അധികപ്രസംഗം അരുത്

കാര്യങ്ങൾ അസത്യമായും  അതിശയോക്തിപരമായും  സംസാരിക്കുന്നത് ചിലരുടെ സ്വഭാവ ബലഹീനതയാണ്. ഇത്തരം സംസാരങ്ങൾ  വഴിതെറ്റിക്കുന്നതും ആശയക്കുഴപ്പവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണ്.
സത്യത്തെ വളച്ചൊടിച്ച് ഓവർ സ്റ്റേറ്റ്മെന്റും  അണ്ടർ സ്റ്റേറ്റ്മെന്റും നടത്തുന്നവർ വളരെ പെട്ടെന്ന് കുടുംബ- ദാമ്പത്യ- സാമൂഹ്യ ബന്ധങ്ങളിൽ അവിശ്വസ്തരായി തീരും. ഈ വ്യക്തിത്വ ബലഹീനത തിരുത്തപ്പെടേണ്ടതാണെന്നാണ് ബൈബിളിലെ സ്വഭാവ ശാസ്ത്രജ്ഞനായ യാക്കോബ് ശ്ലീഹാ പറയുന്നത് :
'എന്‍െറ സഹോദരരേ, സര്‍വോപരി, നിങ്ങള്‍ ആണയിടരുത്‌. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടും അരുത്‌. ശിക്‌ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേ എന്നു പറയുമ്പോള്‍ അതേ എന്നും അല്ല എന്നു പറയുമ്പോള്‍ അല്ല എന്നുമായിരിക്കട്ടെ! യാക്കോബ്‌ 5 : 12

ആളുകളെ ഇമ്പ്രെസ്സ്  ചെയ്യാനും  ശ്രദ്ധ പിടിച്ചുപറ്റുവാനും  വേണ്ടി  ഫലിതവും അതിശയോക്തിയും പരിഹാസവും കലർത്തി പറയുന്നവരുണ്ട്. അവരുടെ സംസാരത്തിൽ നിന്ന് കാതലും കാര്യഗൗരവമുള്ള വസ്തുതകൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അവർ പറയുന്നതിൽ പകുതി പതിരും പരദൂഷണവും ആയിരിക്കും.

ചൂഷണം ചെയ്യാനും ചതിക്കുഴിയിൽ വീഴ്ത്താനും  പ്രലോഭിപ്പിക്കാനും  വേണ്ടി, സത്യത്തിന് മൂടുപടമിട്ട്, വാസ്തവവിരുദ്ധമായി  പെരുപ്പിച്ച് പറയുന്ന മത-രാഷ്ട്രീയ നേതൃത്വവും  പരസ്യ കമ്പോളവുമൊക്കെ ജനത്തെ കബളിപ്പിക്കാറുണ്ട്. ഇവരുടെ പൊള്ളയും പൊങ്ങച്ചം നിറഞ്ഞതുമായ സംസാരം മൂലമാണ് സാമൂഹ്യ ബന്ധങ്ങൾക്കിടയിൽ വിശ്വസ്തത നഷ്ടപ്പെട്ടത്.

ഇന്ന് ആർക്കും ആരെയും വിശ്വാസമില്ലാതായി തീർന്നിരിക്കുന്നു. ഏദൻ പാമ്പിനെപ്പോലെ പൊയ് മുഖവും വ്യാജ പ്രസ്താവനകളുമായി നിഷ്കളങ്കരായ പെൺകുട്ടികളെയും ലളിത മനസ്കരെയും വലയിൽ വീഴ്ത്തുന്ന  സാമൂഹ്യവിരുദ്ധരുണ്ടാക്കുന്ന പ്രതിസന്ധികളും അപകടങ്ങളും അനവധിയാണ്. കരുണയില്ലാത്ത വേട്ടക്കാരായ ഇവർ ഇരപിടിക്കാനിറങ്ങുന്നത് സൈബർ മീഡിയയിൽ ആണ്.
പകർച്ചവ്യാധി,  പ്രകൃതിക്ഷോഭം,  അന്തർദേശീയ പ്രതിസന്ധികൾ തുടങ്ങിയവയെപ്പറ്റി സത്യവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ടൈംപാസും  ജീവിതമാർഗവും ആക്കിയ  സൈബർ ക്രിമിനലുകളുടെ വൻ റാക്കറ്റുകൾ തന്നെയുണ്ട്. ഇവർ സാധാരണക്കാരിലുണ്ടാക്കുന്ന  ആകാംക്ഷയും ഭീതിയും കുറച്ചൊന്നുമല്ല. വസ്തുതകളെ വളച്ചൊടിച്ച്  ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും വർഗീയ വൈരാഗ്യം ആളികത്തിക്കാനും  കലാപങ്ങൾക്ക് തീകൊളുത്താനും മുതിരുന്ന  പ്രതിലോമ ശക്തികളെ നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്.

