'ഞാൻ നിങ്ങളോട് പറയുന്നു, ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടുമെന്ന കർത്താവിന്റെ വാഗ്ദത്തവചനം ഏറെയും പ്രതീക്ഷ നൽകുന്നതാണ്.
നമ്മുടെ അനേകം പ്രാർത്ഥനകൾക്ക് ദൈവം മറുപടി തന്നിട്ടുണ്ട്. എന്നാൽ മറുപടി കിട്ടാത്ത പ്രാർത്ഥനകളും ധാരാളമുണ്ട്. അനുകൂല മറുപടി കിട്ടാത്തവരുടെ അനേകം പ്രാർത്ഥനകളും ബൈബിളിൽരേഖപ്പെടുത്തിയിട്ടുണ്ട്.
'പിതാവേ അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റേണമേ' എന്ന ദൈവപുത്രന്റെ ദൈവത്തോടുള്ള പ്രാർത്ഥനക്കുള്ള മറുപടി അനുകൂലമല്ലാത്ത മൗനമായിരുന്നു.
പ്രാർത്ഥനയ്ക്കുള്ള മറുപടി എപ്പോഴും നമ്മുടെ താൽപര്യത്തിനനുസരിച്ചല്ല,ദൈവേഷ്ടത്തിന് അനുസരിച്ചായിരിക്കും. പ്രാർത്ഥിക്കുന്നവർ ഈ സത്യം മറക്കരുത്. എങ്കിലും മക്കൾക്ക് ആവശ്യമുള്ളതെല്ലാം ചോദിക്കാൻ ദൈവം അനുവാദം തന്നിട്ടുണ്ട്. ചോദിക്കുന്നത് നമ്മൾ മക്കളുടെ അവകാശവും അതു കേൾക്കുന്നത് സ്വർഗ്ഗത്തിലെ അപ്പന്റെ സന്തോഷവുമാണ്.
ബൈബിളിലെ വിശിഷ്ട പ്രാർത്ഥനക്കാരായ മോശയും ഏലിയാവും പൗലോസ് അപ്പസ്തോലനും പലപ്പോഴും പ്രാർത്ഥിച്ചപ്പോൾ അവർ ആഗ്രഹിച്ച മറുപടിക്കുപകരം വ്യത്യസ്തമായ മറുപടിയാണ് ദൈവം അവർക്ക് കൊടുത്തത്. വാഗ്ദത്തദേശം വരെ ഇസ്രായേൽ മക്കളെ നയിക്കണമെന്ന് മോശയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നിരിക്കണം. മറുതലിപ്പുകാരായ ഇസ്രായേൽ ജനത്തെ കഠിന സഹനങ്ങളിലൂടെ 40 വർഷം മോശ നടത്തി. അപ്പോഴൊക്കെ വാഗ്ദത്തനാട്ടിലെത്തിച്ചു നിയോഗം നിറവേറ്റാൻ സഹായിക്കണമേ എന്ന് മോശ പലവട്ടം പ്രാർത്ഥിച്ചിട്ടുണ്ടാകാം. എന്നാൽ ദൈവത്തിന്റെ ഇഷ്ടം മറ്റൊന്നായിരുന്നു. അതുകൊണ്ട് പിസ്ഗാ മലമുകളിൽ നിന്നു കൊണ്ട് ദൈവം മോശയെ വാഗ്ദത്തദേശം കാണിച്ചു കൊടുത്തു. വാഗ്ദത്ത നാട്ടിലേയ്ക്ക് തുടർന്നുള്ള ക്ലേശപൂർണ്ണമായ യാത്രയ്ക്കുള്ള ഒരുക്കങ്ങളും യുദ്ധങ്ങളും മറ്റു ക്രമീകരണങ്ങളും യോശുവയെ ഏൽപ്പിക്കുകയും, മോശക്ക് ഗ്രേസ്ഫുൾ ആയ റിട്ടയർമെന്റിനുള്ള അവസരം ദൈവം ഒരുക്കുകയും ചെയ്തു.
പക്ഷേ മോശയുടെ പ്രാർത്ഥന ദൈവം മറന്നില്ല. സഹസ്രാബ്ദങ്ങൾക്ക് ശേഷം, വാഗ്ദത്ത നാട്ടിൽ, ഇസ്രായേലിലെ ഗലീലകടലിന്റെ പടിഞ്ഞാറുള്ള താബോർ മലയിൽ, മറുരൂപ സമയത്ത് കർത്താവിന്റെടുത്ത്, പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോടൊപ്പം നിൽക്കുവാനുള്ള മഹാഭാഗ്യം ദൈവം മോശക്കു കൊടുത്തു. ചിലപ്പോൾ പ്രാർത്ഥനയ്ക്കുള്ള മറുപടിക്ക് ദൈവത്തിന്റെ സമയംവരെ നമ്മൾ കാത്തിരിക്കേണ്ടിവരും.
