'മുപ്പത്തെട്ടു ആണ്ടു രോഗംപിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
5:6 അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു.' യോഹന്നാൻ 5:5 -6
അത്ഭുതം പ്രവർത്തിക്കുന്നതിനുള്ള പ്രാരംഭ നടപടി മിക്കപ്പോഴും കർത്താവായ യേശു തന്നെ എടുക്കാറുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും ആ വിധത്തിലല്ല.
പ്രതീക്ഷ നശിച്ച ആ മനുഷ്യനിൽ പ്രത്യാശയുണ്ടാക്കുന്നതിനാണ് കർത്താവ് ഈ ചോദ്യം ചോദിക്കുന്നത്. 38 വർഷക്കാലത്തെ നിരാശമൂലം അവന്റെ പ്രത്യാശ മരവിച്ചു പോയിരുന്നു.
നമ്മോടും ക്രിസ്തു ഇതേ ചോദ്യം തന്നെ ആവർത്തിക്കാറുണ്ട് :
പാപരോഗങ്ങളിൽ നിന്നും ആസക്തികളിൽ നിന്നും മോചനം ലഭിക്കുവാൻ നിങ്ങൾക്കു താല്പര്യമുണ്ടോ ?
പാപത്തിന്റെ താൽക്കാലിക സുഖം ഉപേക്ഷിക്കുവാൻ തയ്യാറാണോ?
രക്ഷിക്കപ്പെടുവാൻ ആഗ്രഹം ഉണ്ടോ?
ഇതിനുള്ള മറുപടി വളരെ പ്രധാനപ്പെട്ടതാണ്.
ജീവിത പ്രതിസന്ധികളിൽ നിന്നും പാപബന്ധനങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്നവരെ ദൈവത്തിന്റെ കരങ്ങൾ വിടുവിക്കും. സുഖമാകാൻ മനസ്സില്ലാത്തവരിൽ സൗഖ്യത്തിനും വിമോചനത്തിനും ഉള്ള ആഗ്രഹമുണ്ടാക്കുവാനും കർത്താവിനു കഴിയും. മുള്ളുകളോട് കൂടെയുള്ള സഹന ജീവിതത്തിന് പൗലോസിന് കൃപ നൽകിയ ദൈവം അതിജീവനത്തിനുള്ള അമിത ബലം തന്ന് സഹായിക്കും. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.