ജോസെഫിന്റെ സ്വപ്നം

  'യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു.'
മത്തായി 1:24 

  വിവാഹത്തിനുമുമ്പ് മറിയാം ഗർഭിണിയാണെന്ന വാർത്ത ജോസഫിനെ മാനസിക പ്രതിസന്ധിയിലാക്കി. അവൾക്ക് ലോകാപവാദം വരുത്തുവാൻ അവന് മനസ്സില്ലാത്തതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. 

ജോസഫ് നീതിമാനും ദൈവഭയമുള്ളവനും ആയിരുന്നതു കൊണ്ട്‌ പ്രതികാരത്തിനും വ്യക്തിഹത്യയ്ക്കും  മുതിർന്നില്ല.നിരുപദ്രവകരമായ പോംവഴികളെപ്പറ്റി ചിന്തിക്കുവാനും ദൈവത്തിൽ ആശ്രയിക്കുവാനും തയ്യാറായി. 

ഒരുപക്ഷേ തകർന്ന ഹൃദയത്തോടെ ജോസഫ് ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിച്ചിരിക്കാം:
ദൈവമേ,  എന്റെ പ്രതിസന്ധികൾ അവിടുന്ന് അറിയുന്നുവല്ലോ. എന്താണ് ചെയ്യേണ്ടത്,  എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന വലിയ ആശയ കുഴപ്പത്തിലാണ് ഞാനിപ്പോൾ. എനിക്ക് കാര്യങ്ങളുടെ ഒരു തിരിച്ചറിവ്‌ തരേണമേ. ഈ വിവാഹബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാനും മറിയാമിനെ  രഹസ്യമായി ഉപേക്ഷിക്കുവാനും ആണ് എന്റെ മനസ്സ് പറയുന്നത്. എന്റെ ചിന്തകളും തീരുമാനങ്ങളും കുറ്റമറ്റതാകണമെന്നില്ലല്ലോ. അവൾക്ക് ഒരു ദോഷവും സംഭവിക്കാതിരിക്കാൻ ഞാൻ സ്വീകരിക്കേണ്ട  വഴികൾ എനിക്ക് വെളിപ്പെടുത്തി തരേണമേ. അവിടുത്തെ തീരുമാനം എന്തായിരുന്നാലും അത് അനുസരിക്കുകയും എന്റെ ജീവിതം അതിനായി സമർപ്പിക്കുകയും ചെയ്യും. 

    ജോസഫ് നേരിടുന്ന പ്രതിസന്ധിയുടെ ആത്മീയ മർമ്മം  സ്വപ്നത്തിലൂടെ ദൈവം വെളിപ്പെടുത്തി കൊടുത്തു:
' കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌.
ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.
മത്തായി 1 : 19-24 

ജോസഫിന്റെ മനസ്സിലെ സംശയത്തെയും തെറ്റുദ്ധാരണകളേയും ദൈവം തിരിച്ചറിവാക്കി മാറ്റി. ജോസഫ് ഭയപ്പെട്ടിരുന്ന ദുരന്തങ്ങൾ ഒന്നും സംഭവിച്ചില്ല. മറിയാം അപമാനിതയായില്ല, പകരം അനുഗ്രഹീതയായി തീർന്നു. ജോസഫിന്റെ മനസ്സിലെ പ്രതികൂല ചിന്തകളെ ദൈവം അനുകൂല ചിന്തകളാക്കി മാറ്റി. പോസിറ്റീവ് മെന്റൽ സെറ്റ് റീസെറ്റ് ചെയ്തു. അശുഭ ചിന്തകളുടെ കാർമേഘങ്ങൾ നീങ്ങിയ മനസ്സിൽ പ്രത്യാശയുടെ സൂര്യനുദിച്ചു. ദൈവം ജോസഫിന് ആന്തരിക സൗഖ്യം നൽകി. 

  മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന വാക്കുകൾ പറയുവാനും അപകടകരമായ പ്രവർത്തികളിലേക്ക് ചുവടുവെക്കാനും  നിഷേധ ചിന്തകളും വികാരങ്ങളും പ്രേരണയുണ്ടാക്കും. നമ്മുടെ ചിന്തകളെ  അമിതമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യരുത്. നമ്മുടെ ചിന്തകളിലും നിഗമനങ്ങളിലും തെറ്റുകളുണ്ടാകാം. പ്രതികാര ചിന്തകളുടെ പിറകെ ഇറങ്ങിത്തിരിക്കാതിരിക്കാൻ ശ്രമിക്കണം. 

  നിഷേധ ചിന്തകളുടെയും വികാരങ്ങളുടെയും ഫാസ്റ്റ് ട്രാക്കിൽ ഓടുമ്പോൾ മനസ്സിന്റെ നിയന്ത്രണം കൈവിട്ടുപോകും. അത്തരം സന്ദർഭങ്ങളിൽ തിരുവചനത്തിൽ ശ്രദ്ധവച്ചു, ദൈവത്തോട് ചേർന്നിരിക്കണം. ആസ്വസ്തമായ മനസ്സിന്റെ നിയന്ത്രണം  ഏറ്റെടുക്കാൻ ആശ്വാസപ്രദനായ പരിശുദ്ധാത്മാവിനെ നൽകുവാൻ പ്രാർത്ഥിക്കണം. ജോസഫിന്റെ മനസ്സിലെ സംശയ ചിന്തകളെയും ഭയാശങ്കകളെയും തിരുത്തിയ ദൈവം നമ്മളെയും സൗഖ്യമാക്കും. ആന്തരിക വികാര കൊടുങ്കാറ്റുകളെ ശാന്തമാക്കും. മനസ്സിന്റെ നിർമ്മിതാവും നിയന്ത്രിതവും അത്ഭുത ടെക്നീഷ്യനുമായ കർത്താവിന് ഒന്നും അസാധ്യമല്ല. 

