'എങ്കിൽ' വാഗ്ദത്തങ്ങൾ

'അവിടുന്ന്‌ അരുളിച്ചെയ്‌തു: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്‌ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്‌ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്‌താല്‍ ഞാന്‍ ഈജിപ്‌തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്‌. ' പുറപ്പാട്‌ 15 : 26

"എങ്കിൽ”– വ്യവസ്ഥകളോടുകൂടിയ വാഗ്ദത്തമാണ് ഇവിടെ വിവരിക്കുന്നത്. എന്നാൽ ചില വാഗ്ദത്തങ്ങൾ വ്യവസ്ഥകൾ ഇല്ലാത്തതാണ്, ഉദാഹരണം:
' ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു. (ഉല്പ 9:12-16).

വ്യവസ്ഥകൾ കൂടാതെ ദൈവം ചില വാഗ്ദത്തങ്ങൾ നൽകുമ്പോൾ അത് മനുഷ്യര്‍ എന്തു പ്രവര്‍ത്തിക്കുന്നു എന്നതിനുപരിയായി ദൈവം അത് നിവര്‍ത്തിക്കും. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന വാഗ്ദത്തം അങ്ങനെയുള്ളതല്ല. അത് അവരുടെ അനുസരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അനുസരിക്കുന്നില്ല എങ്കിൽ വാഗ്ദത്തങ്ങൾ നിവര്‍ത്തിക്കുന്നില്ല.

തിരുവചന വായനയിൽ 'കണ്ടീഷണൽ പ്രോമിസ് ' ശ്രദ്ധയോടെ വായിച്ചു ഗ്രഹിക്കുകയും വിനയത്തോടെ അനുസരിക്കുകയും ചെയ്യണം.

'നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 
നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. ' - മത്തായി 6:14-15

'ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ  വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.'
' നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.'  യോഹന്നാൻ 15:5, 7

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