ഏലിയാവ് അനേകം പ്രാവശ്യം പ്രാർത്ഥിച്ചപ്പോൾ ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്നാൽ ചൂരചെടിയുടെ ചുവട്ടിൽ കിടന്ന് ' അയ്യോ കർത്താവേ, മരിച്ചാൽ മതി' എന്ന് പ്രാർത്ഥിച്ചപ്പോൾ അനുകൂലമായ മറുപടി ലഭിച്ചില്ല. ഏലീയാവിനെ മരിക്കാതെ സ്വർഗത്തിലേക്ക് എടുക്കണമെന്ന് ദൈവം തീരുമാനിച്ചിരുന്നതുകൊണ്ട് ഏലിയാവിന്റെ മരിക്കാനുള്ള പ്രാർത്ഥനക്ക് മറുപടി കിട്ടിയില്ല. ഏലിയാവിന്റെ വിടവാങ്ങലിനെപറ്റി ദൈവത്തിന് കൂടുതൽ സമുന്നത വും ശ്രേഷ്ഠവുമായ പദ്ധതികൾ ഉണ്ടായിരുന്നു. വികാര വേശത്തിലുള്ള പ്രാർത്ഥനയ്ക്ക് വൈകാരികമായി പ്രതികരിക്കുന്നവനല്ല നമ്മുടെ ദൈവം.
ജഡത്തിലെ മുള്ളുകൾ മാറ്റുവാൻ പ്രാർത്ഥിച്ച പൗലോസിന്
മുള്ളുകളോടൊപ്പം ജീവിക്കാൻ ദൈവം കൃപ നൽകി. പൗലോസ് ദൈവത്തിന് നന്ദി പറഞ്ഞു. കുടുംബം, ദാമ്പത്യം ഔദ്യോഗിക മേഖലകൾ തുടങ്ങിയവയിൽ ദൈവം നൽകുന്ന ചില മുള്ളുകൾക്ക് ചില പ്രത്യേക ദിവ്യോദ്ദേശങ്ങളുണ്ട്. സഹനങ്ങളുടെയും കഷ്ടനഷ്ടശോധനകളുടെയും മുള്ളുകൾ നമ്മുടെ വിശുദ്ധീകരണത്തിനും വിനയപ്പെടുത്തലിനും നവീകരണത്തിനുമായി ദൈവം തരുന്ന മുള്ളുകളാണ്. ഉടനടി മാറ്റിയേ പറ്റൂ എന്ന നിർബന്ധബുദ്ധിയോടെ അങ്ങുമിങ്ങും ഓടിനടന്നിട്ടു കാര്യമില്ല. അതൊന്നും എടുത്തുമാറ്റാൻ ആൾദൈവങ്ങൾക്കും അത്ഭുത രോഗശാന്തി കേന്ദ്രങ്ങൾക്കും കഴിയില്ല. ദൈവം നൽകുന്ന മുള്ളുകൾക്കും ചില നിയോഗങ്ങളുണ്ട്.
ദൈവത്തിന്റെ മക്കളായ നമ്മുടെ എല്ലാ പ്രാർത്ഥനകളും സ്വർഗ്ഗത്തിലെ അപ്പൻ കേൾക്കും. ചോദിച്ചത് നൽകാനാവില്ലെങ്കിൽ മുള്ളുകളോടൊപ്പം അതിജീവിച്ച് മുന്നേറാനുള്ള കൃപതരും. അതും ഒരു മറുപടി തന്നെയാണ്.
ചിലപ്പോൾ ചോദിച്ചതിലും നിനച്ചതിലും അപ്പുറമായ മറുപടി തന്നേക്കാം. ക്രിസ്തീയ വളർച്ചയ്ക്കും നമ്മുടെ നിത്യതപ്രവേശനത്തിനും തടസ്സംവരാത്ത അനുഗ്രഹങ്ങൾ മാത്രമായിരിക്കും പ്രാർത്ഥനയ്ക്ക് ദൈവം നൽകുന്നത്. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വരും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വരും ഈ ആത്മീയ മർമ്മം വിസ്മരിക്കരുത് . അതുകൊണ്ട് എല്ലാപ്രാർത്ഥനയുടെയും അവസാനത്തെ അനുബന്ധ പ്രാർത്ഥനയായി, 'അവിടുത്തെ ഇഷ്ടംപോലെ എനിക്കുഭവിക്കട്ടെ' എന്ന മറിയാമ്മിന്റെ പ്രാർത്ഥനയുംകൂടി ചേർത്തുചൊല്ലുന്ന പ്രാർത്ഥനയിലാണ് ദൈവം പ്രസാദിക്കുന്നത്.
പ്രാർത്ഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്ന ദൈവമേ, ആത്മാവിലും സത്യത്തിലും ആരാധിക്കാനും അവിടുത്തെ ഇഷ്ടമനുസരിച്ച് പ്രാർത്ഥിക്കാനും ഞങ്ങളെ പഠിപ്പിക്കണമെന്ന് യേശുകർത്താവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.
ഫാ. ഡോ. ഏ. പി. ജോർജ്