അപ്പൻ ഒരത്ഭുതമാണ്

കുട്ടികളുടെ റോൾ മോഡലും കുടുംബത്തിന്റെ കാര്യവിചാരകനുമായി ദൈവം നിയമിച്ചിരിക്കുന്ന അപ്പനെപ്പറ്റി ദൈവത്തിന് പല പ്രതീക്ഷകളുണ്ട്. അത് ഉത്തരവാദിത്വത്തോടും സമർപ്പണത്തോടും കൂടെ നിർവഹിക്കുന്നവർക്ക്‌ ദൈവം നൽകുന്ന  സ്വർഗ്ഗത്തിലെ പ്രതിഫലം വലുതാണ്:

മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും.മത്തായി 16 : 27

സമർപ്പിത പേരന്റിംഗ് ശുശ്രൂഷയ്ക്ക്‌ മാതാപിതാക്കൾക്ക്‌ ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കും.

സ്വർഗ്ഗസ്ഥനായ പിതാവ് ഭരമേൽപ്പിച്ച കുടുംബനിയോഗത്തിൽ അപ്പന്റെ ചുമതലകൾ എന്തൊക്കെയാണ്?

മക്കൾക്കും ജീവിതപങ്കാളിക്കും ദൈവസ്നേഹം പങ്കുവെക്കലാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. അപ്പന്റെ സ്നേഹം ആഗ്രഹിക്കാത്ത കുട്ടികളുണ്ടാവില്ല.  സ്വഭാവത്തിൽ പല പരിമിതികളും വീഴ്ചകളും  ഉണ്ടെങ്കിലും അപ്പന്റെ സ്നേഹം കുട്ടികൾക്ക് ആത്മഹർഷവും ആഹ്ലാദവും ആണ്.  പിതാവിന്റെ കൈപിടിച്ച് ആത്മവിശ്വാസത്തോടെ നടക്കുമ്പോൾ  ഭാവിയിലെ പ്രതികൂലതകളെ അതിജീവിച്ച് മുന്നേറുവാനുള്ള 'ഡ്രൈവിംഗ് ഫോഴ്സ് 'കുട്ടി ആർജ്ജിക്കുകയാണ്.

ദാമ്പത്യ പ്രതിസന്ധികൾ, ജോലിസംബന്ധമായ യാത്രകൾ, വളരെ തിരക്കുള്ള മത-രാഷ്ട്രീയ മേഖലയിലെ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ തിരക്കുകൾ മൂലം കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാതെ വരുന്ന അപ്പൻമാരുണ്ട്. എന്നാലും തിരക്കിനിടയിൽ  ലഭിക്കുന്ന ഇത്തിരി സമയംകൊണ്ട്  ഒത്തിരി സ്നേഹം കുട്ടികൾക്ക് പങ്കുവെക്കാൻ അപ്പൻ ശ്രമിക്കണം. ഒഴിവാക്കാനാകാത്ത ഉത്തരവാദിത്വങ്ങൾ മൂലം വീട്ടിൽ നിന്ന് അകലത്തായിരിക്കുമ്പോൾ ഫോൺകോൾ, ഇമെയിൽ -ടെക്സ്റ്റ് മെസ്സേജുകളിലൂടെ അപ്പൻ പങ്കുവക്കുന്ന ഊഷ്മള സ്നേഹത്തിന്റെ ഓർമ്മകളോടെ കുട്ടികൾ ഉറങ്ങണം.

അപ്പന്റെ സ്നേഹം പോലെ തന്നെ അപ്പൻ നൽകുന്ന അഭിനന്ദനങ്ങളും കുട്ടികൾക്ക് ഹൃദ്യമായ അനുഭൂതികൾ ആണ്. സുഹൃത്തുക്കളും അധ്യാപകരും നൽകുന്ന കോംപ്ലിമെന്റിനേക്കാൾ  അപ്പന്റെയും അമ്മയുടെയും  അനുമോദന വാക്കുകളാണ് കുട്ടികൾ കൂടുതൽ വിലമതിക്കുന്നത്.  കുട്ടിയുടെ കഴിവിലുള്ള വിശ്വാസം അപ്പനിൽനിന്ന് കേൾക്കുമ്പോൾ കുട്ടിയുടെ ആത്മവിശ്വാസത്തിനും പോസിറ്റിവിറ്റിക്കും നൂറുനൂറായിരം ചിറകുകൾ മുളയ്ക്കും.

വിമർശനങ്ങളും ഭീഷണികളും പരിഹാസങ്ങളുമൊക്കെ കുട്ടികൾ ഏറ്റവുമധികം നേരിടുന്ന  എലമെൻട്രി -മിഡിൽ സ്കൂൾ കാലഘട്ടങ്ങളിൽ സൂപ്പർ ഹീറോയായ അപ്പൻ നൽകുന്ന ഉറപ്പും ആത്മവിശ്വാസവും പ്രോത്സാഹനവുമൊക്കെ, കുസൃതികുറുമ്പരായ കൂട്ടുകാരുടെ  ഭീഷണികളെ അതിജീവിക്കാൻ കുട്ടിക്ക് ആത്മധൈര്യം  പകരും.

കുട്ടിക്ക് ട്രസ്റ്റും സ്നേഹവും വൈകാരിക പിന്തുണയും കൊടുക്കുന്നതോടൊപ്പം കുട്ടിയുടെ തെറ്റായ പെരുമാറ്റങ്ങളും ജീവിത സമീപനങ്ങളും അംഗീകരിക്കാനാവില്ലെന്നും അപ്പൻ കുട്ടിയെ ബോധ്യപ്പെടുത്തണം. തനിക്ക് ചുറ്റും  ധാർമിക  ബൗണ്ടറികൾ ഉണ്ടെന്നും അതിനപ്പുറം  പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും  കുട്ടിയെ ബോധ്യപ്പെടുത്താനും താക്കീത് നൽകുവാനുള്ള ചുമതല അപ്പൻ യഥാസമയം വിനിയോഗിക്കണം.

കുട്ടികളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാൽ അത് കുട്ടിയുടെ എല്ലാ സ്വഭാവ ബലഹീനതകൾക്കും ചാപല്യങ്ങൾക്കും നിഷേധ മനോഭാവങ്ങൾക്കുമുള്ള അംഗീകാരമല്ലെന്നും അപ്പൻ വ്യക്തമാക്കണം. ജീവിത മൂല്യങ്ങളും നിയമങ്ങളും നിബന്ധനകളും കുട്ടിയെ പരിശീലിപ്പിക്കാതിരിക്കുമ്പോൾ അവർ അവഗണിക്കപ്പെടുകയാണെന്ന തോന്നലാണ് കുട്ടികൾക്കുണ്ടാവുക.

മാതാപിതാക്കളുടെ ഉപാധികളില്ലാത്ത സ്നേഹം കുട്ടികളുടെ അവകാശമാണെന്നും അതിന് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട ചില അക്കൗണ്ടബിലിറ്റികൾ ഉണ്ടെന്നും അപ്പൻ കുട്ടിക്ക് വ്യക്തമാക്കി കൊടുക്കണം.

എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകലും, 'അരുത്' 'സാധ്യമല്ല' എന്നൊക്കെ പറയാതിരിക്കുന്നതുമാണ് കുട്ടികളോടുള്ള സ്നേഹത്തിന്റെ ലക്ഷണമെന്ന തെറ്റുദ്ധാരണ പല മാതാപിതാക്കൾക്കും ഉണ്ട്. ഇത് 'ഓവർ പെർമിസീവ് ' പേരന്റിംഗ് ആണ്. തെറ്റ്, തെറ്റ് തന്നെയാണെന്നും, അതൊന്നും അനുവദിക്കാൻ പറ്റില്ലെന്നും ചെറുപ്പത്തിൽതന്നെ കുട്ടികളെ മാതാപിതാക്കൾ ബോധ്യപ്പെടുത്തണം. ശരിതെറ്റുകളുടെ ബൗണ്ടറി വ്യക്തമാക്കുന്ന അപ്പന്റെ ഈ സമീപനം കുട്ടിയുടെ മനസ്സാക്ഷിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

തിരുത്തലും ശിക്ഷണവും കുട്ടികളെ തങ്ങളിൽ നിന്ന് അകറ്റുമെന്ന മാതാപിതാക്കളുടെ ചിന്താഗതി ശരിയല്ല. ശാസനയും ഡിസിപ്ലിനും സ്നേഹത്തിന്റെ ഭാഗം തന്നെയാണെന്ന് അപ്പൻ ചെറുപ്പംമുതൽ കുട്ടിയെ ബോധ്യപ്പെടുത്തണം. ശിക്ഷണത്തിന്റെയും നിരോധനത്തിന്റെയും കാരണങ്ങൾ  കുട്ടിക്ക് മനസ്സിലാകുന്ന ഭാഷയിൽ, ശാന്തമായി പറഞ്ഞ് മനസ്സിലാക്കണം.

