എന്നെക്കാളാധികമായി

മത്തായി 9,10 അധ്യായങ്ങളിൽ സുവിശേഷ ദൗത്യത്തെ പറ്റിയുള്ള ക്രിസ്തുവിന്റെ ഉപദേശങ്ങൾ (missionary discourse) നമുക്ക് കാണാം. നഷ്ടപ്പെട്ട ആടുകളെ തേടി പോകുന്ന ശിഷ്യന്മാർ സ്വന്തം ജീവിതത്തിൽ മുൻഗണന കൊടുക്കേണ്ടത് ഏത് കാര്യത്തിന് ആയിരിക്കണമെന്ന് ക്രിസ്തു ഈ വേദഭാഗത്ത് ഓർമ്മപ്പെടുത്തുന്നു :

എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.

സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.

മത്തായി 10 : 37-38

ക്രിസ്തുവിനേക്കാൾ അധികം പ്രാധാന്യവും താൽപര്യവും ഭൗതിക ആസക്തിക്ക് കൊടുക്കുന്നവരും നിയോഗങ്ങളിലെ കഷ്ടതകളുടെ കുരിശെടുത്ത് തന്നെ അനുഗമിക്കാത്തവരും എനിക്ക് യോഗ്യരല്ല എന്നാണ് ക്രിസ്തുവിന്റെ മുന്നറിയിപ്പ്.

ക്രിസ്തുവിന്റെ ഈ കൽപ്പന ലഘിക്കുമ്പോൾ ശിക്ഷത്വ പദവിക്കുള്ള അർഹതയും ദൈവത്തിന്റെ അംഗീകാരവും നഷ്ടപ്പെടും. ദൈവം നൽകിയ സ്ഥാനമാനങ്ങളും അധികാരങ്ങളും അസാധുവാക്കും.

നമ്മുടെ ജീവിതത്തിൽ ക്രിസ്തു ആവശ്യപ്പെടുന്ന പ്രധാന കാര്യം മുൻഗണനയാണ്‌ -position of primacy. ഈ കല്പന മത്തായി ഇരുപത്തിരണ്ടാം അധ്യായത്തിൽ കർത്താവ് വീണ്ടും ആവർത്തിക്കുന്നുണ്ട് :

അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക.

ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന.

മത്തായി 22 : 37-38

ദൈവത്തിന് ജീവിതത്തിൽ പ്രധാന സ്ഥാനം കൊടുക്കണമെന്നത് ദൈവകൽപനയാണ്‌. സ്തുതിയും സ്തോത്രവും ഭക്തിയും ദൈവത്തിനു നൽകുന്ന ഔദാര്യമായി കാണരുത്.  സമ്പൂർണ്ണ കടപ്പാടിന്റെയും സ്നേഹത്തിന്റെയും ഹൃദയസമർപ്പണമായിരിക്കണം അത്.   ചില പ്രത്യേക സമയത്തും കാലത്തും മാത്രം ദൈവത്തിന് പ്രാധാന്യം കൊടുക്കണമെന്നല്ല,  എന്നും എപ്പോഴും എല്ലായ്പോഴും ദൈവം ജീവിതത്തിൽ പ്രധമവും പ്രധാനവും ആയിരിക്കണം. 

കുടുംബ- ദാമ്പത്യ ബന്ധങ്ങളും ജോലിയും  ബിസിനസ്സും ഹോബിയും വേണ്ടെന്നല്ല കർത്താവ് പറയുന്നത്. അവയൊന്നും ദൈവത്തെക്കാൾ പ്രധാനവും ആരാധനാ വിഗ്രഹങ്ങളും ആകരുതെന്നാണ് കർത്താവിന്റെ നിർദ്ദേശം. അക്കാര്യത്തിൽ ദൈവത്തിന് വളരെ നിർബന്ധമുണ്ട്.

ക്രിസ്തുവിനേക്കാളും ക്രിസ്തുവിന്റെ ഉപദേശങ്ങളെക്കാളും പ്രധാനപ്പെട്ട പലതും വ്യക്തി ജീവിതത്തിലും കുടുംബത്തിലും സഭയിലും കടന്നുവരുമ്പോൾ ദൈവത്തിൽ നിന്നുള്ള അർഹതയും അംഗീകാരവും നഷ്ടപ്പെടും. ദൈവത്തേക്കാൾ അധികം സാത്താന്റെ ഉപദേശത്തിന് പ്രാധാന്യം കൊടുത്ത ആദി മാതാപിതാക്കൾക്കും, മോഹ വിഗ്രഹങ്ങളെ ആരാധിച്ച ശിoശോനും ശലോമോനും, ദൈവവിധേയത്വമില്ലാത്ത അഹങ്കാരികളായി മാറിയ നേബുക്കദ്നേസർ രാജാവും, ക്രിസ്തുവിനേക്കാൾ അധികമായി ദ്രവ്യത്തെ സ്നേഹിച്ച യൂദാസ്കറിയോത്തയും  യോഗ്യത നഷ്ടപ്പെട്ട്  നിയോഗങ്ങളിൽ നിന്ന് പിടിച്ചു മാറ്റപ്പെട്ടവരാണ്.

എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.

സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.

