ലൈഫ് ആഫ്റ്റർ ഡിവോഴ്സ്

വിവാഹമോചനവും വേർപിരിയലും വളരെ വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളാണ്.  വിവാഹമോചനത്തിന് ശേഷമുള്ള സഹനയാത്രയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ചില മുൻകരുതലുകളും മനസ്സൊരുക്കവും  സഹായകമാണ്.
പ്രത്യാഘാതങ്ങളായ നിരാശ, ദുഃഖം, വെറുപ്പ്, അപമാനം, വഞ്ചന തുടങ്ങിയ സമ്മിശ്ര നിഷേധ വികാരങ്ങളെ തിരിച്ചറിയുകയും അവയുടെ ആരോഗ്യകരമായ മാനേജ്മെന്റിനുള്ള മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യണം. ദാമ്പത്യ തകർച്ചയ്ക്കും വഴിപിരിയലിനും ശേഷം പുനരധിവാസത്തിനു വേണ്ടി  സ്വയം ചെയ്യേണ്ട  പലകാര്യങ്ങളുണ്ട് .

1. നിഷേധ വികാരങ്ങളെ അംഗീകരിക്കുകയും മനോ-ശാരീരിക മേഖലകളിലുണ്ടാകുന്ന അസ്വസ്ഥതകൾ അതിജീവിക്കുവാൻ തയ്യാറാകണം. ഇതൊക്കെ ദുരന്താനുഭവങ്ങളിൽ എല്ലാവരും നേരിടുന്ന വൈകാരിക പ്രതിസന്ധികളാണ്.  അത് ഒഴിവാക്കുവാൻ കഴിയില്ല. അതിൽ ശരിയുടെയും തെറ്റിന്റെയും പ്രശ്നമില്ല. പ്രതീക്ഷകൾ തകരുമ്പോൾ, ഇങ്ങനെ വരാതിരുന്നെങ്കിൽ,  അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ എന്നൊക്കെ ഓർത്തുള്ള ദുഃഖവും ആത്മസംഘർഷവും  എല്ലാവർക്കും ഉണ്ടാകും. ഈ നിഷേധവികാരങ്ങളുടെ തീവ്രതയും അതുണ്ടാക്കുന്ന യാതനകളും ക്രമേണ കുറഞ്ഞുവരും. പതറാതെ ചുവടുവെച്ച് മുമ്പോട്ട് പോയേപറ്റു.

2.  വൈകാരിക പ്രതിസന്ധികളെ കൈകാര്യം ചെയ്യുവാൻ സഹായിക്കുന്ന രണ്ടുകാര്യങ്ങളാണ്  സ്വയ പരിപാലനവും സ്വയ സാന്ത്വനവും.
വിവാഹമോചനത്തിന്റെ ആദ്യ ഘട്ടങ്ങളിലെ അമിത സംഘർഷ സമയങ്ങളിൽ സ്വന്തം ശരീര മനസ്സുകളെപ്പറ്റി പലരും ശ്രദ്ധിക്കാറില്ല. മനസ്സിന് സാന്ത്വനം ലഭിക്കുന്ന  ആത്മ സൗഹൃദം, ഈശ്വര ചിന്ത തുടങ്ങിയവയിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ടെൻഷനും പിരിമുറുക്കവും കുറയും.
മനസ്സ് നഷ്ടബോധങ്ങളിൽ തളർന്നുറങ്ങുമ്പോൾ അനാരോഗ്യകരമായ ജീവിതശൈലി ശീലമായി പോകും. അത് അതിജീവന ശക്തിയെ ദുർബലപ്പെടുത്തും. വ്യായാമം, ഉറക്കം, ഹെൽത്തി ഡയറ്റ്,  ലഹരിവസ്തുക്കളുടെ വർജ്ജനം, ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക തുടങ്ങിയ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരവും മനസ്സും റിസിലിയൻസിന് അത്യാവശ്യ ഘടകങ്ങളാണ്.

