കപടഭക്തിയും വഞ്ചനയും ആരിൽ കണ്ടാലും വിമർശിക്കുകയും തിരുത്തുകയും ചെയ്യുന്ന പ്രതികരണരീതി ആയിരുന്നു യേശുക്രിസ്തുവിന്റേത്. മനുഷ്യന്റെ ഹൃദയവിചാരങ്ങളെ സസൂക്ഷ്മം വായിക്കാൻ കഴിയുന്ന നീതിയുള്ള ന്യാധിപനായ ക്രിസ്തുവിന് അതിനുള്ള അധികാരമുണ്ട്.
ശാസ്ത്രി പരീശ പുരോഹിത പ്രമാണികളുടെ നേരെ വിരൽ ചൂണ്ടി കർത്താവു പറഞ്ഞു:
'നിങ്ങൾ മനുഷ്യരുടെ മുമ്പില്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്‌കൃഷ്‌ടമായത് ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്. ലൂക്കാ 16 : 15
യേശുവിന്റെ പരസ്യ ശുശ്രൂഷയിൽ വാദപ്രതിവാദങ്ങളും ദുരാരോപണങ്ങളും കൊണ്ട് തടസ്സം സൃഷ്ടിച്ചത് ശാസ്ത്രിപരീശ പുരോഹിത പ്രമാണികളായിരുന്നു. അവരുടെ ആഡംബര മുഖംമൂടിക്കുള്ളിലെ കറുത്ത ഹൃദയം ലോകത്തിനു മുമ്പിൽ തുറന്നു കാണിച്ചതാണ് ക്രിസ്തുവിരോധത്തിനുള്ള അവരുടെ കാരണം.
അവരെപ്പറ്റി പാവം ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന അയഥാർത്ഥമായ മിഥ്യാധാരണകളും ദിവ്യസങ്കല്പങ്ങളും ക്രിസ്തു തിരുത്തിയെഴുതി. അത് അവരെ വളരെ പ്രകോപിതരാക്കുകയും ക്രിസ്തുവിനെ കൊന്നുകളയണമെന്ന് അവർ തീരുമാനിക്കുകയും ചെയ്തു. മുഖംമൂടിക്കുള്ളിലെ സംശയാലുക്കളും മിഥ്യാഭിമാനികളും സ്വയംപ്രശംസക്കാരുമൊക്കെ വളരെ അപകടകാരികളാണ്.
പൊയ്മുഖംമൂടിയണിയുന്ന ശാസ്ത്രിപരീശ പുരോഹിത മനോഭാവം ക്രിസ്തുവിന്റെ കാലത്ത് മാത്രമല്ല എന്നും എല്ലാകാലത്തും കണ്ടുവരുന്ന രോഗബാധിതമായ വ്യക്തിത്വ ശൈലിയാണ്.
കപട മുഖം മൂടി അണിയുന്നവരുടെ ലക്ഷ്യമെന്താണ്?
സ്വന്തം ഇല്ലായ്മയും അപകർഷതാബോധവും വീഴ്ചയും മറയ്ക്കുവാനും ആളുകളുടെ ആരാധനാപാത്രമാകാനും അവരെ സ്വാർത്ഥമോഹങ്ങൾക്ക് വേണ്ടി ചൂഷണ ഇരയാക്കാനുമാണ് ഇവർ സിദ്ധന്റെയും സാത്വികന്റെയും
കപട മുഖംമൂടി അണിയുന്നത്. ഹൃദയത്തിലെ ദുഷ്ട മോഹങ്ങളും സ്വാർത്ഥ അജണ്ടകളും മറച്ചു പിടിക്കുവാനുള്ളതാണ് മുഖംമൂടി. കോവിഡ് ബാധയുടെ ഇക്കാലത്ത് മുഖാവരണമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്തതുപോലെ, കപടഭക്തർക്ക് മുഖംമൂടിയില്ലാതെയുള്ള സാമൂഹ്യ സമ്പർക്കം ചിന്തിക്കാനാവില്ല.
അതവരുടെ ഡിഫൻസ് ഷീൽടും ഒളിസങ്കേതവുമാണ്.
നീതിമാന്മാരും ദൈവഭക്തരും ആണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ വിവിധ കോസ്റ്റ്യൂം അണിഞ്ഞു, അമ്പരപ്പിക്കുന്ന ഭവാഭിനയങ്ങളാണ് ശാസ്ത്രി പുരോഹിത പരീശ പ്രമാണിമാർ നടത്തിയിരുന്നത്. അവരുടെ പുറംമോടി കണ്ട് ഭക്ത്യാദരവുകൾ നൽകിയിരുന്ന പാവം ജനങ്ങൾ ഇതൊക്കെ അപ്പാടെ വിശ്വസിച്ചു.
