തെറ്റുധരിക്കരുത്

യോഹന്നാൻ സ്നാപകൻ തന്റെ രണ്ട് ശിഷ്യന്മാരെ യേശുവിന്റെ അടുക്കൽ അയച്ച്  'വരുവാനുള്ളവൻ  നീ തന്നെയോ,  അതോ ഞങ്ങൾ വേറൊരുവനെ  കാത്തിരിക്കണമോ' എന്ന് ചോദിച്ചു.
യേശു ജ്ഞാനസ്നാനമേറ്റപ്പോൾ  സ്വർഗ്ഗം തുറക്കപ്പെട്ടതിനും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെമേൽ  ഇറങ്ങിയതിനും,  'ഇവനെന്റെ  പ്രിയപുത്രൻ,  ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു' എന്നുള്ള സ്വർഗ്ഗീയ സന്ദേശത്തിനുമൊക്കെ  ദൃക്സാക്ഷിയായിരുന്നു യോഹന്നാൻ. മാത്രവുമല്ല,  അവന്റെ  ചെരുപ്പുകളുടെ  വാറഴിക്കാൻ ഞാൻ  യോഗ്യനല്ല,  ഞാൻ കുറയുകയും അവൻ വളരുകയും ചെയ്യണമെന്നൊക്കെ  യേശുവിനെക്കുറിച്ച്  ആധികാരിക സാക്ഷ്യം പറഞ്ഞവനുമാണ്. പക്ഷേ പീഡനവും മരണ ഭീഷണിയും മുഖാമുഖം നേരിട്ടപ്പോൾ സ്നാപകൻ  ഇടറിപോയിരിക്കാം. ആത്മ ദർശനത്തിലൂടെ സ്വയം  തിരിച്ചറിഞ്ഞ സത്യങ്ങളെ പറ്റിപോലും  സംശയാലുവായിപ്പോയിരിക്കാം.  സ്നാപകന്റെ  അതിതീക്ഷ്ണമായ പ്രവർത്തന ശൈലിയിൽ നിന്നും വ്യത്യസ്തമായ,  സൗമ്യവും മൃദുലവും മിതത്വമുള്ളതുമായ ക്രിസ്തുവിനെ ശുശ്രൂഷാശൈലിയും ഒരുപക്ഷേ സ്നാപകന്റെ  സംശയത്തിന് കാരണമായിത്തീ ർന്നിരിക്കാം.
എന്നാൽ യോഹന്നാന്റെ സംശയ പ്രകടനം കേട്ട് യേശു അസ്വസ്ഥനായില്ല. യോഹന്നാൻ അയച്ച ശിഷ്യന്മാരെ ശാസിച്ചതുമില്ല. താൻ  ദൈവപുത്രനാണെന്ന് വിശ്വസിക്കുവാൻ പര്യാപ്തമായ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടു മനസ്സിലാക്കാനും കണ്ടതും കേട്ടതുമൊക്കെ യോഹന്നാനെ അറിയിക്കുവാനും അവരോടു പറഞ്ഞു.

