ആർ ബോൺ ടു ബി റിയൽ

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടി സൃഷ്ടിക്കുന്ന പ്രധാന വികാരമാണ് ഭയമെന്നാണ് സദൃശ്യവാക്യക്കാരൻ പറയുന്നത് : 'മനുഷ്യന്റെ ഭയം ഒരു കെണിയാണ് കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻ  സുരക്ഷിതനാണ്' (29 :25).

              ആളുകളെ ഭയപ്പെടുന്നവർക്ക് ഒരിക്കലും സമാധാനമുണ്ടാവില്ല. 
പരാജയം,  തിരസ്കരണം, ശിക്ഷ, ലജ്ജ എന്നിവയെക്കുറിച്ചുള്ള ഭയം പലരുടെയും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാകാറുണ്ട്.
ശക്തർക്കു മുൻപിൽ കീഴടങ്ങാനും  അരുതാത്തതുമായി കോംപ്രമൈസ് ചെയ്യാനും തിരസ്കരണഭയം ലളിത മനസ്കരെ  പ്രേരിപ്പിക്കാറുണ്ട്.  ഭീതിയും അസമാധാനവും അശാന്തിയും ഇവരുടെ നിത്യ പ്രതിസന്ധികളായിരിക്കും.

മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി അവരുടെ ചരടിൽ  ആടിപ്പാടുന്ന പാവക്കൂത്ത് കഥാപാത്രങ്ങൾ തിരസ്കരണ ഭീതിയുടെ അടിമകളാണ്. സത്യത്തിന്റെയും  സ്വാതന്ത്ര്യത്തിന്റെയും പരിശുദ്ധാത്മാവിന് മാത്രമേ ഇവരെ സ്വതന്ത്രരാക്കാൻ കഴിയുകയുള്ളൂ.

'നിത്യസ്വാതന്ത്ര്യത്തിലേക്കാണ്  ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്.  അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്വത്തിന്റെ നുകത്തിന്  ഇനിയും നിങ്ങൾ വിധേയരാകരുതെ'ന്നാണ് ഗലാത്യ ലേഖനത്തിൽ  അപ്പോസ്തോലൻ പൗലോസ് പറയുന്നത്.

ക്രിസ്തു തന്റെ ത്യാഗബലിയിലൂടെ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം ആർക്കും പണയം വയ്ക്കരുത്. ആരുടേയും അടിമനുകത്തിന്റെ കീഴിൽ കീഴടങ്ങരുത് . 'ഡെയിലി ബ്രെഡ്' മുടക്കുമെന്ന് ഭീഷണിപ്പെടുത്തി അധാർമിക കീഴടങ്ങലിനു നിർബന്ധിക്കുന്നരിൽ നിന്ന് ഒഴിഞ്ഞു മാറണം. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പഠിപ്പിച്ചദൈവം മറ്റു വഴികൾ ഒരുക്കിത്തരും. അടച്ചത് തുറക്കാനും തുറന്നത് അടയ്ക്കാനും കഴിയുന്ന സർവ്വശക്തന്റെ  പ്രിയമക്കളല്ലേ നമ്മൾ?  എന്തിനാ പേടിക്കുന്നെ?

നേരായി നടക്കുന്നവർക്ക് നന്മ ഒന്നും മുടക്കാത്ത സ്വന്തം പിതാവാണ് നമ്മുടെ ദൈവം. എല്ലാവരെയും പ്രീതിപ്പെടുത്താനും അവരുടെ ഫേവർ നേടാനും വേണ്ടി അരുതാത്തതും അധാർമ്മികമായതും  ചെയ്യരുത്. അതൊക്കെ പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമാകും.

ദൈവം നൽകിയ സ്വാതന്ത്ര്യം ആർക്കും പണയം വയ്ക്കരുത്. എല്ലാവരുടെയും ഗുഡ് ബുക്കിലെ ഇഷ്ടഭാജനമായി ജീവിക്കാൻ ആർക്കും സാധിക്കില്ല. ക്രിസ്തുവിനുപോലും അതിന് കഴിഞ്ഞില്ല. ജനപ്രിയനായകൻ ആകാനും റേറ്റിംഗ് വർദ്ധിപ്പിക്കാനും വേണ്ടി  കഴുതചുമട് ചുമക്കരുത്. ആത്മാഭിമാനവും അന്തസ്സും സ്വാതന്ത്ര്യവും പണയം വയ്ക്കരുത്. പിന്നീട് എന്ത് വില കൊടുത്താലും അതൊന്നും വീണ്ടെടുക്കാൻ കഴിയില്ല.
           വിതയ്ക്കാത്തിടത്തു നിന്ന് കൊയ്യാനും വിതറാത്തിടത്തുനിന്ന് വാരിക്കൂട്ടാനും ആവശ്യപ്പെടുന്ന കഠിന മനുഷ്യരുമായി ബന്ധങ്ങൾ നിലനിർത്തി കൊണ്ടുപോകുന്നത് വലിയൊരു വൈകാരിക ബാധ്യതയാണ്. ന്യായമായ വിമർശനങ്ങൾ സ്വീകരിക്കണം,  അധികാരികളെ ആദരിക്കണം,അനുസരിക്കണം. പക്ഷേ,  അന്യായമായി ഉടമസ്ഥാവകാശവും അധീശത്വവും സ്ഥാപിക്കാൻ വരുന്നവരോട് സൗമ്യമായി നയം വ്യക്തമാക്കണം:'സർ, പ്ലീസ് മൈൻഡ് യുവർ ബിസിനസ്'.

