ആവശ്യമുള്ളത് ഒന്നുമാത്രം!

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.'
മത്തായി 6 : 21

നമ്മുടെ മുൻഗണന ഏതു കാര്യത്തിലാണോ അവിടെയായിരിക്കും നമ്മുടെ ശ്രദ്ധയും. നമ്മൾ ജീവിതത്തിൽ പ്രിയോറിറ്റി കൊടുക്കുന്ന കാര്യങ്ങൾ നമ്മെ നിയന്ത്രിക്കുവാൻ തുടങ്ങും. ധനവും ഭൗതിക നേട്ടങ്ങളും ജഡിക മോഹങ്ങളും  മാത്രം നമ്മുടെ ജീവിതത്തിലെ മുൻഗണനയും ഹൃദയത്തിലെ നിക്ഷേപവും ആകുമ്പോൾ അതുമായി ബന്ധപ്പെട്ട ആകാംക്ഷകളും ആശങ്കകളും നമ്മെ അലട്ടുവാൻ തുടങ്ങും. ബൈബിളിലെ ലാസറിന്റെ സഹോദരി മാർത്തയെപ്പോലെ പലതിനെപ്പറ്റിയും നമ്മൾ ആവലാതിപ്പെടും.

നശ്വരവും താൽക്കാലികവുമായ ഭൗതിക വസ്തുക്കളെക്കാൾ ദൈവഭക്തിക്കും പ്രാർഥനക്കും നിത്യതയ്ക്കും മുൻഗണന കൊടുക്കുമ്പോൾ നമ്മുടെ ശ്രദ്ധയും ചിന്തകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരിക്കും. അത് മനസ്സിന്റെ പിരിമുറുക്കം ലഘുകരിക്കും, ആശ്വാസവും ആന്തരീയസ്വസ്ഥതയും ശാന്തിയും സമാധാനവും ലഭിക്കും.

' കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല.'
ലൂക്കാ 10 : 41-42

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.
       
(Tyndale )