പക്ഷേ ക്രിസ്തു അവരുടെ കിരാത മനസ്സ് വായിച്ചറിഞ്ഞു. രണ്ടു കാര്യങ്ങൾക്ക് വേണ്ടിയാണ് അവർ ഈ വേഷപ്രച്ഛന്നങ്ങളും ഭാവാഭിനയങ്ങളും നടത്തുന്നതെന്ന് അവരുടെ ഉള്ളം വായിച്ച ക്രിസ്തു വിലയിരുത്തി:
മനുഷ്യരിൽ നിന്നുള്ള പ്രശംസ ആയിരുന്നു അവരുടെ ഒന്നാമത്തെ ലക്ഷ്യം:
'ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ ആഗ്രഹിച്ചു.' യോഹന്നാന്‍ 12 : 43
ജനങ്ങളെ കൊള്ളയടിക്കാനുള്ള ദ്രവ്യാഗ്രഹം ആയിരുന്നു മുഖം മൂടി അണിയുവാനുള്ള രണ്ടാമത്തെ പ്രേരണ:
'ഒരു ഭൃത്യനു രണ്ടുയജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്‌തി കാണിക്കുകയും മറ്റവനെ നിന്‌ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്‌ഛിച്ചു.' ലൂക്കാ 16 : 13-14
വ്യാജവും അതിശയോക്തിയുമൊക്കെ വൈകാരിക ഭാവങ്ങളോടെ പറഞ്ഞും അഭിനയിച്ചും കാണിക്കുന്ന പരീശമനോഭാവക്കാരാണ് ഇന്നും ലോകശ്രദ്ധ നേടുന്നത്. മീഡിയയിൽ ഹൈ റേറ്റിംഗ് കിട്ടാറുള്ളതും അവർക്കാണ്. കാരണം
പുറംമോടി മാത്രം നോക്കിയാണ് ജനങ്ങൾ ആളുകളെ എപ്പോഴും വിലയിരുത്തുന്നത്.
ശ്രേഷ്ഠരും ശക്തരും ബുദ്ധിമാൻമാരുമാണെന്ന് പറഞ്ഞുഫലിപ്പിക്കാൻ കഴിവുള്ള നേതാക്കളുടെ പിറകെയാണ് ലോകം പോകുന്നത്. അവരുടെ അംഗീകാരവും ഫേവറും ആഗ്രഹിക്കുന്നവർ അവരെ വിമർശിക്കാതെ പാടിപ്പുകഴ്ത്തി കൊണ്ടിരിക്കും. അതുകൊണ്ട് തിരുത്തപ്പെടാനുള്ള അവസരം അവർക്ക് നഷ്ടപ്പെടുകയും ചെയ്യും
കപടഭക്തരെ ദൈവം വെറുക്കുന്നുവെന്ന് തിരുവചനം ആവർത്തിക്കുന്നു. കാഴ്ചയിൽ ശ്രേഷ്ഠരെയല്ല, ഉള്ളത്തിൽ സത്യവും പരമാർത്ഥതയും ഉള്ളവരെയാണ് ദൈവം ഇഷ്ടപ്പെടുന്നത്. സ്വയനീതീകരണക്കാരനായ പരീശനേക്കാൾ മാനസാന്തരവും മനോവിനയമുള്ള ചുങ്കക്കാരനിലാണ് ദൈവം പ്രീതിപ്പെട്ടത്. അതിശയോക്തിയും അഭിനയവുമൊക്കെ മനുഷ്യരുടെ അടുത്ത മാത്രം ചെലവാകുന്ന അടവുകളാണ്.
തന്റെ ശിക്ഷ്യന്മാർ ദുഷ്ട മോഹങ്ങളും ആത്മീയ പ്രകടനങ്ങളുമില്ലാത്തവരും വ്യാജ മുഖംമൂടി അണിയാത്തവരും ആയിരിക്കണമെന്ന നിർബന്ധം ക്രിസ്തുവിനുണ്ടായിരുന്നു. ആദ്യ ശിക്ഷസമൂഹം ക്രിസ്തുവിൽ നിന്നു കണ്ടും കേട്ടും പഠിച്ചത് സത്യസന്ധതയും ആത്മാർത്ഥതയും സ്നേഹവും ഒക്കെയായിരുന്നു. ക്രിസ്തുവിനെ മാതൃകയാക്കിയ ശിഷ്യന്മാരിലും ആ ഗുണങ്ങളൊക്കെ തിളങ്ങി. കാപട്യത്തിന്റെയും ദുഷ്ടമോഹത്തിന്റെയും പ്രവണതകൾ ശിഷ്യന്മാരിൽ കണ്ടപ്പോഴൊക്കെ ക്രിസ്തു ശക്തമായി ശാസിക്കുകയും താക്കീത് കൊടുക്കുകയും തിരുത്തുകയും ചെയ്തിരുന്നു.
