വിവേകിയായ രത്നവ്യാപാരി -2

സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.
വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.
അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു.
മത്തായി 13 : 44-46

സുദീർഘമായ അന്വേഷണത്തിന്നൊടുവിൽ മറഞ്ഞുകിടന്ന  നിധിയും രത്നവും വ്യാപാരി കണ്ടെത്തി. അദ്ദേഹം പലതവണ നടന്നു പോയ വയലിൽ ആയിരുന്നു നിധി കിടന്നിരുന്നത്. പക്ഷേ ശ്രദ്ധിച്ചില്ല, കണ്ടുമില്ല. നിധി കണ്ടെത്തിയപ്പോഴാണ് വയലിന്റെ വില അദ്ദേഹം മനസ്സിലാക്കിയത്.

ജനിച്ച നാൾ മുതൽ പരിചയപ്പെട്ട ബൈബിളിന്റെ ആഴവും അർത്ഥവും ഗ്രഹിക്കാൻ പലപ്പോഴും കഴിയാതെ പോയിട്ടില്ലേ? അതിൽ മറഞ്ഞുകിടക്കുന്ന അമൂല്യനിധി തിരിച്ചറിയാൻ സാധിക്കാതെ പോയിട്ടില്ലേ?  ആരാധനയിലും ബൈബിൾ ക്ലാസ്സിലും  പങ്കെടുക്കുമ്പോൾ പലപ്പോഴും നിരീക്ഷകരും കേൾവിക്കാരും കാണികളും മാത്രമായി അതിലെ പൊരുളും മർമ്മവും ഉൾക്കൊള്ളുവാൻ  കഴിയാതെ പോയിട്ടില്ലേ?

കേൾക്കാൻ ചെവി ഇല്ലാതെ തിരുവചനം കേൾക്കുന്നവർക്കും അകക്കണ്ണു തുറക്കാതെ ആരാധനയിലും ആത്മീയ അനുഷ്ഠാനങ്ങളിലും യാന്ത്രികമായി പങ്കെടുക്കുന്നവർക്കും അവയിൽ മറഞ്ഞുകിടക്കുന്ന നിധിയും അമൂല്യ രത്നവും തിരിച്ചറിയാൻ സാധിക്കാറില്ല. നിധി കണ്ടെത്താതെ വയൽ മാത്രം കാണുന്ന  ആരാധകരെ പറ്റി ദൈവം പറയുന്നത് ശ്രദ്ധിക്കേണ്ടതാണ് :
' ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരംകൊണ്ടു മാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍നിന്ന്‌ അകന്നിരിക്കുന്നു. എന്റെ നേര്‍ക്കുള്ള ഇവരുടെ ഭക്‌തി, മനഃപാഠമാക്കിയ മാനുഷികനിയമമാണ്‌.'
ഏശയ്യാ 29 : 13

ആത്മീയ അനുഭവങ്ങളിലും തിരുവചനത്തിലും പലരും പലപ്പോഴും  കണ്ടെത്താതെ പോയ അമൂല്യ നിധിയാണ് ക്രിസ്തു. ആ നിധി കണ്ടെത്തിയ ആദ്യകാല ശിഷ്യന്മാരും സഹദേന്മാരും ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളാകുവാൻ തയ്യാറായി.  വചനത്തിന്റെ ശത്രുക്കൾക്കു മുമ്പിലേക്ക്  ഇന്നും രക്തസാക്ഷികൾ അണിയണിയായി മാർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. ക്രൂശിലെ സ്നേഹമാണ് അതിനവരെ നിർബന്ധിക്കുന്നത്, അതാണവരുടെ  ഡ്രൈവിംഗ് ഫോഴ്സ്.

ഭൗതിക  താൽപര്യങ്ങളും ആസക്തികളും വഴിതെറ്റിയ സുഹൃദ് ബന്ധങ്ങളും ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വന്തമാക്കുന്ന  ദൈവമക്കളുടെ  സാക്ഷ്യംകൊണ്ട് ആത്മീയ സദസ്സുകൾ സജീവമാണ്  .

