മുൻവിധിക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഒരു പരീശൻ  യേശുവിനെ ഭക്ഷണത്തിന് ക്ഷണിച്ചു.  കൈകഴുകാതെ യേശു ഭക്ഷണത്തിനിരിക്കുന്നത് കണ്ടു പരീശൻ അസ്വസ്ഥനായി.  ആതിഥേയ മര്യാദപോലും മറന്ന് തന്റെ അതൃപ്തി അദ്ദേഹം പരസ്യമായി ക്രിസ്തുവിനുനേരെ പ്രകടിപ്പിച്ചോ എന്നറിയില്ല.

ആ പരീശന്റെ  ആത്മീയ കാഴ്ചപ്പാടുകളിലെ വൈകല്യങ്ങൾ തിരുത്താൻ ക്രിസ്തു ആ അവസരം പ്രയോജനപ്പെടുത്തി.
                  നിഷ്ഠാനുഷ്ഠാനങ്ങളിൽ 'ഫുള്ളി ക്വാളിഫൈഡ്' ആയ പരീശൻ  പെർഫെക്റ്റ് വിശ്വാസി ആണെന്ന്  സ്വയം ചിന്തിച്ചിരുന്നു. എന്നാൽ അവന്റെ  മനോഭാവങ്ങളിൽ  സ്പിരിച്വൽ സ്കാനിങ് നടത്തിയപ്പോൾ മറഞ്ഞിരുന്ന രണ്ട് രോഗങ്ങൾ ക്രിസ്തു കണ്ടെത്തി:
ഒന്നാമത്തേത്,  മുൻവിധിയെന്ന വൈകല്യമാണ്.  സ്വന്തം വിശ്വാസവും കാഴ്ചപ്പാടും നിർബന്ധങ്ങളും  മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയും  അതിന്റെ പേരിൽ മുൻവിധി നടത്തുകയും ചെയ്യുന്ന സങ്കുചിത മനോഭാവത്തെ ക്രിസ്തു തിരുത്തി. എന്റെ മതം, എന്റെ ചിന്താഗതി, എന്റെ ആചാരാനുഷ്ഠാന രീതികൾ, എന്റെ മനസ്സാക്ഷിയുടെ വിലയിരുത്തൽ  മാത്രമാണ് ശരി,  മറ്റുള്ളതെല്ലാം തെറ്റാണ്,  മറ്റുള്ളവരെല്ലാം പാപികളാണ്,  തുടങ്ങിയ സ്വയനീതീകരണ ചിന്താഗതി ഈ പരീശന്റെ  ബലഹീനതകളായിരുന്നു. അത് ക്രിസ്തു ചൂണ്ടിക്കാണിച്ചു.

          ഇടുങ്ങിയ ചിന്താഗതിക്കാർ ജീവിത പങ്കാളിക്കും സഹവിശ്വാസികൾക്കും  വളരെയധികം പ്രതിസന്ധികളുണ്ടാക്കുന്നവരാണ്.  മൗലികവാദങ്ങളും വർഗീയചിന്തകളുമൊക്കെ ഇത്തരം മുൻവിധിയുടെ അനന്തര ദുരന്തഫലങ്ങളാണ്.

               രണ്ടാമത്,  പുറംമോടിയിലാണ് കാര്യമെന്ന പരീശന്റെ അബദ്ധചിന്താഗതി  ക്രിസ്തു തിരുത്തി. അകത്ത് ചെല്ലുന്നതല്ല,  അകത്തു നിന്ന് പുറത്തുവരുന്ന മലിനവാക്കുകളും പ്രവർത്തികളും ജീവിത സമീപനങ്ങളുമൊക്കെയാണ് മനുഷ്യനെ അശുദ്ധനാക്കുന്നതെന്ന പരമസത്യം ക്രിസ്തു അവന്  വെളിപ്പെടുത്തി കൊടുത്തു. ചതകുപ്പയിലും ജീരകത്തിലും  കൃത്യമായി ദശാംശം കൊടുത്താലും ആഴ്ചയിൽ നാലുദിവസം ഉപവസിച്ചാലും  ഹൃദയശുദ്ധി ഇല്ലെങ്കിൽ ദൈവത്തെ  കാണാനാവില്ലെന്ന ക്രമപ്രശ്നം ക്രിസ്തു  ചൂണ്ടികാണിച്ചു. കൊത്തുപണികളും ആപ്തവാക്യങ്ങളും കൊണ്ട് പ്രൗഡമനോഹരമാക്കിയ മാർബിൾ ശവകുടീരങ്ങളുടെ അകം ചീഞ്ഞളിഞ്ഞ മൃതശരീരാവശിഷ്ടങ്ങളും  ദുർഗന്ധപൂരിതവുമാണ്.

