നമ്മുടെ ജീവിതത്തിൽ ലക്‌ഷ്യം തെറ്റിയുള്ള അനാവശ്യ യുദ്ധങ്ങൾ സംഭവിക്കാറുണ്ട്. അത് ബന്ധങ്ങൾ തകർക്കുകയും നിയോഗ നിർവ്വഹണത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുകയും പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കുകയും ചെയ്യാറുമുണ്ട്. കുടുംബത്തിലും സഭയിലും രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും നിലനിൽക്കുന്ന ഏറ്റുമുട്ടലുകൾക്കു പിന്നിൽ നിന്ന് റിമോട്ടിങ് നടത്തുന്ന അന്ധകാര ശക്തികളെ ആരും ശ്രദ്ധിക്കാറില്ല. ഈ വിസ്മയ സത്യം പൗലോസ് അപ്പോസ്‌തോലൻ വെളിപ്പെടുത്തുന്നത് വളരെ ശ്രദ്ധേയമാണ് :
'നമ്മള്‍ ജഡരക്‌തങ്ങൾക്ക് എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കും എതിരായിട്ടാണു പടവെട്ടേണ്ടത്.'
എഫേസോസ് 6 : 12
ഭവനങ്ങളിലും ദാമ്പത്യ സൗഹൃദങ്ങളിലും സഭയിലും കൂട്ടായ്മയിലും സമൂഹത്തിലും ദൈവരാജ്യത്തിന്റെ നീതിയും സമാധാനവും പരിശുദ്ധാത്മാവിന്റെ സന്തോഷവും യാഥാർത്ഥ്യമാകുന്നത് സാത്താന്യ ശക്തികൾക്ക് ഇഷ്ടമല്ല. അവർ വിരുദ്ധതയുടെ പ്രതിസന്ധികൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. കഥയറിയാതെ, യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാതെ മനുഷ്യർ പരസ്പരം പടവെട്ടും. 'നിങ്ങൾ പരസ്പരം സ്നേഹിക്കണം' എന്ന ഉയർത്തെഴുന്നേറ്റ കർത്താവിന്റെ പുതിയ കൽപ്പന ദൈവമക്കൾ മറന്നുപോകുമ്പോൾ, സാത്താൻ ഹൃദയങ്ങളിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കും.
വിരുദ്ധതയും ഭിന്നതയും ഉണ്ടാക്കുന്ന അന്ധകാര ശക്തികൾക്ക്
എതിരായ ആത്മീയ പോരാട്ടത്തിന് ദൈവം തന്റെ മക്കൾക്ക് നൽകിയിരിക്കുന്ന വിസ്‌മയ ശക്തിയുള്ള ആയുധമാണ് ദൈവവചനം.
'ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്. ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ശക്തമായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്‌തങ്ങളാണ്. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി ഉയരുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.'
2 കോറി. 10 : 3-5
നമുക്ക് മുന്പിലെ പ്രതിരോധ കോട്ടകൾ കല്ലുകൊണ്ടുള്ള മതിലുകളല്ല, മനസ്സിലും ആത്മാവിലും പണിതുയർത്തിയിരിക്കുന്ന അദൃശ്യ ശക്തികേന്ദ്രങ്ങളായ ഭയം, നിരാശ, പാപശീലങ്ങൾ, സംശയം, കുറ്റബോധം, അഹങ്കാരം, സാത്താന്റെ വഞ്ചനകൾ എന്നിവയാണ്.
