ബാലൻ നടക്കേണ്ട വഴി

മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും ആണെന്നാണ്  ഇരുപത്തിയേഴാം സങ്കീർത്തനം പറയുന്നത്.

എന്നാൽ മക്കൾ പലപ്പോഴും മാതാപിതാക്കൾക്ക്  ദുഃഖത്തിനും ലജ്ജക്കും കാരണമായിത്തീരാറുണ്ട്.
വീരൻറെ കയ്യിലെ അസ്ത്രങ്ങൾ എങ്ങിനെയോ അങ്ങനെയാകുന്നു യൗവ്വനത്തിലെ മക്കൾ എന്നെഴുതിയ ദാവീദിന്റെ ജീവിതത്തിൽ സംഭവിച്ചത് മറിച്ചാണ്. മകൻ അബ്ശലോമിനെ ഭയന്ന് ദാവീദ് കൊട്ടാരം വിട്ടോടുകയും അവന്റെ ദുരന്തമരണം കാണേണ്ടി വരികയും ചെയ്തു.

നല്ല സാക്ഷ്യമുള്ള മാതാപിതാക്കൾക്കും സാക്ഷ്യം നഷ്ടപ്പെടുത്തുന്ന മക്കൾ ഉണ്ടായേക്കാം. പരിപൂർണ്ണരായി ഒരു മാതാപിതാക്കളും ഇല്ല. മക്കൾ വഴിതെറ്റിപോകണമെന്ന്  ഒരു മാതാപിതാക്കളും  ആഗ്രഹിക്കാറില്ല. അതുകൊണ്ട് കുട്ടികൾ വഴിതെറ്റുമ്പോൾ അവരുടെ മാതാപിതാക്കളെ പരിഹസിക്കരുത്, കുറ്റപ്പെടുത്തരുത്,  പഴിക്കരുത്. നമ്മുടെ കുട്ടികളും എങ്ങനെയൊക്കെ ആകും എന്ന് ആർക്കറിയാം?

കുട്ടികൾ നടക്കേണ്ടുന്ന വഴിയിൽ അവരെ ചെറുപ്പത്തിൽ പരിശീലിപ്പിക്കണം എന്ന ദൈവത്തിന്റെ ഉപദേശം മാതാപിതാക്കൾ ഗൗരവമായി എടുക്കണം. ഭക്തരും ആത്മീയജീവിതത്തിൽ നിഷ്ഠയുള്ളവരുമായ മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന കുട്ടിയുടെ വ്യക്തിത്വത്തിലും മനോഭാവത്തിലും മൂല്യബോധം ആലേഖനം ചെയ്യപ്പെടും. അതിന്റെ സ്വാധീനം ആജീവനാന്തം നിലനിൽക്കും. ചെറുപ്പത്തിൽ പരിശീലിപ്പിക്കാത്തത്  പ്രായമായശേഷം പരിശീലിപ്പിക്കാൻ ശ്രമിച്ചിട്ട്  കാര്യമായ പ്രയോജനമുണ്ടാവില്ല.

ദൈവത്തിന്റെ വഴിയിലൂടെ നടക്കുവാൻ കുട്ടിയെ പരിശീലിപ്പിക്കുന്നതിന്റെ ആദ്യഘട്ടം കുട്ടിയെ ദൈവമുമ്പാകെ സമർപ്പിക്കലാണ്. ദൈവമേ, കുഞ്ഞ് അവിടുത്തെതാണ്,  നിന്റെ ഇഷ്ടം കുട്ടിയുടെ ജീവിതത്തിൽ യാഥാർത്ഥ്യമാക്കേണമേ, അതിനായി ആത്മാവിൽ ബലപ്പെടുത്തേണമേ,  എന്ന് മാതാപിതാക്കൾ ദൈവമുമ്പാകെ പ്രാർത്ഥിക്കണം . എന്റെ സ്വന്തം കുട്ടി, എന്റെ പ്രൈവറ്റ് പ്രോപ്പർട്ടി, ഞാൻ വളർത്തിയ കുട്ടി... തുടങ്ങിയ കുത്തകാവകാശ ചിന്താഗതികൾ ശരിയല്ല. ഉടമസ്ഥൻ ദൈവമാണ്.

കുട്ടി നടക്കേണ്ടുന്ന വഴിയിൽ നടത്തുമ്പോൾ കുട്ടിയുടെ അഭിരുചിയും സർഗ്ഗപ്രതിഭയും കൂടി കണക്കിലെടുക്കണം. ഓരോ കുട്ടിയും ദൈവത്തിന്റെ യൂണിറ്റ് ക്രിയേഷൻ ആണ്. ഭൗതിക നേട്ടത്തിലും ജോബ് സ്റ്റാറ്റസിലും മാത്രം കണ്ണുവെച്ച്‌ കുട്ടിക്ക് അഭിരുചിയും കഴിവും ഇല്ലാത്ത മേഖലകളിലേക്ക് മാതാപിതാക്കളുടെ സ്വപ്നസാക്ഷാത്കാരത്തിനായി  ബലപ്രയോഗം നടത്തി തള്ളിവിടുന്നത് ക്രൂര തയാണ്. സാമൂഹ്യസേവനം, ആത്മീയ ശുശ്രൂഷ, പ്രതിഫലം കുറഞ്ഞ  ജോലികൾ തുടങ്ങിയ ജീവിത വഴികൾ കുട്ടികൾ തിരഞ്ഞെടുക്കുമ്പോൾ അവരെ നിരാശപ്പെടുത്തരുത്, തടയരുത്. ദൈവം അവരിൽ ചാലിച്ച് ചേർത്ത അഭിരുചികൾ അനുസരിച്ച് അവർ വളരട്ടെ. താമര താമരയായും ഡാലിയ ഡാലിയയായും വളരട്ടെ.

