ദൈവം കരുതിക്കൊള്ളും

ജനസഹസ്രങ്ങളുടെ ജനപ്രിയനായകനായിരുന്ന കർത്താവിന്റെ കയ്യിൽ  പള്ളിക്കരം കൊടുക്കാനുള്ള പണം പോലുമുണ്ടായിരുന്നില്ല. 'ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക. അതിന്റെ വായ തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മ പണം കാണുന്നത് എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക' എന്ന് പത്രോസിനോട് പറഞ്ഞു. കയ്യിൽ ഒന്നും ഇല്ലാതിരുന്നപ്പോഴും മത്സ്യത്തിന്റെ  വായിൽ നിന്ന് കിട്ടിയത് അത്യാവശ്യത്തിനുള്ളത് മാത്രമാണ്. മിച്ചം പിടിക്കാൻ അഡിഷണൽ ഒരു  ദ്രഹ്മപോലും മത്സ്യത്തിന്റെ വായിലുണ്ടായിരുന്നില്ല.
മൂന്നുവർഷക്കാലം പ്രസംഗിച്ചും  പഠിപ്പിച്ചും  സൗഖ്യമാക്കിയും അൽഭുതങ്ങൾ പ്രവർത്തിച്ചും നടന്ന ക്രിസ്തു സ്വത്തും പണവും സ്വരൂപിക്കുന്നതിനെപ്പറ്റി ഒരിക്കലും  ചിന്തിച്ചിരുന്നില്ല.
പൊതുവേദിയിൽ പ്രസംഗത്തിനിടെ തന്റെ നിവൃത്തികേടുകളെപ്പറ്റി  ഒരേ ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ സമ്പത്തും സ്ഥാവര-ജംഗമവസ്തുക്കളും വഴിപാടായി  സമർപ്പിക്കാൻ ആയിരക്കണക്കിന് സ്പോൺസറേഴ്‌സ് മുന്നോട്ടുവരുമായിരുന്നു. വിശന്നപ്പോൾ ശിഷ്യന്മാർക്ക് കതിര് പറിച്ചു തിന്നേണ്ടിവരില്ലായിരുന്നു. അമ്മയ്ക്ക് യോഹന്നാന്റെ ആശ്രിതയായി കഴിയേണ്ടിവരില്ലായിരുന്നു. കുറുനരികൾക്കു  കുഴിയും ആകാശത്തിലെ പറവ ജാതികൾക്ക് കൂടും ഉണ്ടായിരുന്നെങ്കിലും മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ലാത്ത ഗതികേടുണ്ടാവില്ലായിരുന്നു. പള്ളി പ്രമാണികളുമായി കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ആരൂഡനായി രാജകീയയാത്ര നടത്താൻ കഴുതക്കുട്ടിക്കു പകരം അശ്വരഥങ്ങൾ അനവധി  അണിനിരന്നേനെ.
യഹൂദന്മാർക്ക് പള്ളിപണിതുകൊടുത്ത ശതാധിപന്റെ  ദാസന്  അത്ഭുത രോഗശാന്തി കൊടുത്തതിന്  ഉപകാരസ്മരണയായി ഹെഡ്ക്വാർട്ടേഴ്സും  സെക്രട്ടറിയേറ്റും വരെ പണിത് നൽകാനും  അദ്ദേഹം തയ്യാറായേനെ.
നിക്കോദിമോസിനോടും യൗസെഫിനോടും ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ പണം എത്ര വേണമെങ്കിലും നൽകുമായിരുന്നു.
              ക്രിസ്തുവിനുശേഷം ശിഷ്യന്മാർക്ക് മറ്റുള്ളവരുടെ ഔദാര്യത്തിലും കൂടാരപ്പണിചെയ്യ്തും  ജീവിക്കേണ്ടിവരുമായിരുന്നില്ല. 
