കയ്യിലെ കറകൾ

ദാവീദ്‌ സോളമനോടു പറഞ്ഞു: മകനേ, എന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തിന്‌ ആലയം പണിയണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍, കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: നീ ഏറെ രക്‌തംചിന്തി; ധാരാളംയുദ്‌ധങ്ങളും നടത്തി. നീ എന്റെ മുന്‍പില്‍ ഇത്രയേറെ രക്‌തം ഒഴുക്കിയതിനാല്‍, നീ എനിക്ക്‌ ആലയം പണിയുകയില്ല.
1 ദിനവൃത്താന്തം 22 : 7-8

ദൈവത്തിന്റെ നിയോഗ നിർവഹണത്തിനുള്ള അർഹത നഷ്ടപ്പെടുത്തുന്നതാണ് കയ്യിലെ രക്തക്കറ! നിരപരാധിയായിരുന്ന ഊരിയാവിന്റ കൊലപാതത്തിന്  പ്രോക്സി കില്ലറെ കണ്ടെത്തിയതും പദ്ധതിയും പ്ലാനും ആസുത്രണം ചെയ്തതും ദാവീദായിരുന്നു. നിരപരാധിയുടെ രക്തം തലയിൽ വീണതു മുതൽ ദാവീദിനും കുടുംബത്തിനും സമാധാനം നഷ്ടപ്പെട്ടു, ദുരന്തങ്ങൾ കൊടുങ്കാറ്റായി ആഞ്ഞടിച്ചുകൊണ്ടിരുന്നു.

കുടുംബത്തിലും ഭരണതലങ്ങളിലും കയ്യിൽ രക്തക്കറയുള്ളവർ നേതൃത്വം കൊടുത്താൽ അസ്വസ്ഥതകളും അശുഭ സംഭവങ്ങളും തുടർന്നുകൊണ്ടിരിക്കും. കാരണം, സഹോദരന്റെ രക്‌തം മണ്ണില്‍നിന്ന്‌ നീതിക്കുവേണ്ടി ദൈവത്തെ വിളിച്ചു കരഞ്ഞുകൊണ്ടിരിക്കുകയാണ്...(ഉല്‍പത്തി 4 : 10).
പശ്ചാത്താപവും പ്രായശ്ചിത്തവും ക്രിസ്തുവിന്റെ  പാപക്ഷമയും കൊണ്ടല്ലാതെ കടങ്ങൾ മോചിക്കാനും കറകൾ കഴുകിക്കളയാനും സാധിക്കില്ല.
ശുഭാശാംസകളോടെ,
ഏ. പി. ജോർജച്ചൻ.