്ക് ലഭിച്ച താലന്തുകളെ പരിപോഷിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സമുന്നത വരമാണിത്. തന്റെ വൽസല ശിക്ഷ്യനായ തീമോത്തിയോസിനെ പ്രോത്സാഹിപ്പിച്ചും ഉപദേശിച്ചും സഭയുടെ നേതൃത്വ പദവിയിലേക്ക് പൗലോസ് കൈപിടിച്ചുയർത്തിയത് നേതൃത്വം മനസ്സിരുത്തി വായിച്ചു പഠിക്കേണ്ട ആത്മീയ പാഠമാണ്.
മഹാപുരോഹിതനായ തന്നോട് സംസാരിക്കാതെ കേവലം ബാലനായ ശാമുവേലിനോട് ദൈവം സംസാരിച്ചപ്പോൾ അസൂയ പെടാതെ പ്രോത്സാഹനം കൊടുത്ത ഏലി പുരോഹിതൻ ആത്മീയ നേതൃത്വത്തിന് ഉദാത്ത മാതൃകയാണ്. ഗുരുവിനെക്കാൾ മീതെ ശിക്ഷ്യനെ ദൈവം വളർത്തുകയാണെങ്കിൽ ക്രിസ്തീയ മനോഭാവമുള്ള ഗുരു അസൂയപ്പെടാതെ വലിയ മനസ്സോടെ അതംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മാതാപിതാക്കൾ മക്കളെ ശപിച്ചും പീഡിപ്പിച്ചുമല്ല, സ്നേഹത്തിലാണ് തിരുത്തേണ്ടത്. ഇന്ന് കുട്ടികളുടെ വീഴ്ചകളിൽ ക്ഷമയോടെ സ്നേഹപൂർവ്വം തിരുത്തലും പ്രോത്സാഹനവും കൊടുത്താൽ വാർധക്യത്തിന്റെ അരിഷ്ടതയിൽ അവർ പ്രോത്സാഹനവും കരുതലും തിരിച്ചുതരും. അല്ലെങ്കിൽ പല്ലിന് പകരം പല്ലും കണ്ണിനു പകരം കണ്ണും തിരിച്ചുകിട്ടും.
ജീവിതപങ്കാളിയുടെ പരിമിതികൾ പറഞ്ഞ് അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സ്വയനീതീകരണക്കാരായ ദാമ്പത്യ പങ്കാളികളുണ്ട്. പ്രോത്സാഹനവരം വറ്റി ഉണങ്ങിയ കഠിന മനസ്സാണിവരുടേത്. ഇവർ ഒടുവിൽ ആത്മബന്ധത്തിൽനിന്ന് അന്യ രാക്കപ്പെടും. ദോഷത്തിന്റെ കണക്കു സൂക്ഷിക്കാത്തമനസ്സോടെ, സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും സമീപനത്തോടെ ജീവിതപങ്കാളിയെ തിരുത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നവർ ഇൻസ്‌പയറിങ് പാർട്ട്ണെഴ്സാണ്. ഉള്ളവും ഉള്ളതും പങ്കിടുന്ന ഇവരോടൊത്തുള്ള ദാമ്പത്യ സൗഹൃദം ഒരു ദിവ്യാനുഭവമാണ്.
വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ശപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നത് സങ്കുചിത ക്രിസ്തീയ കാഴ്ചപ്പാടാണ്. വീഴ്ച സംഭവിച്ച പത്രോസിനെയും തോമസിനെയും ക്രൂശിലെ കള്ളനെയുംമൊക്കെ സ്നേഹകരങ്ങളിൽ പിടിച്ചുയർത്തി, പ്രോത്സാഹനത്തിന്റെ വാക്കുകൊണ്ട് യഥാസ്ഥാനപ്പെടുത്തിയ ക്രിസ്തുവിന്റെ സമീപനമാണ് ആത്മീയ നേതൃത്വം സ്വീകരിക്കേണ്ടത്.
സദാചാര പൊലീസുകാരുടെ കൈകളിൽ നിന്നു വീണ കൽക്കൂമ്പാരങ്ങൾക്കിടയിൽ നിസ്സഹായയായി കിടന്ന സ്ത്രീയോട് ക്രിസ്തു പറഞ്ഞു: ' കുട്ടി, ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്ക്കൊള്ളൂ, മേലിൽ പാപം ചെയ്യരുത്.' പുതിയ സൃഷ്ടി ആകാനും വഴിമാറി നടക്കാനും കർത്താവിന്റെ സാന്ത്വന പ്രബോധനം അവൾക്ക് പ്രോത്സാഹനമായി.
വീണവരെ വിമർശനത്തിന്റെ കല്ലുകൊണ്ടെറിയുന്ന സദാചാര മാന്യന്മാർ പാപികളെ തേടിവന്ന ക്രിസ്തുവിന്റെ വീണ്ടെടുപ്പിലും യഥാസ്ഥാനപ്പെടുത്തലിലും വിശ്വാസമില്ലാത്തവരാണ്. അവർ ഒരിക്കൽ വീണു പോയപ്പോൾ പ്രോത്സാഹനത്തിന്റെ കൈനീട്ടി, പാപക്ഷമ നൽകി, ക്രിസ്തു എഴുന്നേൽപ്പിച്ചത് അവർ മറന്നു കളഞ്ഞു.
നമ്മുടെ മനസ്സാക്ഷി കോടതിക്ക് മുമ്പാകെ വരുന്ന കടക്കാരെ വിധിക്കുമ്പോൾ നീതിയുള്ള ന്യായാധിപനായ ക്രിസ്തുവിന്റെ സമീപനങ്ങൾ നമ്മുടെ ഓർമയിലുണ്ടായിരിക്കണം:
പാപം ചെയ്യാത്തവർക്കു മാത്രമേ കല്ലെറിയാൻ അർഹതയുള്ളൂ. പാപം ചെയ്തവരെ വിധിക്കാതെ, ക്രിസ്തുവിന്റെ പേരിൽ ക്ഷമിച്ചു മേലിൽ പാപം ചെയ്യാതിരിക്കാനുള്ള പ്രോത്സാഹനവും തിരുത്തലും നൽകണം.
വീണവരെയും വഴിതെറ്റിപ്പോയവരെയും എളിയവരെയും തുടക്കക്കാരെയുമൊക്കെ പ്രോത്സാഹനത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകൾകൊണ്ട് ബലപ്പെടുത്തി പ്രത്യാശയിൽ ഉറപ്പിക്കാനുള്ള വലിയ മനസ്സും കൃപയും തരുവാൻ പ്രാർത്ഥിക്കണം.
'be encouraging!'
-ഫാ. ഡോ. ഏ. പി. ജോർജ്