3. മാതാപിതാക്കൾ വഴിപിരിയുമ്പോൾ അനാഥത്വത്തിന്റെയും ആത്മസംഘർഷത്തിന്റെയും തിരയിലും കൊടുങ്കാറ്റിലും കുട്ടികളുടെ മനസ്സ് ആടിയുലയും. അത് അവരുടെ വ്യക്തിത്വ വികാസത്തിലും വൈകാരിക വളർച്ചയിലും സാരമായ പ്രതിസന്ധികളും ക്ഷതങ്ങളും ഉണ്ടാക്കും. കുട്ടികളുടെ ഭാവിക്ക് ഏറ്റവും അനുയോജ്യമായ ക്രമീകരണം എന്തായിരിക്കണമെന്ന കാര്യത്തിൽ വേർപിരിയുന്നതിന് മുമ്പും ശേഷവും രണ്ടുപേരും അനുകൂല തീരുമാനങ്ങൾ എടുക്കണം. പരസ്പരമുള്ള ഈഗോ യുദ്ധത്തിൽ കുട്ടികളെ വെച്ച് വിലപേശരുത്. അവരെ ബലിയാടുകൾ ആക്കരുത്.

4. ആകാംക്ഷയിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന  പ്രതികാര ചിന്തകളും നിരാശയും ശൂന്യത ബോധവും മനസ്സിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ മെന്റൽ ഹെൽത്ത് ടീമിന്റെ സഹായം തേടുവാൻ മടിക്കരുത്. വിവാഹമോചനമുണ്ടാക്കുന്ന വൈകാരിക പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള  കഴിവും കരുത്തും എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല.  കുറ്റബോധം, അപമാനം, ശൂന്യതാബോധം തുടങ്ങിയ നിഷേധ വികാരങ്ങളുടെ കയങ്ങളിലേക്ക് വീണുപോയാൽ കരകയറുവാൻ ബുദ്ധിമുട്ടായിരിക്കും. മനോ- ശാരീരിക പീഡന മുറിവുകളുടെ സൗഖ്യത്തിന് മരുന്നും മനസ്സും കൊണ്ടുള്ള ചികിത്സ ആവശ്യമാണ്.

5. കുട്ടികളുടെ ഭാവി, സാമ്പത്തികപ്രതിസന്ധി, പാർപ്പിടം തുടങ്ങിയ വെല്ലുവിളികളെ നേരിടുമ്പോൾ എങ്ങനെയും കോംപ്രമൈസ് ചെയ്യുവാനുള്ള  പ്രേരണയുണ്ടാകും. പീഡനങ്ങളും വൈകൃതങ്ങളും അപമാനങ്ങളും സഹിക്കാനും കീഴടങ്ങാനുമൊക്കെ പലരും തയ്യാറാകാറുണ്ട്. അത്‌ പലപ്പോഴും നിത്യ സഹനങ്ങൾക്ക് കാരണമാകാറുണ്ട്. ജീവിത പാതയിലെ റൂട്ടും മാപ്പും പ്ലാനും വിശദീകരിച്ചു തരുവാൻ കഴിയുന്ന മെഡിക്കൽ, ലീഗൽ, സ്പിരിച്വൽ  മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തണം. അവർ നൽകുന്ന തിരിച്ചറിവുകൾ  മുന്നോട്ടു പോകുവാനുള്ള ഉൾക്കാഴ്ചയും ചാലകശക്തിയും നൽകും. 