                 പക്ഷെ, അന്നന്നത്തെ അപ്പത്തിന് പ്രാർത്ഥിക്കാൻ പഠിപ്പിച്ച ക്രിസ്തു ശിഷ്യൻമാരെ പഠിപ്പിച്ചതും ജീവിച്ചു കാണിച്ചു കൊടുത്തതും ദൈവവാശ്രയത്തിന്റെ  മാതൃകയാണ്. അനുദിനം  പരിപാലിക്കുന്ന ദൈവമുള്ളപ്പോൾ ദൈവമക്കൾക്ക് കരുതൽ ശേഖരത്തിന്റെയൊന്നും ആവശ്യമില്ല,  അന്നന്നത്തെ ആവശ്യത്തിനുള്ളത് അൽഭുത വഴികളിലൂടെ മക്കളെ സ്നേഹിക്കുന്ന അപ്പൻ തരുമെന്ന് വിശ്വസിക്കാൻ പഠിപ്പിച്ചു.
ഏലിയാവിന്  കാക്കയെക്കൊണ്ട് ഭക്ഷണം നൽകിയതുപോലെ,  മത്സ്യത്തിന്റെ വായിൽ നാണയം കരുതിയതുപോലെ,  ദൈവം അത്ഭുതകരമായി  ആവശ്യങ്ങൾ നിറവേറ്റും,  നമ്മുടെ ആവശ്യമെന്തെന്നറിയുന്ന സ്വർഗ്ഗത്തിലെ അപ്പൻ തക്കസമയത്ത് അത്ഭുതകരമായ വഴികളിലൂടെ  അനുഗ്രഹകരമായി നൽകുമെന്നു  പ്രത്യാശിക്കാൻ ശ്രേഷ്ഠഗുരുവിൽനിന്ന്‌ ശിഷ്യന്മാർ പഠിച്ചു.
                 ദൈവരാജ്യം പ്രസംഗിക്കാനും രോഗികൾക്ക് സൗഖ്യംവരുത്തുവാനുമായി  ശിഷ്യന്മാരെ പറഞ്ഞയച്ചപ്പോൾ,  അരപ്പട്ടയിൽ  സ്വർണ്ണമോ വെള്ളിയോ ചെമ്പോ കരുതി വെക്കരുത്, വഴിക്ക് വടിയും സഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്,  രണ്ടുടുപ്പും അരുത്, ഏതെങ്കിലും പട്ടണത്തിലോ  ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യതയുള്ളവൻ ആരെന്ന് അന്വേഷിക്കുകയും അവിടുന്ന് പോരുന്നതുവരെ അവരോടുകൂടെ താമസിക്കുകയും ചെയ്യുവിൻ എന്നുപറഞ്ഞാണ് യാത്ര അയച്ചത്.
കരുതൽ ശേഖരങ്ങളും കെട്ടിട സമുച്ചയങ്ങളും അധികാര സംവിധാനങ്ങളും ഭരണ ഭരണഘടനയും ഇല്ലാതെ എങ്ങനെ ഒരു സഭ നിലനിൽക്കുമെന്നാണ് കർത്താവ് ചിന്തിച്ചത്? 
സഭയെ പണിയുന്നതും നിലനിർത്തുന്നതും മനുഷ്യനല്ല,  ദൈവമാണ്.  ദൈവാശ്രയത്തിലാണ് സഭ നിലനിൽക്കേണ്ടത്. ദൈവമില്ലെങ്കിലും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ആസ്തിയുണ്ടെന്നു  ചിന്തിക്കുന്ന വ്യക്തിക്കും സഭയ്ക്കും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ  ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല. സ്വത്തും പണവും വസ്തുവകകളും ഉന്നതാധികാരങ്ങളുമൊക്കെയുണ്ടായാൽ ദൈവത്തെ മറക്കും. ആശ്രയം അതിലാകും. ശവമുള്ളേടത്ത്  ഓടിക്കൂടുന്ന ദുഷ്ടക്കണ്ണുള്ള കിരാത കഴുകന്മാർ ആർത്തിയോടെ പറന്നെത്തി,  ഭിന്നതയും വിഭാഗീയതയും വഴക്കുമുണ്ടാക്കി, എല്ലാം നശിപ്പിക്കും.  ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും കാരണമാണ്. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീരുന്നു.
