സ്വർഗം ഭൂമിയിൽ

ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;  ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ  ഉത്തരം പറഞ്ഞു.- ലൂക്കോസ് 17:20-21

സ്വർഗ്ഗരാജ്യത്തെപ്പറ്റി ക്രിസ്തു  പറഞ്ഞു :  എന്റെ രാജ്യം ഈ ലോകപരമല്ല, ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ട്(യോഹന്നാൻ 18:36).  അപ്പോസ്തലൻ പൗലോസ് കുറച്ചുകൂടി വ്യക്തമാക്കി : ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ (റോമർ 14:17).
സ്വർഗ്ഗരാജ്യം ആൾക്കൂട്ടവും ആഘോഷങ്ങളും ആരവങ്ങളും അധികാരികളും ആസ്ഥാനങ്ങളും ആധിപത്യവുമല്ല...

പിന്നെന്താണ് സ്വർഗ്ഗരാജ്യം?
ദൈവം വസിക്കുന്ന മനുഷ്യഹൃദയങ്ങൾ ഭൂമിയിലെ കൊച്ചുകൊച്ചു സ്വർഗ്ഗരാജ്യങ്ങളാണ്! അത്തരം ഹൃദയങ്ങളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരുക്കുന്ന വിശുദ്ധിയും വിസ്മയഭാവങ്ങളും പുണ്യ പ്രവർത്തികളും പാപാന്ധകാരലോകത്തിലെ പ്രത്യാശാ ദീപങ്ങളാണ് .

യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു. (മത്തായി 19:14)

-ഏ.  പി. ജോർജച്ചൻ.