      ക്രിസ്തുവിന്റെ സുവിശേഷം  പഠിപ്പിക്കരുതെന്നു പറഞ്ഞ പ്രധാന പുരോഹിതനോട് പത്രോസും  അപ്പോസ്തോലന്മാരും പറഞ്ഞത്: 'മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്' എന്നാണ്‌ (പ്രവർത്തികൾ 5 :29). ഇതാണ് ക്രിസ്ത്യൻ പ്രതിബദ്ധതയുള്ള  നിർഭയ സാക്ഷികളുടെ നെഞ്ചുറപ്പുള്ള പ്രതികരണം. ആത്മാവിനെ നശിപ്പിക്കാൻ കഴിയാത്ത,  ജഡത്തെ മാത്രം കൊല്ലുവാൻ കഴിയുന്നവരെ ഭയപ്പെടരുത്. ധൈര്യശാലിക്ക് ഒറ്റ മരണമേയുള്ളൂ.

' ഈ മനുഷ്യൻ നീതിമാനാണ്,  ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ലെ'ന്ന് പീലാത്തോസ് വിധിയെഴുതിയ ക്രിസ്തുവിന്  മുൾമുടി നല്കിയ ലോകം സ്വാർത്ഥ ഉദ്ദേശത്തോടെ നൽകുന്ന  അവാർഡിലും  സ്ഥാനപ്പേരിലും   സ്വാഗതപ്രസംഗങ്ങളിലുമൊക്കെ വീണുപോകരുത്. അതു കിട്ടാത്തതിൽ  അസൂയപ്പെടരുത്. ഷോ കേസിലെ അംഗീകാര പത്രങ്ങളും ശവകുടീരത്തിലെ സ്‌മാരകലേഖവും സ്വർഗ്ഗത്തിൽ മൂല്യമില്ലാത്തതാണ് .
നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിലാണ് കാര്യം, അതിലാണ് സന്തോഷിക്കേണ്ടതെന്നാണ് കർത്താവ് പറഞ്ഞത്  (ലുക്കോസ് 10: 20).

            സമാനതകളില്ലാത്ത വിശിഷ്ടവ്യക്തിയായിട്ടാണ് നിങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങൾ നിങ്ങളായി ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ഫേവറിനും അംഗീകാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി അപ്രിയ റോൾ അഭിനയിക്കുകയും അൽപ്പൻമാരായ പൊങ്ങച്ചക്കാർക്ക് വ്യാജസ്തുതി പാടുകയും  ചെയ്യുമ്പോൾ നിങ്ങൾ  നിങ്ങളല്ലാതായി തീരുകയാണ്. അത് ആത്മവഞ്ചനയും മനോഭാരങ്ങളുമുണ്ടാക്കും. 
യു ആർ ബോൺ ടു ബി റിയൽ, നോട്ട്  പെർഫെക്ട്!

ലില്ലിക്കു  താമരയാകാനും ആപ്പിൾ മരത്തിന് ഓക്കുമരമകാനും കഴിയില്ല. മനുഷ്യനൊഴിച്ച് പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം സൃഷ്ടാവിന്റെ  ജനിതകക്കുറിപ്പനുസരിച്ച് ജീവിക്കുന്നവരാണ്. ദൈവത്തിന്റെ അമൂല്യ സൃഷ്ടിയായ നമ്മളെ നമ്മൾ സ്നേഹിക്കണം. നമ്മുടെ വ്യക്തിത്വത്തെ ആത്മാഭിമാനത്തോടെ സ്വീകരിക്കണം.
അനുദിനം നമ്മെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ദൈവത്തോടാണ് നമ്മുടെ കടപ്പാട്. മനുഷ്യരുടെ അഭിപ്രായത്തെ കാൾ ദൈവത്തിന്റെ ഫേവറിന്  മുൻഗണന കൊടുത്തുകൊണ്ടുള്ള   ജീവിതം സമുന്നതവും സമാധാന പൂർണ്ണവുമാകും. പരിശുദ്ധാത്മാവിന്റെ ഡിവൈൻ  നാവിഗേഷൻസിസ്റ്റം വഴിതെറ്റാതെ നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും.

              ജീവിതത്തിൽ നിനച്ചതെല്ലാം നേടിയ ശലോമോൻ ജീവിതസായാഹ്നത്തിലെ  ജീവിത യാത്രക്കാർക്ക് നൽകുന്ന പ്രബോധനം ഉൽകൃഷ്ടവും അമൂല്യവുമാണ്: 'എല്ലാത്തിന്റെയും സാരം ഇതാണ്:  ദൈവഭയമുള്ളവരായിരിക്കുക, അവിടത്തെ കൽപനകൾ പാലിക്കുക. മനുഷ്യന്റെ മുഴുവൻ കർത്തവ്യവും ഇതുതന്നെ'. 
           നിർഭയരായി ജീവിതത്തിൽ മുന്നേറാൻ ഈ പ്രബോധനങ്ങളിൽ മനസ്സുറപ്പിച്ച് യേശുക്രിസ്തുവിനോടൊപ്പം പ്രത്യാശയോടെ മുന്നോട്ടുപോയാൽ മതി.
-ഫാ. ഡോ. ഏ. പി. ജോർജ്.