'ആരാധന' എന്ന വാക്ക് നമ്മുടെ മനസ്സിൽ ഉണർത്തുന്ന ചിന്തകൾ, പാട്ടുകളും പ്രാർത്ഥനകളും ദേവാലയ ശുശ്രൂഷകളുമാണ്. എന്നാൽ ദൈവവചനം ആരാധനയെ അതിനേക്കാളൊക്കെ ആഴത്തിലാണ് നിർവചിക്കുന്നത്. യഥാർത്ഥ ആരാധന മണിക്കൂറുകൾ നീളുന്ന സമ്മേളനം മാത്രമല്ല; യാഗപീഠത്തിൽ ജീവിതം സമർപ്പിക്കപ്പെടുന്നതു കൂടിയും ആണ്.
'ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന.' റോമർ 12 : 1
പഴയ നിയമത്തിലെ യാഗങ്ങളിൽ ജീവനില്ലാത്ത വസ്തുക്കളായിരുന്നു സമർപ്പിച്ചിരുന്നത്. യാഗപീഠത്തിൽ വയ്ക്കുന്ന യാഗ വസ്തുക്കൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ദൈവം ഇന്ന് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത് ജീവനുള്ള യാഗമാണ്. അതിന്റെ അർത്ഥം, ഓരോ ദിവസവും നമ്മുടെ ഇഷ്ടങ്ങളും സൗകര്യങ്ങളും സ്വാർത്ഥ മനോഭാവങ്ങളും ദൈവഹിതത്തിന് കീഴ്പ്പെടുത്തി ജീവിക്കുക എന്നതാണ്. പ്രശ്നം എന്തെന്നാൽ, ജീവനുള്ള യാഗ സമർപ്പണങ്ങളിൽ യാഗപീഠത്തിൽ നിന്ന് ഇറങ്ങിപ്പോകുവാൻ ബലഹീനമായ ജഡം പ്രലോഭനം ഉണ്ടാക്കും. അതുകൊണ്ടാണ് ഓരോ ദിവസവും പുതിയ സമർപ്പണം ആവശ്യമാകുന്നത്.
ആരാധനയിൽ നമ്മുടെ ശരീരത്തിന് വലിയ ആത്മീയ പ്രാധാന്യമുണ്ടെന്ന് തിരുവചനം ഓർമ്മപ്പെടുത്തുന്നു. പരിശുദ്ധാത്മാവിന്റെ ആലയമായ നമ്മുടെ ശരീരം നമ്മുടെ സ്വന്തമല്ല; വിലകൊടുത്ത് വാങ്ങപ്പെട്ടതാണ് (1 കൊരിന്ത്യർ 6:19-20). അതിനാൽ നാം എന്ത് ഭക്ഷിക്കുന്നു, എങ്ങനെ സംസാരിക്കുന്നു, എങ്ങനെ ജോലി ചെയ്യുന്നു, എങ്ങനെ വിശ്രമിക്കുന്നു, നമ്മുടെ ബന്ധങ്ങളെയും ലൈംഗികതയെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതെല്ലാം ആരാധനയുടെ ഭാഗമാണ്. ദൈവത്തെ മഹത്വപ്പെടുത്തുന്ന ഓരോ തിരഞ്ഞെടുപ്പും യാഗപീഠത്തിൽ തുടരാനുള്ള തീരുമാനമാണ്; ലൗകിക വിഗ്രഹങ്ങളെയും ജഡീക മോഹങ്ങളെയും പിന്തുടരുന്ന ഓരോ തിരഞ്ഞെടുപ്പും യാഗപീഠത്തിൽ നിന്നുള്ള ഇറങ്ങിപ്പോകലാണ്.
യഥാർത്ഥ ആരാധന ജീവിതം അത്ര എളുപ്പമല്ല. സത്യത്തിലും ആത്മാവിലും ഉള്ള ആരാധനയ്ക്ക് ത്യാഗവും വേദനയും പൂർണ്ണ സമർപ്പണവും ആവശ്യമാണ്. എങ്കിലും അതിൽ ആഴമായ സന്തോഷമുണ്ട്. കാരണം മനുഷ്യൻ സ്വയം സ്വന്തമാകാനല്ല, ദൈവത്തിന്റേതാകുവാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. സ്രഷ്ടാവിന്റെ ഇഷ്ടത്തിന് സ്വയം സമർപ്പിക്കുകയും ജീവിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം സമർപ്പിത ആരാധനയായി തീരുന്നത്. ജീവിതത്തിന്റെ യഥാർത്ഥ അർത്ഥവും സമാധാനവും കണ്ടെത്തുവാൻ കഴിയുന്നതും അപ്പോഴാണ്.
'ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?'
ഉല്‍പത്തി 22 : 7
ആരാധനയുടെ വലിയ ആത്മീയ മർമ്മം ഉൾക്കൊള്ളുന്ന ഒരു ചോദ്യമാണ് ബാലനായ ഇസഹാക്ക് ചോദിക്കുന്നത്. വലിയ ദേവാലയങ്ങളും പ്രകാശ അലങ്കാരങ്ങളും ആരവങ്ങളും സെലിബ്രിറ്റികളും ആൾക്കൂട്ടവും കൊണ്ട് ശബ്ദമുഖരിതമായ ആരാധന ശ്രദ്ധിക്കുന്ന ദൈവം ചോദിക്കുന്നത്: 'എല്ലാം നല്ലത്, പക്ഷേ, എന്റെ മക്കളുടെ ഹൃദയം എവിടെ' എന്നാണ്.
മേരി മാതാവിന്റെ ആരാധനയിലെ വിനീതമായ ആത്മസമർപ്പണം വളരെ ശ്രദ്ധേയമാണ്:
'അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.' ലുക്കോസ് 1:46-47
മോർ അപ്രേം പിതാവിന്റെ, ആരാധനയിലെ ആത്മസമർപ്പണത്തിന്റെ സാക്ഷ്യം വളരെ ഉദാത്തമാണ്:
' എന്നെ തന്നെ സന്നിധിയിൽ, കാഴ്ചയണപ്പാനും നാഥാ
എന്നെ നിനക്ക് സുഗന്ധമതായ്, അർപ്പിപ്പാനും കൃപ ചെയ്ക
എൻ നാഥാ! നിൻ തിരുമുമ്പിൽ, ആത്മശരീര മനസ്സുകളെ
ശോഭ കലർന്ന വിളക്കുകളായ്, ഞാൻ കത്തിപ്പാറാകണമേ
ആത്മശരീര മനസ്സുകളാ, മെന്നുടെ തിരുമുൽ കാഴ്ചകളെ
താത സുതാശ്വാസ പ്രദനെ! അൻപൊടു കൈക്കൊണ്ടീടണമേ.'
ദൈവത്തിന്റെ അനന്ത സ്നേഹത്തിനും വിസ്മയ കരുണയ്ക്കുള്ള വിശിഷ്ട കാഴ്ചയായി സ്വയം സമർപ്പിക്കുന്ന ജീവിതമാണ് ആരാധന.
അല്ല, ആരാധന ഒരു ചടങ്ങല്ല.
-ഫാ. ഡോ. ഏ. പി. ജോർജ്