ശോധനകൾ

ദുരന്തപൂർണമായ തിക്താനുഭവങ്ങളിലൂടെ  സഹന യാത്രചെയ്യുന്നവർക്ക്  ഇയ്യോബിന്റെ വാക്കുകൾ ആശ്വാസം പകരുന്നതാണ്:

ഞാൻ നടക്കുന്ന വഴി അവൻ  അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും- ഇയ്യോബ് 23:10

ദുരന്ത സഹനങ്ങളിൽ ആശ്വസിക്കാനും പ്രത്യാശിക്കാനും ദുരിത കടൽ തളരാതെ നീന്തി കടക്കുവാനും ഇയ്യോബിന്റെ പോസിറ്റീവ് കാഴ്ചപ്പാട് വളരെ സഹായകമാണ്.

  എന്റെയും നിങ്ങളുടെയും ഇപ്പോഴത്തെ കഷ്ടപ്പാടുകളും വേദനകളും ദൈവം അറിയുന്നുണ്ട്, ആഴത്തിൽ മനസ്സിലാക്കുന്നുമുണ്ട്.

ഇപ്പോഴത്തെ ദുരിതങ്ങളിലൂടെ നടക്കുവാൻ സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവം
അനുവദിക്കുന്നതിന്റെ പിന്നിൽ തീർച്ചയായും ഒരു ദിവ്യോദ്ദേശം ഉണ്ടായിരിക്കും.  അത് അംഗീകരിക്കാനും മനസ്സിലാക്കുവാനും ഇപ്പോൾ നമുക്ക് കഴിഞ്ഞെന്നു വരില്ല.  പക്ഷേ ഈ ശോധന യുടെ സഹനങ്ങൾ കഴിയുമ്പോൾ ശുദ്ധീകരിക്കപ്പെട്ട സ്വർണ്ണം പോലെ വിശുദ്ധരായി നമ്മൾ പുറത്തുവരും.

ഇപ്പോഴത്തെ പരീക്ഷണങ്ങൾ കഠിനവും ശത്രുക്കൾ ദയവില്ലാത്തവരും ആയിരിക്കാം. പക്ഷേ സഹനത്തിന്റെ ചൂളയുടെ ചൂട് നിയന്ത്രിക്കുന്നതും അതിലൂടെയുള്ള ചുവടുവയ്പ്പുകൾക്ക് ശക്തി പകരുന്നതും ദൈവമാണ്. ദുരന്ത ദുരിതങ്ങൾക്ക് തുടക്കമിട്ടത് സാത്താനാണെങ്കിലും അത് നിയന്ത്രിക്കുന്നത്  ദൈവ കരങ്ങളാണെന്ന് ഇയ്യോബ് സാക്ഷ്യം പറയുന്നു. ദൈവ ദൈവകരങ്ങളിൽ നിന്ന് വളരെയധികം നന്മ സ്വീകരിച്ച നാം ശുദ്ധീകരണത്തിനു വേണ്ടിയുള്ള വേദനകളും സ്വീകരിക്കാൻ മടിക്കരുതെന്നാണ് വിശ്വാസത്തിൽ അടിപതറിയ  ഭാര്യയെ ഇയ്യോബ് ഉപദേശിക്കുന്നത്:

അവൻ  അവളോടു: ഒരു ഭോഷത്വം സംസാരിക്കുന്നുവോ ; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു.  - ഇയ്യോബ് 2:10

  സഹനത്തിന്റെ തീച്ചുളയിലും നമ്മോടൊപ്പമുള്ള ഇമ്മാനുവേൽ ദൈവത്തിൽ പ്രത്യാശ വെക്കണം. നമ്മുടെ സഹനത്തിന്റെ തീവ്രതയും സംഘർഷവും അവൻ വ്യക്തമായി അറിയുന്നുണ്ട്.  ഇപ്പോഴും കാര്യങ്ങളെല്ലാം അവന്റെ
നിയന്ത്രണത്തിൽതന്നെയാണ്. കഠിന ശോധന യുടെ ദിവസങ്ങൾ കഴിയുമ്പോൾ വിശുദ്ധീകരണം പ്രാപിച്ചവരായി നമ്മൾ പുറത്തുവരും.

ജീവിതപരീക്ഷണത്തിന്റെ അഗ്നിയിൽ പാപ മാലിന്യങ്ങൾ ശോധന ചെയ്യപ്പെട്ട് ഹൃദയശുദ്ധിയുള്ളവരായി
ദൈവത്തെ കാണുവാൻ നമ്മൾ യോഗ്യത നേടും. ഞാൻ വിശുദ്ധൻ ആയിരിക്കുന്നതുപോലെ നി ങ്ങളും വിശുദ്ധരായിരിക്കണമെന്ന ദൈവത്തിന്റെ അഭിലാഷം യാഥാർഥ്യമാകും .

ജീവിത സഹനങ്ങളിൽ പൗലോസ് അപ്പോസ്തോലൻ പോസിറ്റീവ് കാഴ്ചപ്പാടും ഇതുതന്നെ ആയിരുന്നു:

റോമർ 8:18 'നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.'

ദൈവമേ,  ആത്മശരീരമനസ്സുകളുടെ ശുദ്ധീകരണത്തിനായി  നടത്തപ്പെടുന്ന കഷ്ടനഷ്ട ശോധനയുടെ വഴികളിൽ നിരാശപ്പെടാതെ, പിന്മാറാതെ,വിശ്വാസത്യാഗം സംഭവിക്കാതെ മുന്നേറുവാനുള്ള പരിശുദ്ധാത്മ ശക്തി പകർന്നു തരേണമേ. ഇയ്യോബിനെ പോലെ എല്ലാമറിയുന്ന ദൈവത്തിൽ മനസ്സുറപ്പിച്ച് മുന്നേറുവാൻ കൃപ തന്ന് സഹായിക്കണമെന്ന് ക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ഫാ. ഡോ. ഏ. പി. ജോർജ്