മരുഭൂമിയിൽ സാത്താൻ ക്രിസ്തുവിനെ പരീക്ഷിച്ചപ്പോൾ, പരിശുദ്ധാത്മാവിന്റെ ശക്തിയാലും ജീവനുള്ള ദൈവവചനത്താലും സാത്താനെ പ്രതിരോധിച്ചു. ഓരോ പ്രലോഭനത്തിനും ക്രിസ്തുവിന്റെ മറുപടി ഒന്നു തന്നെ ആയിരുന്നു: "എഴുതപ്പെട്ടിരിക്കുന്നു..." (മത്തായി 4). സാത്താന്റെ നുണകൾക്ക് എതിരെ ദൈവത്തിന്റെ സത്യ വചനം ഉയർത്തിപ്പിടിച്ചപ്പോൾ അന്ധകാര ശക്തികൾ പരാജയപ്പെട്ടു പിന്മാറി.
വിശ്വാസിയുടെ ജീവിതത്തിലെ വലിയ പോരാട്ടങ്ങൾ വെളിയിൽ മാത്രമല്ല, അകത്തുമുണ്ട്. പലപ്പോഴും നമ്മുടെ സ്വന്തം നിഷേധ ചിന്തകളാണ് ശത്രുവായി മാറുന്നത്. ഭാവിയെക്കുറിച്ചുള്ള ആശങ്ക, പഴയ മുറിവുകൾ, ടോക്സിക് മനുഷ്യരുടെ വാക്കുകൾ, പാപത്തിന്റെ ആകർഷണം—ഇവയെല്ലാം ആത്മാവിനെ കീഴടക്കാൻ ശ്രമിക്കുന്ന ആന്തരിക ശത്രുക്കളാണ്. വിസ്മയ ശക്തിയുടെ ഉറവിടമായ ദൈവവചനം ധ്യാനിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ
അത് ഹൃദയത്തെ പ്രകാശിപ്പിക്കുകയും ചിന്തകളെ നവീകരിക്കുകയും ആത്മാവിനെ പ്രബലമാക്കുകയും ചെയ്യും.
അതെ, തിരുവചനം ദൈവശക്തിയുടെ പ്രഭവകേന്ദ്രമാണ്.
വീട്ടിൽ ആദരപൂർവ്വം സൂക്ഷിക്കാനുള്ള വിശുദ്ധ ഗ്രന്ഥം മാത്രമല്ല ബൈബിൾ; ആത്മിയ പോരാട്ടത്തിനായി എന്നും എപ്പോഴും എടുക്കേണ്ട വാളാണത്. തിരുവചനം ധ്യാനിക്കുകയും ജീവിതശൈലി ആക്കുകയും ചെയ്യുന്നവർ, സർവ്വായുധങ്ങൾ ധരിച്ച ക്രിസ്തുവിന്റെ സുധീര പടയാളികളാണ്. പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കും പാതാള ഗോപുരങ്ങൾക്കും അവരെ തോൽപ്പിക്കുവാൻ കഴിയില്ല.
വെറും ന്യൂനപക്ഷമായിരുന്ന ആദ്യകാല ക്രിസ്ത്യാനികൾ ലോകത്തെ കീഴ്മേൽ മറിച്ചു. അതിന്റ പിന്നിലെ വിസ്മയ രഹസ്യം മനസ്സിലാകാത്തത് കൊണ്ടാണ് ഇന്ന് ദൈവമക്കൾ പ്രതിരോധത്തിനായി ലോക ശക്തികളെയും വിഗ്രഹങ്ങളെയും ആശ്രയിക്കുന്നത്. യഹോവയുടെ നാമത്തിൽ ഗോലിയാത്തിനെ നേരിടുവാൻ സധൈര്യം ചുവടുവെച്ച ദാവീദിന്റെ സമ്പൂർണ്ണ ആശ്രയ ബോധം നമ്മിൽ ശക്തമാകാൻ തിരുവചനത്തിന്റെ വഴിയിൽ ആത്മിയ യാത്ര തുടരണം.
സാത്താനെ ജയിക്കുവാൻ ക്രിസ്തു ഉപയോഗിച്ച അതേ ആയുധം ഇന്ന് നമുക്കും നൽകിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ ആത്മീയ പോരാട്ടങ്ങളിലും തിരുവചനം നമുക്ക് അതിജീവനശക്തി നൽകും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്