ഉടമസ്ഥൻ ദൈവമാണ്

യോഹന്നാൻ സ്നാപകന്റെ ജനനവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും
അത്ഭുതം നിറഞ്ഞതായിരുന്നു.

ദൈവത്തിന്റെ അരുളപ്പാട് യാഥാർത്ഥ്യമായി കൺമുമ്പിൽ കണ്ടപ്പോൾ അനേക മാസങ്ങൾ സ്വര ബന്ധത്തിലായിരുന്ന സെഖരിയാ പുരോഹിതൻ വായ് തുറന്ന് സംസാരിച്ചു.

പ്രകൃതി നിയമങ്ങൾക്ക് അതീതമായി എങ്ങനെ അൽഭുതം നടക്കുമെന്ന് ചോദിച്ച സെഖരിയാ പുരോഹിതൻ തന്റെ ഡിവൈൻ ക്വാറൻടൈൻ കാലഘട്ടത്തിൽ ദൈവത്തിന് എല്ലാം സാധ്യമാണെന്ന തിരിച്ചറിവിലേക്ക് കും വിശ്വാസത്തിലേക്കും വളർന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ അത് വ്യക്തമാക്കുന്നു:

യോഹന്നാന്റെ ജനനവുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ കണ്ട് അത്ഭുതപ്പെട്ട അയൽക്കാരെല്ലാം ഈ ശിശു ആരായിത്തീരും എന്ന് ചിന്തിച്ചു. അവർക്ക് മറുപടിയായി പരിശുദ്ധാത്മാവിൽ നിറഞ്ഞ് ശിശുവിന്റെ ഭാവി നിയോഗം എന്താണെന്നു അപ്പോൾ തന്നെ റവറെന്റ്റ് പുരോഹിത പ്രവാചകൻ സെഖരിയാവ് ആത്മാവിൽ നിറഞ്ഞ് പ്രവചിച്ചു പറഞ്ഞു:
'എന്റെ പ്രിയ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകനെന്ന് നീ വിളിക്കപ്പെടും. കർത്താവിന് വഴിയൊരുക്കുവാൻ അവിടുത്തെ മുമ്പേ നീ പോകും. ജനത്തിന് പാപമോചനം വഴിയുള്ള രക്ഷയെ കുറിച്ച് അറിവ് കൊടുക്കും. ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം പകരാനും സമാധാനത്തിന്റെ മാർഗ്ഗത്തിലേക്ക് അവരുടെ പാദങ്ങളെ നയിക്കുവാനും നീ നിയോഗിക്കപ്പെട്ടിരിക്കുന്നു.'
ഏതൊരു മാതാപിതാക്കൾക്കും അഭിമാനിക്കാവുന്ന മഹത്വം നിറഞ്ഞ ഒരു കുഞ്ഞായിരുന്നു യോഹന്നാൻ.

പക്ഷേ ഈ കുഞ്ഞിനെ കൊണ്ട് സെഖരിയാ വിനും എലിസബത്തിനും വ്യക്തിപരമായി എന്തു പ്രയോജനമാണു കിട്ടിയത്?
വളരെ കാലത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനും ശേഷം വാർദ്ധക്യത്തിൽ ജനിച്ച കുഞ്ഞ് തങ്ങൾക്ക് താങ്ങും തണലും ആകാൻ സാധ്യതയില്ലെന്ന യാഥാർത്ഥ്യം വേദനിപ്പിക്കുന്നതല്ലേ?
കുഞ്ഞിന്റെ ജീവിതം മുഴുവൻ ദൈവപുത്രന് വഴിയൊരുക്കാൻ വേണ്ടി ദൈവം പൂർണ്ണമായി ഏറ്റെടുത്തിരിക്കുകയാണെന്ന യാഥാർത്ഥ്യം നിരാശ ഉണ്ടാക്കുന്നതല്ലേ?

അത്തരം പരിഭവവും നഷ്ടബോധവും ഒന്നും സെഖരിയാവിന്റെ വാക്കുകളിൽ കാണുന്നില്ല. ദൈവം തന്നത് ദൈവ നിയോഗത്തിനായി തിരിച്ചെടുത്തതിന്റെ നഷ്ടബോധവും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.
ദൈവത്തെ കൃതജ്ഞതയോടെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.

