ഗ്രേറ്റ് tribute

എന്റെ പിതാവ് റവ. മാർട്ടിൻ ഹോൾഡ് കഴിഞ്ഞയാഴ്ച ദൈവസന്നിധിയിലേക്ക് യാത്രയായി. സൗത്താഫ്രിക്കയിലെ റിഫോംമ്ഡ് ബാപ്റ്റിസ്റ്റ് സഭയുടെ പുരോഹിതനായിരുന്ന എന്റെ പതാവിന്റെ പൗരോഹിത്യ ജീവിതത്തെപ്പറ്റി മൂന്ന് സാക്ഷ്യങ്ങൾ എനിക്ക് പറയുവാനുണ്ട്:

ഒന്നാമത്തേത്,ദ്ദേഹത്തിന്റെ വചനശുശ്രൂഷയാണ്.  ഉത്സാഹത്തോടും പാഷനോടും  കൂടിയായിരുന്നു അദ്ദേഹം വചനം പങ്കുവെച്ചിരുന്നത്.  ആളുകളുടെ കയ്യടിക്കും പ്രശംസയ്ക്കും വേണ്ടി അദ്ദേഹം വചനപ്രഘോഷണം നടത്താറില്ല. മാറ്റമില്ലാത്ത, മായം ചേർക്കാത്ത വചനം നിർഭയമായി എവിടെയും പറയുമായിരുന്നു.
മൂന്നു കാര്യങ്ങൾക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രയോറിറ്റി : ക്രിസ്തു, തിരുവചനം, കർത്താവിന്റെ സഭ.

ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചെങ്കിലും ഭക്തി മാർഗത്തിലാകാതിരുന്ന ചെറുപ്പകാലത്ത് അപ്പന്റെ വചന പ്രതിബദ്ധതയുടെ മഹത്വം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

മണിക്കൂറുകളോളം പ്രാർത്ഥനയിൽ സമയം ചിലവഴിക്കുന്ന അപ്പന്റെ സ്വഭാവമാണ് രണ്ടാമത്തെ സാക്ഷ്യം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കോൺഗ്രിഗേഷൻ അംഗങ്ങളുടേയും പേരുകൾ എഴുതി എല്ലാദിവസവും അവർക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അതിരാവിലെ ഞാൻ ജോലിക്ക് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ പ്രാർത്ഥനാമുറി സജീവമായിരുന്നത് ശ്രദ്ധിക്കാറുണ്ട്. ഡാനിയേലിന്റെയും ഏലീയാവിൻറെയും പ്രാർത്ഥനാ പിൻഗാമിയായിരുനന്നു എന്റെ അപ്പൻ. ഒരിക്കലും പൗരോഹിത്യ ജീവിതത്തിലേക്ക് വരില്ല എന്ന് ചിന്തിച്ചിരുന്ന എന്നെ മാനസാന്തരത്തിലേക്കും മനം തിരുവിലെയ്ക്കും ഒടുവിൽ സെമിനാരിയിലേക്കും
നടത്തിയത് അപ്പന്റെ സത്യത്തിലും ആത്മാവിലുമു ള്ള പ്രാർത്ഥനയുടെ ശക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മൂന്നാമത് പറയാനുള്ള സാക്ഷ്യം അപ്പന്റെ ദൈ വിക മാതൃകയാണ്. ക്രിസ്തുവിനോടുള്ള പ്രതിബദ്ധത, തിരുവചനത്തൊടുള്ള വിധേയത്വം, വിവാഹ പ്രതിജ്ഞയോടുള്ള സമർപ്പണം, ഇടയത്വ ശുശ്രൂഷ യോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയൊക്കെയാണ് ബാലനായിരുന്നപ്പോൾ മുതൽ ഞാൻ കണ്ടുപിടിച്ച നന്മകൾ . അതൊക്കെ എനിക്ക് ദിശാബോധം നൽകിയ ബാലൻ നടക്കേണ്ടുന്ന വഴികളായിരുന്നു.
എന്റെ ചിന്തയിലും മനോഭാവത്തിലും ആത്മാവിലും ആഴത്തിൽ ആലേഖനം ചെയ്യപ്പെട്ട അവിസ്മരണീയ അനുഭവ പാഠങ്ങളായിരുന്നു  അവയൊക്കെ.