  അധികാരപ്രമത്തതയും ചൂഷണ മനോഭാവവും ദ്രവ്യാഗ്രഹവും കപടഭക്തിയുമൊക്കെ മനസ്സിലെ വിഗ്രഹങ്ങളായിരുന്ന നേതാക്കന്മാർ നേതൃത്വം കൊടുത്ത യഹൂദമതത്തിന്റെ ചൈതന്യം നഷ്ടപ്പെട്ടു,  ദേവാലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചുപോയി. ദൈവത്തെക്കാൾ അധികം സ്നേഹിക്കുന്ന ഭൗതിക വിഗ്രഹങ്ങൾ ശിഥിലമായി പോകും. വേദപുസ്തകം സാക്ഷി.

ക്രിസ്തുവിനേക്കാൾ ഭൗതിക വിഗ്രഹങ്ങൾക്ക് താല്പര്യം കൊടുക്കുന്ന  വ്യക്തിജീവിതവും കുടുംബ- ദാമ്പത്യ ബന്ധങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും പ്രതിസന്ധിയിലാകും. അവിടെ ഇടർച്ചയും തകർച്ചയും കടന്നുവരും.

എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.

സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.

എബ്രായ ലേഖനം പതിനൊന്നാം അധ്യായത്തിൽ, സ്വയത്തേക്കാൾ അധികം  ദൈവേഷ്ടത്തിനു പ്രാധാന്യം കൊടുത്ത് ജീവിതത്തിൽ പ്രശോഭിതരായ സാക്ഷികളുടെ സമൂഹത്തെ പറ്റി വിവരിക്കുന്നുണ്ട്. നോഹ, അബ്രഹാം, മോശ, രാഹാബ്, ഗിദയോൻ, ദാവീദ്, ദാനിയേൽ അങ്ങനെ അങ്ങനെ അസംഖ്യം സാക്ഷികൾ. ദൈവം വിളിച്ചപ്പോൾ വിളി സ്വീകരിച്ച്, എവിടേക്കാണ് പോകേണ്ടതെന്നറിയാതെ പുറപ്പെട്ടവരും  നിയോഗങ്ങളുടെ വഴിയിലെ കഷ്ടതകളുടെ കുരിശെടുത്ത് പിന്തുടർന്നവരുമാണ് ഇവരൊക്കെ.  അവരൊക്കെ യോഗ്യരും അനുഗ്രഹീതരും പ്രശോഭിതരുമായി.

എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.

സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.

ദൈവമുമ്പാകെയുള്ള നമ്മുടെ ഇപ്പോഴത്തെ യോഗ്യത പരിശോധിക്കപ്പടുന്നതാണ് ഈ ഉപദേശം. 

നമ്മുടെ ജീവിതത്തിലെ പ്രയോറിട്ടികൾ എന്തിനൊക്കെയാണ്?

ആത്മീയ കൂട്ടായ്മയുടെ മോട്ടീവ് എന്താണ്?

അതിൽ ക്രിസ്തുവിനു നൽകുന്ന സ്ഥാനം എന്താണ്?

ക്രിസ്തുവിനേക്കാൾ പ്രാധാന്യം കൊടുക്കുന്ന വ്യക്തികളോ പരിപാടികളോ സംരംഭങ്ങളോ അതിൽ ഉണ്ടോ?

ഉണ്ടെങ്കിൽ?

തീർച്ചയായും സൂക്ഷിക്കണം.

നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

മത്തായി 6 : 21

എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.

സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.

കരുവേലകത്തിൻ ചുവട്ടിൽ വിഗ്രഹങ്ങൾ കുഴിച്ചിട്ട്,  വിശുദ്ധീകരണം നടത്തി ബേഥെലിലേക്ക് നടന്ന യാക്കോബിനെ പോലെ ദൈവസ്നേഹം അപ്രസക്തമാക്കുന്ന അന്തരംഗത്തിലെ വിഗ്രഹങ്ങളെ നീക്കി  നമ്മളും ഒരു ആത്മവിശുദ്ധീകരണം നടത്തണം.

ദൈവത്തെക്കാൾ അധികം പ്രാധാന്യം കൊടുക്കുന്ന ഭൗതിക വിഗ്രഹങ്ങളെ നീക്കി ആരാധനയ്ക്കു യോഗ്യനായവനെ മനസ്സിന്റെ അൾത്താരയിൽ പ്രതിഷ്ഠിക്കണം. ഈ പുനപ്രതിഷ്ഠക്കും വിശുദ്ധീകരണത്തിനുമുള്ള സൗജന്യ കൃപാദാനമാണ് യേശുക്രിസ്തുവിന്റെ പാപപരിഹാര ബലി.

ദൈവമേ,  അങ്ങയെക്കാൾ അധികം ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതും ആസക്തി ഉണ്ടാക്കുന്നതുമായ ഭൗതിക വിഗ്രഹങ്ങളെ ഞങ്ങളുടെ ഹൃദയ അൾത്താരയിൽ നിന്ന് എടുത്തുമാറ്റി ആന്തരീയ ശുദ്ധീകരണം നടത്തേണമേ. സഭയിലും കൂട്ടായ്മയിലും സാത്താൻ സ്ഥാപിച്ചിരിക്കുന്ന എതിർബിംബങ്ങളെ എല്ലാം നിർമ്മാർജ്ജനം ചെയ്ത് നിന്റെ സ്വന്തം സഭയെ  വിശുദ്ധീകരിക്കണമേ. ദേവാലയ ശുദ്ധീകരണം നടത്തിയ യേശു കർത്താവിന്റെ വിസ്മയനാമത്തിൽ അപേക്ഷിക്കുന്നു കൃപയോടെ കേൾക്കണമെ.