' നോമ്പാൽ കോപം നീങ്ങുന്നോനം താതൻ സ്തുത്യൻ
പ്രാർത്ഥന മൂലം പിഴ പോക്കിടും പുത്രൻ വന്ദ്യൻ
നോമ്പാമീ വാൾ സഭക്കേകിയ റൂഹാ പൂജ്യൻ
മൂന്നാളെന്നാലൊന്നായ് മേവും ദൈവം സ്തുത്യൻ'
(മാർ യാക്കോബ്, ബുധൻ -രാത്രി നമസ്കാരം)
മണിനാദം കേൾക്കുമ്പോൾ സന്തോഷത്തോടെ ദേവാലയത്തിലേക്ക് ഓടുക. പ്രാർത്ഥനയ്ക്ക് നിൽക്കുമ്പോൾ നിന്റെ മനസ്സ് അധർമ്മ- ലൗകിക ചിന്തകളിൽ അലയാതിരിക്കാൻ ദൈവത്തിൽ ഏകാഗ്രമാക്കണം.
പാപിയെ, വരുവാനിരിക്കുന്ന ന്യായവിധിയെ ഓർത്ത് ജാഗ്രതയുള്ളവരാകുക. അവസരം ഉള്ളപ്പോൾ സങ്കടത്തോടും കണ്ണുനീരോടും കൂടി അനുതാപത്തിനായി സമീപിക്കുക. അപ്പോൾ പ്രാർത്ഥന കൈക്കൊള്ളപ്പെടും.
പശ്ചാത്താപത്തിന്റെ ഹൃദയ വ്യഥയിൽ പാപി ചൊരിയുന്ന ഒരു കണ്ണുനീർത്തുള്ളിക്ക് അമൂല്യ രത്നങ്ങളേക്കാൾ വിലയുണ്ട്.
അനുതാപത്തിന്റെ കണ്ണുനീർ പാപിയുടെ മുഖം വിരൂപമാക്കുമെങ്കിലും ഹൃദയം തേജോമയമാക്കും.