മനസ്സിന്റെ നാവിഗേഷൻ സിസ്റ്റം

മനസ്സിന്റെ നാവിഗേഷൻ സിസ്റ്റം /drive
ക്രിസ്തീയ വീക്ഷണത്തിൽ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയെ നിയന്ത്രിക്കുന്നത് ഓരോരുത്തരുടെയും ആന്തരിക നാവിഗേഷൻ സിസ്റ്റമാണ്.
എന്താണ് ആന്തരിക നാവിഗേഷൻ സിസ്റ്റം?
ഇതിന് മറുപടി അപ്പോസ്തോലൻ പൗലോസ് പറയുന്നത് നമുക്ക് ശ്രദ്ധിക്കാം: (റോമർ 8:6)  ജഡാഭിലാഷങ്ങൾ മരണത്തിലേക്ക് നയിക്കുന്നു. ആത്മീയ അഭിലാഷങ്ങൾ ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു.
മനുഷ്യമനസ്സിൽ രണ്ട്‌ ദിശാഭിമാപിനികൾ ആണുള്ളത്: ജഡിക അഭിലാഷങ്ങളും ആത്മീയ അഭിലാഷങ്ങളും.
ജഡം എന്ന വാക്കുകൊണ്ട് അപ്പോസ്തോലൻ അർത്ഥമാക്കുന്നത് പാപ മനോഭാവങ്ങളെയും വികാരങ്ങളെയുമാണ്. പാപവികാരങ്ങളുടെ തേരോട്ടം നടക്കുന്ന മനസ്സ് ദൈവത്തിൽ നിന്ന് അകന്നും ദൈവത്തിന് എതിരായും പ്രയാണം നടത്തി കൊണ്ടിരിക്കും.  'ജഡിക താൽപര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശതൃവാണ്, അത് ദൈവത്തിന്റെ നിയമങ്ങൾക്ക് കീഴ്പ്പെടുന്നില്ല. കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല' (റോമർ 8:6)
ഇവരെപ്പറ്റി സദൃശ്യവാക്യം കാരൻ പറയുന്നത്: 'സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്ന ഭോഷൻ' എന്നാണ്.( 28 :26)
തെറ്റായ വഴിയിലേക്കും  അരുതായ്മകളിലേക്കും അപകടത്തിലേക്കും  മരണത്തിലേക്കുവരെയും  നയിക്കുന്നതാണ് പാപമനസ്സെന്ന നാവിഗേഷൻ സിസ്റ്റം.
                         എന്നാൽ പരിശുദ്ധാത്മ ശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന മനസ്സ് വ്യക്തിയെ നയിക്കുന്നത് ജീവനിലേക്കു സമാധാനത്തിലേക്കുമാണ്. ആത്മാവിനാൽ നയിക്കപ്പെടുന്നവർ ദൈവത്തെയും ദൈവീക പ്രമാണങ്ങളെയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരായിരിക്കും. അവരുടേത് ദൈവത്തോടും മനുഷ്യരോടും അനുരഞ്ജനപ്പെട്ടിരിക്കുന്ന സമാധാന സമൃദ്ധിയുള്ള ജീവിതമായിരിക്കും. അതിനെപ്പറ്റി സദൃശ്യവാക്യക്കാരൻ പറയുന്നത്, 'ജ്ഞാന  മാർഗത്തിൽ ചരിക്കുന്നവൻ സുരക്ഷിതരായിരിക്കു'മെന്നാണ്.
                 നിത്യജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന ആത്മീയ അഭിലാഷങ്ങളുടെ നാവിഗേഷൻസിസ്റ്റം  ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ പ്രവർത്തനക്ഷമമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ബൈബിളും കുടുംബ പ്രാർത്ഥനയും ആരാധനയും നല്ല പേരെന്റ്റിംഗ് മോഡലും  ഇതിന് സഹായകമാകുന്ന ഘടകങ്ങളാണ്. ബാലനും ബാലികയും നടക്കേണ്ട വഴിയിൽ അവരെ പരിശീലിപ്പിക്കണമെന്ന് പറയുന്നതിന്റെ  അർത്ഥമിതാണ്.
                  കുടുംബ-ദാമ്പത്യ ബന്ധങ്ങളിൽ  പ്രതിസന്ധി ഉണ്ടാകുമ്പോൾ അന്തരംഗത്തിൽ പ്രവർത്തനക്ഷമമായിരിക്കുന്ന ദിശാമാപിനി ജഡാഭിലാഷങ്ങളുടെ താണോ എന്ന് വിലയിരുത്തണം. ആവശ്യമെങ്കിൽ ആത്മാവിന്റെ  നിയന്ത്രണത്തിലേക്ക് 'സ്വിച്ച്' ചെയ്യണം.
ലഹരിയും വൈകൃതങ്ങളും ആസക്തി ആകുമ്പോൾ ഓട്ടം ജഡാഭിലാഷങ്ങളുടെ റൂട്ടിലാണെന്ന്  മനസ്സിലാക്കണം. മനസ്സിന്റെ നിയന്ത്രണം പരിശുദ്ധാത്മാവിനെ ഏൽപ്പിച്ചാൽ ജീവന്റെ വഴിയിലേക്കുള്ള റൂട്ട് മാറ്റം എളുപ്പം സാധ്യമാകും.
        ദൈവമേ,  ദിശാബോധം നൽകുന്ന ആശ്വാസപ്രദനും  കൗൺസിലറുമായ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ ചിന്തകളിലും മനോഭാവങ്ങളിലും പുനഃസ്ഥാപിച്ച്  നിത്യതയുടെ വഴിയിലൂടെ വഴിതെറ്റാതെ മുന്നോട്ടുപോകാൻ ഞങ്ങളെ സഹായിക്കണമേ.

-ഫാ. ഡോ. ഏ. പി. ജോർജ്‌