പുറംമോടി നോക്കി ഒരാളെ അംഗീകരിക്കുകയോ  വിധിക്കുകയൊ ചെയ്യുന്നതിൽ അപാകതയുണ്ടെന്ന് കര്‍ത്താവ്‌ സാമുവലിനോടു കല്‍പിച്ചു:
'അവന്‍െറ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്‌. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.'
1 സാമുവല്‍ 16 : 7
ബാഹ്യ ഭാവങ്ങളുടെ മാനദണ്ഡങ്ങൾ കൊണ്ട് മറ്റുള്ളവരെ വിലയിരുത്തുകയും വിധിക്കുകയും ചെയ്യുമ്പോൾ നമുക്കും ഈ അബദ്ധം സംഭവിക്കാറില്ലേ? Be objective, unbiased and impersonal!

                 
 സ്നേഹാദരവുകളോടെ വിളിച്ചു  ഭക്ഷണംതന്ന പരീശനല്ലേ, പറഞ്ഞു മുഷിയേണ്ടെന്നു ക്രിസ്തു ചിന്തിച്ചില്ല. ആന്തരിക വിശുദ്ധീകരണത്തിന്റെ  രണ്ട് മർമ്മങ്ങൾ അഥിതിയായ ക്രിസ്തു പരീശനെ പഠിപ്പിച്ചു:

>മുൻവിധി ഒഴിവാക്കുക.
>ബാഹ്യ മോഡിയെക്കാൾ ദൈവം ഇഷ്ടപ്പെടുന്ന ആന്തരിയ  വിശുദ്ധീകരണത്തിനായി വാക്കും പ്രവർത്തിയും മനോഭാവങ്ങളും സംശുദ്ധമാക്കുക.

അതിഥിയായി വന്ന ക്രിസ്തു ആതിഥേയനായ പരീശന്റെ  അബദ്ധ ചിന്താഗതികളെ തിരുത്തിയെഴുതി.

   അധർമ്മം മനസ്സിലുള്ളപ്പോൾ വഴിപാടും പ്രെയ്‌സും കൊണ്ട്  ക്രിസ്തുവിനെ പ്ലീസ് ചെയ്യാനാവില്ല. ധാർമിക അധപതനം കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ചു കളയാൻ അവൻ തയ്യാറുമല്ല. നാഥാൻ പ്രവാചകനെപ്പോലെ മുഖം നോക്കാതെ തെറ്റ് തെറ്റാണെന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയും. ക്രിസ്തുവിനെ സ്നേഹിക്കുന്നവരിൽ ക്രിസ്തുവിന്റെ ആത്മാവ് ദാസനെ പോലെയല്ല, അധികാരിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്.

സക്കായിയുടെ വീട്ടിലും പരീശന്റെ  ഭവനത്തിലും വിരുന്നുകാരനായി എത്തി,  ആതിഥേയരുടെ സ്വയ നീതീകരണം തകിടംമറിച്ച്,  മാനസാന്തരത്തിലേക്കുനയിച്ച വിശിഷ്ടാതിഥിയാണ് നമ്മുടെ കർത്താവ്. ഹൃദയ വാതുക്കൽ മുട്ടി കൊണ്ടിരിക്കുന്ന ക്രിസ്തുവിനെ അന്തരംഗത്തിലേക്ക് ആദരപൂർവ്വം സ്വീകരിച്ചാൽ അവൻ നമ്മുടെ ആത്മീയ കാഴ്ചപ്പാടുകളെയും അബദ്ധചിന്താഗതികളെയും തിരുത്തിയെഴുതി, പുനഃസംവിധാനം ചെയ്യും.

മുൻവിധിയുടെ കാരാഗൃഹത്തിൽ നിന്ന് നമ്മൾ മോചിതരാകുമ്പോൾ വ്യക്തിബന്ധങ്ങളിലും ദാമ്പത്യ ബന്ധത്തിലും ഇപ്പോൾ നമ്മൾ നേരിടുന്ന പല പ്രതിസന്ധികളും ഒഴിവാക്കുവാൻ കഴിയും.

ഇത്, മനുഷ്യന് അസാധ്യമാണെങ്കിലും  ദൈവത്തിന് സാധ്യമാണ്!

ക്രിസ്തുവിനെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നവരുടെ ഹൃദയ ദേവാലയത്തിന്റെ  ശുദ്ധീകരണം അവൻ നടത്തും. പിൻപറ്റുന്ന പാപസ്വഭാവങ്ങളെ  തിരുത്തി എഴുതും. പോസിറ്റീവ് മെന്റൽസെറ്റ് സെറ്റ് ചെയ്യും. ഉദാഹരണം ഒന്ന്, പൗലോസ്.
രണ്ട്, പത്രോസ്.  

              ദൈവമേ,  തെറ്റായി പഠിച്ചും പഠിപ്പിച്ചും പരിശീലിച്ച സങ്കുചിത മനോഭാവങ്ങളെ തിരുത്തി,  തിരുവചനത്തിലധിഷ്ഠിതമായ പുത്തൻ കാഴ്ചപ്പാടുകളിലേക്കു  ഞങ്ങളെ നയിക്കണമെ.
-ഫാ. ഡോ. ഏ. പി. ജോർജ്