Perenting

അശുദ്ധാത്മാവ് ബാധിതനായ ഒരു ബാലനെ സൗഖ്യമാക്കാൻ ശിക്ഷ്യന്മാർ വളരെ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇത് കേട്ടപ്പോൾ യേശു പറഞ്ഞു: ' അവനെ എന്റെ അടുക്കൽ കൊണ്ടുവരിക'. മർക്കോസ് 9 :19

മക്കളെ പറ്റിയുള്ള മാതാപിതാക്കളുടെ ആകാംക്ഷ ഒരിക്കലും അവസാനിക്കാത്തതാണ്. കുഞ്ഞ് മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നതു മുതൽ മാതാപിതാക്കളുടെ മരണംവരെ മക്കളെയും കൊച്ചുമക്കളെയും പറ്റിയുള്ള ഉൽകണ്ഠയും ജാഗ്രതയും അസ്വസ്ഥതയും തുടർന്നുകൊണ്ടിരിക്കും.
പേരൻന്റിങ് ഒരു ലൈഫ് ലോങ്ങ് മിഷനാണ്. മകനെക്കുറിച്ചുള്ള വ്യാകുലതകൾ ഹൃദയം തുളക്കുന്ന വാളുകൾ ആയിരിക്കുമെന്നാണ് മേരി മാതാവിനോട് ശിമയോൻ പറഞ്ഞത്.

കുട്ടികളുടെ  ജീവിതത്തിൽ പരിശുദ്ധാത്മാവ് അനുകൂല പ്രതികരണങ്ങളും അശുദ്ധാത്മാവ് നിഷേധാത്മകമായ ദോഷ  പ്രതികരണങ്ങളും ഉണ്ടാക്കുമെന്ന് ബൈബിൾ വ്യക്തമാക്കുന്നു. ദൈവം  ദാനമായി തന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അവരെ ശപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതിനു പകരം
എന്റെ അടുക്കൽ കൊണ്ടുവരിക എന്നാണ് ദൈവത്തിന്റെ  നിർദ്ദേശം.
പാപവും സാത്താനും അധിവസിക്കുന്ന ഈ ലോകത്തിലേക്ക് ജനിക്കുന്ന ഓരോ കുഞ്ഞിന്റെ മുൻപിലും നിഷേധ ശക്തികൾ വലിയ വെല്ലുവിളികളും ശത്രുതയും ആണ് ഉയർത്തുന്നത്. കുഞ്ഞുങ്ങൾ ആത്മാവിൽ ബലപ്പെട്ട് ശക്തരായി മുന്നേറാൻ മാതാപിതാക്കൾ നിരന്തരം മടുത്തു പോകാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കണം.

കുട്ടികളുടെ ശരീരവും മനസ്സും ബുദ്ധിയും വളർന്നുവരാൻ മാതാപിതാക്കൾ കാണിക്കുന്ന ശ്രദ്ധയും കരുതലും അഭിനന്ദനാർഹമാണ്. പക്ഷേ അവർ ആത്മാവിൽ ബലപ്പെടുന്നില്ലെങ്കിൽ ജീവിത പരീക്ഷണങ്ങളിൽ തോറ്റുപോകും.   ക്രിസ്തുവുമായി  ഒരു ആത്മബന്ധം  കുട്ടികൾക്കു  ണ്ടാകാൻ ബൈബിളിലേക്കും  കുടുംബ പ്രാർത്ഥന യിലേക്കും ആരാധനയിലേക്കും കുട്ടികളെ ചെറുപ്പം മുതൽ കൈപിടിച്ച് നടത്തണം. സയൻസിലും ടെക്നോളജിയിലും അക്കാദമിക് വിഷയങ്ങളിലും എക്സലൻസ്  നേടിയ പല കുട്ടികളും ജീവിത പരീക്ഷയിൽ തോറ്റു പോകുന്നതിന്റെ കാരണമെന്താണെന്നു 
ക്രിസ്തുവിന്റെ  വാക്കുകൾ വെളിപ്പെടുത്തുന്നു:
യോഹന്നാൻ 15:4-5 'എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ  വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

മൂകനും ബധിരനുമാക്കുന്ന ആത്മാവ് കൗമാര കാലഘട്ടങ്ങളിൽ കുഞ്ഞുങ്ങളെ തിരുവചനത്തിൽ നിന്നും ദൈവത്തിൽ നിന്നും അകറ്റുമ്പോൾ മാതാപിതാക്കൾക്കുള്ള ക്രിസ്തുവിന്റെ
കല്പന 'അവരെ എന്റെ അടുക്കൽ കൊണ്ടുവരിക' എന്നാണ്. പ്രാർത്ഥനയോടെ മക്കളെ ക്രിസ്തു സന്നിധിയിൽ സമർപ്പിക്കണം. അതുകൊണ്ടെന്തു   പ്രയോജനമെന്ന് യുക്തിയും കോമൺസെൻസും  നമ്മോട് എതിർ ചോദ്യം ചോദിച്ചേക്കാം. കുട്ടികളുടെ വ്യക്തിത്വ -സ്വഭാവ ബലഹീനതകൾ തിരുത്തി പുതുക്കിപ്പണിതു  ബലപ്പെടുത്താൻ സൃഷ്ടാവിന് മാത്രമേ സാധിക്കു. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് മാതാപിതാക്കൾ വിശ്വസിക്കണം.

മക്കൾ വളർന്നു വരുമ്പോൾ ചിലപ്പോൾ നേർ  വഴിയിൽ നിന്നും പാപത്തിന്റെ  വഴിയിലേക്ക് ചുവടുവയ്ക്കുന്ന ദുരന്തം സംഭവിച്ചേക്കാം. ഹൃദയം തകർക്കുന്ന ഇത്തരം ദുരന്തങ്ങളിൽ സ്വർഗ്ഗസ്ഥനായ പിതാവ്  മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് 'അവരെ എന്റെ അടുക്കൽ കൊണ്ടുവരിക' എന്നാണ്.   പാപം കുട്ടികളുടെ മനസ്സിനേൽപ്പിക്കുന്ന കളങ്കം കഴുകിക്കളയാനും  അതുണ്ടാക്കിയ  പ്രതിസന്ധികളിൽ നിന്ന് അവരെ വീണ്ടെടുക്കാനും  ദൈവത്തിന് ക്രിസ്തുവിലൂടെ
അനേകം വഴികളുണ്ട്.  നഷ്ടപ്പെട്ടുപോയ മക്കളെ ദൈവത്തിൽ സമർപ്പിച്ച്  ക്ഷമയോടെ പ്രാർത്ഥിച്ചു വീണ്ടെടുത്ത മാതാപിതാക്കളുടെ സാക്ഷ്യം അനവധിയാണ്.

പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടയരുത് എന്ന
യേശുക്രിസ്തുവിന്റെ ഓർമ്മപ്പെടുത്തൽ പേരെന്റിങ്ങിന്റെ  അടിസ്ഥാന നിയമമാണ്.

നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മശരീര മനസ്സുകളിലെ എല്ലാ രോഗങ്ങളും ബാധകളും പരിമിതികളും അതിന്റെ കാരണങ്ങളും  മനസ്സിന്റെ  ടെക്നീഷ്യനായ സ്വർഗീയ വൈദ്യനറിയാം. അവന്റെ സ്നേഹ സ്പർശത്തിലൂടെ ലഭിക്കുന്ന 'ഹോളിസ്റ്റിക് ഹീലിംഗ്' പല പ്രതിസന്ധികൾക്കുമുള്ള ശാശ്വതപരിഹാരം ആണ്.

നമ്മുടെ മാതാപിതാക്കൾ നമുക്ക് വേണ്ടി പ്രാർത്ഥിച്ചതിന്റെ സുരക്ഷയും സുകൃത ഫലങ്ങളു മാണ് ഇന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  നമ്മളും നമ്മുടെ കുഞ്ഞുങ്ങളുടെ ദൈവീക സുരക്ഷയ്ക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കണം.

മാതാപിതാക്കൾ മക്കൾക്ക് കൊടുക്കുന്ന സ്നേഹവും പ്രോത്സാഹനവും മെഡിക്കൽ കെയറും അവരുടെ സൗഖ്യത്തിനും അനുകൂല വളർച്ചയ്ക്കും സഹായങ്ങളാണ്.  അതോടൊപ്പം  'ഗ്രേസ് ബേസ്ഡ്' പേരന്റിങ്ങിനും  സമയം കണ്ടെത്തണം.  ധാർമിക അതിർവരമ്പുകളെയും തിരുവചന നിയമങ്ങളെയും നിത്യതയെന്ന ഫൈനൽ ഡെസ്റ്റിനേഷനേയും പറ്റി ചെറുപ്പംമുതൽ കുട്ടികൾക്ക് ഉൾക്കാഴ്ച നൽകുന്നതാണ് 'ഗ്രേസ് ബേസ്ഡ്' പേരന്റിങ്ങ്. ഈ  ചുമതല സഭയേയും സൺഡേസ്കൂൾ അധ്യാപകരെയും ഏൽപ്പിച്ച്  സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് മാതാപിതാക്കൾ ഒഴിഞ്ഞു മാറരുത്. ദൈവം തന്ന താലന്തുകളായ മക്കളെ  ആത്മാവിൽ പരിപോഷിപ്പിച്ചു, അവർ നടക്കേണ്ടുന്ന വചനത്തിന്റെ വഴിയിൽ അവരെ നടത്തിയോ എന്ന്‌,   മക്കളെ അനുഗ്രഹ ദാനമായി തന്നവൻ ഒടുവിൽ ചോദിക്കും.  മുള്ളിലും പാറയിലും പെരുവഴിയിലും വീണു  ഫലം കായ്ക്കാതെ  പോയ ദൈവത്തിന്റെ അമൂല്യ വിത്തുകളുടെ നഷ്ടത്തിന് മാതാപിതാക്കൾ രണ്ടുപേരും സമാധാനം പറയേണ്ടിവരും. അത്യന്തം അക്കൗണ്ടബിലിറ്റി ഉള്ള നിയോഗമാണ് പേരന്റിംഗ്. ദൈവ
ഭയത്തോടും അതീവ ജാഗ്രതയോടും ഈ ദിവ്യ നിയോഗം നിറവേറ്റണം.

ദൈവമേ,  മക്കളുടെ ഭൗതികവും ബുദ്ധിപരവുമായ  വളർച്ചക്കു വേണ്ടി സമയം പ്ലാൻ  ചെയ്യുമ്പോൾ ദൈവസന്നിധിയിൽ അവരെ സമർപ്പിക്കാനും ദൈവീക  മൂല്യങ്ങൾ പരിചയപ്പെടുത്തുവാനുമുള്ള  ഉത്തരവാദിത്വ ബോധവും ഉൾക്കാഴ്ചയും ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ മക്കളെ പരീക്ഷയിലേക്ക് പ്രവേശിപ്പിക്കരുതെ, ദുഷ്ടനിൽ നിന്ന് രക്ഷിച്ചു കൊള്ളേണമേ.

-ഫാ. ഡോ. ഏ. പി. ജോർജ്