മേഴ്സിലസ് അഥോറിട്ടീസ്‌

'ജനത്തില്‍ പലരും സ്‌ത്രീപുരുഷഭേദമെന്നിയേ യഹൂദ സഹോദരന്‍മാര്‍ക്കെതിരേ നെഹമ്യാവിനോട്‌ ആവലാതി പറഞ്ഞു.
ചിലര്‍ പറഞ്ഞു: പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്‌. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു ധാന്യം തരുക.
മറ്റു ചിലര്‍ പറഞ്ഞു: ക്‌ഷാമം നിമിത്തം വയലുകളും മുന്തിരിത്തോപ്പുകളും വീടുകളും ഞങ്ങള്‍ ധാന്യത്തിനുവേണ്ടി പണയപ്പെടുത്തി.
വേറെചിലര്‍ പറഞ്ഞു: വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയും മേലുള്ള രാജകീയനികുതി അടയ്‌ക്കാന്‍ ഞങ്ങള്‍ കടം വാങ്ങിയിരുന്നു.
എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സഹോദരന്‍മാരെപ്പോലെ തന്നെയാണ്‌; ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും. എന്നിട്ടും ഞങ്ങളുടെ പുത്രീപുത്രന്‍മാരെ ഞങ്ങള്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നു. ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമകളായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിസ്‌സഹായരാണ്‌. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യാധീനമാണ്‌.
അവരുടെ ആവലാതി കേട്ട്‌ നെഹമിയാവിന് കോപം തോന്നി.'
നെഹമിയാ 5 : 1-6

യെരുശലേമിലെ ക്ഷാമവും ദാരിദ്ര്യവും  യെഹുദാ പ്രമാണിമാരും അധികാരികളും ജനങ്ങളെ ചൂഷണം ചെയ്യവാനുള്ള അവസരമാക്കി. കടംവങ്ങിയവരിൽ നിന്നു കഠിന പലിശ വാങ്ങി സമ്പന്നരായി.
ഇത്‌ നെഹമ്യാവിനെ വല്ലാതെ വേദനിപ്പിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുവാൻ അദ്ദേഹം സ്വന്തം സമ്പാദ്യങ്ങൾ പങ്കിട്ടു. ചുഷണക്കാരെ ധാർമികരോക്ഷത്തോടെ നേരിട്ടു. ദൈവത്തോട് പ്രാർത്ഥിച്ചു.
യെരുശലേമിന്റെ മതിലുകൾ പണിയുവാൻ രാജാവ് അയച്ച ഗവർണരായിരുന്നിട്ടും അദ്ദേഹം ജനങ്ങളോടൊപ്പം മതിൽ പണിയിൽ പണിക്കാരനായി പങ്കുചേരുന്നു.

പൊതുജനങ്ങളിൽ നിന്നു നികുതിയും കൈക്കുലിയും വഴിപാടുകളും വാങ്ങി ആർഭാടജീവിതം നയിക്കുന്ന മത - രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഉദ്ദ്യോഗസ്ഥരിൽ നിന്നും തികച്ചും വ്യത്യസ്തനായ നേതാവായിരുന്നു നെഹമ്യാവ്. കഷ്ടപ്പെടുന്ന ജനങ്ങളോട് അനുകമ്പയുള്ളവനായിരുന്നു.

ഇതുപോലെ ദൈവത്തിന്റെ മനസ്സും നിസ്വാർതഥ മനോഭാവവും സമർപ്പണവുമുള്ള എത്ര മത - രാഷ്ട്രീയ നേതാക്കന്മാർ ഇന്ന് ലോകത്തുണ്ട്?
അധികാര കസേരയിൽ ദൈവം കയറ്റി ഇരുത്തികഴിയുമ്പോൾ അഗതികളെ മറക്കുന്നവരാണ് അധികാരവർഗത്തിൽ അധികവും. പൊതുജനത്തിന്റെ ദുര്യോഗമെന്നല്ലാതെന്തു പറയാൻ?
A leader with clear conscience is a mighty weapon in God's Hand.

'ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു.'
മത്തായി 9 : 36
'അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്‌; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ.'
മര്‍ക്കോസ്‌ 1 : 41
'ഈ ജനക്കൂട്ടത്തോട്‌ എനിക്ക്‌ അനുകമ്പതോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടുകൂടെയാണ്‌. അവര്‍ക്കു ഭക്‌ഷിക്കാന്‍ ഒന്നുമില്ല.'
മര്‍ക്കോസ്‌ 8 : 2

-ഫാ. ഡോ. ഏ. പി. ജോർജ്.