നിങ്ങളോ ഏതെങ്കിലും ന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല.
ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്റെ സ്വയ നീതീകരണം കൊണ്ടുമാത്രം ഞാന്‍ നീതീകരിക്കപ്പെടുന്നുവെന്ന് അര്‍ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ്.'
1 കോറി. 4 : 3-4
തന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്ന കൊരിന്ത്യ സഭയിലുള്ളവരെ പൗലൊസ് ഗൗരവമായി കാണുന്നില്ല. കാരണം താൻ അവരുടെ ദാസനല്ല. ദൈവത്തിന്റെ ദാസനാണ്. ദൈവമാണ് തന്നെ അയച്ചത്. എന്തു പഠിപ്പിക്കണം, എന്തു പ്രസംഗിക്കണം എന്ന് വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ദൈവമാണ്; അവരല്ല. ദൈവത്തോടാണ് താൻ കടമ്പെട്ടിരിക്കുന്നത് എന്ന ഉത്തമ ബോധ്യം പൗലോസ്സിനുണ്ടായിരുന്നു.
വിശ്വസ്തരും സമർപ്പിതരുമായി ശുഷ്കാന്തിയോടെ ദൈവവേല ചെയ്യുന്നവരെ തടസ്സപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യരുത് എന്നാണ് പൗലോസ് അപ്പോസ്തോലന്റെ ഉപദേശം:
'ഒരുവന്‍ തനിക്ക് എന്തും ഭക്‌ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുര്‍ബലനായ മറ്റൊരുവനാകട്ടെ, സസ്യം മാത്രം ഭക്‌ഷിക്കുന്നു.
ഭക്‌ഷിക്കുന്നവന്‍ ഭക്‌ഷിക്കാത്തവനെ നിന്‌ദിക്കരുത്; ഭക്‌ഷിക്കാത്തവന്‍ ഭക്‌ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു.
മറ്റൊരാളുടെ ദാസനെ വിധിക്കാന്‍ നീ ആരാണ്? സ്വന്തം യജമാനന്റെ സന്നിധിയിലാണ് അവന്‍ നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിര്‍ത്താന്‍ യജമാനനു കഴിവുള്ളതുകൊണ്ട് അവന്‍ നില്‍ക്കുകതന്നെചെയ്യും.
നീ എന്തിനു നിന്റെ സഹോദരനെ വിധിക്കുന്നു? അഥവാ നീ എന്തിനു നിന്റെ സഹോദരനെ നിന്‌ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്റെന്യായാസനത്തിന്‍ മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ.
ആകയാല്‍, നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.'
റോമാ 14 : 2-12
ഒരാളുടെ ക്രിസ്തുവുമായുള്ള ആത്മബന്ധവും വിശ്വാസ സമീപനങ്ങളും നമ്മുടേതിൽ നിന്ന് വ്യത്യസ്തമായി തീരുമ്പോൾ ഒരിക്കലും അവരെ വിമർശിക്കരുത്, പരിഹസിക്കരുത്. പൊതുവായ വിശ്വാസ ശൈലിയിൽ തുടരുമ്പോഴും അവരവർക്ക് ലഭിച്ച ദർശനവും കാഴ്ചപ്പാട് അനുസരിച്ച് വ്യക്തിപരമായ ആത്മീയ സമീപനം സ്വീകരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ക്രിസ്തു ശിഷ്യന്മാരായി തുടരുമ്പോഴും പത്രോസിന്റെയും പൗലോസിന്റെയും യാക്കോബിന്റെയും ഒക്കെ ആത്മീയ സമീപനങ്ങളിലും കാഴ്ചപ്പാടുകളിലും വൈവിദ്ധ്യം ഉണ്ടായിരുന്നു. മക്കൾ, മാതാപിതാക്കൾ, ജീവിതപങ്കാളി, വിശ്വാസികൾ, ഇടയന്മാർ തുടങ്ങിയവരുടെ യേശുവോടു ചേർന്നുള്ള ആത്മീയ യാത്രാശൈലി തൃഷ്ണവും ഉല്‍ക്കടവും ആയിരിക്കാം. അവരെ ഉൾക്കൊള്ളുവാനും ആദരിക്കാനും ഉള്ള മനസ്സ് നമുക്കുണ്ടാകണം എന്നാണ് പൗലോസ് ഉപദേശിക്കുന്നത്.
മറ്റുള്ളവരുടെ വിമർശനം കേട്ട് പൗലൊസ് ഒരിക്കലും തന്നെത്തന്നെ വിധിച്ചില്ല. കാരണം ആർക്കും സ്വയം നീതിപൂർവ്വകമായി അവനവനെത്തന്നെ വിധിക്കുവാൻ കഴിയില്ല, എല്ലാം നന്നായി അറിയുന്ന ദൈവത്തിനു മാത്രമേ അത് ചെയ്യുവാൻ കഴിയുകയുള്ളു എന്ന് പൗലോസിന് അറിയാമായിരുന്നു.
