ക്രിസ്തു കേന്ദ്രീകൃതമായ പേരന്റിംഗിനെപ്പറ്റി എഫെസ്യ ലേഖനത്തിൽ പൗലോസ് അപ്പോസ്തലന്റെ ഉപദേശം ശ്രദ്ധേയമാണ്. മക്കളുടെ ജീവിതത്തിൽ പിതാവിന്റെ ലക്ഷ്യബോധമുള്ള ഇടപെടലിനെപ്പറ്റിയാണ് നാലാം വാക്യത്തിൽ പരാമർശിക്കുന്നത്:
'പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്‌ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.'
എഫേ. 6 : 4
ഈ വേദഭാഗത്ത് ക്രിസ്ത്യൻ പേരന്റിങ്ങിൽ പിതാവിന്റെ ചുമതലകളെപ്പറ്റിയാണ് അപ്പോസ്തലൻ പറയുന്നത്.
1. പിതാവ് കുട്ടികൾക്ക് ആത്മ പരിപോഷണവും പ്രോത്സാഹനവും നൽകണമെന്നതാണ് ഒന്നാമത്തെ മാർഗ്ഗ നിർദ്ദേശം.
ദൈവത്തിന്റെ പ്രമാണങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് ധാർമിക ബോധത്തിന്റെ അതിർവരമ്പുകൾ മനസ്സാക്ഷിയിൽ ഉറപ്പിക്കാൻ അപ്പനും അമ്മയും ചെറുപ്പത്തിൽ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം.
അനുഗ്രഹവും അവകാശവുമായി മക്കളെ നമുക്ക് തന്ന ദൈവത്തിന്റെ കൽപ്പനയാണിത്:
'ഞാനിന്നു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.
ശ്രദ്ധയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം.'
ആവര്‍ത്തനം 6 : 6-7
ബാലൻ നടക്കേണ്ടുന്ന വഴി- തിരുവചനത്തിന്റെയും ദൈവിക പ്രമാണങ്ങളുടെയും വഴി - ചെറുപ്പത്തിൽ പഠിപ്പിക്കാൻ അപ്പന് സമയമില്ലാതെ പോയാൽ പിന്നീട് പഠിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. മാതാപിതാക്കൾ കുഞ്ഞുങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ അവർക്ക് കൂടുതൽ ഉൾക്കാഴ്ച നൽകുവാനും അവരുടെ സ്വഭാവത്തിലെ ദോഷപ്രവണതകളെ തിരുത്തുവാനും ശ്രേഷ്ഠഗുണങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കും.
യൂണിവേഴ്സിറ്റിയും ലോകവും മീഡിയയും നൽകുന്ന അറിവുകൾ കൊണ്ട് മാത്രം കുട്ടിയുടെ വ്യക്തിത്വവികാസം പൂർത്തിയാകണമെന്നില്ല. യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പല കുട്ടികളും ജീവിതപരീക്ഷയിൽ തോറ്റു പോകാറുണ്ട്. ബുദ്ധിപരമായ വളർച്ചയോടൊപ്പം കുട്ടികൾ ആത്മാവിലും ദൈവ കൃപയിലും ബലപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്.
2. പിതാവ് 'പ്രോ ആക്ടീവ് ' ആകണമെന്നതാണ് രണ്ടാമത്തെ ഉപദേശം. കുട്ടികൾ തെറ്റ് ചെയ്യുന്നതുവരെ തിരുത്താൻ കാത്തിരിക്കാതെ, തെറ്റ് - ശരികളെ പറ്റിയുള്ള ഉപദേശവും തിരുത്തലും മാർഗ്ഗനിർദേശവും കുട്ടികൾക്ക് ദൈനംദിനം നൽകണം.
കുട്ടിയെ തിരുത്തുകയും മാർഗ്ഗനിർദേശം കൊടുക്കുകയും ചെയ്യുന്ന പിതാവിനും ചില യോഗ്യതകൾഉണ്ടാകണം.
എന്തൊക്കെയാണ് അത്?
ആത്മനിയന്ത്രണത്തിലും ധാർമികബോധത്തിലും സമഗ്രത ഉള്ളവൻ ആയിരിക്കണം. ക്രിസ്തുവിനും തിരുവചനത്തിനും പ്രാർത്ഥനക്കും മുൻഗണന കൊടുക്കുന്ന, പിതാവിന്റെ 'പർപ്പസ് ഫുൾ ലൈഫ്' കുട്ടികൾക്ക് ഉത്തമ മാതൃകയായിരിക്കും. മാതാപിതാക്കളുടെ ജീവിതത്തിൽ നിന്ന് കണ്ടും കേട്ടും പഠിച്ചത് നല്ലതായാലും ദോഷമായാലും കുട്ടികളുടെ സ്വഭാവത്തിൽ സ്ഥായിയായി നിലനിൽക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യും.
