മുങ്ങിപ്പോകാത്ത വിശ്വാസം

'പത്രോസ്‌ അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. പത്രോസ്‌ വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്‍െറ അടുത്തേക്കു നടന്നു ചെന്നു.' മത്തായി 14 : 28-29

സാഹസികതയും  അത്യുത്സാഹവും സമർപ്പണവും കൂടിക്കലർന്ന കൗതുകമുണർത്തുന്ന വ്യക്തിത്വമാണ് പത്രോസിന്റെത്. രാത്രിയുടെ നാലാം യാമത്തിൽ കടലിന്മേൽ നടന്നു വരുന്ന കർത്താവിന്റെ അടുത്തേക്ക് വെള്ളത്തിൻ മീതേ നടന്ന പത്രോസ് മുങ്ങി പോയത് അപക്വവിശ്വാസത്തിന്റെയും  അപ്രായോഗിക ചിന്തയുടെയും ഉദാഹരണമായി തോന്നിയേക്കാം.
എന്നാൽ സംശുദ്ധ നിഷ്ക്കളങ്ക വിശ്വാസത്തിന്റെ പാഠവും ഈ സംഭവത്തിൽ നിന്ന് പഠിക്കാനുണ്ട്.  അപ്പന്റെ കൈകളിലേക്ക് ഒന്നും ചിന്തിക്കാതെ എടുത്തുചാടുന്ന കൊച്ചുകുട്ടിയുടെ സമ്പൂർണ്ണ നിഷ്കളങ്ക വിശ്വാസമാണ് പത്രോസ് പ്രകടിപ്പിച്ചത്. കർത്താവ് അനുവദിച്ചപ്പോൾ മാത്രമാണ് പത്രോസ് വഞ്ചിയിൽനിന്ന് ഇറങ്ങി വെള്ളത്തിൽ നടന്നത്. സ്വന്തം തീരുമാനത്തിലും അഹങ്കാരത്തിലുമുള്ള എടുത്തുചാട്ടം ആയിരുന്നില്ല അത്. വിളിച്ചവൻ വിശ്വസ്തനും സർവശക്തനും   മതിയായവനും  ആണെന്നുള്ള ഉറപ്പിലും വിശ്വാസത്തിലും ആയിരുന്നു ആ ചുവടുവെയ്പ്.

അസാധ്യ കാര്യങ്ങൾക്ക് ദൈവം വിളിച്ചപ്പോൾ യുക്തിയും കോമൺസെൻസും  കൊണ്ട് വിലയിരുത്തി,  സംശയിച്ചു മടിച്ച് നിൽക്കാതെ,  വിളിച്ച കർത്താവിൽ പ്രത്യാശ വെച്ച്,  വെല്ലുവിളി നിറഞ്ഞ നിയോഗങ്ങൾക്കായി ചുവടുവെച്ച അബ്രഹാം,  മോശ,  യോശുവ,  മേരിമാതാവ്  തുടങ്ങിയ വിശ്വാസധീരരിൽ ഒരാളായി മാറുകയായിരുന്നു  ഈ സംഭവത്തിലുടെ ശീമോൻ പത്രോസ്. ഇങ്ങനെയുള്ളവരെയാണ് ദൈവം അസാധ്യ കാര്യങ്ങൾക്ക് വിളിക്കുന്നത്.

പ്രകൃതി നിയമങ്ങൾക്കതീതമായ കാര്യനിർവ്വഹണത്തിനായി വിവേകികളേയും ജ്ഞാനികളെയും  ദൈവം ഒഴിവാക്കുന്നതിന് പല കാരണങ്ങളുണ്ട്: 
ദൈവത്തേക്കാൾ  സ്വന്തം  യുക്തിയിലും ചിന്തയിലും ശക്തിയിലുമായിരിക്കും ബുദ്ധിജീവികളുടെ ആശ്രയം.
സമ്പത്ത്, ടെക്നോളജി, സെൽഫ് തുടങ്ങിയവയൊക്കെയാണ് ഇവരുടെ ഡ്രൈവിംഗ് ഫോഴ്സ്.
ഇവരുടെ ഭൗതിക സങ്കേതങ്ങളുടെ അടിസ്ഥാനം ഇളകിയാൽ എല്ലാം തകർന്നു വീഴും.
വഞ്ചിയിൽനിന്ന് ഇളകിമറിയുന്ന കടലിലേക്ക് കാലെടുത്തുവെച്ചു  നടന്നത് പത്രോസ് മാത്രമാണ്. കൂടെയുണ്ടായിരുന്നവർക്ക് ചിന്തിക്കാൻപോലും പറ്റാത്ത സാഹസികമായ ചുവടുവെപ്പാണ് പത്രോസ് നടത്തിയത്. ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു അടുത്തുള്ളപ്പോൾ അലകടൽ സുരക്ഷിത പാത യാണെന്ന്  ചിന്തിക്കാൻ കഴിഞ്ഞ സുധീര വിശ്വാസിയാണ് പത്രോസ്. 