ഇന്ന് പല മത രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥാനചിഹ്നങ്ങങ്ങളുടെയും ബാഹ്യാവരണങ്ങളുടെയും ഉള്ളിന്റെ ഉള്ളിൽ കാപട്യവും ദുഷ്ടതയും ദ്രവ്യാഗ്രഹവും അധാർമികതയും ഒക്കെയാണ് കാണുന്നത്. അതൊക്കെ കണ്ടു പഠിക്കുന്ന ശിക്ഷ്യന്മാർ അവരെക്കാൾ പാതകരും ഹൃദയശൂന്യരും ഭാവാഭിനയക്കാരുമായി തീരുന്നത് അത്യന്തം നിർഭാഗ്യകരമാണ്.
ബാഹ്യ പുറംമോടികൾ കൊണ്ട് ആദരവും ആരാധകരെയും നേടുന്നവരെ ദൈവം അധികകാലം വേദിയിൽ നിലനിർത്താറില്ല. മാനസാന്തരത്തിന് അവസരം കൊടുത്തിട്ടും ഹൃദയകാഠിന്യത്തോടെ തുടരുമ്പോൾ ദൈവം തട്ടി താഴെ വീഴിക്കും:
'കര്‍ത്താവു നീതിമാനെയുംദുഷ്‌ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്‌ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു.
ദുഷ്‌ടരുടെമേല്‍ അവിടുന്നു തീക്കനലും ഗന്‌ധകവും വര്‍ഷിക്കും; അവരുടെ പാനപാത്രം നിറയെ ഉഷ്‌ണക്കാറ്റായിരിക്കും.
കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്‌തമായപ്രവൃത്തികള്‍ ഇഷ്‌ടപ്പെടുന്നു; പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.'
സങ്കീര്‍ത്തനങ്ങള്‍ 11 : 5-7
പാവം ജനങ്ങൾ കഥയറിയാതെ കയ്യടിക്കുമ്പോഴും ബനഫിഷറീസ് കീ ജയ് വിളിക്കുമ്പോഴും ഭയംമൂലം പലരും നമ്മുടെ വീഴ്ചകളെപ്പറ്റി മിണ്ടാതിരിക്കുമ്പോഴും ഞാനെല്ലാം തികഞ്ഞവനെന്ന് സ്വയം ചിന്തിച്ച് അഹങ്കരിക്കരുത്.
ആത്മപരിശോധന നടത്തണം, തിരുവചന സത്യങ്ങൾക്ക് വിരുദ്ധമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ ജീവിതശൈലിക്ക് പിന്നിലെ താൽപര്യങ്ങളും ഹിഡൻ അജണ്ടയും എന്താണ്, എന്തിനാണ് എന്നൊക്കെ വിമർശനാത്മകമായി വിലയിരുത്തണം. ക്രിസ്തു വിമർശിച്ച മുഖംമൂടിയണിഞ്ഞ പരീശനാണോ, നിഷ്കളങ്ക ക്രിസ്തുശിഷ്യരാണോ ഞാനും നിങ്ങളും എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തണം. മനോഭാവങ്ങളിൽ ഗുണപരമായ തിരുത്തിയെഴുതലുകൾ നടത്തണം.
അതിനൊന്നും മനസ്സില്ലെങ്കിലോ?
അതിനുള്ള മറുപടി കാർത്താവു തന്നെ പറയട്ടെ:
'കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍െറ നാമത്തില്‍ പ്രവചിക്കുകയും നിന്‍െറ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍െറ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.' മത്തായി 7 : 21-23
അന്തരംഗത്തിലെ സത്യം അന്വേഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദൈവമേ, ബാഹ്യമായ പ്രകടനങ്ങളും പൊയ്മുഖങ്ങളും കാപട്യവും ഒഴിവാക്കി സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ഒരു സംശുദ്ധ ജീവിതശൈലി ചിട്ടപ്പെടുത്തുവാൻ ഞങ്ങളെ സഹായിക്കണമെ. സഭാ മക്കളുടെയും നേതൃത്വത്തിന്റെയും മനോഭാവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പുന:പ്രതിഷ്ഠയിലൂടെ സഭയുടെ സാക്ഷ്യവും വിശുദ്ധിയും പുന:സ്ഥാപിക്കാൻ നവീകരണത്തിന്റെ ആത്മാവിനെ സകല ജഡത്തിന്മേലും അയക്ക്കണമേയെന്നു
യേശുക്രിസ്തുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.
-ഫാ. ഡോ. ഏ. പി. ജോർജ്