അപ്പന് ഇടയത്വ ശുശ്രൂഷ ഒരു അഡിക്ഷൻ ആയപ്പോൾ കുടുംബഭാരം മുഴുവൻ അമ്മയുടെ ചുമലിലായി. തെല്ലും പരിഭവമില്ലാതെ, ഒരു കുറവും വരാതെ കുടുംബ നിയോഗങ്ങൾ ദൈവത്തിൽ ആശ്രയിച്ച്‌ അമ്മ നിറവേറ്റി. നഷ്ടബോധത്തിനന്റെ കണക്കു പറഞ്ഞ് അപ്പനെ അമ്മ ശല്യപ്പെടുത്താറില്ല. ഇടയത്വ ശുശ്രൂഷയിൽ  കുരിശെടുത്ത്  സഹയാത്രികയാകുവാനാണ്  സഹശുശ്രുഷക്കാരിയായതെന്ന തിരിച്ചറിവ് അമ്മയ്ക്കു ണ്ടായിരുന്നു. അതിനു വേണ്ടി സമർപ്പിക്കപ്പെട്ട മനസ്സും മനോഭാവവുമായിരുന്നു അമ്മയുടേത്.

ഇടയത്വ ശുശ്രൂഷയിൽ  വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ  ആൾക്കൂട്ടം എന്തുപറയുന്നു, നാട്ടുനടപ്പ് എങ്ങനെ, സ്വന്തം മനസാക്ഷി എന്തുപറയുന്നു എന്നതൊന്നും അപ്പനെ സ്വാധീനിച്ചിരുന്നില്ല.  തിരുവചനം എന്തുപറയുന്നു എന്നതുമാത്രമായിരുന്നു എല്ലാ തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ മാനദണ്ഡം.

ഞാൻ പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ച ദിവസം എന്നെ അടുത്ത് വിളിച്ച് പറഞ്ഞു : അഹങ്കാരം,  അത്യാഗ്രഹം, അസന്മാർഗ്ഗികത എന്നീ പരീക്ഷണങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം, പ്രാർത്ഥിക്കണം. ആ ഉപദേശം ഞാൻ ഒരിക്കലും മറന്നിട്ടില്ല. ഈ പരീക്ഷണങ്ങളിലേക്ക് പ്രവേശിപ്പിക്കരുതേയെന്ന് കണ്ണുനീരോടെ ഇന്നും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. പഠിച്ച തീയോളജി യെക്കാളൊക്കെ പൗരോഹിത്യ ശുശ്രൂഷയിൽ അടിപതറാതെ മുന്നേറുവാൻ സഹായകമായിരുന്നു ഈ മുന്നറിയിപ്പുകൾ.

കല്യാണവീട്ടിൽ വീഞ്ഞില്ലെന്ന് കണ്ടറിഞ്ഞ മേരി
മാതാവിന്റെ ഔദാര്യ ദാനശീലം അപ്പനു ണ്ടായിരുന്നു. അതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല.  അപ്പന്റെ സഹായം നിരസിക്കുന്നവരോട്,' ദയവായി ഇത് സ്വീകരിക്കണം, എന്റെ അനുഗ്രഹം തടയരുത്' എന്നു പറയുമായിരുന്നത്രെ.

ഒരു 'പെർഫെക്റ്റ് മാൻ ' എന്നു സ്വയം ഭാവിക്കാനോ ആരെങ്കിലും പ്രശംസിക്കാനോ അപ്പൻ ഇഷ്ടപ്പെട്ടിരുന്നില്ല.  മരണശേഷം എന്റെ പിതാവിനെ വിശുദ്ധനായി ഗ്ലോറിഫൈ ചെയ്യാൻ വേണ്ടിയല്ല ഞാൻ ഇതൊക്കെ പറയുന്നത്.  അദ്ദേഹത്തിന്റെ ജീവിതത്തിൽ ബലഹീനതകളും പരിമിതികളും ഉണ്ടായിരുന്നു. അവസാന നാളുകളിൽ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ എന്നോട് പറഞ്ഞു: ഞാൻ ഇപ്പോൾ ജോൺ ന്യൂട്ടന്റെ വാക്കുകൾ ഓർമ്മിച്ചുകൊണ്ട് ആണ് നിത്യ യാത്രയ്ക്കായി ഒരുങ്ങുന്നത്:
'ഞാൻ പാപിയാണ്, ക്രിസ്തു രക്ഷകനായുണ്ട് '.
ഉള്ളതിൽ അധികം ഭാവിക്കാത്ത പൗലോസ് അപ്പോസ്തോലൻ വിനീത മനോഭാവമായിരുന്നു ആ വാക്കുകൾ.

