ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.'
മത്തായി 14 : 14
തന്റെ മഹത്വം വെളിപ്പെടുത്തുവാനും ചില ആത്മീയ സത്യങ്ങൾ വെളിപ്പെടുവാനും വേണ്ടി ക്രിസ്തു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു.
എന്നാൽ ജനക്കൂട്ടത്തെ കണ്ടപ്പോൾ അവരിൽ അനുകമ്പ തോന്നി അവർക്കിടയിലെ രോഗികളെ അവൻ സുഖപ്പെടുത്തിയെന്നാണ് ഈ വേദഭാഗത്ത് പറയുന്നത്. സ്നേഹവും കരുതലും ആർദ്രവികാരങ്ങളും ഉള്ളവനാണ് നമ്മുടെ കർത്താവ്.
ജീവിത സഹനങ്ങളുണ്ടാക്കുന്ന ഹൃദയമുറിവുകളിൽ ക്രിസ്തു നമ്മോടൊപ്പം മുറിവേൽക്കുന്നു എന്ന തിരിച്ചറിവ് എത്ര ആശ്വാസകരമാണല്ലെ? ലാസറിന്റെ കല്ലറയ്ക്ക് മുമ്പിൽനിന്ന് കരഞ്ഞവൻ നമ്മുടെ കണ്ണുനീരിൽ കൈവിടാത്ത നമ്മുടെ സ്വന്തം കർത്താവാണ്!
ആർദ്രതയും കരുതലും അനുകമ്പയുമുള്ള ഇമ്മാനുവേൽ കൂടെയുള്ളപ്പോൾ കഷ്ടനഷ്ട ശോധനയിലും മരണനിര താഴ്വരയിലും നമ്മൾ തനിച്ചല്ല. അത്യുന്നതന്റെ സാന്ത്വന കരങ്ങൾ നമ്മോടൊപ്പമുണ്ട്. തനിച്ചാണെന്നും ആരുമില്ലെന്നും വിചാരപ്പെട്ട് ഒരിക്കലും വിഷമിക്കരുത്.
'എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തിനാണ് ? ദൈവത്തിൽ പ്രത്യാശ വെക്കുക; നിന്റെ മുഖപ്രകാശകരക്ഷയാകുന്ന ദൈവത്തെ സ്തുതിക്ക.' സങ്കീർത്തനങ്ങൾ 42:5
'അവിടുന്ന് എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ.' സങ്കീര്‍ത്തനങ്ങള്‍ 56 : 8
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.