വാർദ്ധക്യത്തിൽ കരഞ്ഞപേക്ഷിച്ചു നേടിയ കുഞ്ഞിനെ ദേവാലയത്തിൽ സമർപ്പിച്ചുകൊണ്ട് പഴയനിയമത്തിലെ ഹന്ന പറഞ്ഞു : ഈ ബാലനായി ഞാൻ പ്രാർത്ഥിച്ചു, ഇപ്പോൾ ഞാൻ ഇവനെ ദൈവത്തിന് സമർപ്പിക്കുന്നു.

നീണ്ട നൂറു വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഇസഹാക്കിനെ ദൈവം ബലി വസ്തുവായി ചോദിച്ചപ്പോൾ വിശ്വാസികളുടെ പിതാവ് നിറഞ്ഞ മനസ്സോടെ അവനെ കാഴ്ചയായി സമർപ്പിച്ചു.
ദൈവം തന്ന മക്കളെയെല്ലാം ദൈവം തിരിച്ചെടുത്തപ്പോൾ ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ എന്നാണ് ഇയോബ് സ്തു തിച്ചത്.
എങ്ങനെയാണ് ഈ മാതാപിതാക്കൾക്ക് ഇങ്ങനെയൊക്കെ പറയാനും നഷ്ടങ്ങളെ ഉൾക്കൊള്ളാനും കഴിഞ്ഞത്?

ദൈവം അനുഗ്രഹവും അമൂല്യവും ആയി തരുന്ന കുഞ്ഞുങ്ങളുടെ ആദ്യന്തികമായ ഉടമസ്ഥാവകാശം ദൈവത്തിനാണെന്ന് അവർ വിശ്വസിച്ചതു കൊണ്ടാണ് മക്കളെ ഹൃദയപൂർവ്വം സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞത്

ദൈവം അനുഗ്രഹമായി തരുന്ന മക്കളെ കേടുകൂടാതെ വളർത്തി വലുതാക്കി ദൈവ നിയോഗങ്ങൾക്കായി വിട്ടു കൊടുക്കേണ്ട താൽക്കാലിക കാര്യവിചാരകത്വം മാത്രമാണ് മാതാപിതാക്കൾക്കുള്ളത്. ഞാൻ വളർത്തിയ എന്റെ മക്കൾ എന്നൊക്കെയുള്ള ഉടമസ്ഥാവകാശത്തിന്റെ ശബ്ദത്തിൽ ആത്മപ്രശംസ നടത്തുന്ന പേരൻസ് ഒരു പരമസത്യം മറക്കരുത്:
ഉടമസ്ഥൻ ദൈവമാണ്.

ദൈവം മക്കളിൽ ചാലിച്ചുചേർത്തിരിക്കുന്ന നൈസർഗിക വാസനകൾക്കൊത്ത് വളരാൻ അവരെ അനുവദിക്കണം. റോസയെ ഡാലിയ ആക്കാനും താമരയെ ലില്ലി ആക്കാനും ബലപ്രയോഗം നടത്തി, ഒന്നിനും കൊള്ളരുതാത്തവരാക്കരുത്.
ഉടമസ്ഥൻ ദൈവമാണ്. ആര്, എന്താകണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം സകലത്തിന്റെയും പ്രോപ്പർട്ടി ഓണർഷിപ്പ് ഉള്ള അധികാരിയായ ദൈവത്തിനുള്ളതാണ്.

സ്വന്തം ജീവിതത്തിൽ സാക്ഷാത്കരിക്കാത്ത ദുർമോഹങ്ങൾ നേടിയെടുക്കാനുള്ള ചട്ടുകങ്ങളായി മക്കളെ കാണരുത്, അവരെ അമിതഭാരം ചുമ പ്പിക്കരുത്. ഉടമസ്ഥൻ ദൈവത്തിന്റെ ഇഷ്ട മാത്രമാണ് മക്കളുടെ ജീവിതത്തിൽ നടക്കേണ്ടത്.