കാനാൻ ദേശം ഒറ്റു നോക്കുവാൻ മോശ അയച്ച കാലേബും യോശുവയും ഒഴിച്ചുള്ളവർ ജനങ്ങളിൽ  പരിഭ്രാന്തി പരത്തുന്ന അതിശയോക്തി പ്രസ്താവനകളാണ് നടത്തിയത് :
'അങ്ങനെ തങ്ങള്‍ കണ്ട സ്‌ഥലത്തെക്കുറിച്ചു ജനത്തിനു തെറ്റായ ധാരണ നല്‍കിക്കൊണ്ട്‌ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം അവിടെ വസിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്‌; അവിടെ ഞങ്ങള്‍ കണ്ട മനുഷ്യരോ അതികായന്‍മാര്‍! നെഫിലിമില്‍നിന്നു വന്ന അനാക്കിന്‍െറ മല്ലന്‍മാരായ മക്കളെ അവിടെ ഞങ്ങള്‍ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ച്‌ അങ്ങനെതന്നെ തോന്നിയിരിക്കണം.' സംഖ്യ 13 : 32-33
എന്നാൽ അതേ  സംഘത്തിലുണ്ടായിരുന്ന കാലേബും യോശുവയും പറഞ്ഞു:
'നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കരുത്‌; ആ ദേശത്തെ ജനങ്ങളെ ഭയപ്പെടുകയുമരുത്‌. അവര്‍ നമുക്ക്‌ ഇരയാണ്‌. ഇനി അവര്‍ക്കു രക്ഷയില്ല. കര്‍ത്താവു നമ്മോടുകൂടെയാണ്‌; അവരെ ഭയപ്പെടേണ്ടതില്ല.' സംഖ്യ 14 : 9

അതിശയോക്തിപരമായ വ്യാജ പ്രസ്താവന നടത്തിയവരെ  കാനാൻ ദേശത്ത് കാലുകുത്താൻ ദൈവം അനുവദിച്ചില്ല. സത്യം സത്യമായി സംസാരിച്ച കാലേബും യോശുവയും  വാഗ്ദത്തദേശത്ത് എത്തുകയും ചെയ്തു. സൂക്ഷിക്കണം, അസത്യവും അതിശയോക്തിപരമായ സംസാരം  സാമൂഹ്യ ബന്ധങ്ങളിൽ നിന്നും  ഒറ്റപ്പെടാനും  സോഷ്യൽ ഐസലേറ്റുകളാകാനും   കാരണമായേക്കാം.
അസത്യം പറയുന്നവരുടെ വായ് അടയ്ക്കപ്പെടുമെന്നാണ് തിരുവചനത്തിലെ മുന്നറിയിപ്പ്!

അതിശയോക്തിയും വ്യാജവും കളവും കുട്ടികളുടെ സംസാരത്തിൽ കാണുബോൾ  ചെറുപ്പത്തിൽതന്നെ തിരുത്തണം.  കുട്ടികൾക്ക് ദോഷകരമായ മാതൃകയാകാവുന്ന  വികല സംസാരശൈലി മാതാപിതാക്കളും ഒഴിവാക്കണം. മാതാപിതാക്കളുടെ  സംസാരശൈലിയാണ് കുട്ടികൾ കണ്ടും കേട്ടും അനുകരിക്കുന്നത്.
വ്യാജം പറയുന്ന നാവും അസത്യം പറയുന്ന കള്ളസാക്ഷിയും  സഹോദരന്മാർക്കിടയിൽ ഭിന്നത വിതയ്ക്കുന്നതും  യഹോവ വെറുക്കുന്ന ഏഴു കാര്യങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് പാപപ്രവണതകളാണെന്ന് സദൃശ്യവാക്യം ആറാം അധ്യായം മുന്നറിയിപ്പ് തരുന്നു.  