ഒന്നിനു നാലുവീതം പിടിച്ചു വാങ്ങിയിരുന്ന സക്കായി ക്രിസ്തുവിന്റെ  മഹത്വം തിരിച്ചറിഞ്ഞപ്പോൾ ഒന്നിന് നാലുവീതം തിരിച്ചുകൊടുത്ത് ക്രിസ്തുവിനെ സ്വന്തമാക്കി.

ക്രിസ്തുവിനേക്കാൾ തന്റെ  സമ്പത്തിന് ധനിക യുവാവ് പ്രാധാന്യം കൊടുത്തു.   ക്രിസ്തു നിർദ്ദേശിച്ചതുപോലെ തനിക്കുള്ളത് വിറ്റ് ദരിദ്രർക്കു കൊടുക്കാനും ക്രിസ്തുവിനെ അനുഗമിക്കാനും അയാൾ തയ്യാറായില്ല. ചെറുപ്പം മുതൽ എല്ലാ ന്യായപ്രമാണങ്ങളും കൃത്യമായി അനുസരിച്ചുവന്ന ഈ സ്വയം നീതിമാനായ ധനികന് ക്രിസ്തുവിന്റെ മൂല്യം തിരിച്ചറിയാൻ കഴിയാതെ പോയി.

ക്രിസ്ത്യാനികളെ തന്റെ മതത്തിന്റെ ശത്രുക്കളായി കണ്ട് പീഡിപ്പിച്ച ശൗലിന് ക്രിസ്തു പ്രത്യക്ഷപ്പെട്ട് മഹത്വവും തേജസ്സും വെളിപ്പെടുത്തിയപ്പോൾ, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തന്നെ മാറി. തന്റെ മാനവും മഹത്വവും പദവിയും ഒക്കെ വിറ്റ് ശൗൽ ക്രിസ്തുവിനെ സ്വന്തമാക്കി. നിധി കണ്ടെത്തിയ വ്യാപാരിയെ പോലെയായി പൗലോസ്.

ക്രിസ്തുവിന്റെ മൂല്യം മനസ്സിലാക്കാതെയും തിരിച്ചറിയാതെമുള്ള ഭക്തിയും വിശ്വാസവും അനുഷ്ഠാനങ്ങളും ഉപരിപ്ലവ വികാരം മാത്രമാണ്. പ്രലോഭനങ്ങൾ വരുമ്പോൾ യൂദാസിനെ പോലെ ക്രിസ്തുവിനെ വിട്ടു ഭൗതിക നേട്ടങ്ങൾക്ക് പിറകെ  പോകുന്നതിനുള്ള കാരണം രക്ഷകന്റെ വില അറിയാത്തതാണ്. അതുകൊണ്ടുതന്നെയാണ് ക്രിസ്തുവിനെ നഷ്ടപ്പെടുത്തി അധാർമിക ജീവിതശൈലിയും ആസക്തിയും നിലനിർത്താൻ പലരും ശ്രമിക്കുന്നത്‌.
ക്രിസ്തുവിനേക്കാൾ അധികം പ്രാധാന്യം സ്വത്തിനും അധികാരസ്ഥാനങ്ങൾക്കും ആധിപത്യത്തിനും  കൊടുക്കുന്നത് കൊണ്ടാണ് ദൈവജനത്തിന്റെ ഇടയിൽ ശത്രുതയും ഇടർച്ചയും ഉണ്ടാകുന്നത്. വിലപ്പെട്ട രത്നം കണ്ടെത്തിയപ്പോൾ മറ്റെല്ലാം അപ്രസക്തമായി കണ്ട വ്യാപാരിയുടെ മനോഭാവത്തിലേക്ക് സഭകൾ വളരണം. നിത്യതയിൽ മൂല്യമുള്ളതിന് പ്രാധാന്യം കൊടുക്കണം 

ഒരാളുടെ വ്യക്തിത്വത്തിന്റെ മഹത്വം അടുത്തറിയുമ്പോഴാണ്‌ നമുക്ക് അയാളോട് മതിപ്പ് തോന്നുന്നത്.  ക്രിസ്തുവിന്റെ മഹത്വവും അനുപമമായ മൂല്യവും ആഴത്തിൽ അറിയുന്നവർ സർവ്വവും യേശു നാഥന്  സമർപ്പിക്കുവാൻ തയ്യാറാകും.

