മാതാപിതാക്കൾക്ക് ദൈവം നൽകുന്ന വിസ്മയാനുഗ്രഹങ്ങളാണ് മക്കൾ. അവരുടെ ആത്മീയവും ശാരീരികവുമായ വളർച്ചയ്ക്കും പുരോഗതിക്കും ദൈവാനുഗ്രഹത്തിനുമായി മക്കളെ ദൈവസന്നിധിയിൽ സമർപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ചുമതല വളരെ പ്രധാനപ്പെട്ടതാണ്. അത് ഉത്തരവാദിത്വത്തോടെ നിവർത്തിക്കാൻ മാതാപിതാക്കൾ മക്കൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കണം . മക്കൾ ആത്മാവിൽ ബലപ്പെടാൻ ബുദ്ധി മാത്രം പോരാ ദൈവശക്തിയും കൂടി വേണം.
ദൈവാനുഗ്രഹത്തൊടൊപ്പം മാതാപിതാക്കളുടെ അനുഗ്രഹവും കുട്ടികൾക്ക് അത്യാവശ്യമാണ്. മാതാപിതാക്കൾ കുട്ടികൾക്ക് അനുഗ്രഹവും അനുഗ്രഹവിഷയവും ആകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
മാതാപിതാക്കൾ എങ്ങനെയൊക്കെയാണ് കുട്ടികളെ അനുഗ്രഹിക്കേണ്ടത്?
1. മാതാപിതാക്കൾ കുട്ടികളെ സ്നേഹിക്കുമ്പോൾ അവർ അനുഗ്രഹിക്കപ്പെടുകയാണ്. കുട്ടിയെ സ്നേഹപൂർവ്വം എടുക്കുകയും തലോടുകയും സംസാരിക്കുകയും ചെയ്യുമ്പോൾ കുട്ടിയുടെ മാതാപിതാക്കളുമായുള്ള 'ഫിസിക്കൽ ബോണ്ടിങ്' ശക്തിപ്പെടും. നീയെനിക്ക് പ്രിയപ്പെട്ടതും വിലപ്പെട്ടതും ആണെന്ന സന്ദേശമാണ് മാതാപിതാക്കൾ ലാളനയിലൂടെ കുട്ടികൾക്ക് നൽകുന്നത്. പ്രായമാകുമ്പോൾ കുട്ടിയോട് പറയുന്ന അനുമോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ കുട്ടിക്ക് ലഭിക്കുന്ന വലിയ സ്നേഹവിരുന്നുകളാണ്. കളിപ്പാട്ടങ്ങളിലൂടെയും ആഡംബര സമ്മാനങ്ങളിലൂടെയും പ്രകടിപ്പിക്കുന്ന സ്നേഹത്തേക്കാൾ കുട്ടികളുടെ ഹൃദയം നിറയ്ക്കുന്നത് ഹൃദയപൂർവ്വം പറയുന്ന സ്നേഹത്തിന്റെ വാക്കുകളാണ്.
ലോകം മുഴുവൻ കീഴടക്കിയാലും വൻ വിജയങ്ങൾ നേടിയാലും മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത കുട്ടികളുടെ മനസ്സിൽ ശൂന്യതാ ബോധവും നിസ്സഹായതയും ഒക്കെ പ്രതിസന്ധികൾ ഉണ്ടാക്കും . കുട്ടികൾക്ക് കൊടുക്കുന്ന സ്നേഹവും അംഗീകാരവും മാതാപിതാക്കളുടെ അനുഗ്രഹങ്ങളാണ്. അത് കുട്ടികളുടെ അവകാശമാണ് . അത് നിഷേധിക്കരുത്.
2. മാതാപിതാക്കളുടെ പരസ്പരസ്നേഹത്തിലൂടെ ലഭിക്കുന്ന സുരക്ഷിതബോധവും ആത്മബന്ധത്തിന്റെ അനുഭവങ്ങളും കുട്ടികൾക്കു ലഭിക്കുന്ന വിലപ്പെട്ട അനുഗ്രഹങ്ങളാണ്. പരസ്പരം പടവെട്ടുന്ന മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ മനസ്സിൽ ഭയത്തിന്റെയും നിർവികാരതയുടെയും സംഘർഷങ്ങൾ നിറയ്ക്കുന്നവരാണ് . വാക്കുകളുടെ അർത്ഥവും നിർവചനങ്ങളും പഠിക്കുന്നതിനു മുമ്പ് തന്നെ മാതാപിതാക്കളുടെ കലഹം കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിൽ ഗുരുതരമായ ക്ഷതങ്ങൾ ഉണ്ടാക്കും.
ദൈവം ഭരമേൽപ്പിച്ച വിവാഹത്തെ അവഗണിക്കുന്ന ദമ്പതികൾ കുട്ടികളെയാണ് വാസ്തവത്തിൽ അവഗണിക്കുന്നത്. ദമ്പതികളുടെ ദാമ്പത്യ സൗഹൃദത്തിന്റെ ഗുണഭോക്താക്കളായി സന്തോഷിക്കാനുള്ള അനുഗ്രഹങ്ങൾ മക്കൾക്ക് നിഷേധിക്കുന്നത് ദൈവമുമ്പാകെയുള്ള അപരാധമാണ്.
3. മാതാപിതാക്കളുടെ സമഗ്രതയുള്ള ജീവിതം കുട്ടികൾക്ക് അനുഗ്രഹമാണ്. പറയുന്നത് ജീവിതത്തിൽ അനുവർത്തിച്ചു കാണിക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് സുകൃത മാതൃകയും അനുഗ്രഹവിഷയവുമാകും.
സത്യം പറയുന്നവരും പരസ്പരം സത്യസന്ധത പുലർത്തുന്നവരും മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവരും മറ്റുള്ളവരെ ആദരിക്കുന്നവരുമായ മാതാപിതാക്കൾ കുട്ടികൾക്ക് അനുഗ്രഹത്തിന്റെ വഴികളാണ് പഠിപ്പിച്ചു കൊടുക്കുന്നത്. ഇതാണ് ബാലനും ബാലികയും നടക്കേണ്ടുന്ന വഴി.
ആ വഴിയിലൂടെ മുന്നോട്ടു നടക്കുന്ന കുഞ്ഞുങ്ങൾ അനുഗ്രഹ വിഷയമാകും.
4. മാതാപിതാക്കൾ ദൈവത്തെ പരിചയപ്പെടുത്തി കൊടുക്കുമ്പോൾ കുട്ടികൾ അനുഗ്രഹിക്കപ്പെടുകയാണ്. ചെറുപ്പത്തിൽ ദൈവഭക്തി കുട്ടികളിൽ വളർത്തിയെടുക്കുമ്പോൾ ശരിതെറ്റുകളുടെ തിരിച്ചറിവും ദൈവീക വീക്ഷണവും അവരിൽ വളർന്നുവരും. ജീവിതത്തിന്റെ 'ഓപ്പറേഷൻ മാനുവൽ' ആയ ബൈബിൾ കുഞ്ഞുങ്ങൾക്ക് ബാല്യത്തിൽ പരിചയപ്പെടുത്തുന്നത് ദൈവാശ്രയത്തിനും ദിശാ ബോധത്തിനും സഹായകമാകും. ഇതിൽപരം അനുഗ്രഹം വേറെന്തുണ്ട്.
മാതാപിതാക്കളുടെ സ്നേഹവും അനുഗ്രഹവും ലഭിക്കാത്ത അനേകം മക്കളുണ്ട്. ഒരുപക്ഷേ മാതാപിതാക്കളുടെ വ്യക്തിത്വ വൈകല്യമോ, മനോരോഗങ്ങളോ, ദുരന്താനുഭവങ്ങളോ ഒക്കെ ആകാം അവരെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്ത മാതാപിതാക്കൾ ആക്കിയത്. അവരെ അക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ല. രോഗവും വൈകല്യങ്ങളും ആണ് അവരുടെ വ്യക്തിത്വത്തിലെ നന്മകളുടെ ഉറവുകൾ വറ്റിച്ചു കളഞ്ഞത്. അവർക്ക് മക്കൾ മാപ്പ് കൊടുക്കണം.
മാതാപിതാക്കളുടെ സ്നേഹവും അനുഗ്രഹങ്ങളും ലഭിച്ചില്ലെങ്കിലും ഉപാധികളില്ലാതെ സ്നേഹിക്കുന്ന സ്വർഗ്ഗീയ പിതാവ് എല്ലാ മക്കൾക്കും സ്വന്തമായിട്ടുണ്ടെന്നോർക്കണം. സ്വർഗ്ഗത്തിലെ അപ്പൻ കരുതുന്നവനും സ്നേഹിക്കുന്നവനും ക്ഷമിക്കുന്നവനും അനുഗ്രഹിക്കുന്നവനുമാണ്. സ്വർഗ്ഗീയ പിതാവിന്റെ മക്കൾ ഒരിക്കലും അനാഥരല്ല .
മക്കൾക്കുവേണ്ടി നേടുന്ന ഭൗതിക സമ്പത്തു കളെക്കാൾ മൂല്യമുള്ളതാണ് അവർക്ക് നൽകുന്ന ആത്മ ബന്ധങ്ങളും പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ വഴികളും ഉപാധികളില്ലാതെ നൽകുന്ന സ്നേഹവുംമൊക്കെ. ഈ അനുഗ്രഹങ്ങൾ സമൃദ്ധിയായി ലഭിക്കുന്ന കുഞ്ഞുങ്ങൾ സമുന്നത വ്യക്തിത്വമായി വളർന്ന് പ്രശോഭിക്കും.
അനുഗ്രഹത്തിന്റെ അധിപതിയായ ദൈവമേ, അവിടുന്ന് അനുഗ്രഹവും അവകാശവുമായി കൊടുത്ത മക്കളെ സ്നേഹത്തിലും ദൈവാശ്രയത്തിലും വളർത്തുവാൻ എല്ലാ മാതാപിതാക്കൾക്കും കൃപാവരങ്ങൾ നൽകി അനുഗ്രഹിക്കണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്