ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
പഴയനിയമത്തിലെ ഉജ്ജ്വല താരമാണ് ഗിദയോൻ. ശത്രുക്കൾ ഇസ്രായേലിനു ചുറ്റും അണിനിരന്ന സമയത്താണ് കേവലം കൃഷിക്കാരനായ ഗിദയോന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത് :
'അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.' ന്യായാധിപന്മാർ 6:12
പക്ഷെ, യിസ്രയേലിന്റെ ശത്രുക്കളോട് പോരാടുവാൻ ദൈവം തന്റെ കൂടെയുണ്ടാകുമെന്നതിന് ദൈവത്തിൽ നിന്ന് വ്യക്തമായ അടയാളങ്ങൾ ഗിദയോൻ ആവശ്യപ്പെട്ടു.
ഭയവും സംശയവും ആവിശ്വാസവുമൊക്കെ മനുഷ്യസഹജമാണെന്ന് അറിയാവുന്ന ദൈവം ഗിദയോനോടൊപ്പം ഉണ്ടാകുമെന്നതിന് ശക്തമായ തെളിവും അടയാളങ്ങളും നൽകി.
കുടുംബം, ഇടയത്വ-സുവിശേഷ ശുശ്രുഷ, സാമൂഹ്യസേവനം തുടങ്ങിയ സമുന്നത നിയോഗങ്ങൾക്കായി ദൈവം വിളിച്ചിരിക്കുന്ന ധീര യോദ്ധക്കളാണ് നമ്മൾ. നമ്മുടെ അപര്യാപ്‌തകളും ഭയവും അപകർഷതാബോധവുംമൊക്കെ നിയോഗനിവഹണത്തിൽ തടസ്സമുണ്ടാക്കുമെന്ന് ദൈവത്തിനറിയാം. വാഗ്ദത്വങ്ങളിൽ വിശ്വസ്തനായ കർത്താവ് കൂടെയുള്ളപ്പോൾ പ്രയാധിക്യം, രോഗം, സാമ്പത്തിക പ്രതിസന്ധി, നിരക്ഷരത, വൈകല്ല്യങ്ങൾ, ശത്രുക്കൾ തുടങ്ങിയവയൊന്നും, ദൈവമേൽപ്പിച്ച ജോലി പൂർത്തിയാക്കാൻ തടസ്സമാവില്ല. സർവ്വശക്തനാണ് കൂടെയുള്ളത്. അവനൊരിക്കലും നമ്മെ ഉപേക്ഷിക്കില്ല, അനാഥരായി കൈവിടില്ല.
അത്ഭുതങ്ങളുടെ ദൈവം നിങ്ങളെക്കൊണ്ട് വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കും.
'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.' ഫിലിപ്പിയർ 4:10
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.