ദൈവത്തേക്കാൾ അധികം പ്രാധാന്യം കൊടുക്കുന്ന ആൾദൈവങ്ങളും ഭൗതിക വിഗ്രഹങ്ങളും പ്രതിസന്ധികളുണ്ടാക്കും. കല്ലിന്മേൽ കല്ല് ശേഷിക്കാത്ത ദുരവസ്ഥയുണ്ടാക്കും...എന്നൊക്കെ കർത്താവ് മുൻകൂട്ടി കണ്ടിരുന്നു. ഇന്നത് യഥാർഥ്യമായതും നമ്മൾ കാണുന്നു.
               കർത്താവ് ഇഷ്ടപ്പെടുന്നത് ഹൃദയദേവാലയങ്ങളാണ്. വാതിൽ തുറന്നു കൊടുത്താൽ,  അകത്തുകടന്ന് ഒരുമിച്ച് സ്നേഹം പങ്കിടാനാണ് അവനാ  ഗ്രഹിക്കുന്നത്. സത്യത്തിലും ആത്മാവിലുമുള്ള ആരാധനയ്ക്ക്‌ വിശുദ്ധിയുള്ള  ഹൃദയദേവാലയങ്ങൾ മതി. സത്യാരാധനക്ക് മില്യൻഡോളർ പള്ളിയും പള്ളിപ്രമാണികളും  ആവശ്യവുമില്ല.
                ദരിദ്രർക്ക്‌  ഉള്ളവും ഉള്ളതും പങ്കിട്ട ആദ്യകാല  ക്രിസ്തീയ സമൂഹത്തിന്
ഒന്നിനും മുട്ടുണ്ടായിരുന്നില്ല. മറ്റുള്ളവരെ കരുതുന്ന കനിവുള്ള സമൂഹമായി  അവർ വളർന്നു. ഒരു പട്ടണത്തിൽ നിന്ന് ഓടിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടാൻ അവർക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ലോത്തിന്റെ ഭാര്യയെപ്പോലെ പിന്തിരിഞ്ഞ് നോക്കാൻ സ്വന്തവും സ്വത്തുമായി അവർക്കൊന്നുമുണ്ടായിരുന്നില്ല.
ധനവും മാനവും മഹത്വവും അധികാരവും വിവേകികളും ജ്ഞാനികളുമൊന്നുമില്ലാതിരുന്ന അന്നത്തെ ചെറിയ ആട്ടിൻകൂട്ടം  ദൈവ ശക്തിയിൽ ആശ്രയിച്ച് ലോകത്തെ കീഴ്മേൽ മറിച്ചു.
ആദ്യനൂറ്റാണ്ടിലെ സഭ അനുദിനം വളർന്നുകൊണ്ടിരുന്നുത്‌  ഭൗതിക സമ്പത്തുകൊണ്ടായിരുന്നില്ല, രക്ഷിക്കപ്പെട്ട ആത്മാക്കളെ കൂട്ടിച്ചേർത്ത് ദൈവം സഭയെ വളർത്തിക്കൊണ്ടു വരികയായിരുന്നു.
ഇല്ലായ്മകളുടെ മുമ്പിൽ നിസ്സഹായരായി നിൽക്കുമ്പോൾ എന്ത് ചെയ്യും,  എങ്ങനെ മുന്നോട്ടു പോകും,  എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നൊക്കെയുള്ള നമ്മുടെ  ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ദൈവമാണ്. വിളിച്ചവൻ വിശ്വസ്തനാണ്,  അനന്തസാധ്യതകളിലൂടെ  അന്നന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ അവൻ മതിയായവനാണ്.
'തീയും വിറകും ഉണ്ടല്ലോ ദഹനബലി ഉള്ള കുഞ്ഞാട് എവിടെ?' എന്ന യിസ്സഹാക്കിന്റെ ചോദ്യത്തിന് വിശ്വാസികളുടെ പിതാവായ അബ്രഹാം പറഞ്ഞത് വിശ്വാസികൾ ഹൃദയം തുറന്ന് കേൾക്കണം, ഹൃദയത്തിൽ അടിവരയിട്ടു എഴുതി സൂക്ഷിക്കണം:
' മകനെ ദൈവം കരുതിക്കൊള്ളും...'

സങ്കീർത്തനങ്ങൾ 37:4-7:
'യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ  നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ  അതു നിർവ്വഹിക്കും.
അവൻ  നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.'
ഫാ. ഡോ. ഏ. പി. ജോർജ്