വരു, സ്തോത്രത്തോടെ കൃപാസനത്തിലേക്ക്

ദൈവത്തിന്റെ അടുക്കലേക്ക് വരുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത് ബൈബിളിലെ ആവർത്തിക്കുന്ന പ്രമേയമാണ്. ഭൗതിക ലോകവുമായി നമുക്ക് ബന്ധപ്പെടുവാൻ കഴിയുന്നതുപോലെ  ദൈവ സവിധത്തിലേക്കും നമുക്കും കടന്നു ചെല്ലാൻ കഴിയും.

നൂറാം സങ്കീർത്തനത്തിൽ ദൈവസന്നിധിയിലേക്ക് കടന്നു ചെല്ലുവാൻ ദൈവമക്കളെ ആഹ്വാനം ചെയ്യുന്നത് ശ്രദ്ധിക്കാം:
'കൃതജ്‌ഞതാസ്തോത്രത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
സങ്കീർത്തനങ്ങൾ 100:4

ദൈവസാന്നിധ്യത്തിലേക്ക് കടന്നു ചെല്ലുന്നവർ പൊന്നും പണവും വിലകൂടിയ വഴിപാടുകളുമായി ചെല്ലണമെന്ന് ഇവിടെ  പറയുന്നില്ല.

പിന്നെ?
സ്തുതിയോടും സ്തോത്രത്തോടും കടന്നുചെല്ലണമെന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. സ്തുതിക്ക്‌ യോഗ്യനായ സർവ്വശക്തനായ ദൈവത്തിന് സ്തുതിയും സ്തോത്രവും പ്രഭയും പുകഴ്ചയും അനശ്വരമായ നല്ല ഉന്നതിയും നിത്യവും ഇടപെടാതെ അർപ്പിക്കുവാനുള്ളതാണ് ദൈവമക്കളുടെ കൂട്ടായ്മയും ആരാധനയും. അത് ഭൂമിയിൽ സ്വർഗ്ഗീയ അനുഭവമുണ്ടാക്കും.

സകല മഹത്വത്തിനും സ്തോത്രത്തിനും ദൈവം യോഗ്യനാണെന്ന് ഈ സങ്കീർത്തനത്തിൽ പറയുവാനുള്ള കാരണമെന്താണ്?

അഞ്ചാം വാക്യത്തിൽ അതിന്റെ കാരണം സങ്കീർത്തനക്കാരൻ പറയുന്നുണ്ട്:
'കര്‍ത്താവു നല്ലവനാണ്‌, അവിടുത്തെ കാരുണ്യം ശാശ്വതമാണ്‌; അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും.'
സങ്കീര്‍ത്തനങ്ങള്‍ 100 : 5
God is eternally loving, good and faithful.

പ്രതികാരദാഹികളും ഉഗ്രകോപിഷ്ടരും ദുരന്തങ്ങൾ വിതയ്ക്കുന്നവരും  നരബലിയിൽ പ്രീതിപ്പെടുന്നവരുമായ അന്യ ദൈവങ്ങളെ പോലെയല്ല നമ്മുടെ യഹോവയായ ദൈവം. നൂറ്റിമൂന്നാം സങ്കീർത്തനം നമ്മുടെ ദൈവത്തിന്റെ മഹത്വത്തെ കുറിച്ച് പ്രാഘോഷിക്കുന്നത് ശ്രദ്ധിക്കാം:

'കര്‍ത്താവ്‌ ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്‌; ക്‌ഷമാശീലനും സ്‌നേഹനിധിയും ആണ്‌.
അവിടുന്ന്‌ എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
നമ്മുടെ പാപങ്ങള്‍ക്കൊത്ത്‌ അവിടുന്നു നമ്മെ ശിക്‌ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്റെ ഭക്‌തരോട്‌ അവിടുന്നു കാണിക്കുന്ന കാരുണ്യം.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്ന്‌ അകറ്റിനിര്‍ത്തി.
പിതാവിനു മക്കളോടെന്നപോലെ കര്‍ത്താവിനു തന്റെ ഭക്‌തരോട്‌ അലിവുതോന്നുന്നു.
അവൻ  നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ  ഓർക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 103 : 8-14

അതുകൊണ്ട്, സ്തുതിക്ക്‌ യോഗ്യനായ ഏക ദൈവത്തെ നമ്മൾ സ്തുതിക്കണം:

