നിവൃത്തിയായി

 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.'
യോഹന്നാൻ 19:30

എന്താണ് നിവൃത്തിയായത്?

ക്രിസ്തു തന്റെ തിരുബലിയാൽ പാപത്തിന്റെ അടിമത്വത്തിൽ നിന്നും വീണ്ടെടുത്തു. എല്ലാവർക്കും നിത്യരക്ഷയും പാപമോചനവും സാദ്ധ്യമാക്കി തീർത്തു.  ഇനി  അധികമായി ഒന്നും ചെയ്യേണ്ടതില്ല. സകലവും നിവൃത്തിയായി.
'ബലികളെ നീക്കീടും-തിരുബലി ധന്യം താൻ
പുണ്യം നൽകീടും-ബലിയെ!സ്തോത്രം.' ( ദുഃഖവെള്ളി നമസ്കാരം )

നിത്യരക്ഷയുടെ ഈ ഓപ്പൺ ചെക്ക് സ്വന്തമാക്കാൻ വിശ്വാസി എന്താണ് ചെയ്യേണ്ടത്?

പാപത്തെക്കുറിച്ച് അനുതപിക്കുകയും, മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുകയും പാപക്ഷമ യാചിക്കുകയും ചെയ്യുക മാത്രമേ ആവശ്യമുള്ളു. ന്യായപ്രമാണത്തിന്റെ സങ്കിർണമായ അനുഷ്ഠാന ക്രിയകളിലേക്ക് ഇനി ആരും മടങ്ങിപ്പോകേണ്ടതില്ല.

'യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.' റോമർ 10:9,11
ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