മേരി പറഞ്ഞത്

സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തെപ്പറ്റിയുള്ള  സമ്പൂ  ർണ്ണ ദൈവശാസ്ത്രമാണ് കേവലം പത്ത് വാചകത്തിൽ മറിയാം  പ്രഘോഷിച്ചത്. ഒരു ടീനേജുകാരിക്ക്  ദിവ്യരഹസ്യങ്ങളെപ്പറ്റി ഇത്ര ഗഹനമായി ആഴത്തിൽ ചിന്തിക്കുവാൻ കഴിഞതെ ങ്ങനെയാണ്?
അതിനുള്ള ഉത്തരം മാലാഖയുടെ സമ്പോധനയും  മറുപടിയും വായിക്കുമ്പോൾ മനസ്സിലാകും. ലൂക്കോസ് 1:28 'കർത്താവ് നിന്നോട് കൂടെയുണ്ട്'. ലുക്കോസ് 1:30 'നിനക്ക് ദൈവത്തിന്റെ കൃപ ലഭിചച്ചി രിക്കുന്നു.
ലൂക്കോസ് 1:35  പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും;

ജ്ഞാനത്തിന്റെ ആത്മാവ് പരിവർത്തിക്കുകയും സർവ്വശക്തന്റെ  അത്ഭുതശക്തി നിഴലിടുകയും ചെയ്തപ്പോൾ  സകല ബുദ്ധിയെയും കവിയുന്ന ജ്ഞാനത്തിന്റെ ദിവ്യദൃഷ്ടി മാറിയമിന്  തുറന്നുകൊടുത്തു. അവൾക്ക് മാത്രമല്ല ശിഷ്യന്മാർക്കും സഹദേന്മാർക്കും ബില്ലിഗ്രഹാം, സീയെസ് ലുയിസ്  പോലുള്ള സുവിശേഷകർക്കും   അന്തരംഗത്തിൽ അനന്തകൃപാ നദിയായി ഒഴുകി കൊടുത്തു.  ഇപ്പോഴും അനേകർക്കു
കൊടുത്തുകൊണ്ടിരിക്കുന്നു.

ദൈവത്തെപ്പറ്റി മൂന്ന് കാര്യങ്ങളാണ് മറിയാം പറഞ്ഞത് :
ഒന്ന്, അവൻ സർവ്വശക്തനാണ്.
'സർവ്വശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.'
വചനം ജഡമാകാൻ സ്വന്തം ശരീരം സവിനയം സമർപ്പിച്ച, ജീവിക്കുന്ന സാക്ഷിയായ മേരി പറഞ്ഞു:  എന്റെ ദൈവം സർവ്വശക്തനാണ്. അത് ഞാൻ എന്റെ ആത്മ ശരീര മനസ്സുകളിൽ അൽഭുത യാഥാർത്ഥ്യമായി അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.' ക്രൈസ്റ്റ് ഇൻ 'ആയ ആദ്യത്തെ ക്രിസ്ത്യാനിയുടെ സാക്ഷ്യം.

രണ്ടാമത് മേരി ദൈവത്തെക്കുറിച്ച് പറഞ്ഞത്, ദൈവം വിശുദ്ധനാണെന്നാണ്.
ലൂക്കോസ് 1: 49 ' അവിടുത്തെ നാമം പരിശുദ്ധമാണ്.
എന്നിൽ നിന്ന് ജനിക്കുവാൻ പോകുന്ന ദൈവപുത്രനായ പ്രജ വിശുദ്ധനാണെന്ന ദൈവദൂത്  സ്വന്തം കാതുകളിൽ കേട്ടതിന്റെ സാക്ഷ്യമാണ് അവൾ പറഞ്ഞത്.

ദൈവത്തെക്കുറിച്ചുള്ള മേരിയുടെ മൂന്നാമത്തെ  പ്രസ്താവന, അവൻ കരുണനിറഞ്ഞവനാണെന്നാണ്.
ലൂക്കോസ് 1:50 ' അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും കരുണ വർഷിക്കും'
ദൈവത്തിന്റെ കരുണ സാന്ത്വനവും സഹായവുമായി എല്ലാ
പ്രതിസന്ധികളിലും  ഒഴുകിയെത്തുമെന്നാണ്  ദൈവഭക്തർക്ക്  മറിയം നൽകിയ പ്രത്യാശ സന്ദേശം.

