മക്കൾ വാശി പിടിക്കരുത്.

                      

ദൈവത്തെയും മനുഷ്യരെയും ഭയമില്ലാത്ത ഒരു ന്യായാധിപൻ, സാമൂഹ്യദ്രോഹിയായ ഒരു കശ്മലൻ, അവന്റെ ശല്യം മൂലം കഷ്ടപ്പെടുന്ന ഒരു വിധവ, ഇങ്ങനെ മൂന്ന് കഥാപാത്രങ്ങളാണ് മുട്ടിപ്പായി പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കുവാൻ ക്രിസ്തു പറഞ്ഞ ഉപമയിൽ ഉള്ളത്. ( ലൂക്കോസ് 18:1-8)

 

 പാവം വിധവ ഹൃദയശൂന്യനായ ന്യായാധിപന്റെ പിറകെ വളരെ നാൾ യാചിച്ചു നടന്നിട്ടാണ് കാര്യം നടത്തി കിട്ടിയത്. 

 ജോലിയിൽ ആത്മാർത്ഥതയില്ലാത്ത ധിക്കാരികളും അഴിമതിക്കാരുമായ ഉദ്യോഗസ്ഥർ അധികാര കസ്സേരയിലിരിക്കുന്ന നാട് ഒരിക്കലും അഭിവൃത്തിപ്പെടില്ല. 

 

 മടുത്തു പോകാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്ന് പഠിപ്പിക്കുവാനാണ് കർത്താവ് ഈ ഉപമ പറഞ്ഞത്.

 

അപ്പോൾ ചില സംശയങ്ങൾ:

 നാളുകളായി കരഞ്ഞു പ്രാർത്ഥിച്ചവരുടെ കണ്ണുനീർ വറ്റാത്തത് എന്തുകൊണ്ടാണ്?

നീതിക്കായി കരഞ്ഞു പ്രാർത്ഥിച്ച അനേകർക്ക് നീതി കിട്ടാത്തത് എന്തുകൊണ്ടാണ്?

 അത്യാവശ്യമായി നീട്ടിയ ശൂന്യമായ കൈകളിൽ ഒന്നും ലഭിക്കാത്തത് എന്തുകൊണ്ടാണ്?  

 

 മറുപടി വൈകുന്നതു കൊണ്ട് അപ്പൻ ഉപേക്ഷിച്ചു എന്ന് ഒരിക്കലും ചിന്തിക്കരുത്. മക്കൾ ചോദിക്കുന്നതിനു മുമ്പേ അപ്പൻ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിച്ചു തുടങ്ങിയിരിക്കും. ആഗ്രഹിക്കുന്നത് എല്ലാം നിമിഷാർദ്ധത്തിൽ സാധ്യമാകുന്ന ഹൈടെക് സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. വാട്സാപ്പ്, ഇമെയിൽ, എടിഎം ബാങ്ക്, ഇൻസ്റ്റന്റ് ഫാസ്റ്റ് ഫുഡ്, സൂപ്പർ സോണിക് വാഹനങ്ങൾ തുടങ്ങിയ ആധുനിക ടെക്നോളജി നമ്മുടെ ആഗ്രഹങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സാധിച്ചു തരുന്നു. പക്ഷേ, നമ്മുടെ അപ്പന്റെ സമീപനം വ്യത്യസ്തമാണ്. എല്ലാത്തിനും ഒരു സമയമുണ്ട്, കാലമുണ്ട്, കാലക്രമവും കാലത്തികവും ഉണ്ട്. ആ സമയംവരെ മക്കൾ കാത്തിരുന്നേ പറ്റൂ . 

 

 ആകാശത്തെ മഴമേഘം കാണുവാൻ ഏലിയാവ് പ്രാർത്ഥിച്ചത് ഏഴ് പ്രാവശ്യം. ഡാനിയേലിന്റെ പ്രാർത്ഥനയ്ക്കുള്ള മറുപടി ഓർഡിനറി തപാലിൽ എത്തുവാൻ എടുത്തത് 21 ദിവസം. അബ്രഹാം വാഗ്ദത്ത പുത്രനുവേണ്ടി കാത്തിരുന്നത് നൂറു വയസ്സുവരെ. അപ്പന്റെ അനുഗ്രഹത്തിന്റെ വാതിൽ തുറക്കുവാൻ കാത്തിരുന്ന എല്ലാവർക്കും പരിഭവങ്ങളും പരാതികളും എല്ലാകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. 

 

 അടുക്കും ചിട്ടയുമായി, ഒന്ന് മറ്റൊന്നിന് വൈരുദ്ധ്യമാകാതെ, നൽകുന്ന അനുഗ്രഹങ്ങൾ ശാശ്വതവും സുസ്ഥിരവും സമ്പൂർണ്ണവും ആകാൻ, അപ്പന് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് മറുപടി വൈകും. നിങ്ങൾ ക്യൂവിലാണ്, ദയവായി ക്ഷമയോടെ കാത്തു നിൽക്കുക.

 

 അപ്പോൾ മടുത്തു പോകാതെ പ്രാർത്ഥിക്കണം എന്ന് പറയുന്നത് എന്തിനാണ്?

 

 മടുത്തു പോകാത്ത പ്രാർത്ഥന പ്രാർത്ഥിക്കുന്നവർക്ക് വേണ്ടിയാണ്: 

വിശ്വാസം നഷ്ടപ്പെട്ടു പോകാതിരിക്കുവാൻ, 

നിരാശയുടെ ആഴത്തിലേക്ക് മുങ്ങി പോകാതിരിക്കുവാൻ, പ്രലോഭനങ്ങളിൽ വീണു പോകാതിരിക്കാൻ,

 അപ്പനേക്കാൾ അധികമായി അനുഗ്രഹങ്ങളെ സ്നേഹിക്കാതിരിക്കുവാൻ,

 പ്രശ്നപരിഹാരത്തിന് അപകടകരമായ എളുപ്പവഴിയിലേക്ക് തിരിയുവാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, പ്രതികൂല കാലം കഴിയുവോളം കാത്തിരിക്കുവാനുള്ള പ്രത്യാശ ലഭിക്കുവാൻ... നമ്മൾ മടുത്തു പോകാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കണം.

 

 അപ്പൻ നമ്മുടെ പ്രശ്നപരിഹാരത്തിന്റെ തിരക്കിലാണ്. അപ്പനൊരിക്കലും മക്കളെ മറക്കില്ല. അപ്പൻ വിശ്വസ്തനാണ്. വാക്കുമാറാത്തവൻ ആണ്. നമ്മളിൽ ആരംഭിച്ചതൊക്കെ അനുഗ്രഹമായി നിവർത്തിക്കുന്ന സർവ്വശക്തനാണ്. പ്രതിജ്ഞാബദ്ധനാണ്. 

 

 കാര്യങ്ങൾ തുടങ്ങുവാനും അവസാനിപ്പിക്കുവാനും അപ്പന് ഒരു സമയമുണ്ട്. അത് മക്കൾ മനസ്സിലാക്കണം. വെറുതെ വാശി പിടിക്കരുത്.