മരണത്തോടടുത്ത അപ്പോൾ വേദനകളും യാതനകളും ശക്തമായി. പക്ഷേ ഒരു പരിഭവവും ബുദ്ധിമുട്ടും പറയുമായിരുന്നില്ല. പാപങ്ങൾ ക്ഷമിച്ച്, കർത്താവ് മരണ നിഴൽ താഴ്വരയിലൂടെ തന്നെ കൈപിടിച്ച് നടത്തി,നിത്യതയിൽ എത്തിക്കുമെന്ന പ്രത്യാശ നിറഞ്ഞ പ്രസന്നതയും കൃപാ ചൈതന്യവും ആയിരുന്നു ആത്മാവ് വേർപെട്ട എന്റെ പ്രിയപ്പെട്ട അപ്പന്റെ മുഖത്ത് ഞാൻ കണ്ടത്.

ഈ ലേവ്യ ദമ്പതികൾ  എനിക്കും എന്റെ സഹോദരങ്ങൾക്കും പകർന്നുതന്ന മാഹാത്മ്യങ്ങൾ ടെക്സ്റ്റ് ബുക്കുകൾക്കും യൂണിവേഴ്സിറ്റിക്കും സെമിനാരി കോഴ്സിനും  പഠിപ്പിച്ചുതരാൻ കഴിയാത്ത ഉത്തുംഗ മൂല്യങ്ങളാണ്.

അമ്മയുടെ മെമ്മറി സ്റ്റോണിൽ അപ്പൻ എഴുതി വൈപ്പിച്ചത്, ' എന്നെന്നും ദൈവത്തോടുകുടെ ' എന്നായിരുന്നു. അതിനേക്കാൾ നല്ലൊരു സ്മാരക ലേഖം അപ്പനു വേണ്ടി കണ്ടുപിടിക്കാൻ ഇല്ലാത്തതുകൊണ്ട് അതുതന്നെ ഞങ്ങൾ ആവർത്തിച്ചു.

ആരവങ്ങളും അഭിനയങ്ങളും ആലവട്ടവും സ്ഥാന മോഹങ്ങളും മോഡിയും ഒന്നുമില്ലാതെ വിനയാന്വിതനായി ദൈവം ഏൽപ്പിച്ച ആടുകളുടെ ശുശ്രൂഷക്കായി ഹൃദയ പരമാർത്ഥതയോടെ സ്വയം സമർപ്പിച്ച ഒരു വിനീത ദൈവ ശുശ്രൂഷകൻ . ഈ  വിശിഷ്ട പേരൻഡിങ് അനുഭവിക്കാൻ സാധിച്ചത് ഈ ജീവിതത്തിലെ വലിയൊരു സുകൃതമാണ്.  ദൈവത്തിനു സ്തോത്രം.

കണ്ടും കേട്ടും തൊട്ടും അടുത്തറിയുന്ന മക്കളിൽ നിന്ന് അനുകൂല സാക്ഷ്യം കേൾക്കാൻ ഇടവരുന്ന മാതാപിതാക്കൾ ധന്യരാണ്. വീട്ടിൽ സാക്ഷ്യമി ല്ലാത്തവർക്ക് നാട്ടിലും സഭയിലും രാഷ്ട്രീയത്തിലും എന്തൊക്കെ ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല.  'നല്ല ദാസരെ ഇവിടെ കടന്നുവരിക' എന്ന് പറഞ്ഞ്
മാതാപിതാക്കളെ നിത്യതയിലേക്ക് ക്ഷണിക്കാൻ
ഒരുപക്ഷെ മക്കളുടെ സാക്ഷ്യവും ദൈവം പരിഗണിച്ചേക്കാം.

സ്നേഹ ഇടയൻ ഭരമേൽപ്പിച്ച ശ്രേഷ്ഠ നിയോഗങ്ങൾ ധന്യമായി പൂർത്തിയാക്കി നിത്യതയിലേക്ക് യാത്രയായ ലോകമെങ്ങുമുള്ള ആദരണീയരായ ഇടയൻമാർക്ക് പുണ്യ പ്രണാമം!

നിഷേധ ശക്തികളോട് എതിർത്തുനിന്ന് ആട്ടിൻകൂട്ടത്തിന്റെ ജാഗ്രതയുള്ള കാവൽക്കാരായി ശുശ്രൂഷ നിർവഹിച്ചു കൊണ്ടിരിക്കുന്നു എല്ലാ വിശിഷ്ടഅജപാലകർക്കും ക്രിസ്തുവിന്റെ നാമത്തിൽ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ, സ്നേഹാഭിവാദ്യങ്ങൾ!

-ഫാ. ഡോ. ഏ. പി. ജോർജ്