6. ഒരു ബന്ധത്തിലെ തകർച്ചയും മുറിവുകളും വൈകാരിക പ്രതിസന്ധികളും മാറ്റുവാൻ മറ്റൊരു ബന്ധത്തിലേക്ക് പെട്ടെന്ന് എടുത്തു ചാടുന്നത് നല്ല തീരുമാനം  ആയിരിക്കില്ല.  ബന്ധങ്ങളുടെ തകർച്ചയുടെ വേദന  സുഖമാകാൻ കുറെ സമയം വേണ്ടിവരും.
പുതിയ ബന്ധത്തിലേക്ക് ചുവടു വെക്കുമ്പോൾ കഴിഞ്ഞ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങളും അനുഭവങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ച് വായിച്ചു പഠിക്കണം. സ്വയം വിശ്വസിക്കാൻ കഴിയുന്നുണ്ടോ? മറ്റൊരാളെ വിശ്വസിക്കാൻ പറ്റുമോ?  പരാജയത്തിന് സ്വന്തം മെന്റൽ സെറ്റും മനോഭാവങ്ങളും ആത്മനിയന്ത്രണമില്ലായ്മയുമൊക്കെ കാരണമായിരുന്നോ .... തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ചോദിച്ചു മനസ്സിലാക്കണം. അല്ലെങ്കിൽ ജീവിതം പഴയതിന്റെ ആവർത്തനമാകും. സ്വയനീതീകരണവും ന്യായീകരണവും സ്വയം തിരുത്തുന്നതിന് തടസ്സമാണ്‌. കാഴ്ചപ്പാടിലും മനോഭാവങ്ങളിലുമുള്ള  അടിസ്ഥാനപരമായ മാറ്റം  പരാജയ സാധ്യതകൾ കുറയ്ക്കുവാൻ സഹായകരമാകും.

7.  ദാമ്പത്യ പ്രതിസന്ധികളെപ്പറ്റിയുള്ള ആരോഗ്യ വിദഗ്ധരുടെ പുസ്തകങ്ങൾ എല്ലാ ഭാഷയിലും ലഭ്യമാണ്. ഈ വായനയിലൂടെ സത്യം ഗ്രഹിക്കാനും  തെറ്റുദ്ധാരണയുടെ തടവിൽനിന്ന് സ്വതന്ത്രമാകാനും സാധിക്കും. ഡിവോഴ്സ് റിക്കവറി സപ്പോർട് ഗ്രൂപ്പുകളിൽ പങ്കെടുക്കുന്നത് നല്ലതാണ്. സമാന പ്രതിസന്ധികളിലായ അനേകരെ കണ്ടെത്തുവാനും ഉള്ളം പങ്കിടുവാനും സാധിക്കും

8. മുള്ളുകളിൽ ചവിട്ടിയും മുറിവുകൾ തുടച്ചും ഏകാന്ത പഥികരായി ചുവടുവെക്കാൻ മനസ്സിൽ പ്രത്യാശ നിലനിർത്തണം. താളംതെറ്റിയ ജീവിതം ശ്രുതിലയതാളത്തിലാകാൻ തീർച്ചയായും സമയമെടുക്കും. ഒരു മാസം കൊണ്ടോ ഒരു വർഷം കൊണ്ടോ അത് സാധ്യമായില്ലെന്നു വന്നേക്കാം. പ്രതികൂലതകളിലൂടെയുള്ള ഓരോ ചുവടുവയ്പിലും സന്തോഷിക്കണം. അത് വ്യക്തിപരമായ  വിജയവും നേട്ടവും ആയി കാണണം.
   പുതിയ അനുഭവങ്ങളും അനുഭൂതികളും ഉൾക്കൊണ്ട് ജീവിതകഥയിലെ പുതിയ ചാപ്റ്റർ എഴുതി തുടങ്ങണം. കഴിഞ്ഞകാല  ജീവിതാനുഭവങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, ജീവിതത്തിന്റെ പുതിയ താളുകളിൽ ജീവിത ദിനവൃത്താന്തം കുറിക്കണം.
ആരോഗ്യകരമായ പുതിയ വ്യക്തിബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും തുടങ്ങുവാൻ നിങ്ങൾക്ക് സാധിക്കും. വീണ്ടും ജീവിതത്തിൽ വസന്തവും ഗ്രീഷ്മവും കടന്നുവരും. ദൈവം ഏൽപ്പിച്ച നിയോഗങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും.

എന്താണ് ഇതിനുള്ള തെളിവ്?

'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കും...
എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.'  ഫിലിപ്പി 1 : 6; 4 : 13

   - ഫാ. ഡോ. ഏ. പി. ജോർജ്