കത്താവിനെ സ്‌തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെ സ്‌തുതിക്കുവിന്‍. ഉന്നതങ്ങളില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍.
കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്‌തുതിക്കുവിന്‍;  സൂര്യചന്‌ദ്രന്‍മാരേ, അവിടുത്തെ സ്‌തുതിക്കുവിന്‍;
ഭൂമിയില്‍നിന്നു കര്‍ത്താവിനെസ്‌തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
അഗ്‌നിയും കന്‍മഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കല്‍പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്‌തുതിക്കട്ടെ!
പര്‍വതങ്ങളും മലകളും ഫലവൃക്‌ഷങ്ങളും ദേവദാരുക്കളും
വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും,
ഭൂമിയിലെ രാജാക്കന്‍മാരും ജനതകളും പ്രഭുക്കന്‍മാരും ഭരണാധികാരികളും,
യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,
കര്‍ത്താവിന്റെ നാമത്തെ സ്‌തുതിക്കട്ടെ! അവിടുത്തെനാമം മാത്രമാണു സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയും കാള്‍ ഉന്നതമാണ്‌.
അവിടുന്നു തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പ്‌ ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന
ഇസ്രായേല്‍ ജനത്തിന്റെ മഹത്വംതന്നെ.
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 148 : 1-14

വിശ്വാസികൾക്ക് ദൈവ സാന്നിധ്യവും ചൈതന്യവും അനുഭവിക്കാനും ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുവാനും  വേണ്ടി മാത്രം  ഡെഡിക്കേറ്റ് ചെയ്ത  സ്ഥലങ്ങളാണ്  ആരാധനാലയങ്ങളും ആത്മീയ വേദികളും.  ഭക്ത്യാദരവുകളോടും സ്തോത്രങ്ങളോടും കൂടി കടന്നു ചെല്ലേണ്ട വിശുദ്ധ സ്ഥലങ്ങളാണ് അതൊക്കെ. കച്ചവട താൽപര്യങ്ങളും ഭൗതിക അജണ്ടകളും അനാചാരങ്ങളും കൊണ്ട് മ്ലേച്ഛമായി തീർന്ന, കള്ളന്മാരുടെ ഗുഹയെന്ന് ആത്മരോക്ഷത്തോടെ ക്രിസ്തുവിളിച്ച  യെരുശലേം ദേവാലയത്തിന്റെ ദുരവസ്ഥ ഇന്ന് പല ആത്മീയ വേദികളിലും നിലനിൽക്കുന്നത് ഖേദകരമാണ്. സമർപ്പിതരായ വിശ്വാസികളുടെ ഹൃദയം തകർക്കുന്ന ദുരന്തമാണ് വിശുദ്ധ സ്ഥലത്തെ മ്ലേച്ഛത.

പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും തിരുവചന കേൾവിക്കും  ഹൃദയം സമർപ്പിക്കുമ്പോൾ വിനയവും ഭക്തിയും ആദരവും നമുക്കുണ്ടായിരിക്കണം. എത്രയോ വലിയവനും കരുണ്യവാനുമായ ദൈവ മുമ്പാകെയാണ്  ഓരോ നിമിഷവും നമ്മൾ നിൽക്കുന്നതെന്ന സാന്നിധ്യബോധം ഉണ്ടായിരിക്കണം.

'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവിനെക്കെന്തിന് നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങൾ എന്തിന് നാഥാ,
ഈ ജീവിതം എന്തിന് നാഥാ'...
  ആദരണീയനായ മൈക്കിൾ പനച്ചിക്കൽ അച്ഛന്റെ ഈ സ്തോത്ര ഗാനം ധന്യവും ആത്മഹർഷം ഉണർത്തുന്നതാണ്.

പണവും ധനവും മാനവും മഹത്വവും  അധികാര സ്ഥാനങ്ങളും പ്രശസ്തിയും ഈ ജീവിതത്തിൽ നേടുവാൻ കഴിഞ്ഞില്ലെങ്കിലും പ്രിയ മിത്രമേ,  വിഷമിക്കേണ്ടതില്ല. വാക്കും പ്രവർത്തികളും കൊണ്ട്  ദൈവത്തെ മഹത്വപ്പെടുത്തുവാനും സ്തോത്രം ചെയ്യുവാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം ധന്യമായി, സുകൃതപൂർണ്ണമായി. ദൈവത്തിന് സ്തോത്രം.
സങ്കീർത്തനങ്ങൾ
100:1 ഒരു സ്തോത്രസങ്കീർത്തനം. സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.
100:2 സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
100:3 യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ  നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ  മേയിക്കുന്ന ആടുകളും തന്നേ.
100:4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
ഈ തിരുവചനങ്ങൾ ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ

-ഫാ. ഡോ. ഏ. പി. ജോർജ്