മക്കളെ ജീവിത പങ്കാളികളായി വിളിച്ച്, വേർതിരിച്ച്, അനുഗ്രഹിച്ച് ദൈവം ഒന്നാക്കു മ്പോൾ വാസ്തവത്തിൽ അവർ മാതാപിതാക്കൾക്ക് നഷ്ടപ്പെടുകയാണ്, അവരിൽ നിന്നും അകന്നു പോവുകയാണ്. ദൈവം സംയോജിപ്പിച്ച അവരുടെ ജീവിതത്തിൽ കടന്നുകയറി അധികാരം സ്ഥാപിക്കരുത്. കണക്കും പരിഭവവും പറയരുത്. അവരുടെ ജീവിതത്തെ മോണിറ്റർ ചെയ്യാൻ ശ്രമിക്കരുത്. ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യൻ വേർ തിരിക്കരുത്.
നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ നഷ്ടപ്പെട്ടതു കൊണ്ടാണ് നമുക്ക് ദാമ്പത്യവും കുടുംബവും ഒക്കെ ഉണ്ടായത്. അത് ഒരിക്കലും മറക്കരുത്. മക്കളുടെ കുടുംബജീവിതത്തെ ഡിസൈൻ ചെയ്ത ഉടമസ്ഥൻ ദൈവത്തിന്റെ തീരുമാനത്തെ മാനിക്കണം.

ജോബ് സ്റ്റാറ്റസും പ്രതിഫലവും കുറഞ്ഞ മേഖലകളിലേക്ക് കുട്ടികൾ തിരിയുമ്പോൾ അവരെ തടയരുത്. ഈ ലോകത്ത് ശാസ്ത്ര സാങ്കേതിക വിദഗ്ധരും വൈറ്റ് കോളർ ജോലിക്കാരും മാത്രം പോര. ഇടയന്മാരും സാമൂഹ്യപ്രവർത്തകരും കൃഷിക്കാരും പ്രകൃതിസ്നേഹികളും സാഹിത്യകാരന്മാരും കലാകാരന്മാരും എല്ലാം വേണം. മക്കളുടെ ദൈവനിയോഗങ്ങൾക്കായി വിടണം, അവരെ തടയരുത്.
ഉടമസ്ഥൻ ദൈവമാണ്.

കുട്ടികൾ അവരുടെ ഭാവി സുരക്ഷിതത്വത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും അനന്തസാധ്യതകൾക്കുമായി മാതാപിതാക്കളെ വിട്ട് പറന്നകന്നു പോകുമ്പോൾ അവരെ തടയരുത്. പരിഭവം പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്. ശപിക്കരുത്. മാതാപിതാക്കളെ കരുതാത്ത മക്കൾ എന്ന് ബന്ധുക്കളും അയൽക്കാരും പരദൂഷണം പറഞ്ഞ് കുഞ്ഞുങ്ങളുടെ ഹൃദയം കലക്ക രുത്. അവരുടെ നന്മയിലും വളർച്ചയിലും സമൃദ്ധിയിലും ഒക്കെ സന്തോഷിക്കണം. നീലാകാശത്ത് ചിറകുവിരിച്ച് സ്വന്തം നിയോഗങ്ങളുടെ ചക്രവാളങ്ങളിലേക്ക് മക്കൾ പറന്നുയരുന്നത് കണ്ടു സന്തോഷിക്കണം. ഓരോ കുഞ്ഞിന്റെയും ജീവിത ഡെസ്റ്റിനേഷൻ തീരുമാനിക്കുന്നത് ഉടമസ്ഥൻ ദൈവമാണ്.

കാർഷിക വ്യവസ്ഥിതിയിൽ മക്കൾ മാതാപിതാക്കൾക്ക് ചുറ്റും കൂടുകെട്ടി അവരോടൊപ്പം കഴിഞ്ഞിരുന്ന കഴിഞ്ഞ കാലത്തിന്റെ മഹിമയും പുരാണവും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. കാലം മാറി. നമ്മൾ കുട്ടികൾക്ക് ഹൈടെക് വിദ്യാഭ്യാസം കൊടുത്തത് അവരുടെ നല്ല ഭാവിക്കുവേണ്ടിയാണ്. സാധ്യതകൾ തേടി ഗ്ലോബൽ വില്ലേജ് ആയ ലോകത്തിന്റെ പല ഭാഗത്തേക്കും അവർക്ക് കടന്നു പോകേണ്ടിവരും. കൂടുകെട്ടാനും കുഞ്ഞുങ്ങൾക്ക് ഇരതേടാനും മേച്ചിൽപുറങ്ങൾ തേടി അവർക്ക്
പോയേ പറ്റൂ. അതൊക്കെ ഉടമസ്ഥൻ ദൈവത്തിന്റെ തീരുമാനങ്ങളാണ്. എല്ലാ ജീവജാലങ്ങളും പിൻതുടരുന്ന പ്രകൃതി നിയമവും ആണ്. അതെ കുറിച്ച് ഓർത്ത് മാതാപിതാക്കൾ വിഷമിക്കരുത്.