തിരുവചന വയലിലെ അമൂല്യ നിധിയായ  ക്രിസ്തുവിന്റെ മഹത്വം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം :

ഒന്ന്,  അവന് തുല്യനായി ആരുമില്ലെന്നാണ് അപ്പോസ്തോലൻ പൗലോസിന്റെ സാക്ഷ്യം.
ജ്‌ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ്‌ ഒളിഞ്ഞുകിടക്കുന്നത്‌.
കൊലേസ്യർ 2 : 3

മർത്ത്യ ശരീരത്തിൽ  കാണപ്പെട്ട ദൈവമാണ് ക്രിസ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും സമ്പൂർണതയുടെയും നിധികളുടെ വിശാലവയലാണ് ക്രിസ്തു. മനുഷ്യനോടൊപ്പം കരയുകയും ചിരിക്കുകയും  സാന്ത്വനിപ്പിക്കുകയും ചെയ്ത നിസ്തുല സ്നേഹമായ  ദൈവമാണ് ക്രിസ്തു.

രണ്ട്,  ക്രിസ്തു നമുക്ക് വേണ്ടി ചെയ്തതെല്ലാം വിസ്മയ കാര്യങ്ങളാണ് :
മനുഷ്യന്റെ പാപപരിഹാര ബലിക്ക് യോഗ്യതയുള്ള ഊനമില്ലാത്ത കുഞ്ഞാടായി ജീവിച്ചു.   മനുഷ്യന്റെ പാപത്തിന് പ്രായശ്ചിത്തമായി നീതിമാനായ ദൈവം  നിശ്ചയിച്ച കഠിന ശിക്ഷ ക്രിസ്തു സ്വയം ഏറ്റുവാങ്ങി. കഥ അവിടെ തീരുന്നില്ല, അവൻ മരണ കവാടങ്ങളെ തകർത്ത് ഉയർത്തെഴുന്നേറ്റ്, സ്വർഗ്ഗ പിതാവിന്റെ വലതുഭാഗത്ത് മധ്യസ്‌സ്ഥനും മഹാപുരോഹിതനും ആയി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

മൂന്ന്,  ക്രിസ്തു തരുന്ന  അനുഗ്രഹദാനങ്ങളും കൃപാവരങ്ങളും അനവധിയാണ്.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.
മത്തായി 11 : 28-29.
ഇതുപോലൊരു ഉറപ്പുനൽകാൻ ആർക്കാണ് കഴിയുക?

അവൻ സകല ജഡത്തിന്മേലും ആത്മാവിനെ പകരുന്നവനാണ്.  പാപമോചനവും വിശുദ്ധീകരണവും  ദൈവമുമ്പാകെ നീതീകരണവും അനുരഞ്ജനവും സാധ്യമാക്കുന്ന വീണ്ടെടുപ്പുകാരനാണ്.   മനുഷ്യന്റെ സമ്പാദ്യങ്ങൾ കൊണ്ട് വാങ്ങാൻ കഴിയാത്ത വിസ്മയ ദാനങ്ങളാണ് ക്രിസ്തു നൽകുന്നത്.

നാല്, നമ്മുടെ സ്വന്തവും സർവ്വസ്വവും ആയ  ക്രിസ്തുവിൽ നിന്ന്‌ നമ്മെ അകറ്റുവാൻ  ഒരു ശക്തിക്കും കഴിയില്ല. ഇപ്പോൾ നമുക്ക് സ്വന്തമാണെന്ന് കരുതുന്ന ജോലി, കുടുംബം, മക്കൾ, ജീവിതപങ്കാളി, ജീവിതം, സ്ഥാനമാനങ്ങൾ, സമ്പത്ത്, സ്വാതന്ത്ര്യം, ആരോഗ്യം തുടങ്ങിയവയെല്ലാം ഒരിക്കൽ നഷ്ടപ്പെടും. നേടിയ നേട്ടങ്ങളെല്ലാം കൈവിട്ടു പോകും. എന്നാൽ ഒരിക്കലും നഷ്ടപ്പെടാത്തതും എന്നും സ്വന്തമെന്ന് പറയുവാനുള്ളതും ക്രിസ്തു മാത്രമായിരിക്കും.

പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
അവിടുന്ന്‌ എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്‌ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ്‌ എന്നെ അയച്ചവന്റെ ഇഷ്‌ടം.
യോഹന്നാന്‍ 6 : 37-39

ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അഗ്നി പരീക്ഷണങ്ങളിലും മരണ നിഴൽ താഴ്വരയിലും ക്രിസ്തു കൂടെയുണ്ടാകും.  അവന്റെ വടിയും കോലും നമുക്ക് ആശ്വാസമായിരിക്കും.  ജീവിതത്തിന്റെ മറുകരയിൽ നമ്മൾ എത്തുമ്പോൾ കൈപിടിച്ച് നടത്തി ദൈവമുമ്പാകെ എത്തിക്കുവാൻ അവൻ ഉണ്ടാകും. ഒരുനാളും ഉപേക്ഷിക്കില്ല, കൈവിടുകയില്ല എന്ന് പറയുവാൻ  ക്രിസ്തുവിനു മാത്രമേ കഴിയൂ.

രത്നം അന്വേഷിച്ച വ്യാപാരി ഒടുവിൽ കണ്ടെത്തി. അതിന്റെ വില മനസ്സിലാക്കി.   ക്രിസ്തുവാകുന്ന അമൂല്യരത്നത്തിന്റെ വില ജീവിതത്തിൽ പരമപ്രധാനമാണെന്ന തിരിച്ചറിവ്  വളരെ പ്രധാനപ്പെട്ടതാണ്. ക്രിസ്തുവിനെ അറിയാനും ക്രിസ്തുവിൽ ആകാനും  ദാനം തന്നിരിക്കുന്നു ഈ ജീവിതത്തിൽ ക്രിസ്തുവിന്റെ മഹത്വം അറിയാതെ പോകുന്നത് വലിയ വലിയ നഷ്ടമാണ്.

ക്രിസ്തുവിന്റെ മൂല്യം തിരിച്ചറിഞ്ഞവരുടെ ജീവിതത്തിലെല്ലാം ശ്രദ്ധേയമായ പരിവർത്തനങ്ങളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. യേശുകുഞ്ഞിനെ കണ്ട് മടങ്ങിയ വിദ്വാൻമാർ ഹേറോദോസിനെ കാണാതെ മറുവഴിയായി പോയതുപോലെ, ക്രിസ്തുവിലായ അനേകർ ജീവന്റെ വഴി തിരഞ്ഞെടുത്ത് നിത്യതയെ ലക്ഷ്യമാക്കി യാത്രതുടർന്നിട്ടുണ്ട്.

തനിക്കുള്ളതെല്ലാം വിറ്റ് നിധിയുള്ള വയലും വിലയേറിയ  രത്‌നവും വാങ്ങിയ ബുദ്ധിമാനായ വ്യാപാരിയെ പോലെ, കർത്താവും രക്ഷിതാവുമായ  ക്രിസ്തുവിന്റെ മൂല്യം  മനസ്സിലാക്കുബോൾ മാത്രമാണ് എന്ത് വില കൊടുത്തും എല്ലാം സറണ്ടർ ചെയ്തും ക്രിസ്തുവിനെ സ്വന്തമാക്കാനുള്ള താല്പര്യം നമുക്കുണ്ടാവുന്നത്.

ദൈവമേ, അങ്ങയെ ആത്മാവിൽ അനുഭവിച്ചറിയുവാനും വിട്ടുപിരിയാത്ത  സ്നേഹബന്ധത്തിലാകാനും ഞങ്ങളെ സഹായിക്കേണമേ. തന്നിൽ വിശ്വസിക്കുന്നവർക്ക് സമൃദ്ധമായ ജീവൻ വാഗ്ദാനം ചെയ്ത യേശുക്രിസ്തുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.

--ഫാ. ഡോ. ഏ. പി. ജോർജ്