വ്യാജസംസാരശൈലി തിരുത്തിയെഴുതാനും സൗഖ്യമാക്കാനും സഹായിക്കുന്ന  അൽഭുത ചാലകശക്തിയാണ് ക്രിസ്തുവിന്റെ ആത്മാവ്. മറ്റുള്ളവർക്ക് മുള്ളും മുറിവുമുണ്ടാക്കിയ സ്വന്തം വാക്കുകളെ ഓർത്ത് ദൈവസന്നിധിയിൽ പശ്ചാത്തപിക്കാനും  പാപക്ഷമ യാചിക്കുവാനും തയ്യാറായാൽ സംശുദ്ധ ചിന്തകളും പ്രസാദാത്മകമായ വാക്കുകളും ദൈവം തരും.

അതിശയോക്തിപരമായി സംസാരിക്കാനുള്ള പ്രേരണ ഉണ്ടാകുമ്പോൾ, പ്രാർത്ഥനയോടെ ആത്മസംയമനം പാലിക്കണം. സത്യം സത്യമായി  സംസാരിക്കുന്ന ശീലം പ്രാക്ടീസ് ചെയ്താൽ സമൂഹത്തിൽ  വിശ്വസ്തതയും ക്രിസ്തീയ സാക്ഷ്യവും നിലനിർത്താൻ സഹായകമാകും. കാപട്യവും വഞ്ചനയും അതിശയോക്തിയും നിറഞ്ഞ  സംസാരശൈലിയെ തിരുവചനം ശക്തമായി വിമർശിക്കുന്നുണ്ട്:

'കള്ളം പറയുന്ന അധരങ്ങള്‍ കര്‍ത്താവിനു വെറുപ്പാണ്‌; വിശ്വസ്‌തതയോടെ പെരുമാറുന്നവര്‍അവിടുത്തെ സന്തോഷിപ്പിക്കുന്നു.' സദൃശ്യവാക്യങ്ങൾ  12:22

'സത്യസന്‌ധമായ വാക്ക്‌ എന്നേക്കുംനിലനില്‍ക്കുന്നു; വ്യാജമായ വാക്ക്‌ ക്‌ഷണികമാണ്‌. '
സദൃശ്യവാക്യങ്ങൾ 12:19

'അവസാനമായി, സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.'
ഫിലിപ്പിയർ  4:8

'  വായില്‍നിന്നു വരുന്നത്‌ ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്‌. അതു മനുഷ്യനെ അശുദ്‌ധനാക്കുന്നു. ദുശ്‌ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ്‌ പുറപ്പെടുന്നത്‌. ഇവയാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌. കൈകഴുകാതെ ഭക്‌ഷണം കഴിക്കുന്നത്‌ ആരെയും അശുദ്‌ധനാക്കുന്നില്ല.'
മത്തായി 15 : 18-20

സത്യസന്ധമായ സംസാരത്തിനായി   തുറക്കപ്പെട്ട അവയവങ്ങൾക്കു  കാവൽക്കാരെ നിയമിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണം. അതിശയോക്തിപരമായ ആത്മപ്രശംസയും  പ്രകടന സാക്ഷ്യങ്ങളും ഒഴിവാക്കുവാനുള്ള തിരിച്ചറിവും ജ്ഞാനവും പരിശുദ്ധാത്മവരങ്ങളും നൽകി ദൈവം സഹായിക്കും. ദൈവത്തെ സ്തുതിക്കാനും  മഹത്വപ്പെടുത്താനുമായി   വിശുദ്ധീകരിക്കപ്പെട്ട  അധരങ്ങളിൽനിന്ന്  സത്യവും വാസ്തവവും വസ്തുനിഷ്ഠവും പരമാർത്ഥവുമായ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ പരിശുദ്ധാത്മ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം .
-ഫാ. ഡോ. ഏ. പി. ജോർജ്