വാർദ്ധക്യത്തിൽ മക്കളുടെ സാന്ത്വനവും സാമിപ്യവും ലഭിക്കണമെന്ന താൽപര്യം എല്ലാ മാതാപിതാക്കൾക്കും ഉണ്ടാകും. സാഹചര്യങ്ങൾ അനുകൂലമായി വന്ന് അത് ലഭിക്കുന്ന ചുരുക്കം ചില മാതാപിതാക്കൾ ഭാഗ്യവാന്മാരാണ്. പക്ഷേ, എല്ലാവർക്കും അത് ലഭിച്ചെന്നുവരില്ല.
ദൈവം ഭരമേൽപ്പിച്ച പേരന്റിംഗ് നിയോഗം അനുഗ്രഹകരമായി പൂർത്തിയാക്കിയ മാതാപിതാക്കളെ വാർദ്ധക്യത്തിൽ ദൈവം കരുതും, താങ്ങും കരങ്ങൾ അവരോടൊപ്പം ഉണ്ടാകും. വാർധക്യത്തിന്റെ സഹനങ്ങളും അരിഷ്ടതകളുമൊക്കെ മക്കൾക്കും മെഡിക്കൽ സയൻസിനും എടുത്തു മാറ്റാൻ കഴിയില്ല. പക്ഷേ ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കുവാൻ ദൈവത്തിന് കഴിയും. നമ്മുടെ ജീവിത സായാഹ്നത്തെ പറ്റി ദൈവത്തിന്റെ ദിവ്യപരിപാലനത്തിൽ അനേകം പദ്ധതികളുണ്ട്. ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ മനസ്സു ഉറപ്പിക്കണം. ഭയപ്പെടേണ്ട, വിശ്വസിച്ചാൽ മാത്രം മതി.

'നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്‌ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്‌ഷിക്കുകയും ചെയ്യും.'

ഏശയ്യാ 46 : 4
"ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്‌ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു.
ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്‌ഷണിക വുമാണ്‌; അവയുടെ ഫലമോ അനുപമമായ മഹത്വവും.'
2 കോറിന്തോസ്‌ 4 : 16-17

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, പേ രന്റിംഗ് നിയോഗങ്ങൾക്കായി ഞങ്ങളെ തിരഞ്ഞെടുത്തു ശക്തിപ്പെടുത്തുന്നതിനായി സ്തോത്രം! ക്രിസ്ത്യൻ പേരന്റിംഗ് യോഗം അർത്ഥപൂർണ്ണമായി നിറവേറ്റുന്നതിലും നല്ല മാതൃകയാകുന്നതിലും ഞങ്ങൾക്ക് സംഭവിച്ചുപോയ വീഴ്ചകളെ ഓർത്ത് ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു. നിന്റെ ഇഷ്ടവും നീ ആഗ്രഹിക്കുന്ന നിയോഗങ്ങളും ഞങ്ങളുടെ മക്കളിലൂടെ നിറവേറ്റപ്പെടേണമേ. അതിനുവേണ്ടി അവരെ പൂർണ്ണമായി സമർപ്പിക്കുവാനുള്ള ഹൃദയവിശാലതയും ത്യാഗമനോഭാവവും ഞങ്ങൾക്ക് തരേണമേ. മുള്ളു പാറയും പെരുവഴിയും ആകുന്ന കുടുംബാന്തരീക്ഷത്തിലും പേരന്റിംഗിലും പെട്ട് വളർച്ച മുരടിച്ചു പോകുന്ന കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പേരെന്റിങ് ശുശ്രൂഷകളിൽ വന്നു പോയ കുറവുകൾ അവിടുന്ന് ക്ഷമി ക്കുകയും ഞങ്ങളുടെ എളിയ ശുശ്രൂഷകളെ മാനിക്കുകയും ചെയ്യേണമേ. നിന്റെ താങ്ങും കരങ്ങളിൽ ആശ്രയിച്ചും വിശ്രമിച്ചും നിത്യതയിലേക്കുള്ള യാത്രയ്ക്കായി ഞങ്ങളെ ഒരുക്കണമെന്ന് യേശുകർത്താവിന്റെ സമുന്നത നാമത്തിൽ അപേക്ഷിക്കുന്നു, കൃപയോടെ കേൾക്കണമെ.

ഫാ. ഡോ. ഏ. പി. ജോർജ്