മനോഭാവങ്ങൾ മാറ്റങ്ങളുണ്ടാക്കും

പേഴ്സണാലിറ്റിയിലെ പ്രധാന ഡിമെൻഷൻ ആണ് മനോഭാവം.
മനോഭാവത്തെ പറ്റിയുള്ള വിൻസ്റ്റൻ ചർച്ചിലിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്:  മനോഭാവം എന്ന ചെറിയ കാര്യത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും.

വ്യക്തികളോടും സാഹചര്യങ്ങളോടും സംഭവങ്ങളോടുമുള്ള ഒരാളുടെ മൈൻഡ് സെറ്റും കാഴ്ചപ്പാടും വൈകാരികഭാവങ്ങളും കലർന്നതാണ് മനോഭാവം.
  പ്രസിദ്ധ മനശാസ്ത്രജ്ഞനായ ഗോർഡൻ ആൽപ്പോർട്ടിന്റെ മനോഭാവത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങൾ വളരെ വിലപ്പെട്ടതാണ്.  അനുകൂല- പ്രതികൂല മനോഭാവങ്ങൾ കുടുംബ-സാമൂഹ്യ രംഗങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങളെപ്പറ്റി സോഷ്യൽ സൈക്കോളജിയിൽ ഗൗരവമായ പഠനങ്ങൾ നടക്കുന്നുണ്ട്. മത -രാഷ്ട്രീയ നേതൃത്വത്തിന്റെ നിഷേധ മനോഭാവങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളെപ്പറ്റി സോഷ്യോളജിയിലും വളരെയധികം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.

ജനിതക പ്രത്യേകതകൾ, ബാല്യകാല അനുഭവങ്ങൾ, വ്യക്തിത്വ ശൈലി, മീഡിയ, സംസ്കാരം, മതം, രാഷ്ട്രീയം, മനോരോഗങ്ങൾ തുടങ്ങിയവയൊക്കെ  മനോഭാവങ്ങളെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഘടകങ്ങളാണ്.

ഒരാളുടെ പ്രതികരണരീതി അയാളുടെ അനുകൂല- പ്രതികൂല മനോഭാവങ്ങൾക്കനുസരിച്ചായിരിക്കും. മനസ്സിൽ വെറുപ്പ്, വിദ്വേഷം, പ്രതികാരം തുടങ്ങിയ നിഷേധ ചിന്തകളും വികാരങ്ങളും ഉണർത്തുന്നതിൽ നിഷേധമനോഭാവത്തിന് ശക്തമായ സ്വാധീനമുണ്ട്.

ആന്തരിക സമാധാനത്തിനും മാനസികാരോഗ്യത്തിനും നിഷേധ മനോഭാവം വലിയ വെല്ലുവിളിയാണുണ്ടാക്കുന്നത്. മനോ സംഘർഷങ്ങൾക്ക് പിന്നിലെ പ്രധാന പ്രതി നിഷേധ മനോഭാവമാണ്.

മനോഭാവങ്ങൾ മാറ്റിയെടുക്കുന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് നിഷേധ മനോഭാവങ്ങൾ.  മെഡിക്കൽ സയൻസ് അതിന് മരുന്നു കണ്ടുപിടിച്ചിട്ടില്ല. ജീവിതാനുഭവങ്ങളിലൂടെ വൈകാരിക അടിത്തറ ഉറപ്പിച്ച മനോഭാവങ്ങൾ മാറ്റുവാനുള്ള ശ്രമം പലപ്പോഴും പരാജയപ്പെടാറുണ്ട്.

ക്രിസ്ത്യാനികളോട് വെറുപ്പും നിഷേധ മനോഭാവവും ആയിരുന്നു ശൗലിന്. തന്റെ മതത്തിനു വേണ്ടി ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും ദൈവത്തിന് ഇഷ്ടമാണെന്ന് ശൗൽ ചിന്തിച്ചിരുന്നു. എന്നാൽ ക്രിസ്തു നേരിട്ട് പ്രത്യക്ഷപ്പെട്ട് അവനെ തിരുത്തി. വിശ്വാസത്തിന്റെ പേരിൽ സഹോദരങ്ങളെ പീഡിപ്പിക്കുന്നത് ദൈവത്തോടുള്ള ഏറ്റുമുട്ടൽ ആണെന്ന് അവന് വെളിപ്പെടുത്തി കൊടുത്തു. അപ്പോൾ അദ്ദേഹത്തിന്റെ നിഷേധ മനോഭാവം മാറി, തെറ്റുധാരണകൾ നീങ്ങി. പൗലോസ് ക്രിസ്തുവിന്റെ ശിഷ്യനും സ്നേഹത്തിന്റെ അപ്പോസ്തോലനും ആയി തീർന്നു.