ജീവിതത്തിലെ നിസ്വാർത്ഥവും സദുദ്ദേശപരവുമായ നല്ല തുടക്കങ്ങളിൽ കാലിടറിപോയതും, നിരാശയുടെ ആഴങ്ങളിലേക്ക് രണ്ട് മൂന്നടി മുങ്ങി പോയതും,  പലരും പരിഹസിച്ചതുമൊക്കെ ഓർത്ത് നിങ്ങൾ നിരാശപ്പെടരുത്. തിരകളെയും കൊടുങ്കാറ്റുകളെയും നിയന്ത്രിക്കുന്നവൻ തന്റെ  ശക്തമായ കരങ്ങളിൽ പിടിച്ച്‌ ഉയർത്തിയതും, തിരകൾക്കു മീതെ വീണ്ടും നടത്തി നമ്മെ ലക്ഷ്യത്തിലെത്തിച്ചതുമൊക്കെ ഓർമയില്ലേ? അതൊന്നും മറക്കരുത്.
പത്രോസിന്റെ  ഏകലക്ഷ്യം യേശുവിന്റെ അടുത്ത് എത്തുക എന്നതായിരുന്നു. കൊടുങ്കാറ്റും തിരമാലകളും ആ  ലക്ഷ്യത്തിന്റെ  മുമ്പിൽ അപ്രസക്തവും അപ്രധാനവും നിഷ്പ്രഭവുമായി. 

 ഭീഷണി ഉയർത്തുന്ന രോഗങ്ങളെയും പ്രതിസന്ധികളെക്കാളും വലിയവനാണ് സർവ്വശക്തനായ നമ്മുടെ ദൈവം. അലയടിക്കുന്ന പ്രതികൂലതകളെ നിസ്സാരമാക്കി ചവിട്ടി കടന്നുകൊണ്ട് വേണം സ്നേഹകരങ്ങൾ നീട്ടി നിൽക്കുന്ന ഇമ്മാനുവേലിന്റെ  അടുത്തു ചെല്ലാൻ.  ആഴങ്ങളുടെയും ഉയരങ്ങളുടെയും അധിപൻ  അടുത്തു നിൽക്കുമ്പോൾ തെല്ലും ഭയപ്പെടണ്ടതില്ല,  ഒരിക്കലും മുങ്ങില്ല. കുടുംബം,  ദാമ്പത്യം,  ഇടയത്വശുശ്രൂഷ തുടങ്ങിയവക്കായി എന്നെയും നിങ്ങളെയും വിളിച്ചവൻ വിശ്വസ്തനാണ്. താൽക്കാലിക പ്രതിസന്ധികളാകുന്ന തിരമാലകളും കൊടുങ്കാറ്റുകളും കണ്ടു പിന്മാറരുത്.
ക്രിസ്തുവിന്റെ സ്നേഹബന്ധത്തിൽ നിന്നും നി യോഗങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ദുരന്തങ്ങളും അപകടങ്ങളുമാകുന്ന പല തന്ത്രങ്ങളും നിഷേധശക്തികൾ കൊണ്ടു വന്നേക്കാം. ക്രിസ്തുവിൽ നിന്ന് പത്രോസിന്റെ  ശ്രദ്ധ ഓളങ്ങളിലേക്കും ആഴങ്ങളിലേക്കും  തിരിപ്പിച്ച് ഭയപ്പെടുത്തിയതുപോലെ നമ്മളെയും അസ്വസ്ഥരാക്കിയേക്കാം. അപ്പോൾ  വരുംവരായ്കകൾ ഒന്നും ചിന്തിക്കാതെ  മുന്നോട്ടു പോകണം. കർത്താവിന്റെ കരുത്തുള്ള കരങ്ങളിലല്ലേ പിടിച്ചിരിക്കുന്നത്,  പിന്നെന്തിനാ പേടിക്കുന്നെ ?

മനുഷ്യന്റെ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്‌;
തനിക്കു പ്രീതികരമായി ചരിക്കുന്നവനെഅവിടുന്നു സുസ്‌ഥിരനാക്കും.
അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല;
കര്‍ത്താവ്‌ അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 37 : 23-24

 തൊട്ടടുത്തു നിന്ന കർത്താവിനോട്'കർത്താവേ രക്ഷിക്കണെ' എന്ന് പത്രോസ് വിളിച്ചതുപോലെ ഒന്നു വിളിച്ചാൽ മതി. കർത്താവ് കൈനീട്ടി  പിടിച്ചുയർത്തി,  തിരമാലകൾക്ക് മുകളിൽ നിർത്തും.

