' യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നു :
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക എന്നവർ പറയുന്നു .'
സങ്കീര്‍ത്തനങ്ങള്‍ 2 : 2-3
വിലങ്ങുകള്‍ തകര്‍ക്കാനും ചങ്ങലപൊട്ടിക്കാനും ശ്രമിക്കുന്ന ഇവർ ആരാണ്?
സത്യദൈവത്തിനെതിരായി മത്സരിക്കുന്നവരും, ദൈവത്തിന്റെ അധികാര ശ്രേണിയെ തകർക്കാൻ ശ്രമിക്കുന്നവരും ആണിവർ. ദൈവത്തിന്റെ അഭിഷിക്തനായ കർത്താവായ യേശുക്രിസ്തുവിനോടുള്ള നിഷേധ മനോഭാവത്തിലൂടെ അവർ അത് തെളിയിച്ചു.
പാപവും മത്സരബുദ്ധിയും ഉള്ള ഒരു ഹൃദയമാണ് ഇവരുടേത്. ദൈവം നിയോഗിക്കുന്ന അധികാരികളെ ആദരിക്കാനും അനുസരിക്കാനും വീണുപോയ ഈ മനുഷ്യർ തയ്യാറാവില്ല.
അവർക്കു ബോധിച്ചതുപോലെ അവർ നടക്കും. ദൈവത്തിന്റെ വിലയേറിയ വചനങ്ങളും, കല്പനകളും അവർക്ക് അനിഷ്ഠമാണ്. ദൈവം നല്കുന്ന മഹത്തായ സ്വാതന്ത്ര്യത്തെ അവർ അടിമത്വമായും പാപത്തിന്റെ ഭീകരമായ അടിമത്വത്തെ അവർ സ്വാതന്ത്ര്യമായും കരുതുന്നു.
വ്യവസ്ഥാപിതമായ ഭരണ സംവിധാനത്തെയും നീതിബോധമുള്ള ഭരണാധികാരികളെയും ഇവർ ഉപരോധിക്കും. ഭൂമിയിൽ ദൈവരാജ്യവും ദൈവേഷ്ടവും നടപ്പിലാക്കുന്നതിനെ ഈ പ്രതിലോമ ശക്തികൾ എന്നും എതിർത്തുകൊണ്ടിരിക്കും. അരാജകവാദികളായ ഇവർ ഒരു കാര്യവും സത്യസന്ധവും നീതിപൂർവവുമായി നടക്കുവാൻ സമ്മതിക്കില്ല.
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