ഒരുമിച്ചു പ്രാർത്ഥിച്ചു ഒന്നിച്ചു നിൽക്കുക

അനുഗ്രഹകരമായ ദാമ്പത്യ സൗഹൃദത്തിന്റെ അത്യാവശ്യ ഘടകങ്ങളായി  പലപ്പോഴും കാണാറുള്ളത് സമ്പത്ത്, ജോലി, അത്യന്താധുനിക ജീവിതസൗകര്യങ്ങൾ അങ്ങനെയങ്ങനെ പലതുമാണ്. എന്നാൽ സമ്പന്നതയും വ്യക്തിത്വ സവിശേഷതകളും ഉള്ള അനേകം സൗഹൃദങ്ങൾ വഴിപിരിഞ്ഞ് പോകുന്നുണ്ട്.
                ദാമ്പത്യ സൗഹൃദത്തിന്റെ വിജയത്തിന് അനുദിനം ദമ്പതികൾ ചെയ്യേണ്ട പ്രധാനകാര്യം പ്രാർത്ഥനയാണ്. പലപ്പോഴും ദാമ്പത്യത്തിൽ പ്രതിസന്ധി കടന്നു വരുമ്പോഴാണ് ദമ്പതികൾ അടിയന്തരമായി പ്രാർത്ഥിക്കാറുള്ളത്. അതു പോരാ, 
സൗഹൃദ പങ്കാളികളായി ദൈവം ഭരമേൽപ്പിക്കുന്ന നിമിഷം മുതൽ ജീവിതപങ്കാളിക്കും വിവാഹസുരക്ഷിതത്വത്തിനും വേണ്ടി രണ്ടുപേരും പ്രാർത്ഥിച്ചു കൊണ്ടിരിക്കണം.
എന്തൊക്കെയായിരിക്കണം പ്രാർത്ഥനാ വിഷയങ്ങൾ? 
മൂന്നു  പ്രാർത്ഥന വിഷയങ്ങൾ വളരെ പ്രധാനമാണ്:
ഒന്നാമത്,  സ്വന്തം സ്വാർത്ഥമോഹങ്ങൾ മാറുവാൻ  പ്രാർത്ഥിക്കണം. 
എന്നെ സന്തോഷിപ്പിക്കുക എന്നതാണ് എന്റെ ജീവിതപങ്കാളിയുടെ ചുമതല എന്ന സ്വാർത്ഥ ചിന്ത മാറാൻ പ്രാർത്ഥിക്കണം. ആരോഗ്യകരമായ ദാമ്പത്യ സൗഹൃദബന്ധത്തിൽ നിന്നുണ്ടാകുന്നതാണ് ദാമ്പത്യസന്തോഷം. അതിന് രണ്ടുപേരും ചില ത്യാഗങ്ങൾക്ക് തയ്യാറാകണം. സമർപ്പണം, ത്യാഗം, മാപ്പ് കൊടുക്കൽ  തുടങ്ങിയ നിസ്വാർത്ഥ മനോഭാവങ്ങളുടെ കൊടുക്കൽ വാങ്ങലിനുള്ള കോൺട്രാക്ടിലാണ് ദമ്പതികൾ വിവാഹത്തോടെ ഒപ്പിടുന്നതെന്ന് ഓർമയുണ്ടായിരിക്കണം.
എനിക്ക് എല്ലാം ചെയ്തു തരുക, എന്നെ കംഫർട്ടബിൾ ആക്കുക എന്നതാണ് ഇണയുടെ ചുമതല എന്നതൊക്കെ മാതാപിതാക്കൾ ഓവർ പ്രൊട്ടക്ഷൻ നൽകി ചെറുപ്പത്തിൽ പഠിപ്പിച്ച അപ്രായോഗിക സ്വാർത്ഥ കാഴ്ചപ്പാടുകളാണ്. അതൊക്കെ തിരുത്തിയെഴുതിയെ പറ്റു. അതിന്,  എന്നെ ഞാൻ സ്നേഹിക്കുന്നതുപോലെ എന്റെ ജീവിതപങ്കാളിയേയും സ്നേഹിക്കാനുള്ള തുറവിയുള്ള മനസ്സിനായിട്ട് പ്രാർത്ഥിക്കണം.