ഒന്ന് കാലിടറിയതു കൊണ്ടും വീണു പോയതുകൊണ്ടും  ക്ഷമാശീലനായ കർത്താവ് നമ്മെ തള്ളിക്കളയില്ല. വിശ്വാസത്തിൽ ചുവടുവെക്കുന്ന  ശിശുക്കളായ നമ്മൾ കാലിടറി വീണു പോയേക്കാമെന്ന് നമ്മുടെ സ്വർഗ്ഗത്തിലെ അപ്പനറിയാം.

 മുങ്ങിയിടത്തുനിന്ന്  കൈപിടിച്ചുയർത്തി, തിരകൾ മുറിച്ച് മുന്നേറാൻ കർത്താവ് പത്രോസിനെ സഹായിച്ചപ്പോൾ സഹശിക്ഷ്യന്മാർക്കിടയിൽ പത്രോസ് വിശ്വാസധീരനായി. ജീവിത തിരമാലകളിൽ നമ്മൾ മുങ്ങി പോയപ്പോൾ ഇനി കര കാണില്ലെന്ന് കൈയ്യടിച്ച് പറഞ്ഞവർക്കിടയിലൂടെ കൈപിടിച്ച് കർത്താവ് നടത്തിയ അനേകം സാക്ഷ്യങ്ങൾ എനിക്കും നിങ്ങൾക്കും പറയാനുണ്ട്. ഇതുപോലുള്ള നമ്മുടെ കഴിഞ്ഞകാല സാക്ഷ്യങ്ങളുടെ പ്രത്യാശയിലും  പ്രചോദനത്തിലും മനസ്സുറപ്പിച്ച്  ഇപ്പോഴത്തെ തിരകൾ മുറിച്ചുകടന്ന് മുന്നേറണം.

ജീവിത നടുക്കടലിൽ വിശ്വാസകപ്പൽ മുങ്ങി താഴുമോ,  ആശ്വാസ തീരം കാണുമോ എന്നോക്കെയോർത്തു  ഭയപ്പെടരുത്. കാറ്റിനെയും കടലിനെയും ശാസിച്ചു  ശാന്തമാക്കാൻ കഴിയുന്ന കർത്താവ് ഹൃദയ പടകിൽ ഉള്ളപ്പോൾ പലതിനെപ്പറ്റി കടന്നു ചിന്തിച്ചും  കണക്കുകൂട്ടിയും വ്യാകുലപ്പെടേണ്ട കാര്യമില്ല. നിഷേധ ചിന്തകളാകുന്ന തിരമാലകളിൽ  കാലുറപ്പിച്ചു  ചവിട്ടി നിന്നുകൊണ്ട് സർവ്വശക്തന്റെ  സാന്നിധ്യ ബോധത്തിലുള്ള പോസിറ്റീവ് ചിന്തകളുടെ വഴിയേ നടക്കണം. എല്ലാ സാധ്യതകളും  അസ്തമിക്കുമ്പോൾ സങ്കീർത്തനക്കാരന്റെ ശുഭാപ്തി വിശ്വാസ ചിന്തകളിൽ മനസ്സിനെ ഉറപ്പിക്കണം:
'കര്‍ത്താവ്‌ എന്‍െറ പ്രകാശവും രക്‌ഷയുമാണ്‌, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ്‌ എന്‍െറ ജീവിതത്തിനു കോട്ടയാണ്‌, ഞാന്‍ ആരെ പേടിക്കണം? എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറി വീഴും. ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും എന്‍െറ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേയുദ്‌ധമുണ്ടായാലും ഞാന്‍ ആത്‌മധൈര്യം വെടിയുകയില്ല.' സങ്കീര്‍ത്തനങ്ങള്‍ 27 : 1-3

പ്രഷുബ്ധമായ ഓളങ്ങൾക്ക് മീതെ നടന്ന്‌  കുടുംബ- ദാമ്പത്യ- ഇടയത്വ  നിയോഗങ്ങൾ നിർവഹിക്കാൻ എന്നെയും നിങ്ങളെയും വിളിച്ചിരിക്കുന്ന കർത്താവ് വിശ്വാസ്തനാണ്.  അടിസ്ഥാനമിളക്കുന്ന തിരകൾക്കുമീതെ  മുങ്ങി പോകാതെ ചുവടുറപ്പിച്ച് നടക്കാനും, ഏൽപ്പിച്ച നിയോഗങ്ങൾ പൂർത്തിയാക്കുവോളം അവിടുത്തെ ശാശ്വതഭൂജങ്ങളിൽ പിടിച്ച് മുന്നേറുവാനുള്ള ശുഭാപ്തിവിശ്വാസവും പരിശുദ്ധാത്മ ശക്തിയും തന്നു  സഹായിക്കുവാൻ പ്രാർത്ഥിക്കണം.
-ഫാ. ഡോ. ഏ. പി. ജോർജ്.