സംഘർഷങ്ങളുടെ തിരമാലകൾ ചുറ്റും ആഞ്ഞടിക്കുമ്പോൾ നമ്മുടെ മനസ്സിലും സംശയത്തിന്റെ  ഭയാശങ്കകളും ചുഴികകളുമൊക്കെ  ഉണ്ടാകാറുണ്ട്. ദൈവത്തിന്റെ സ്നേഹവും കരുതലും ദിവ്യപരിപാലനവും അൽഭുതപ്രവർത്തനങ്ങളും സ്വന്തം ജീവിതത്തിൽ ഏറെ അനുഭവിച്ചിട്ടുണ്ടെങ്കിലും ദുരന്ത സഹനങ്ങൾ മനസ്സിനെ തളർത്തുമ്പോൾ,  പലപ്പോഴും നമ്മളും സംശയാലുക്കളായിത്തീരാറുണ്ട്.
വിശ്വാസം ഉറപ്പിക്കാൻ അടയാളങ്ങളും അത്ഭുതങ്ങളും ഉടനടി കാണിക്കണമെന്ന് പ്രാർത്ഥിച്ചിട്ടുമുണ്ടാകാം.
ഇത്തരം സംശയത്തിന്റെ  തിരമാലകളിൽ ആടിയുലയുന്നവർക്കുള്ള  കർത്താവിന്റെ മറുപടി ഇങ്ങനെയാണ്: 'എന്നിൽ ഇടറി പോകാത്തവർ  ഭാഗ്യവാൻ' (ലൂക്കോസ്  7: 23).
                  ചില ജീവിത പ്രതിസന്ധികളിൽ എന്റെ വിശ്വാസം ദുർബലമായിപ്പോയതിന്റെ  അനേകം ദുഃഖസാക്ഷ്യങ്ങൾ എനിക്ക് പറയുവാനുണ്ട്. സർവ്വശക്തന്റെ  പൈതൃക സ്നേഹവും കരുതലും പാപക്ഷമയും ജീവിതത്തിൽ വളരെയധികം കൈനീട്ടി സ്വീകരിച്ച ബലഹീനനാണു ഞാൻ. പക്ഷെ ദുരന്ത ദുഃഖങ്ങളിൽ മനസ്സ് തളരുമ്പോൾ,  പ്രാർത്ഥനയ്ക്ക് മറുപടി  വൈകുമ്പോൾ അനേകം അശുഭചിന്തകൾ എന്നെ ശല്യപ്പെടുത്താറുണ്ട്: ദൈവം വെക്കുകയാണോ തള്ളിക്കളഞ്ഞോ കോപിക്കുകയാണോ...തുടങ്ങിയ നിഷേധചിന്തകളും ആകാംക്ഷകളും ഒക്കെ അധൈര്യപ്പെടുത്താറുമുണ്ട്.
ഏലീയാവിനെപ്പോലെ  നിരാശയുടെ മുൾചെടികൾക്കിടയിൽ പ്രത്യാശ നശിച്ച് വീണു പോയിട്ടുണ്ട്. പക്ഷേ കരുണാർദ്രവാനായ ദൈവം പരിഭവം പറയാതെ,  ഉപേക്ഷിക്കാതെ,  വിശ്വാസ തകർച്ചയെപ്പറ്റി ശകാരിക്കാതെ,  സ്നേഹകരങ്ങളിൽ എന്നെ ചേർത്തുനിർത്തി.  തള്ളിക്കളയാതെ വിശ്വാസത്തിൽ ഉറപ്പിച്ച്,  യഥാസ്ഥാനപ്പെടുത്തി.
ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സ്നേഹം തണുത്തു പോയേക്കാം. എന്നാൽ ദൈവസ്നേഹം എന്നുമെപ്പോഴും എന്നെയും നിങ്ങളെയും പിന്തുടർന്നുകൊണ്ടേയിരിക്കും. ജീവിതത്തിലെ യാതൊരു പ്രതികൂലകൾക്കും  ദൈവസ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുവാൻ  കഴിയില്ല.
ജീവിത പങ്കാളിയും മക്കളും മാതാപിതാക്കളും സുഹൃത്തുക്കളുമൊക്കെ ചിലപ്പോൾ നമ്മെ സംശയിച്ചേക്കാം. നമ്മുടെ ഉദ്ദേശശുദ്ധിയെ തെറ്റുദ്ധരിച്ചേക്കാം. അപ്പോൾ ഇടയരുത്,  പിണങ്ങരുത്. അവരോട്  മനസ്സിൽ പകയും വിദ്വേഷവും സൂക്ഷിക്കരുത്. അവരുടെ മാനുഷിക ബലഹീനതയോട്  ദീർഘക്ഷമ കാണിക്കണം. മാപ്പ് കൊടുക്കണം. മറന്നു കളയണം. ഒരിക്കൽ സത്യത്തിന്റെ സൂര്യനുദിക്കുമ്പോൾ സംശയത്തിന്റെയും  തെറ്റിദ്ധാരണയുടെയും മൂടൽമഞ്ഞ് താനേ നീങ്ങിപ്പോകും. അന്നവർ   യാഥാർഥ്യം തിരിച്ചറിയും.

ഒരിക്കലും കൈവിടാത്ത ദൈവത്തെപ്പറ്റിയുള്ള സങ്കീർത്തനക്കാരന്റെ സാക്ഷ്യം നമുക്ക്ശ്രദ്ധിക്കാം: ' കർത്താവ് ആർദ്രഹൃദയയനും  കാരുണ്യവാനുമാണ്. ക്ഷമാശീലനും സ്നേഹനിധിയുമാണ്. നമ്മുടെ പാപങ്ങൾക്ക് അവിടുന്ന് നമ്മെ ശിക്ഷിക്കുന്നില്ല. അവൻ നമ്മുടെ പ്രകൃതി അറിയുന്നു. നാം പൊടിയെന്നും അവൻ  ഓർക്കുന്നു' (സങ്കീർത്തനം 103).
ദൈവമേ,  അങ്ങയുടെ മഹാസ്നേഹത്തിലും  കരുതലിലുമുള്ള എന്റെ വിശ്വാസം പതറിപ്പോയ നിമിഷങ്ങളെ ഓർത്ത് ഖേദിക്കുന്നു. വിശ്വാസത്തിലും പ്രത്യാശയിലും  ഉറച്ചു നിൽക്കുവാനുള്ള ശക്തിയും കൃപയും തരണമെന്ന് യേശുക്രിസ്തുവിന്റെ  അത്ഭുത നാമത്തിൽ അപേക്ഷിക്കുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്