വിവേകിയായ രത്നവ്യാപാരി -1

സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.
അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു.
മത്തായി 13 : 45-46

സ്വർഗ്ഗരാജ്യത്തെ പറ്റിയുള്ള ഈ ഉപമയിൽ വിവേകിയായ രത്നവ്യാപാരി വിലപ്പെട്ട രത്‌നം സ്വന്തമാക്കുന്നത് നാല് സമീപനകളിലൂടെ ആണ്: അന്വേഷിക്കുന്നു, കണ്ടെത്തുന്നു, വിൽക്കുന്നു, വാങ്ങിക്കുന്നു.
Searching,  finding, selling, and buying. 

ഈ നാല് ഘട്ടങ്ങളും നമുക്ക് വിശദമായി ചിന്തിക്കാം.

മേൽത്തരം രത്നം അന്വേഷിക്കുന്ന വ്യാപാരിയെ പരിചയപ്പെടുത്തി കൊണ്ടാണ് ഉപമ ആരംഭിക്കുന്നത് :
'സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.'

ഈ വ്യാപാരിയുടെ കൈവശം അനേകം രത്നങ്ങളുണ്ട്. ചെറുത്, വലുത്, തിളക്കം ഉള്ളത്, മങ്ങിയത്, വിലപിടിപ്പുള്ളത്,  വിലകുറഞ്ഞത്, കേടുപാടുകൾ സംഭവിച്ചത്...
പക്ഷേ ഇവയെക്കാൾ ഒക്കെ മൂല്യമുള്ള രത്നമാണ് അദ്ദേഹം നിരന്തരം അന്വേഷിക്കുന്നത്.  കയ്യിലുള്ളതിനേക്കാൾ ശ്രേഷ്ഠമായതാണ് അദ്ദേഹം തേടുന്നത്.

വ്യാപാരിയുടെ രത്ന ശേഖരത്തിൽ വളരെയധികം രത്നങ്ങൾ ഉണ്ടെങ്കിലും  ഇനിയും സ്വന്തമാക്കാൻ കഴിയാത്ത ഒരു അമൂല്യരത്നം അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമാണ്. ഇത് കണ്ടെത്തുവാനുള്ള അന്വേഷണത്തിലാണ് അദ്ദേഹം എപ്പോഴും.

ക്രിസ്തീയ കുടുംബത്തിൽ ജനിച്ചവർ,  സഭയിലെ ആരാധനയിലും കൂട്ടായ്മകളിലും പങ്കെടുത്തവർ,  തിരുവചനം വായിക്കുകയും കേൾക്കുകയും ചെയ്തവർ,  അനേകം ആത്മീയ വേദികളിൽ കയറി ഇറങ്ങിയവർ... ഇത്രയൊക്കെ ആത്മീയ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും എന്തോ അമൂല്യമായത് കണ്ടെത്താത്തതിന്റെ ആത്മപ്രതിസന്ധിയിലാണ് സത്യാന്വേഷികളായ പലരും.

ഭൗതിക നേട്ടങ്ങളും സ്ഥാനമാനങ്ങളും ജീവിത സൗഭാഗ്യങ്ങളും സമ്പത്തുമാകുന്ന രത്നങ്ങൾ വളരെയധികം നേടിയിട്ടും സം തൃപ്തരാകാത്തവരാണ് മനുഷ്യരിൽ പലരും.  നേട്ടങ്ങളുടെ കൊടുമുടി കീഴടക്കി കഴിയുമ്പോൾ ഇനിയൊന്നും നേടാനി ല്ലാത്തതിന്റെ ദുഃഖവും, നേടിയതൊന്നിനും അർഥമില്ലെന്ന നിരാശയും അനുഭവിക്കുന്നവർ അനവധിയുണ്ട്.   ഭൂമിയിലെ മുഴുവൻ രത്നങ്ങളും സമ്പത്തും കയ്യിൽ കിട്ടിയാലും അത്തരം നിരാശ പരിഹരിക്കുവാൻ കഴിയില്ല.
അന്വേഷിച്ചതും ആഗ്രഹിച്ചതും എല്ലാം  സ്വന്തമാക്കിയിട്ടും മനസ്സിൽ നിരാശയും മടുപ്പും ആണെങ്കിൽ അന്വേഷണ യാത്രയുടെ ഗതിയും ലക്ഷ്യവും മാറ്റേണ്ടത് അത്യാവശ്യമാണ്.

