മുറിവേൽപ്പിക്കരുത്

 'മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച്‌്‌ യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ്‌ അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!'  യോഹന്നാന്‍ 19 : 5 

റോമിനെതിരായി ഒരു കലഹത്തിന് യേശു നേതൃത്വം നൽകി എന്ന് ആരോപിക്കുന്നത് എത്രമാത്രം ഭോഷത്തരമാണെന്ന് യെഹുദ പ്രമാണിമാരെ ബോധ്യപ്പെടുത്തുകയായിരുന്നു പീലാത്തൊസിന്റെ ഉദ്ദേശ്യം.  യേശു ദുർബലനും നിസ്സഹായനും ആണെന്ന് കാണിക്കുവാൻ പീലാത്തൊസ് യേശുവിനെ പരിഹാസ വസ്ത്രം ധരിപ്പിച്ചു,  ക്രൂരമായി പീഡിപ്പിച്ചു. വളരെ ശോചനീയമായ ഒരു അവസ്ഥയായിരുന്നു അത്. ശിക്ഷാവിധിയേക്കാളും ക്രൂശാരോഹണത്തേക്കാളും ഹീനമായ ദയനീയ അവസ്ഥ! 

ഒരു വ്യക്തിയെന്ന നിലയിലുള്ള ആത്മാഭിമാനത്തെ ദുർബലപ്പെടുത്താനും  മുറിവേൽപ്പിക്കുവാനും സ്വന്തം പ്രതിച്ഛായയിൽ മങ്ങൽ ഏല്പിക്കുവാനും അപമാനം കാരണമാകും. 

മറ്റുള്ളവരുടെ അഭിമാനത്തെ മാനിക്കണം. അഭിമാനം എല്ലാവർക്കും വിലപ്പെട്ടതാണ്. ദൈവസൃഷ്ടികളായ മനുഷ്യരെ പരിഹസിക്കുന്നതും അപമാനിക്കുന്നതും സൃഷ്ടാവിനോടുള്ള ഏട്ടുമുട്ടലാണ്. 

'അവൻ  നിലത്തു വീണു; ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
നീ ആരാകുന്നു, കർത്താവേ, എന്നു അവൻ  ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.'
പ്രവൃത്തികൾ 9:4 -5 

 'നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു...'
സദൃശ്യവാക്യങ്ങൾ 18:12

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ.