പ്രാർത്ഥിക്കുമ്പോൾ

പ്രാർത്ഥനയുടെ ദൈർഘ്യത്തെക്കാൾ അതിനുള്ള ഒരുക്കമാണ് പരമപ്രധാനം.  കർത്താവിൽ നിന്ന്  അഗ്നി ഇറങ്ങി ബലിവസ്തുക്കളും വിറകും കല്ലും മണ്ണും ദഹിപ്പിച്ച ഏലിയാവിന്റെ പ്രാർത്ഥന വളരെ ഹ്രസ്വമായിരുന്നു :
'...ദൈവമായ കര്‍ത്താവേ, അങ്ങ്‌ ഇസ്രായേലിന്റെ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്‌തതെന്നും ഇന്നു വെളിപ്പെടുത്തണമേ!
അങ്ങ്‌ മാത്രമാണു ദൈവമെന്നും അങ്ങ്‌ ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന്‌ എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!' - 1 രാജാക്കന്‍മാര്‍ 18 : 36-37.

എന്നാൽ പ്രാർത്ഥനയ്ക്ക് മുൻപ് ദഹനബലിക്കുള്ള ഒരുക്കങ്ങൾ സുദീർഘമായിരുന്നു:
പന്ത്രണ്ട് കല്ലുകൾ കൊണ്ട് ബലിപീഠം നിർമ്മിച്ചു, അതിനു ചുറ്റും ചാലുകൾ ഉണ്ടാക്കി, വിറക് അടുക്കി, കാളയെ കഷണങ്ങളാക്കി അതിൽ മേൽ വെച്ചു,  നാലു കുടം വെള്ളം ദഹനവസ്തുവിലും വിറകിലും മൂന്നു പ്രാവശ്യം ഒഴിച്ചു. ബലിപീഠത്തിനു ചുറ്റുമുള്ള ചാലിൽ വെള്ളം നിറച്ചു.

പ്രാർത്ഥനയും ആരാധനയുമൊക്കെ പ്രബലവും ശ്രദ്ധേയവും ഫലപ്രദവും ദൈവസന്നിധിയിൽ അംഗീകാര യോഗ്യവുമാകാൻ അതനുഷ്ഠിക്കുന്നതിനു മുമ്പ് കാർമികരും വിശ്വാസികളും  ആത്മശരീരമനസ്സുകളിൽ നടത്തുന്ന ഒരുക്കവും തയ്യാറെടുപ്പും വളരെ വളരെ പ്രധാനപ്പെട്ടതാണ്.

'ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.'
സങ്കീർത്തനങ്ങൾ 66:18

'നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.'       - മർക്കൊസ് 11:25 -26

'നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.' -ലേവ്യപുസ്തകം 19:2

ഏ. പി. ജോർജ്ച്ചൻ