എന്താണ് അന്വേഷിക്കേണ്ടത്?

  അമൂല്യരത്നമായ ക്രിസ്തുവിനെ കണ്ടെത്താനും ക്രിസ്തുവിലാകാനുമുള്ള ദാഹം നമ്മിലെ ദൈവാത്മാവ് എപ്പോഴും പ്രകടിപ്പിക്കും. ജഡീകമോഹാവേശ തിരകൾക്കിടയിൽ പലപ്പോഴും ഇത് ശ്രദ്ധിക്കാതെ പോകാറുണ്ട്. ലോകം മുഴുവൻ നേടിയാലും ക്രിസ്തുവിനെ കണ്ടെത്തുംവരെ ആത്മാവ് അസ്വസ്ഥമായിരിക്കും, ആന്തരിക സ്വസ്ഥത ലഭിക്കില്ല.

ദൈവ സാമീപ്യവും സാന്നിധ്യവും തേടി എപ്പോഴും കുതിച്ചുപായുന്ന മനസ്സായിരുന്നു ദാവീദിന്റേത് :

'നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.എപ്പോഴാണ്‌ എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!'
സങ്കീര്‍ത്തനങ്ങള്‍ 42 : 1-2

രാജ്യഭരണ തിരക്കിലായിരുന്നപ്പോഴും ദൈവത്തെ അന്വേഷിക്കുന്ന ദൈവത്തിന്റെ പ്രിയമാനസനായിരുന്നു ദാവീദ്. ദൈവസാമീപ്യം അദ്ദേഹത്തിന് അഭിനിവേശവും ആത്മസാക്ഷാത്കാരവും സായൂജ്യവും ആയിരുന്നു.

നമ്മുടെ ജീവിതത്തിലെ വിരസതയ്ക്കും നിരാശയ്ക്കും നമ്മൾ പറയുന്ന കാരണങ്ങൾ പലതായിരിക്കാം. അതിന്റെ കാരണക്കാർ ജീവിത പങ്കാളിയും മാതാപിതാക്കളും മക്കളും ശത്രുക്കളും ഒക്കെ ആണെന്ന വിലയിരുത്തലുകളിൽ കുറെയൊക്കെ സത്യം ഉണ്ടായിരിക്കും. എന്നാൽ ക്രിസ്തുവിനെ കണ്ടെത്തുവാനുള്ള അന്വേഷണ യാത്ര തുടരുന്നതുകൊണ്ടുമാത്രമേ ഇപ്പോഴത്തെ നിരാശയ്ക്കും നിസ്സഹായാവസ്ഥയ്ക്കും പരിപൂർണ്ണ പരിഹാരം ഉണ്ടാവുകയുള്ളൂ.  ഇതൊരു ഭാവനയൊ,  ഉപദേശ പ്രസംഗമൊ അല്ല.സത്യ യാഥാർത്ഥ്യമാണ്.

ക്രിസ്തുവിനെ അന്വേഷിച്ചവരും ക്രിസ്തു അന്വേഷിച്ച് കണ്ടെത്തിയവരും ഒക്കെ സംതൃപ്തരും സൗഭാഗ്യശാലികളും ആയതിന്റെ സാക്ഷ്യം ബൈബിളിലും നമുക്ക് ചുറ്റുമുള്ള അനേകരുടെ ജീവിതത്തിലും കാണുവാൻ കഴിയും. ക്രിസ്തുവിനെ അന്വേഷിച്ച് കണ്ടെത്തിയ ആട്ടിടയന്മാരും, യോഹന്നാൻ സ്നാപകന്റെ ശിക്ഷ്യൻമാരും, രക്തസ്രാവക്കാരിയും, നിക്കോദിമോസും, കനാന്യാസ്ത്രീയും ഒക്കെ ആശ്വാസദായകനായ ക്രിസ്തുവിനെ സ്വന്തമാക്കിയാണ് മടങ്ങിയത്.

അതുപോലെതന്നെ  സഖായി, സിനഗോഗിലെ കൂനിയായ സ്ത്രീ, 38 സംവത്സരം കുളക്കരയിൽ കിടന്ന പക്ഷവാതരോഗി തുടങ്ങിയവരെ ക്രിസ്തു കണ്ടത്തിയപ്പോൾ അവരൊക്കെ അമൂല്യ നേട്ടങ്ങൾ കൈവരിച്ച സൗഭാഗ്യശാലികളായി.

ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങിയ ആരുടേയും ജീവിതം  വ്യർത്ഥമായിട്ടില്ല, തളിരിട്ടുതഴച്ച്‌ ഫലം കായ്ച്ചിട്ടേയുള്ളൂ.

ക്രിസ്തുവിനെ കണ്ടെത്താനും ക്രിസ്തുവിൽ ആകാനും ക്രിസ്തുവിനെ സ്വന്തമാക്കാനുള്ള ഒരു വ്യക്തിപരമായ അന്വേഷണ യാത്ര നമ്മുടെ അടിയന്തര ആവശ്യമാണ്. ജീവിതത്തിൽ ഇതുവരെ നേടിയ നേട്ടങ്ങളെക്കാൾ ഒക്കെ വലിയ നേട്ടമായിരിക്കും അത് നേടിത്തരുന്നത്. കാലിനു വിളക്കും പാതയ്ക്കു വെളിച്ചവും പകരുന്ന തിരുവചനത്തിന്റെ വഴിയിലൂടെ മാത്രമായിരിക്കണം ഈ അന്വേഷണ യാത്ര. അന്ധമായി ആരെയും പിന്തുടരരുത്, അനുകരിക്കരുത്. ജനസഹസ്രങ്ങൾ തെരഞ്ഞെടുക്കുന്ന വിശാല വഴിയും എളുപ്പവഴിയും ഒരിക്കലും പിന്തുടരരുത്. ആൾക്കൂട്ടത്തിന്റെ പിറകെ പോകരുത്.
ക്രിസ്തുവിനെ തേടിയുള്ള അന്വേഷണ യാത്രക്ക് ഒരുങ്ങുമ്പോൾ നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവ് വഴിതെറ്റാതെ വഴിനടത്തി, വഴിയും സത്യവും ആയ ക്രിസ്തുവിന്റെ അടുക്കൽ നമ്മളെ സുരക്ഷിതരായി എത്തിക്കും. ക്രിസ്തുവിനെ കണ്ടെത്തുവാനുള്ള  താൽപര്യത്തോടെ അന്വേഷണയാത്ര തുടർന്നവരാരും ഇതുവരെ വഴി തെറ്റിയിട്ടില്ല. അമൂല്യരത്നമായ ക്രിസ്തുവിനെ കണ്ടെത്തിയിട്ടുണ്ട്, സ്വന്തമാക്കിയിട്ടുമുണ്ട്. 

ഈ അന്വേഷണ യാത്രയ്ക്ക് അഗാധമായ ബൈബിൾ ജ്ഞാനമോ, തിയോളജി ഡിഗ്രിയോ, ഭാഷാവരമോ ഒന്നും ആവശ്യമില്ല. മനുഷ്യരെ വീണ്ടെടുക്കാൻ, മനുഷ്യനെ തേടിവന്ന കർത്താവ് തന്നെ അന്വേഷിക്കുന്നവർക്കു തുണയായി അടുത്തുണ്ടാകും  :

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും.
ജറെമിയാ 29 : 13

ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. 
യാക്കോബ്‌ 4 : 8

ബുദ്ധിമാനായ രത്നവ്യാപാരി അമൂല്യരത്നം തേടിയുള്ള യാത്രയിൽ അന്വേഷിച്ചത് കണ്ടെത്തി. ദൈവം ദാനമായി തന്ന  ഈ അൽപ്പകാല ജീവിതം ക്രിസ്തുവിനെ അന്വേഷിക്കുവാനും ക്രിസ്തുവിൽ ആകുവാനുമുള്ളതാണ്.  നിത്യതയിൽ നമുക്ക് വാസസ്ഥലം ഒരുക്കി കൂട്ടിക്കൊണ്ടു പോകുവാൻ വരുന്ന ക്രിസ്തുവിനെ സ്വന്തമാക്കാനുള്ള ആത്മീയ അന്വേഷണ യാത്ര തുടരുവാൻ ദൈവം കൃപതന്നു നമ്മെ സഹായിക്കട്ടെ!

--ഫാ. ഡോ. ഏ. പി. ജോർജ്