ഒരു വ്യക്തിക്ക് ചെയ്യാൻ താൻ എന്താണ് നൽകിയിട്ടുള്ളതെന്നും, ആ വ്യക്തിയുടെ ഉദ്ദേശ്യങ്ങൾ എന്തായിരിക്കാമെന്നും ദൈവത്തിനറിയാം. പോരാട്ടങ്ങൾ, പ്രലോഭനങ്ങൾ, ബുദ്ധിമുട്ടുകൾ, ആന്തരിക പരാജയങ്ങൾ, വിജയങ്ങൾ എല്ലാം ദൈവത്തിനറിയാം. പൗലൊസിന്റെ മനസ്സാക്ഷി ഇക്കാര്യത്തിൽ വളരെ നിർമ്മലമായിരുന്നു. അതുകൊണ്ട് തന്നെ എതിർത്തവരോട് ഹൃദയത്തിന്റെ ഭാഷയിൽ സൗമ്യതയോടെ പൗലോസ് പ്രതികരിക്കുമായിരുന്നു
പൗലോസ് സംഘത്തെ സൂക്‌ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: സഹോദരന്‍മാരേ, ഇന്നേവരെ ദൈവത്തിന്റെ മുമ്പില്‍ നല്ല മനസ്‌സാക്‌ഷിയോടെയാണു ഞാന്‍ ജീവിച്ചത്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 : 1
മറ്റുള്ളവർ തന്നെ വിധിക്കുന്നതിനെ ഭയപ്പെടാതെ, ദൈവത്തിന്റെ വേല ദൈവം നിർദ്ദേശിക്കുന്നതുപോലെ ചെയ്യുവാൻ ഈ മനോഭാവം പൗലോസിനു ധൈര്യവും സ്വാതന്ത്ര്യവും നൽകി, അവനെ പ്രാപ്തനാക്കി.
അതുപോലെതന്നെ വിശ്വാസ ജീവിതത്തിൽ പുതിയ കാഴ്ചപ്പാടും ദർശനവും പ്രതിബദ്ധതയും ദൈവം നൽകുമ്പോൾ നമ്മളിൽ വരുന്ന മാറ്റങ്ങളെ മറ്റുള്ളവർ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തേക്കാം. തിരിച്ചെതിർക്കാനും വിശ്വാസ പിന്മാറ്റത്തിന്നും ഒക്കെയുള്ള പ്രേരണ അതുണ്ടാക്കിയേക്കാം.
ഇത്തരം ഘട്ടങ്ങളിൽ വൈകാരിക പ്രതികരണം ഒഴിവാക്കണം. ഒന്നും വ്യക്തിപരമായി എടുക്കരുത്. നിങ്ങളിൽ ദൈവം കത്തിച്ച പ്രകാശം ഒരിക്കൽ ലോകത്തിനു മുമ്പിൽ തെളിഞ്ഞു കത്തും. അന്ന് അനേകർ ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിലേക്ക് കടന്നു വരുവാൻ നിങ്ങൾ മുഖാന്തരം ആകും. വിളിച്ചവൻ വിശ്വസ്തനാണ്. ഓരോ ദൈവവിളിക്കു പിന്നിലും നമുക്ക് അജ്ഞാതമായ വിസ്മയകരമായ ഒരു ദിവ്വ്യോദ്ദേശമുണ്ട്. നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ടെന്ന പൗലോസ് അപ്പോസ്തലന്റെ ഉറപ്പ് നമുക്കും ഉണ്ടാകണം.
ഫിലിപ്പി 1 : 6
ധന്യവും ഫലപ്രദവുമായ ദൈവ ശുശ്രൂഷയ്ക്ക് പൗലോസിനെ വിളിച്ച് വേർതിരിച്ച ദൈവമേ, തുടർന്നുള്ള അവന്റെ ജീവിതത്തിലെ കഷ്ടപ്പാടിലും സഹനയാത്രയിലും അമിത ബലം നൽകി ശക്തനാക്കി നിർത്തിയതിനായി സ്തോത്രം. ഇപ്പോഴും പുതിയ ദർശനങ്ങളും കാഴ്ചപ്പാടുകളും നൽകി നിന്റെ വിവിധ പദ്ധതികൾക്കായി നീ വിളിച്ച് വേർതിരിച്ചിരിക്കുന്ന മക്കളെ അന്ധകാര ലോകത്ത് ക്രിസ്തുവിന്റെ സാക്ഷികളായി ഉറച്ച് നിൽക്കുവാൻ സഹായിക്കേണമേ.