മുറിവിന് പകരം സ്നേഹം

'ജോസഫ് സഹോദരൻമാരോട്, എന്റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഈജിപ്‌തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍.
എന്നെ ഇവിടെ വിറ്റതോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ്‌ എന്നെ നിങ്ങള്‍ക്കുമുന്‍പേ ഇങ്ങോട്ടയച്ചത്‌.'
ഉല്‍പത്തി 45 : 4-5

യോസേഫിന്റെ സഹോദരന്മാര്‍ അവനെ വെറുത്തതും  അടിമയായി വിറ്റതും കൊല്ലുവാൻ ശ്രമിച്ചതും ഒന്നും ഓര്‍ക്കാതെ - പകരമായി രാജ്യത്തിലെ ഏറ്റവും നല്ല പ്രദേശം  അവർക്ക് കൊടുത്തു. നന്മകൊണ്ട് തിന്മയെ ജയിക്കുവാനുള്ള ഉത്തമ മാതൃക  കാണിച്ച യോസേഫ് ക്രിസ്തുവിന്റെ പ്രതീകമാണ്.

 ആദ്യകാല ക്രിസ്ത്യാനികൾ  മുറിവേൽപ്പിച്ചവരോട് ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സുകൃത പാരമ്പര്യം ക്രിസ്‌ത്യാനികൾക്ക് പിന്നീട് നഷ്ടമായി. അതിന്റെ ദുരന്തഫലം ദാമ്പത്യത്തിലും കുടുംബത്തിലും സഭയിലും ഇന്ന് ദൃശ്യമാണ്!

ജഡീക മനസ്സിൽ നിന്നെപ്പോഴും പ്രതികാര ചിന്തകളാണുണ്ടാവുക. പരിശുദ്ധത്മാവ് നൽകുന്ന 'ഫോർഗിവിങ് മെന്റൽ സെറ്റ്‌' ഉള്ളവർക്ക് മാത്രമേ ശത്രുക്കളോട് ക്ഷമിക്കുവാൻ കഴിയുള്ളു.

'എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.'  മത്തായി 5 : 44

അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്‌ഷമാപൂര്‍വ്വം സഹിച്ചാല്‍ അത്‌ അനുഗ്രഹകാരണമാകും.
ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്‌. എന്തെന്നാല്‍, ക്രിസ്‌തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്‌തിരിക്കുന്നു.  1 പത്രോസ് 2 : 19-21

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