3. അപ്പൻ കുട്ടികൾക്ക് സന്തോഷം പങ്കുവയ്ക്കണമെന്നതാണ് മൂന്നാമത്തെ കാര്യം. സന്തോഷിക്കുവാനും ആഹ്ലാദിക്കുവാനും ഉള്ളതാണ് ബാല്യകാലം. പിതാവിന്റെ കർക്കശ നിലപാടും കോപവും കൊണ്ടുണ്ടാകുന്ന ബാല്യത്തിലെ മുറിവുകൾ കുട്ടികൾക്ക് ആജീവനാന്ത വൈകാരിക പ്രതിസന്ധികളുണ്ടാക്കും. തകർന്ന കുടുംബത്തിന്റെ ഡിഫക്ടീവ് പ്രോഡക്ടുകളാണ് സാമൂഹ്യവിരുദ്ധ പ്രവണതകളുള്ള മക്കൾ. അതുകൊണ്ട്, പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്‌ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍ എന്ന് അപ്പോസ്തോലൻ ഉപദേശിക്കുന്നു.
എഫേ. 6 : 4
അപ്പന്റെ സ്നേഹം കുട്ടികളുടെ അവകാശമാണ്, ഔദാര്യമല്ല. അത് ഗൗരവത്തിന്റെയും കാരണവർ കോംപ്ലക്സിന്റെയും ഇരുമ്പ് മറയ്ക്കുള്ളിൽ ഒരിക്കലും ഒളിപ്പിക്കരുത്.
കുടുംബാംഗങ്ങളെ വിരട്ടി നിർത്തി, അവരിൽനിന്ന് ആദരവും സെലിബ്രിറ്റി ട്രീറ്റ്മെന്റും ദാസ്യവേലയും എൻജോയ് ചെയ്തിരുന്ന 'ട്രഡീഷണൽ പാട്രിയാർക്കൽ ഫാദർ ഡാഡി' പണ്ടേ കാലഹരണപ്പെട്ട റോൾ മോഡലാണ്. ആ കോസ്റ്റ്യൂം അണിയുന്നവർക്ക് കുടുംബാംഗങ്ങളുമായി ഉള്ളവും ഉള്ളതും പങ്കിടാൻ സാധിക്കില്ല. ആരോഗ്യകരമായ കുടുംബബന്ധത്തിന് ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കൂട്ടായ്മയാണ് ആവശ്യം.
4. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് കാണപ്പെടുന്ന ദൈവങ്ങളാകണം.
സ്വർഗ്ഗസ്ഥപിതാവിനെ കുഞ്ഞുങ്ങൾ പരിചയപ്പെടുന്നത് അപ്പനിലൂടെയാണ്. പിതാവിൽ നിന്ന് ഉപാധികളില്ലാത്ത സ്നേഹം അനുഭവിച്ച മക്കളുടെ ദൈവസങ്കല്പം ഉദാത്തവും നിർഭയവും പോസിറ്റീവും ആയിരിക്കും. സ്വന്തം അപ്പനിൽ നിന്ന് മുള്ളും മുറിവും ഏറ്റ മക്കൾക്ക് കാണപ്പെടാത്ത സ്വർഗ്ഗത്തിലെ അപ്പനെ സ്നേഹനിധിയായി അംഗീകരിക്കുവാൻ വളരെ പ്രയാസമായിരിക്കും?
എല്ലാം നശിപ്പിച്ച് മടങ്ങി വന്നപ്പോൾ, ഉപാധികളില്ലാതെ തന്നെ സ്വീകരിച്ച അപ്പന്റെ സ്നേഹം അനുഭവിച്ച ധൂർത്ത പുത്രന് ദൈവസ്നേഹം മനസ്സിലാക്കാൻ പ്രത്യേകം ബൈബിൾ ക്ലാസും സുവിശേഷ പ്രസംഗങ്ങളും ആവശ്യമില്ല.