ദൈവത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞതിനുശേഷം ദൈവത്തിന്റെ പ്രവർത്തികളെ പ്പറ്റിയാണ് മറിയം  പറയുന്നത് :

അവൻ എളിയവരെ ഉയർത്തി വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കുകയും  ആശ്രയ ബോധത്തോടെ ആവശ്യങ്ങൾക്കായി അപേക്ഷിക്കുന്നവരുടെ കൈയും ഹൃദയവും നിറച്ചു  തരുന്നവനാണ് ദൈവം. എന്നാൽ അനുഗ്രഹങ്ങൾ സ്വന്തം അവകാശമാണെന്ന ഹൃദയ വിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ച്, സിംഹാസനത്തിൽ നിന്ന് മറച്ചിട്ട്,  വെറുംകയ്യോടെ പറഞ്ഞയക്കുന്നു. പഴയനിയമ ചരിത്രത്തിന്റെ സംഷിപ്ത സാക്ഷ്യമാണ് മാറിയാമിന്റെ ഈ വാക്കുകളിൽ നാം കേൾക്കുന്നത്.

ദൈവത്തിന്റെ പ്രവർത്തികളെ കുറിച്ച് രണ്ടാമതായി പറഞ്ഞത്,  അവൻ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം ആണെന്നാണ്:
ലുക്കോസ് 1:54-55 'തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. അവരുടെ പിതാക്കന്മാരായ അബ്രഹാമിനോടും അവന്റെ സന്തതികളോടും  എന്നെന്നേയ്ക്കുമായി ചെയ്ത വാഗ്ദത്വം നിവർത്തിച്ചു.'
ഉല്പത്തി പുസ്തകം മൂന്നാം അധ്യായത്തിൽ ദൈവം  പ്രവചിച്ച സർപ്പത്തിന്റെ  തല തകർക്കുന്ന വിമോചകനായ  സന്തതിയെ വഹിച്ചുകൊണ്ട്  മറിയം  പറഞ്ഞു:
വിശ്വസ്തനാണ് എന്റെ ദൈവം, വാക്കു മാറാത്ത ദൈവം, വീഥിയിൽ  കൂട്ടാളിയായ ദൈവം, വിജയോത്സവമായി വഴി നടത്തുന്ന ദൈവം.

പ്രതികൂലതകളും പ്രതിസന്ധികളും മരണവും ബാധയും നമുക്ക് ചുറ്റും തിരമാലയും  കൊടുങ്കാറ്റുകളും ആയി ആഞ്ഞടിക്കുമ്പോൾ മേരി മാതാവ്  ആത്മാവിൽ നിറഞ്ഞു  പറഞ്ഞ സാക്ഷ്യം നാം  മറന്നുപോകരുത്:
ശക്തനും  വിശുദ്ധനും കരുണയുള്ളനും  വാഗ്ദത്ത്വങ്ങളിൽ വിശ്വസ്തനും തന്നെ സ്നേഹിക്കുന്നവരോട് തലമുറതലമുറയായി കരുണ കാണിക്കുന്നവന്നുമായ ദൈവത്തിൽ മനസ്സു ഉറപ്പിക്കണം. അവൻ കരുണയുള്ള കരുതുന്ന ദൈവമാണ്.

പ്രതിസന്ധികളെ  അവസരങ്ങളും  അനുഗ്രഹങ്ങളും  ആക്കി മാറ്റാൻ കഴിയുന്ന കരുണാനിധിയായ ദൈവത്തെ നമുക്കും സ്തുതിക്കാം :
'എന്റെ ഉള്ള കർത്താവിനെ മഹിമ പ്പെടുത്തുന്നു. എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു!

-ഫാ. ഡോ. ഏ. പി. ജോർജ്