ആദ്യം ഓർമ്മപ്പെടുത്തൽ, പിന്നെ വിശദീകരണം, അതിനുശേഷം മുന്നറിയിപ്പ്, ഒടുവിൽ ശിക്ഷ അങ്ങനെ അപ്പന്റെ ശിക്ഷണത്തിന് പല ഘട്ടങ്ങൾ ഉണ്ടാകണം. കുട്ടിയുടെ എല്ലാ തെറ്റുകൾക്കും എപ്പോഴും 'ഇമോഷണൽ കാർപറ്റ് ബോംബിങ്' നടത്തുന്ന അപ്പനോടുള്ള ആദരവും, ശിക്ഷയോടുള്ള ഭയവും കുട്ടികളിൽ കുറഞ്ഞുവരുകയും ഡിഫൻസ് മനോഭാവവും  റെസിസ്റ്റൻസും  രൂപപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തോലൻ മാതാപിതാക്കൾക്ക് വളരെ വിലപ്പെട്ട ഈ ഉപദേശം നൽകുന്നത്  :
പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്‌. അവരെ കര്‍ത്താവിന്റെ ശിക്‌ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.  എഫേസ്യർ 6 : 4
ആത്മസംയമനത്തോടെയുള്ള ശിക്ഷണവും സ്നേഹത്തിലുള്ള തിരുത്തലുകളുമാണ് പിതാവാം ദൈവത്തിന്റെ പേരെന്റ്റിംഗ് സമീപനങ്ങൾ.  അതാണ് മാതാപിതാക്കൾ മാതൃകയാക്കേണ്ടത്.

കുട്ടികളുടെ മുൻപിൽ വെച്ച് മാതാപിതാക്കൾ പരസ്പരം കുറ്റപ്പെടുത്തരുത്. അമ്മയ്ക്കും അപ്പനും എന്തെല്ലാം പരിമിതികളുണ്ടെങ്കിലും കുട്ടികൾക്ക് അവർ രണ്ടുപേരും വേണം. രണ്ടു പേരുടെയും സ്നേഹം അവർക്ക് പ്രിയപ്പെട്ടതാണ്. അവരുടെ വ്യക്തിപരമായ പരിമിതികൾ ഒന്നും കുട്ടികൾക്ക് പ്രശ്നമല്ല. അപ്പൻ അമ്മയുടെ കുറ്റവും, അമ്മ അപ്പന്റെ കുറ്റവും കുട്ടികളോട് പറയുമ്പോൾ കുട്ടികൾക്ക് ആശയക്കുഴപ്പവും വൈകാരിക പ്രതിസന്ധികളും ആണ്  ഉണ്ടാവുക. അവർ വളർന്നു വരുമ്പോൾ രണ്ടുപേരോടും വെറുപ്പ് തോന്നും.

അപ്പൻ കുടുംബത്തിൽ  അനുഗ്രഹ വിഷയമാക്കണം. നല്ല ഫലം കായ്ക്കുന്ന ക്രിസ്ത്യാനി വൃക്ഷമാകണം. തിരുവചനത്തിന്റെയും ദൈവഭക്തിയുടെയും ആരാധനയുടെയും വഴിയിലൂടെ കുട്ടികളെ കൈപിടിച്ച് നടത്തണം.  പ്രാർത്ഥനയ്ക്കും കൂട്ടായ്മയ്ക്കുമായി  കുടുംബ അൾത്താരയിൽ എല്ലാവരെയും ഒരുമിച്ച് ചേർത്ത് നേതൃത്വം കൊടുക്കണം. ക്രിസ്തുവാകുന്ന മുന്തിരി തണ്ടിലെ ശാഖകളായി കുട്ടികൾ ചെറുപ്പത്തിൽതന്നെ ഒട്ടിച്ച് ചേർക്കപ്പെടുവാൻ മാതാപിതാക്കൾ  പരിശ്രമിക്കണം.  ക്രിസ്തുവുമായി ഒരു ആത്മബന്ധത്തിന്റെ അടിത്തറ കുട്ടികളുടെ മനസ്സിലുണ്ടാക്കിയാൽ പിന്നെ ഒരു ശക്തിക്കും അവരെ ക്രിസ്തുവിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല . ചടങ്ങ് ഭക്തിയിൽ നിന്നല്ല,  ക്രിസ്തുവിൽ ജീവിക്കുന്ന മാതാപിതാക്കളിൽ നിന്നാണ് ഈ സജീവ ബന്ധത്തിന്റെ പൊരുൾ മക്കൾ മനസ്സിലാക്കേണ്ടത്.