വിവാഹത്തിൽ നിന്ന് പിന്മാറുവാനുള്ള ജോസഫിന്റെ രഹസ്യ നീക്കം മേരി  അറിഞ്ഞിരുന്നോ എന്ന് നമുക്ക് അറിയില്ല. പക്ഷെ അതിലൊന്നും ആകാംക്ഷപ്പെടുന്ന സ്വഭാവമായിരുന്നില്ല മേരിയുടെത്. എല്ലാ ജീവിതാനുഭവങ്ങളും ഉള്ളിൽ സംഗ്രഹിക്കാനുള്ള കഴിവും സഹനശക്തിയും അവൾക്കുണ്ടായിരുന്നു. വിളിച്ചവൻ വിശ്വസ്തനാണ്, ദൈവം കൽപ്പിച്ചത് നിവൃത്തിയാകും,  നിയോഗത്തിന്റെ വഴികളിലെ തടസ്സങ്ങളെ കർത്താവ് നീക്കും എന്ന് മേരി വിശ്വസിച്ചു. 
കാലിത്തൊഴുത്തിലെ ലേബർ റൂം മുതൽ കാൽവരിയിലെ കുരിശിൻചുവടുവരെ തളരാതെ, പതറാതെ, ശുഭാപ്തി വിശ്വാസത്തോടെ ചുവടുവെച്ച്, സധൈര്യം മുന്നേറിയ വിസ്മയ മാതാവാണ് അവൾ.

കുടുംബ- ദാമ്പത്യ ബന്ധങ്ങളിൽ വിശ്വസ്തതയോടെ കർത്താവിന്റെ നിയോഗങ്ങൾ  നിർവഹിക്കുന്നവരുടെ സഹായത്തിന് ദൈവം എന്നും കൂടെയുണ്ടായിരിക്കുമെന്ന് നമ്മൾ ഉറച്ചു വിശ്വസിക്കണം.
ജീവിതപങ്കാളി, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അപരിചിതർ തുടങ്ങിയവരിൽ നിന്ന് ഭീഷണിയും വെല്ലുവിളിയും നമ്മുടെ ജീവിതത്തിലുണ്ടായേക്കാം. അപ്പോൾ മനസ്സിൽ ഭീതിയും ഭയാശങ്കകളും ഉണ്ടാക്കുന്ന നിഷേധ ചിന്തകൾ കടന്നുവരും. പ്രതികാര പ്രവർത്തനങ്ങൾക്കും ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടത്തിനും  നിഷേധ ചിന്തകൾ പ്രേരണ നൽകിയേക്കാം. ഈ സമയത്തുള്ള നമ്മുടെ ഓരോ ചുവടുവയ്പ്പും വളരെ ആത്മസംയമനത്തോടെ ആയിരിക്കണം. 

നമ്മുടെ ജീവിത പ്രതിസന്ധികൾ നമുക്ക് വലുതാണെങ്കിലും ദൈവത്തിന് നിസ്സാരമാണ്. പ്രതിസന്ധികൾക്ക് പോംവഴി ഉണ്ടാക്കുവാനും ശത്രുക്കളെ പിന്തിരിപ്പിക്കാനുമായി   സ്വർഗ്ഗീയ സൈന്യനിരകളെ ദൈവം നമുക്കു ചുറ്റും കാവൽ നിർത്തും. നീതിമാൻ വീണാലും നിലംപരിശാകില്ല, ദൈവം അവനെ കൈപിടിച്ചുയർത്തുമെന്നാണ് തിരുവചന വാഗ്ദത്വം. നിഷേധ ചിന്തകളെയും ഭയത്തെയും അനുകൂല ചിന്തകളോടെ നേരിട്ട ദാവീദിന്റെ സമീപനം നമ്മൾ സ്വീകരിക്കണം: 

'കര്‍ത്താവ്‌ എന്റെ പ്രകാശവും രക്‌ഷയുമാണ്‌,ഞാന്‍ ആരെ ഭയപ്പെടണം?കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌,ഞാന്‍ ആരെ പേടിക്കണം?
എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍,അവര്‍തന്നെ കാലിടറി വീഴും.
ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലുംഎന്റെ ഹൃദയം ഭയം അറിയുകയില്ല;എനിക്കെതിരേയുദ്‌ധമുണ്ടായാലുംഞാന്‍ ആത്‌മധൈര്യം വെടിയുകയില്ല.'
സങ്കീര്‍ത്തനങ്ങള്‍ 27 : 1-3 

'ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
(ഫിലിപ്പി 4 : 6-7) എന്ന ഭാഗ്യവാനായ പൗലോസ് അപ്പോസ്തോലന്റെ ഉപദേശം മനസ്സിലെ നിഷേധ ചിന്തകളെ അതിജീവിക്കുവാൻ സഹായകമാക്കേണമേ. സർവ്വശക്തനും സൗഖ്യദായകനുമായ ഇമ്മാനുവൽ കൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസത്തോടും പ്രത്യാശയോടും കൂടെ കണ്ണുനീരിന്റെ വഴികളിൽ അടിയുറച്ച് മുന്നേറുവാൻ ഞങ്ങളെ സഹായിക്കണമെ.
ശുഭാശംസകൾ!
ഏ. പി. ജോർജ്ച്ചൻ