             രണ്ടാമത് ദാമ്പത്യത്തിൽ എന്റെ  ഇഷ്ടമല്ല  ദൈവേഷ്ടം നടക്കണമെന്ന് രണ്ടുപേരും  പ്രാർത്ഥിക്കണം. ദമ്പതികളായി കൂട്ടിച്ചേർത്ത് അഭിഷേകം ചെയ്തത് അനുഗ്രഹിച്ച ദൈവത്തിന്റെ ഇഷ്ടങ്ങൾ എന്തൊക്കെയാണെന്ന് ദാമ്പത്യ പങ്കാളികൾ മനസ്സിലാക്കണം. അപ്പോൾ എല്ലകാര്യങ്ങളിലും  എന്റെ ഇഷ്ടം നടക്കണമെന്ന നിർബന്ധം മാറും.
എന്താണ് വിവാഹത്തെ പറ്റിയുള്ള ദൈവേഷ്ടം? 
'സഭ ക്രിസ്തുവിന്  വിധേയയായിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാ കാര്യങ്ങളിലും ഭർത്താക്കന്മാർക്ക് വിധേയമായിരിക്കണം. ഭർത്താക്കൻമാരെ,  ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻ വേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതു പോലെ നിങ്ങൾ ഭാര്യമാരെ സ്നേഹിക്കണം.'  (എഫേസ്യർ 5)
ഇതാണ് വിവാഹത്തെ പറ്റിയുള്ള ദൈവേഷ്ടം. ദാമ്പത്യത്തിൽ  ഒരാളുടെ സ്വാർത്ഥ ഇഷ്ടത്തിന് പ്രസക്തിയില്ല. രണ്ടുപേരും പരസ്പരം സ്നേഹിച്ച് ക്രിസ്തുവിനെ പിന്തുടരണം. ഈ പരസ്പര സ്നേഹം മാതൃകയാക്കി കുട്ടികൾ ദൈവസ്നേഹത്തിൽ വളരണം.
ഇപ്പോൾ ദാമ്പത്യബന്ധത്തിൽ ദൈവേഷ്ടമാണോ, സ്വന്തം സ്വാർത്ഥ ഇഷ്ടങ്ങൾക്ക് വേണ്ടിയുള്ള വടംവലി ആണോ നടക്കുന്നതെന്ന് ദമ്പതികൾ വിലയിരുത്തണം. ദൈവേഷ്ടത്തിന്  വിരുദ്ധമായ മനോഭാവങ്ങളും സമീപനങ്ങളും ബന്ധങ്ങളിൽ തുടർന്നാൽ വിരുദ്ധതയും ഇടർച്ചയുമായിരിക്കും അനന്തരഫലങ്ങൾ.
        മൂന്നാമത്,  പരസ്പര ഐക്യത്തിനുവേണ്ടി ദമ്പതികൾ പ്രാർത്ഥിക്കണം. നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും രണ്ട് വ്യത്യസ്ത വ്യക്തികളാണ്. അതുകൊണ്ടുതന്നെ താൽപര്യങ്ങൾ,  ഇഷ്ടാനിഷ്ടങ്ങൾ, വ്യക്തിത്വ ശൈലി,  അഭിരുചികൾ, വൈകാരിക പ്രകൃതങ്ങൾ എന്നിവയിലൊക്കെ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇനി ഇവർ രണ്ടല്ല,  ഒന്നാണെന്നു പറയുമ്പോഴും രണ്ട്  വ്യത്യസ്ത സോഫ്റ്റ്‌വെയറിൽ ദൈവം പണിതീർത്ത രണ്ട് വ്യക്തികൾ തന്നെയാണ്. ദൈവം ഏൽപ്പിച്ച കുടുംബനിയോഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നുചേർന്ന്,  ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ചുനീങ്ങുന്നു എന്നാണ്,  'ഇനി ഇവർ രണ്ടല്ല  ഒന്നാണ്' എന്നതിനർത്ഥം.