കുട്ടികൾക്ക് നന്നേ ചെറുപ്പത്തിൽ മാതാപിതാക്കൾ മൂല്യ പ്രബോധനം കൊടുക്കേണമെന്ന് ദൈവത്തിന് നിർബന്ധമുണ്ട് :
ആവർത്തനം
6:6 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
6:7 നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.

        നമ്മുടെ കുട്ടികളെ ആരൊക്കെയാണ്
ആദ്യ പാഠങ്ങൾ പഠിപ്പിക്കുന്നത്? അവർ എന്തൊക്കെയാണ് പഠിക്കുന്നത്? മാതാപിതാക്കളും സഭയും പഠിപ്പിക്കേണ്ട ദൈവിക മൂല്യങ്ങൾക്ക് പകരം കുട്ടികളെ ഇന്ന് പഠിപ്പിക്കുന്നത് ടെലിവിഷനും സൈബർ മീഡിയകളും ആണ്. ശരിതെറ്റുകൾ, ലൈംഗികത, വിവാഹം,  കുടുംബം, ജീവിതലക്ഷ്യം എന്നിവയെപ്പറ്റി കുട്ടി പഠിക്കുന്നത് മീഡിയയിൽ നിന്നാണ്. റോഡിലൂടെ നടക്കുമ്പോൾ അമ്മയുടെ കൈവിട്ട് ഓടിയ കുട്ടിയെ അമ്മ ശാസിച്ചു. അപ്പോൾ 'ടെലിവിഷൻ കണ്ടീഷൻഡ്' ആയ മകൻ പറയുന്നത്:  സൂപ്പർമാൻ എന്റെ കൂടെയുണ്ട്, എന്നെ പ്രൊട്ടക്ട് ചെയ്യുമെന്നാണ്. അവന്റെ ദൈവം   മീഡിയ പരിചയപ്പെടുത്തിയ സൂപ്പർമാൻ ഹീറോ ആണ്‌.

  മക്കളെ ദൈവത്തിന്റെ വഴി മീഡിയ
പരിശീലിപ്പിക്കുമെന്ന് മാതാപിതാക്കൾ കരുതേണ്ടതില്ല. മീഡിയയിൽ നിന്ന് കുട്ടിയെ പൂർണ്ണമായി നമുക്ക് പിടിച്ചുമാറ്റാൻ കഴിയുകയുമില്ല. കുട്ടി നടക്കേണ്ടുന്ന വഴി ഏതാണെന്ന് മാതാപിതാക്കൾ കുട്ടികൾക്ക് തിരിച്ചറിവ് നൽകണം,  ആ വഴിയെ നടക്കുവാൻ ചെറുപ്പത്തിൽ  പരിശീലിപ്പിക്കണം.

മെച്ചമായ ജീവിതമാർഗം നേടാൻ കുട്ടികൾക്ക് ഹൈടെക് പരിശീലനം ഇന്ന് കൊടുക്കുന്നുണ്ട്. പക്ഷേ എങ്ങനെ ജീവിക്കണം എന്ന് ആരും കുട്ടികൾക്ക്  പഠിപ്പിച്ച് കൊടുക്കുന്നില്ല. സനാതന നിത്യ മൂല്യങ്ങളെ പറ്റി അവർക്ക് ആരും പറഞ്ഞു കൊടുക്കുന്നില്ല. അതുകൊണ്ട് കുടുംബ- ദാമ്പത്യ ബന്ധങ്ങളിൽ അവർ ദയനീയമായി പരാജയപ്പെട്ടു പോകുന്നു.

