പള്ളിയിൽ പ്രാർത്ഥിക്കുവാൻ പോയ പരീശന്റെ പ്രാർത്ഥനയിൽ ക്രിസ്തു വെളിപ്പെടുത്തിയ രണ്ട് മനോഭാവങ്ങളുണ്ട്: സ്വയം നീതീകരണവും ചുങ്കക്കാരനോടുള്ള പരിഹാസവും.
മനോ വൈകല്യങ്ങൾ മൂലം വീഴ്ചസംഭവിച്ചവരെ കാണുമ്പോൾ ഞാൻ അവരെക്കാൾ ഒക്കെ എത്ര ശ്രേഷ്ഠനാണെന്ന സെൽഫ് അപ്രീസിയേഷൻ, അവരോടുള്ള പുച്ഛ മനോഭാവത്തിന് കാരണമാകും. സ്വയ നീതീകരണക്കാരനായ പരീശൻ, ചുങ്കക്കാരനും ആയി സ്വയം താരതമ്യപ്പെടുത്തി. അപ്പോൾ ചുങ്കക്കാരൻ അധമനും താൻ ശ്രേഷ്ഠനും ആണെന്ന് അവന് തോന്നി. ദൈവവുമായി സ്വയം താരതമ്യപ്പെടുത്തിയിരുന്നെങ്കിൽ പരീശന്‍ ഇത്രയധികം ആത്മനിഗളം ഉണ്ടാവില്ലായിരുന്നു.
ചുറ്റുമുള്ള പാപികളെക്കാളൊക്കെ ഞാൻ എത്രയോ ശ്രേഷ്ഠനാണെന്ന ചിന്ത പരീശ മനോഭാവക്കാരായ വിശ്വാസികളെ ആത്മീയ നിഗളികളാക്കുന്ന വൻ കെണിയാണ്.
'വിധിക്കപ്പെടാതിരിക്കാൻ ആരെയും വിധിക്കരുത്' എന്ന ദൈവകല്പന എപ്പോഴും ഓർക്കേണ്ടതാണ്. ചുറ്റുമുള്ള പാപികളെക്കാൾ വിശുദ്ധരാണ് തങ്ങളെന്ന ചിന്ത, മാനസാന്തരത്തിനും സ്വയം തിരുത്തപ്പെടുന്നതിനും തടസ്സമാണ്.
നീതിമാനും പാപം ചെയ്യാത്തവനുമായ ക്രിസ്തു ഒരിക്കലും പാപികളെ പരിഹസിക്കുകയോ അകറ്റി നിർത്തുകയോ ചെയ്തില്ല. ഈ സമീപനമാണ് ഓരോ ക്രിസ്ത്യാനിയും സ്വീകരിക്കേണ്ടത്. സ്വയം നീതീകരിക്കുകയും മറ്റുള്ളവരെ വിധിക്കുകയും ചെയ്യുന്നത് കൊണ്ട് ആരും നീതിമാന്മാർ ആകുന്നില്ല. അത് മാനുഷിക ബലഹീനതകളോട് സഹിഷ്ണുത പ്രകടിപ്പിക്കാൻ തടസ്സമായി തീരുകയും ചെയ്യും. സ്വയം ഉയർത്തുന്നവരെ താഴ്ത്തുന്ന ദൈവത്തിന്റെ 'ഡിവൈൻ റിമോട്ടിങ്' സംവിധാനം ചരിത്രത്തിന്റെ നാൾവഴികളിലെ വിസ്മയ കാഴ്ചകളാണ്.
'ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.'
യാക്കോബ് 4 : 6
സമസൃഷ്ടങ്ങൾ പാപത്തിൽ വീഴുമ്പോൾ സ്വയ നീതീകരണക്കാർ വിമർശനങ്ങളും ഗോസിപ്പും കൊണ്ട് അവരെ മുറിവേൽപ്പിക്കും. മീഡിയയിൽ പോസ്റ്റിട്ടും ഫോർവേഡ് ചെയ്തും അവരെ അപമാനപ്പെടുത്തും. എന്നാൽ ആത്മവിനയമുള്ളവർ സ്വന്തം ജീവിതത്തിലെ കഴിഞ്ഞകാല വീഴ്ചകളെ ഓർത്ത്, വീണുപോയവരെ കൈകൊടുത്ത് എഴുന്നേല്പിക്കും. ഇതാണ് 'ആററിറ്റ്യുഡ് ഓഫ് ഗ്രേസ്.' പാപ ഗർത്തങ്ങളിൽ വീണു പോയവർക്ക് സ്നേഹവും പ്രോത്സാഹനവും കൊടുത്ത് ക്രിസ്തുവിലേക്ക് നയിക്കുവാനുള്ള നിയോഗമാണ് ക്രിസ്തു നമ്മെ ഏൽപ്പിച്ചിരിക്കുന്നത്:
'സഹോദരരേ, ഒരുവന് എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.
പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍.'
ഗലാത്തിയാ 6 : 1-2
മക്കളും ജീവിതപങ്കാളികളും സഹവിശ്വാസികളും പാപങ്ങളിൽ ഇടറി വീഴുമ്പോൾ, ഇടയന്മാരും വിശ്വാസികളും പരീശ മനോഭാവമല്ല, ക്രിസ്തുവിന്റെ മനോഭാവമാണ് പ്രകടിപ്പിക്കേണ്ടത്.
ഓരോരുത്തരുടെയും ഹൃദയത്തിലെ മറ്റുള്ളവരോടുള്ള മനോഭാവം ദൈവം കൃത്യമായി വായിക്കുന്നുണ്ട്. സ്വയം ഉയർത്തുകയും മറ്റുള്ളവരെ താഴ്ത്തുകയും ചെയ്യുന്നവരെ ദൈവം താഴ്ത്തും. ഉദാഹരണം ഒന്ന്, പഴയനിയമത്തിലെ ഹാമാൻ.
സമസൃഷ്ടങ്ങളെ പരിഹസിക്കുന്ന പരീശമ നോഭാവക്കാരെ തട്ടിതാഴെ വീഴ്ത്തുന്ന ദൈവത്തിന്റെ ശാശ്വതഭുജങ്ങൾക്കു മുമ്പിൽ എല്ലാ അധികാരികളും നിസ്സഹായരാണ്. ദൈവം വീഴ്ത്തിയാൽ താളടിയായി വീണത് തന്നെ. അനുഗ്രഹങ്ങളിൽ അഹങ്കരിക്കുന്നവർക്കുള്ള ദൈവത്തിന്റെ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ് :
'അഹങ്കാരി നിലംപതിക്കും; വിനീതഹൃദയന്‍ ബഹുമതി നേടും.'
സദൃ. 29 : 23
ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട സമസൃഷ്ടങ്ങളോട് ആദരവും ബഹുമാനവും ദീർഘക്ഷമയും പ്രകടിപ്പിക്കുന്ന വിനീത ഹൃദയങ്ങളിൽ ദൈവം പ്രസാദിക്കുമെന്നാണ് മേരി മാതാവിന്റെ വിസ്മയ സാക്ഷ്യം:
'അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.'
ലൂക്കോസ് 1 : 48
☆
-ഫാ. ഡോ. ഏ. പി. ജോർജ്