മാതാപിതാക്കൾ ആണ് കുട്ടികളുടെ ആദ്യത്തെ സുവിശേഷകർ. കുട്ടികളെ സ്നേഹിക്കുകയും കരുതുകയും അവരുടെ വീഴ്ചകളിൽ ക്ഷമാപൂർവ്വം തിരുത്തുകയും മാപ്പ് കൊടുക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ദൈവസ്നേഹത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളാണ്.
കുടുംബത്തിലും സഭയിലും സമൂഹത്തിലും നല്ല നേതാക്കളെ സൃഷ്ടിക്കുന്നതിൽ പിതാവിന്റെ സ്നേഹത്തിന് വലിയ സ്വാധീനം ഉണ്ടെന്നാണ് പൗലോസ് അപ്പസ്തോലന്റെ അഭിപ്രായം:
' അധ്യക്ഷൻ ആകുവാൻ ആഗ്രഹിക്കുന്നവൻ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം.
സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും?'
1 തിമോത്തി. 3 : 4-5
ലഹരി ആസക്തിയും സ്ത്രീ പീഡനങ്ങളും മൂലം തകർന്ന കുടുംബങ്ങളിൽ വളർന്ന കുട്ടികളുടെ സാമൂഹ്യ കാഴ്ചപ്പാടുകൾ വികലമായിരിക്കും. ഇവർ നേതൃത്വ പദവിയിൽ എത്തിയാൽ ഇടർച്ചയും വിരുദ്ധതയും ഉണ്ടാകുവാനുള്ള സാധ്യത വളരെയധികം ആണ്.
അവരെ അവരാക്കിയ മാതാപിതാക്കളാണ് വാസ്തവത്തിൽ കുറ്റക്കാർ.
നല്ല വൃക്ഷത്തിനല്ലേ നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയും.
പ്രിയ പിതാക്കന്മാരെ, വലിയ നിയോഗമാണ് ദൈവം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. കുറെ സമ്പാദിച്ചത് കൊണ്ടും അധികാരസ്ഥാനങ്ങൾ എത്തിപ്പിടിച്ചതുകൊണ്ടും പ്രശസ്തരായതുകൊണ്ടും പിതാവിന്റെ ചുമതല പൂർത്തിയാകുന്നില്ല. ദൈവ നിയോഗങ്ങൾ
നിറവേറ്റുന്നതോടൊപ്പം കുട്ടികളോടൊപ്പമായിരിക്കാൻ സമയം കണ്ടെത്തണം. അവരുടെ ആകാംക്ഷകളും പ്രതീക്ഷകളും പ്രതിസന്ധികളും പങ്കുവെക്കാനും പരിഹാരം കാണാനും അവരോടൊപ്പം ദിവസവും സമയം ചെലവഴിക്കണം. ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും കുട്ടികളെ നേടുവാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് പ്രയോജനം?
ദൈവം നൽകുന്ന അമൂല്യ താലന്തുകളാണ് കുഞ്ഞുങ്ങൾ. അവ പരിപോഷിപ്പിക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ് മാതാപിതാക്കളെ ദൈവം ഭരമേൽപ്പിച്ചിരിക്കുന്നത്. അഞ്ചും മൂന്നും ഒന്നും ലഭിച്ചവരോട് ഒടുവിൽ ദൈവം കണക്ക് ചോദിക്കും.
മക്കളുടെ ക്രിസ്തീയ പരിപാലനത്തിലും പരിപോഷണത്തിലും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് അതിരുകളില്ലാത്ത ദൈവസ്നേഹം പങ്കുവെക്കുന്ന മാതാപിതാക്കളാകാൻ പുതിയ ആത്മദർശനത്തോടും ദൈവാശ്രയത്തോടും സമർപ്പണത്തോടും നമുക്ക് പരിശ്രമിക്കാം. ഓരോ കുടുംബവും നീതിയും സമാധാനവും പരിശുദ്ധാത്മ സന്തോഷവും നിറഞ്ഞ ഭൂമിയിലെ ദൈവരാജ്യങ്ങളായിത്തീരട്ടെ!
ദൈവത്തിന്റെ മക്കളാകുവാൻ നമ്മെ പഠിപ്പിച്ച ജീവിച്ചിരിക്കുന്നവരും നിത്യതയിലേക്ക് യാത്രയായവരുമായ എല്ലാ പിതാക്കന്മാർക്കും ഹൃദയപൂർവം ആദരവും പ്രണാമവും സമർപ്പിക്കുന്നു.
ഹാപ്പി ഫാദേഴ്സ് ഡേ!
-ഫാ. ഡോ. ഏ. പി. ജോർജ്.