അമേരിക്കയിലെ ടെന്നീസിലെ മെംഫിസ് സിറ്റിയിലെ പോലീസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ചീഫ് ആയ വാൾട്ടർ ക്രൂസ് നിരത്തുന്ന കണക്കുകൾ ഭീതി പ്രദമാണ് :

ഓരോ 47 സെക്കൻഡിലും ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു. ഓരോ 26 സെക്കൻഡിലും ഓരോ കുട്ടി വീതം വീട്ടിൽ നിന്ന് ഒളിച്ചോടുന്നു. ഓരോ ഏഴ് മിനിറ്റിലും ഓരോ കുട്ടിവീതം തോക്കുകൊണ്ട് കൊല്ലപ്പെടുകയോ, മുറിവേൽക്കപ്പെടുകയൊ ചെയ്യുന്നു. ഓരോ 53 മിനിറ്റിലും ദാരിദ്ര്യം മൂലം ഒരു കുട്ടി വീതം മരിക്കുന്നു. വീടില്ലാത്ത ഒരുലക്ഷം കുട്ടികളുണ്ട്. 135000 കുട്ടികൾ തോക്കുമായി സ്കൂളിലെത്തുന്നുണ്ടത്രേ. ഓരോ ദിവസവും 6 ടീനേജേഴ്സ് വീതം ആത്മഹത്യ ചെയ്യുന്നു. ഓരോ ദിവസവും മൂന്നുലക്ഷത്തോളം  കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ വിവാഹ മോചനത്തിന് സാക്ഷികൾ ആകുന്നുണ്ട്, അതിന്റെ  ദുഃഖസാക്ഷികളാകുന്നുണ്ട്. അത് അവരിൽ  വൈകാരിക പ്രതിസന്ധികളും ആത്മസംഘർഷങ്ങളുമുണ്ടാക്കുന്നുണ്ട്.

തകർന്ന കുടുംബങ്ങൾ, കുട്ടികളുടെ ആത്മീയ  പരിശീലനത്തിനുള്ള മാതാപിതാക്കളുടെ വിമുഖത,  സാമൂഹ്യ ബന്ധങ്ങളിൽ വന്ന തകർച്ച,  മീഡിയ കാണിച്ചുകൊടുത്ത വഴിതെറ്റിയ വഴികൾ എന്നിവയൊക്കെ ആണ് ഈ ദുരന്തങ്ങൾക്ക് കാരണങ്ങളായി വാട്ടർ ക്രൂസ് ചൂണ്ടിക്കാണിക്കുന്നത് .

അമേരിക്കയിൽ മാത്രമല്ല ലോകവ്യാപകമായി വളർന്നുവരുന്ന ദുരന്തങ്ങളാണ് ഇവയൊക്കെ. കുട്ടികൾ നടക്കേണ്ടുന്ന വഴി കാണിച്ചു കൊടുക്കാനും അവർക്ക് മാതൃകയാകാനും മാതാപിതാക്കളും സഭയും പരിശ്രമിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ.

കുട്ടികളെ അച്ചടക്കവും അനുസരണവും ചിട്ടയും പരിശീലിപ്പിക്കണം. സ്നേഹത്തിൽ തിരുത്തണം. നടക്കേണ്ടുന്ന വഴി ഏതാണെന്ന് ചെറുപ്പത്തിൽ തന്നെ പറഞ്ഞു കൊടുക്കണം. വഴിതെറ്റുമ്പോൾ നേർവഴിക്ക് തിരിച്ചുവരണം.

താനേ മുളക്കുന്നത് പുല്ലും കാട്ടുചെടികളും ആയിരിക്കും. നിരന്തര പരിശ്രമങ്ങളിലൂടെ മാത്രമേപൂന്തോട്ടംവും കൃഷിത്തോട്ടങ്ങളും ഉണ്ടാവുകയുള്ളൂ. കുട്ടികളിലെ സ്വാഭാവികമായ ജഡത്തിന്റെ പ്രവണതകൾ സ്വാർത്ഥതയും അനുസരണക്കേടും ധിക്കാരവും അഹങ്കാരവും ഒക്കെയാണ്. ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്ന ക്രിസ്ത്യാനി വൃക്ഷങ്ങളായി  വളരാൻ മാതാപിതാക്കളുടെ നിരന്തര അദ്ധ്വാനവും ക്ഷമാപൂർവ്വമായ തിരുത്തലും പ്രോത്സാഹനവും അത്യാവശ്യമാണ്.

കുട്ടികൾക്ക് ചെറുപ്പത്തിൽ നൽകുന്ന ഈ ദിശാബോധവും മാതാപിതാക്കളിൽനിന്ന് പകർത്തുന്ന ക്രിസ്തീയ മാതൃകയും ജീവിതാവസാനംവരെ സ്വഭാവത്തിൽ ഫലം കായ്ച്ചു കൊണ്ടിരിക്കും.  ഇടയ്ക്ക് കുട്ടികൾ വഴിമാറി  പോയാലും മാതാപിതാക്കൾ  അവരുടെ മനസ്സാക്ഷിയിൽ സ്ഥാപിച്ച സ്പിരിച്വൽ  നാവിഗേഷൻ സിസ്റ്റം അവരെ നേർവഴിക്ക് കൊണ്ടുവരും.

ദൈവമേ,  മക്കൾ നടക്കേണ്ടുന്ന ജീവന്റെ വഴിയിലൂടെ അവരെ നടത്തുവാനും അവർക്കു മുമ്പേ വഴിതെറ്റാതെ നടക്കുവാനുള്ള ജീവിതവിശുദ്ധിയും കൃപാവരങ്ങളും നൽകി അനുഗ്രഹിക്കേണമേ .

-ഫാ. ഡോ. ഏ. പി. ജോർജ്