ക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പും ക്രിസ്തു നൽകുന്ന പാപക്ഷമയും അവൻ ഒരുക്കുന്ന നിത്യതയെയും ദൈവത്തിന്റെ ആലയമായ തന്നിൽ വസിക്കുന്ന  ആത്മാവിന്റെ മൂല്യത്തെയും പറ്റിയുള്ള അറിവും പ്രത്യാശയും കുട്ടികളുടെ മനസ്സിൽ അടിസ്ഥാനമിട്ട് ഉറപ്പിക്കണം. മക്കൾ ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ നേട്ടങ്ങൾ കൊണ്ട് എന്താണ് പ്രയോജനം? 
ഇതൊക്കെ ഭൂമിയിലെ പിതാക്കന്മാരെ കുറിച്ചുള്ള സ്വർഗ്ഗത്തിലെ അപ്പന്റെ ആഗ്രഹങ്ങളാണ്.  

വൈകാരിക ആന്ദോളനങ്ങളുടെ റോളർ കോസ്റ്ററിലൂടെ കൗമാരത്തിലും അതിനുശേഷമുള്ള എന്റെ യാത്രകളിൽ സ്നേഹിച്ചും ശാസിച്ചും ക്ഷമാപൂർവ്വം കൈപിടിച്ചു നടത്തിയ മാതാപിതാക്കളോട്  നന്ദി പറയുവാൻ വാക്കുകളില്ല.

  ' ദൈവം അനുകൂലമെങ്കിൽ ആർക്കാണ് പ്രതികൂലം ആകുവാൻ കഴിയുക' എന്ന് വർഷങ്ങൾക്കു മുമ്പ് അപ്പൻ പറഞ്ഞു തന്ന തിരുവചനം ഇന്നും കാലുകൾക്ക് വിളക്കും പാതകൾക്ക് വെളിച്ചവും മനസ്സിന്റെ ഉണർത്തുപാട്ടുമാണ്. പ്രത്യേകിച്ച്, ജീവിതത്തിലെ  തിരസ്കരണങ്ങളിലും വീഴ്ചകളിലും മനസ്സ് മരവിക്കുമ്പോൾ മൂഡ് എലിവേറ്റിങ് സൈക്കൊത്തെറപ്പിയാണ്‌ ആ തിരുവചനം.

ഹൃദയത്തിൽ കയറിവന്നിറങ്ങിപ്പോയ അനേകമനേകം ജീവിത യാത്രക്കാർക്കിടയിൽ  മാതാപിതാക്കൾ നൽകിയതുപോലുള്ള   ആർദ്രതയും കെയറും ഊഷ്മള അനുഭവങ്ങളും പങ്കുവെച്ചവർ ആരും ഉണ്ടായിട്ടില്ല. പ്രതിഫലം ചോദിക്കാതെ,  പ്രതിബദ്ധതയുടെ കണ്ടീഷൻ വയ്ക്കാതെ,  ഉള്ളവും ഉള്ളതും തന്ന അപ്പനും അമ്മയ്ക്കും നന്ദി, ഒരായിരം നന്ദി!

കാണപ്പെടാത്ത സ്വർഗ്ഗീയ പിതാവിന്റെ  പ്രതിനിധികളായി കാണപ്പെടുന്ന അപ്പനേയും അമ്മയേയും ഞങ്ങൾക്ക് തന്ന സ്വർഗ്ഗത്തിലെ പ്രിയപ്പെട്ട അപ്പന് ഹൃദയപൂർവ്വം സ്തോത്രം.

   എല്ലാ പ്രിയപ്പെട്ട കുടുംബനാഥൻമാർക്കും ഹാപ്പി ഫാദേഴ്സ്‌ ഡേ!