ഇണയുടെ വ്യക്തിത്വത്തിലെ വൈവിധ്യങ്ങളെ ആദരിച്ചും  അംഗീകരിച്ചും  ഉൾക്കൊണ്ടും പോകുന്ന സൗഹൃദങ്ങളാണ് അനശ്വര ബന്ധങ്ങളാകുന്നത്. ജീവിതപങ്കാളിയുടെ ബലഹീനതകളും പരിമിതികളും പറഞ്ഞ് പരസ്പരം പടവെട്ടാൻ പ്രേരണയുണ്ടാകുമ്പോൾ നിഷേധ വികാരങ്ങൾക്ക് കീഴ്പ്പെടാതെ സഹിഷ്ണുതയോടെ മുന്നേറാൻ ദമ്പതികൾ ഒന്നിച്ചുനിന്ന് പ്രാർത്ഥിക്കണം. കുറ്റപ്പെടുത്തലും പരിഹാസവും തേജോവധവുമൊക്കെ ഒഴിവാക്കണം. ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടിയായ ജീവിതപങ്കാളിയെ സ്നേഹിക്കാനും സ്നേഹപൂർവ്വം തിരുത്താനും ദോഷത്തിന്റെ  കണക്കു സൂക്ഷിക്കാത്ത മനസ്സും മനോഭാവവും ലഭിക്കുവാനായിട്ടും  പ്രാർത്ഥിക്കണം.
                      ദൈവം നമ്മൾ ഓരോരുത്തരോടും കാണിക്കുന്ന ആദരവും സ്നേഹവും കരുതലും  ജീവിതപങ്കാളിയോടും കാണിക്കണം. വിവേകികളും ജ്ഞാനികളുമൊക്കെ തോറ്റു വഴിപിരിയുന്ന ശിഥില ദാമ്പത്യ ബന്ധങ്ങൾക്കിടയിൽ സാധാരണക്കാർ വിജയിക്കുന്നതിന്റെ രഹസ്യം നിഷ്കളങ്ക സ്നേഹവും ദൈവാശ്രയവും പ്രാർത്ഥനയുമാണ്.
  വിവാഹിതർ ഒന്നിച്ചും  വ്യക്തിപരമായും  മൂന്ന് കാര്യങ്ങൾക്കായി സമർപ്പണത്തോടെ പ്രാർത്ഥിക്കണം:
സ്വന്തം സ്വാർത്ഥ മനോഭാവങ്ങൾ  മാറികിട്ടാൻ,
 ദാമ്പത്യത്തിൽ സ്വന്തം ഇഷ്ടമല്ല ദൈവേഷ്ടം നടക്കാൻ,  
മനസ്സിന്റെ  ഐക്യം സാധ്യമാകാൻ ദമ്പതികൾ  പ്രാർത്ഥിക്കണം,  പ്രാർത്ഥിച്ചു കൊണ്ടേയിരിക്കണം. അപ്പോൾ അനുരഞ്ജനത്തിന്റെ  പരിശുദ്ധാത്മാവ് നിങ്ങളുടെ മനോഭാവങ്ങളെ തിരുത്തി എഴുതും. സ്നേഹാലിംഗനത്തിൽ നിങ്ങളെ ഒന്നാക്കും.
                     ദമ്പതികൾ എന്നും ഓർക്കേണ്ടതും നിത്യതയിൽ കണക്ക് ബോധിപ്പിക്കേണ്ടതുമായ ദാമ്പത്യത്തെപറ്റിയുള്ള ദൈവകൽപന ദമ്പതികൾക്കുള്ള പ്രമാണരേഖയാണ്:
'ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ പെടുത്തരുത്' (മർക്കോസ് 10:9)
            ത്രീയേക ദൈവമേ,  അവിടുന്ന് ഒന്നായിരിക്കുന്നതുപോലെ എല്ലാ വിവാഹിതരുടെയും  മനസ്സിനെ സ്നേഹത്തിൽ സംയോജിപ്പിക്കണമേ. ദാമ്പത്യ സൗഹൃദത്തെ തകർക്കാൻ ശ്രമിക്കുന്ന  നിഷേധ ശക്തികളെ പിന്തിരിപ്പിക്കേണമേ. ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത നിസ്വാർത്ഥ മനസ്സും മനോഭാവങ്ങളും കൊണ്ട് എല്ലാ വിവാഹിതരെയും അത്ഭുതകരങ്ങളാൽ  അവിടുന്ന് അനുഗ്രഹിക്കേണമേ

-ഫാ. ഡോ. ഏ. പി. ജോർജ്