നമ്മുടെ നിഷേധ മനോഭാവവും സ്വയ നീതീകരണവുമാണ് കുടുംബത്തിലും  സാമൂഹ്യ ബന്ധങ്ങളിലും പ്രതിസന്ധി ഉണ്ടാക്കുന്നത് സ്വന്തം . അതുകൊണ്ട്,
മറ്റുള്ളവരെയും വ്യവസ്ഥിതികളെയും മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പം നമ്മൾ സ്വയം മാറുന്നതാണ്. നമ്മെ ഏൽപ്പിച്ചിരിക്കുന്ന ദാമ്പത്യ കുടുംബ- ഇടയത്വ നിയോഗങ്ങൾ നിറവേറ്റാൻ തടസ്സമുണ്ടാക്കുന്ന നിഷേധ മനോഭാവങ്ങളാണ് മാറേണ്ടത്.

മനുഷ്യന്റെ വീണ്ടെടുപ്പിന് ത്യാഗ ബലിയാകാൻ ദൈവം തീരുമാനിച്ചപ്പോൾ,  ഹീനമായ കുരിശ് ചുമലിൽ വഹിക്കുവാനും നിന്ദയും പരിഹാസങ്ങളും കേൾക്കുവാനും,  ക്രൂശിൽ മരിക്കുവാനും തയ്യാറായി. അതെ, ക്രിസ്തു സ്വയം സറണ്ടർ ചെയ്തു.
നിഷേധ മനോഭാവങ്ങൾ മാറ്റുവാനും തിരുത്തി എഴുതുവാനും തടസ്സം നിൽക്കുന്നത് നമ്മുടെ സ്വയമാണ്, ഞാനെന്ന ഭാവമാണ്. ക്രിസ്തുവിന്റെ കുരിശിൽ ചുവട്ടിൽ സ്വയത്തെ സറണ്ടർ ചെയ്യുവാൻ തയ്യാറാകുമ്പോൾ നിഷേധമനോഭാവങ്ങൾക്ക് മാറ്റം വരും.

  ജീവിതാപങ്കാളിയോടുള്ള നിഷേധ മനോഭാവം കുറ്റം കണ്ടുപിടിക്കാനും വിമർശിക്കാനും മാനസികമായും ശാരീരികമായും മുറിവേൽപ്പിക്കാനുമുള്ള പ്രേരണ ഉണ്ടാക്കും. ദാമ്പത്യ ബന്ധത്തിന്റെ തകർച്ചക്ക് നിഷേധമനോഭാവം കാരണമാകും. സ്വയനിതീകരണം ഒഴിവാക്കി, ജീവിതപങ്കാളിയെ പരിമിതികളോടെ ഉൾക്കൊള്ളുവാനും സ്നേഹിക്കുവാനുമുള്ള  മനോഭാവമുണ്ടായാൽ  പല ദാമ്പത്യ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരമാകും.
ഇതെങ്ങനെയാണ് സാധ്യമാവുക?
ഇതിന് പങ്കാളിയുടെ ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത ദിവ്യ സ്നേഹം മനസ്സിൽ സജീവമാകണം. ദീർഘമായി ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്ന ഉപധികളില്ലാത്ത സ്നേഹം പരിശുദ്ധാൽമാവിന്റെ ദാനമാണ്. പശ്ചാത്താപത്തോടെ ക്രിസ്തുവിന് സമർപ്പിക്കുന്ന ജീവിതത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തനക്ഷമമാകും. അപ്പോൾ അനുകൂല മനോഭാവങ്ങൾ രൂപപ്പെടും,  ആത്മാവിന്റെ ഫലങ്ങൾ വിരിയും. ഇത് മനുഷ്യബുദ്ധിക്ക് അതീതമായി വ്യക്തിത്വത്തിന് സംഭവിക്കുന്ന വിസ്മയ പരിവർത്തനമാണ്.

ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു മനസ്സിൽ പ്രകാശിക്കുമ്പോൾ പാപാന്ധകാരം നീങ്ങും. സംശയവും തെറ്റിദ്ധാരണകളും മാറും. നിഷേധ മനോഭാവങ്ങൾ അനുകൂല മനോഭാവങ്ങൾ ആകും. എല്ലാവരെയും സ്നേഹത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുവാൻ കഴിയും. മനോഭാവം മാറുമ്പോൾ മനുഷ്യൻ മാറും. ജീവിത സമീപനവും കാഴ്ച്ചപ്പാടും വ്യത്യാസപ്പെടും. അപ്പോൾ വ്യക്തി  ബന്ധങ്ങളിലെ പല പ്രതിസന്ധികൾക്കും പരിഹാരമാകും.

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ  പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
5:18 അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ  നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. 2 കൊരിന്ത്യർ 5:17-18

ദൈവമേ,  ഈ പുതുവർഷത്തിൽ എന്റെ നിഷേധ മനോഭാവങ്ങളെ, തുറവിയും വിനയവുമുള്ള അനുകൂല മനോഭാവങ്ങൾ ആക്കേണമേ.  എന്നെ ഒരു പുതിയ സൃഷ്ടിയാക്കേണമേ. മറ്റുള്ളവരെ അവരുടെ പരിമിതികളോടെ ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനുമുള്ള ക്ഷമയും ഹൃദയ വിശാലതയും എനിക്ക് തരേണമേ. ക്രിസ്തു യേശുവിന്റെ മഹനീയ നാമത്തിൽ അപേക്ഷിക്കുന്നു